UPDATES

ഇരിക്കുംമുന്നേ കാലുനീട്ടല്‍ അഥവ ബിജെപി ആസ്ഥാനമന്ദിരത്തിലെ മുഖ്യമന്ത്രിയുടെ മുറി

ഒരു മുഴം മുന്‍പേ എറിഞ്ഞിട്ട് നില്‍ക്കുകയാണ് കേരള നേതാക്കള്‍

കെ എ ആന്റണി

കെ എ ആന്റണി

എന്ത് ചെയ്യുമ്പോഴും ദീര്‍ഘവീക്ഷണത്തോടെ വേണം ചെയ്യാന്‍. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എറിയണം എന്ന് പഴമക്കാര്‍ പറഞ്ഞവെച്ചതും അത് കൊണ്ടുതന്നെ . നമ്മുടെ പഞ്ചവത്സര പദ്ധതികളുടെ കാര്യം തന്നെ എടുക്കുക. ആ പദ്ധതികള്‍ പൂര്‍ണ വിജയം ആയിരുന്നോ ഇല്ലയോ എന്നതൊക്കെ മറ്റൊരു കാര്യം. എങ്കിലും ചില്ലറ നേട്ടങ്ങളൊക്കെ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ആ പദ്ധതികള്‍ കൊണ്ട് ഉണ്ടായി എന്ന കാര്യം വിസ്മരിച്ചുകൂടാ .
ഇതൊക്കെ ഇവിടെ ഇപ്പോള്‍ പറയാന്‍ ഇടയാക്കിയത് ബിജെപിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ രൂപകല്‍പന സംബന്ധിയായി മലയാള മനോരമ പത്രത്തില്‍ സുജിത് നായര്‍ എഴുതിയ വാര്‍ത്തയുമായി ബന്ധപ്പെട്ടാണ്. സുജിത് വെറുതെ പുളുവടിക്കുന്ന ആളല്ല എന്നതിനാല്‍ ഈ വാര്‍ത്ത അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. കേരളത്തില്‍ കേവലം ഒരു എംഎല്‍എ മാത്രമുള്ള ബിജെപി തിരുവനന്തപുരം തമ്പാനൂരിലെ അരിസ്‌റ്റോ ജംഗ്ഷനില്‍ സ്ഥിതി ചെയ്തിരുന്ന മാരാര്‍ജി ഭവന്‍ (പഴയ ആസ്ഥാന മന്ദിരം )പൊളിച്ചുമാറ്റി അവിടെ നിര്‍മിക്കാന്‍ ഒരുങ്ങുന്ന പുതിയ കെട്ടിടത്തില്‍ പാര്‍ട്ടി പ്രസിഡന്റിനു മാത്രമല്ല മുഖ്യമന്ത്രിക്ക് കൂടി പ്രത്യേക മുറി വിഭാവനം ചെയ്തിരിക്കുന്നു എന്നതാണ് സുജിത്തിന്റെ വാര്‍ത്തയുടെ പ്രാധാന്യം.

അടുത്തിടെയാണ് ദേശീയ അധ്യക്ഷന്‍ അമിത്ഷാ പുതിയ ആസ്ഥാന മന്ദിര സമുച്ചയത്തിന് ശില പാകിയത്. ശിലയിടുമ്പോള്‍ തന്നെ അമിത്ഷാ താന്‍ കേരളത്തില്‍ വരാനിരിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ ശിലാസ്ഥാപനം കൂടിയാണ് നടത്തിയതെന്നു പറഞ്ഞിരുന്നു. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ എന്ന് യാഥാര്‍ഥ്യം ആകും എന്നൊന്നും അമിത് ഷാ കൃത്യമായി പറഞ്ഞില്ലെങ്കിലും ഒരു മുഴം മുന്‍പേ എറിയാന്‍ തന്നെ കേരള നേതാക്കള്‍ തീരുമാനിച്ചു എന്ന് തന്നെവേണം കരുതാന്‍ . രാഷ്ട്രീയമല്ലേ മോദി തരംഗം കേരളത്തില്‍ എപ്പോള്‍ വീശുമെന്നു പറയാന്‍ കഴിയില്ലല്ലോ. തമിഴ് നാട്ടില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന ആ കാറ്റ് ചുരമിറങ്ങി കേരളത്തില്‍ പെട്ടെന്നെങ്ങാനും വീശിപ്പോയാല്‍ അപ്പോള്‍ പിന്നെ എന്ത് ചെയ്യും? മുഹൂര്‍ത്ത നേരത്ത് താലി അന്വേഷിക്കുന്ന ഏര്‍പാടിനുപകരം ഒരു മുന്‍കരുതല്‍ ആവശ്യം തന്നെ . പോരെങ്കില്‍ കോടികള്‍ മുടക്കി ഒരു പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കുമ്പോള്‍ തങ്ങളുടെ മുഖ്യമത്രിക്കു വിശ്രമിക്കാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമൊക്കെ ഒരു സംവിധാനം ഇപ്പോള്‍ തന്നെ ഒരുക്കി വെക്കുന്നതില്‍ എന്താണ് കുഴപ്പം ?

വിശ്രമത്തിന്റെ കാര്യത്തില്‍ പണ്ടുമുതലേ വിട്ടുവീഴ്ചയില്ലാത്തവരാണ് കേരളത്തിലെ ബിജെപി ക്കാര്‍, പഴയ ആസ്ഥാന മന്ദിരത്തോടു ചേര്‍ന്ന് ഇരുപ്പുമുറികളും വിശ്രമ മുറികളും ആവശ്യത്തിന് ഉണ്ടായിരുന്നു കേന്ദ്രത്തില്‍ ഭരണം ഇല്ലാതിരുന്ന കാലത്തും. ഇന്നിപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി മാത്രമല്ല ബിജെപി , ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഭരണം നടത്തുന്ന വലിയ പാര്‍ട്ടിയായി മാറിയിരിക്കുന്നു. ഭാരത്തിന്റെ ഹൃദയ ഭൂമി പോലും വളരെ എളുപ്പത്തില്‍ വെട്ടിപ്പിടിച്ച തങ്ങള്‍ക്കു എന്തുകൊണ്ട് കേരളവും പിടിച്ചടക്കിക്കൂടാ എന്ന് കേരളത്തിലെ ബിജെപി നേതൃത്വം ചിന്തിച്ചുപോയാല്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

എങ്കിലും കേരളത്തിലെ ഈ അമിതാവേശം കാണുമ്പോള്‍ കൃത്യമായി ഒന്നിരുന്നിട്ടുപോരെ കാലു നീട്ടാന്‍ എന്ന ചോദ്യം അറിയാതെ പൊന്തിവരുന്നു. കേരളത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രി കസ്സേരയുമൊക്കെ സ്വപനം കാണുന്ന ഈ നേതാക്കളെക്കുറിച്ചു ദേശിയ അധ്യക്ഷന്‍ നടത്തിയ വിലയിരുത്തല്‍ അത്ര നല്ലതൊന്നും ആയിരുന്നില്ലല്ലോ എന്നുകൂടി ഓര്‍ക്കുമ്പോള്‍ ഈ മുന്നൊരുക്കങ്ങള്‍ കണ്ടു അന്തം വിടാന്‍ മാത്രമേ തത്കാലം നിവര്‍ത്തിയുള്ളു എന്നുകൂടി പറയേണ്ടി വരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍