UPDATES

മാഞ്ചിക്കുള്ള പിന്തുണ; ബിജെപിയുടെ ലക്ഷ്യം ബിഹാര്‍ ഭരണം തന്നെ

അഴിമുഖം പ്രതിനിധി

ജിതിന്‍ റാം മാഞ്ചിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള പിന്തുണ നല്‍കിയതിലൂടെ, ഏത് വിധേനയും ബിഹാറില്‍ അധികാരത്തില്‍ വരാനുള്ള ബിജെപിയുടെ ഉള്ളിലിരുപ്പാണ് വെളിച്ചത്തായിരിക്കുന്നത്. ഇന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ മാഞ്ചിയെ പിന്തുണയ്ക്കാനാണ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിന് ശേഷം ബിജെപി തീരുമാനിച്ചിരിക്കുന്നത്. 

നിരവധി ഒഴിവാക്കലുകള്‍ക്ക് ശേഷം, 243 അംഗ നിയമസഭയില്‍ നിലവില്‍ 233 അംഗങ്ങളാണുള്ളത്. അതായത് ഭൂരിപക്ഷം തെളിയിക്കാന്‍ മാഞ്ചിക്ക് 118 അംഗങ്ങളുടെ പിന്തുണ വേണമെന്നര്‍ത്ഥം. 

മാഞ്ചിയെ ജനതാദള്‍ യുണൈറ്റഡില്‍ നിന്നും പുറത്താക്കിയ ശേഷം നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാറിന് 130 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇതില്‍ ലാലുപ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദളിന്റെയും കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും അംഗങ്ങളുടെ പിന്തുണയുണ്ട്. 

മാഞ്ചി മന്ത്രിസഭയിലെ ഏഴ് അംഗങ്ങളെ കൂടി ജെഡി(യു) വില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. 

ബിജെപി്ക്ക നിയമസഭയില്‍ 87 അംഗങ്ങളാണുള്ളത്. മറ്റ് 15 എംഎല്‍എമാരുടെ പിന്തുണയും തനിക്കുണ്ടെന്ന് മാഞ്ചി അവകാശപ്പെടുന്നു. ബിജെപി മാഞ്ചിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ ജെഡി(യു) ഭാഗത്ത് നിന്നുള്ള കൂടുതല്‍ എംഎല്‍എമാര്‍ മറുപക്ഷം ചാടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. 

ജെഡി(യു) വിനെ പ്രധാന പ്രതിപക്ഷമായി അംഗീകരിച്ച സ്പീക്കറുടെ നടപടിയില്‍ ബിജെപി അതൃപ്തരാണ്. മാഞ്ചി സര്‍ക്കാരില്‍ ബിജെപിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നുള്ളതാണ് അവരെ അലട്ടുന്നത്. 

ജെഡി (യു) പ്രധാന പ്രതിപക്ഷ കക്ഷിയാകുന്നതോടെ ബിജെപിക്ക് മാഞ്ചിയുടെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും ഒപ്പം നിയമസഭയില്‍ ഇരിക്കേണ്ടി വരും. അതോടെ മാഞ്ചി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷിയായി ബിജെപി ചുരുങ്ങും എന്ന് മാത്രമല്ല, മുഖ്യമന്ത്രിയുടെ പിന്തുണയോടെ ബിജെപി ‘പിന്നില്‍ നിന്നും കുത്തി’ എന്ന നിതീഷ് കുമാറിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വരികയും ചെയ്യും.

എന്നാല്‍, മാഞ്ചി ബിഹാറില്‍ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന മഹാദളിത് വോട്ടിലാണ് ബിജെപി കണ്ണുവെക്കുന്നത്. ഭൂമിഹാര്‍, താക്കൂര്‍, ബ്രാഹ്മണര്‍, കായസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മുന്നോക്ക ജാതിക്കാരുടെ പിന്തുണയോടൊപ്പം മാഞ്ചിയെ പിന്തുണയ്ക്കുന്നതിലൂടെ മഹാദളിതുകളുടെ 15-22 വോട്ടുകള്‍ കൂടി തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍