ടീം അഴിമുഖം
നരേന്ദ്ര മോദി തന്റെ ദേശീയത കാഴ്ച്ചപ്പാട് വെളിവാക്കുന്ന സമയമാണിത്. അതാകട്ടെ തികഞ്ഞ തട്ടിപ്പും.
ജനതയില്ലാതെ ഒരു രാജ്യം പിന്നെ എന്താണ്? കുട്ടികള്‍ക്ക് നേരെ റബര്‍ വെടിയുണ്ടകള്‍ പായിക്കുന്ന, ദളിതരെ നഗ്നരാക്കി മര്‍ദ്ദിക്കുന്ന, കന്നുകാലി നോട്ടക്കാരെ കൊന്നു കെട്ടിത്തൂക്കുന്ന, ആള്‍ക്കൂട്ടം അടുക്കളയില്‍ കയറി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ നിങ്ങളെ കൊല്ലുന്ന, ഒരു രാജ്യം എന്താണ്? ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരില്‍ മരിച്ചുപോയ ഒരു മനുഷ്യനെ പ്രതിയാക്കാന്‍ നിയമസംവിധാനം ശവക്കുഴി മാന്തുന്ന ഒരു രാജ്യത്തെ നിങ്ങളെന്തു വിളിക്കും?
ഇതെല്ലാം അനുതാപവും ജ്ഞാനബോധവുമുള്ള ഒരു നേതൃത്വത്തിന് മുന്നിലുള്ള ചോദ്യങ്ങളാണ്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ അങ്ങനെയൊന്നില്ല.
‘ദേശീയതയും ദേശാഭിമാനവും’ ഉദ്ദീപിപ്പിക്കാന്‍ ബി ജെ പി രാജ്യമെമ്പാടും തിരംഗ യാത്രകള്‍ നടത്തണമെന്ന് നരേന്ദ്ര മോദി ഇന്നലെ (ചൊവ്വ) നിര്‍ദേശിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ തങ്ങളുടെ അനുയായികളെ ഒന്നിപ്പിക്കാന്‍ അവരുപയോഗിച്ച രണ്ടു മുദ്രാവാക്യങ്ങള്‍. സ്വാതന്ത്ര്യ ദിനത്തില്‍ തുടങ്ങുന്ന യാത്രകള്‍ ഒരാഴ്ച്ചത്തേക്കാണ് നടത്തുക.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസം ബി ജെ പിയുടെ പാര്‍ലമെന്ററി കക്ഷി യോഗത്തെ അഭിസംബോധന ചെയ്യവേ, എങ്ങനെയാണ് യാത്ര നടത്തേണ്ടത് എന്നതിന്റെ ഒരു രൂപരേഖയും മോദി നല്കി. “എം പിമാരും എം എല്‍ എമാരും ബൈക്കുകളില്‍ ത്രിവര്‍ണപതാക കെട്ടണമെന്ന് അദ്ദേഹം പറഞ്ഞു. അതിനു കുറഞ്ഞത് എട്ടടി ഉയരമെങ്കിലും വേണം. അങ്ങനെ അത് ആളുകളില്‍ പ്രത്യേകിച്ചു യുവാക്കളില്‍ ദേശാഭിമാനത്തിന്റെയും ദേശീയതയുടെയും വികാരങ്ങള്‍ ഉണ്ടാക്കണം. ഒരു ഹെല്‍മറ്റ് ധരിക്കണമെന്നും കഴിയുമെങ്കില്‍ അത് ത്രിവര്‍ണമാകണമെന്നും അദ്ദേഹം പ്രത്യേകം ഞങ്ങളോടു പറഞ്ഞു,” ഒരു ബി ജെ പി എം പി പറഞ്ഞു.
രാഷ്ട്രീയ സന്ദേശങ്ങള്‍ നല്കാന്‍ ബി ജെ പി ഇതിന് മുമ്പും തിരംഗ യാത്രകള്‍ നടത്തിയിട്ടുണ്ട്.1991-ല്‍ അന്നത്തെ ബി ജെ പി അദ്ധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി കന്യാകുമാരിയില്‍ നിന്നും തുടങ്ങിയ യാത്ര ശ്രീനഗറിലെ ലാല്‍ ചൌകില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയാണ് സമാപിച്ചത്. തന്റെ സംഘാടന ശേഷിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന മോദിയാണ് ആ യാത്ര ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ജോഷിയെ ലാല്‍ ചൌകില്‍ അന്ന് രാവിലെ എത്തിക്കുക എന്നത് എത്ര ദുഃസ്സഹമായ ദൌത്യമായിരുന്നുവെന്ന് അയാളുടെ സുരക്ഷചുമതലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു. അവര്‍ പറഞ്ഞത് പ്രകാരമാണെങ്കില്‍ ഭൂരിപക്ഷവാദത്തിന്റെ ഹുങ്ക്, തീവ്രവാദി വെടിയുണ്ടകളോടുള്ള പേടിയില്‍ കാറ്റുപോയ പോലെയായിരുന്നു അത്.
2011-ല്‍ പാര്‍ട്ടിയുടെ യുവജനവിഭാഗം അനുരാഗ് താകൂറിന്റെ നേതൃത്വത്തില്‍ അത്തരമൊരു യാത്ര ആസൂത്രണം ചെയ്തെങ്കിലും ജമ്മു കാശ്മീരിലേക്ക് കടക്കാന്‍ അനുമതി ലഭിച്ചില്ല.
ആഗസ്റ്റ് 15നും 22നും ഇടയ്ക്കു ഒരാഴ്ച്ച ബി ജെ പിയുടെ എം പിമാരും എം എല്‍ എമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ തിരംഗ യാത്ര നടത്തും. പാര്‍ട്ടിക്ക് ജനപ്രതിനിധികളില്ലാത്ത സ്ഥലങ്ങളില്‍ പാര്‍ട്ടി ഭാരവാഹികള്‍ യാത്ര നടത്തും. എം വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മന്ത്രിമാരുടെ സമിതി യാത്രയുടെ ആഘോഷപരിപാടി തയ്യാറാക്കിയിട്ടുണ്ട്. ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷായുമായി കൂടിയാലോചിച്ചു നായിഡു പരിപാടിക്ക് അന്തിമ രൂപം നല്കും.
അപ്പോള്‍ അതാണ് പരിപാടി.
കാശ്മീരിലെ മുറിവേറ്റ ഹൃദയങ്ങളും വെടിയുണ്ട തുളച്ച കണ്ണുകളും കാത്തിരിക്കണം. മുഹമ്മദ് അഖ്ലാക്കിന്റെ കുടുംബം വിചാരണ നേരിടും. ഗുജറാത്തില്‍ ദളിതരെ നഗ്നരാക്കി മര്‍ദ്ദിക്കും. ഝാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടക്കാരെ കൊന്നു കെട്ടിത്തൂക്കും. കുടിലുകളില്‍ ഉറങ്ങുന്ന ദരിദ്രരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യും.
അപ്പോഴും ‘ഝണ്ട ഊഞ്ചാ രഹേ ഹമാര’. തിരംഗ യാത്ര നടക്കുകതന്നെ വേണം.