UPDATES

ട്രെന്‍ഡിങ്ങ്

സ്വകാര്യബില്ലിനെ എതിര്‍ക്കും, നിയമവുമില്ല, ‘സുവര്‍ണവാസരം’ ഉപയോഗപ്പെടുത്തുന്നതിന് അപ്പുറം ശബരിമലയില്‍ ബിജെപിയ്ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടത്?

സുപ്രീം കോടതിവിധിയെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്നും ബിജെപി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് ചോദ്യം ഉയരുന്നു. ആചാരസംരക്ഷണം ഉറപ്പുവരുത്താന്‍ എന്‍ കെ പ്രേമചന്ദ്രന്‍ കൊണ്ടുവന്ന ബില്ലിനെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയ ബിജെപി, കോടതി വിധിയെ പൂര്‍ണമായും മറികടന്ന് മറ്റൊരു നിയമനിര്‍മ്മാണം പ്രായോഗികമല്ലെന്നും പറയുന്നു. ഇതോടെ ശബരിമലയില്‍ ബിജെപി എന്താണ് യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നതെന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയും അതിനെതിരായ നിലപാടുകളും വീണ്ടും ചര്‍ച്ചയായത് പാര്‍ലമെ്ന്റ് സമ്മേളനം തുടങ്ങിയതോടെയാണ്. എന്‍ കെ പ്രേമചന്ദ്രന്‍ എംപി, സുപ്രീം കോടതി വിധി മറികടക്കുന്നതിന് കൊണ്ടുവന്ന സ്വകാര്യബില്ലാണ് ശബരിമലയെ വാര്‍ത്തയില്‍ കൊണ്ടുവന്നത്.
ശബരിമലയിലെ ആചാരങ്ങള്‍ പാലിക്കണമെന്നതാണ് ബില്ലിലെ പ്രധാന ആവശ്യം. ഈ ലോക്‌സഭയുടെ ആദ്യത്തെ സ്വകാര്യബില്ലായി ഇത് അവതരിപ്പിക്കപ്പെടുകയും ചെയതു.

എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപിയുടെ സമീപനമെന്തെന്ന് ആ പാര്‍ട്ടിക്ക് വ്യക്തതയില്ലെന്ന് വേണം കരുതാന്‍. സ്വകാര്യബില്ലിനെ എതിര്‍ക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. ശബരിമല വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്ത ബിജെപി പിന്നീടാണ് കോടതിവിധിക്കെതിരായ പ്രക്ഷോഭം നടത്തുന്നത് പാര്‍ട്ടിക്ക് കേരളത്തില്‍ സുവര്‍ണവസരമാണെന്ന് ബോധ്യപ്പെട്ട് അണികളെ തെരുവിലിറക്കിയത്. ശബരിമലയില്‍ ആചാര സംരക്ഷണത്തി്‌ന് ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നാണ് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞത്. ഇതൊടൊപ്പം രാജ്യത്തെമ്പാടും ഇത് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയവുമാക്കിയിരുന്നു.

എന്നാല്‍ ശബരിമല നല്‍കിയ സുവര്‍ണവസരത്തിനിടയിലും ബിജെപിയ്ക്ക കേരളത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയിലാണ് പ്രേമചന്ദ്രന്‍ സ്വകാര്യബില്ല് കൊണ്ടുവരുന്നത്. അവതരണാനുമതി നല്‍കിയെങ്കിലും ബില്ലിനെ എതിര്‍ക്കുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. കോടതിവിധി മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബില്‍ പര്യാപ്തമല്ലെന്നാണ് ബിജെപി പ്രതിനിധി മീനാക്ഷി ലേഖി പറഞ്ഞത്. ബില്ല് അവതരിപ്പിച്ചപ്പോഴായിരുന്നു മീനാക്ഷി ലേഖിയുടെ പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാനും സഭയില്‍ കേന്ദ്രം തയ്യാറായില്ല. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പുള്ള അവസ്ഥയിലേക്ക് ശബരിമലയിലെ സ്ഥിതിഗതികള്‍ മാറ്റുകയെന്നതാണ് പ്രേമചന്ദ്രന്റെ ബില്ലിലെ പ്രധാന വ്യവസ്ഥ.

എന്നുമാത്രമല്ല, ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി മറികടക്കാന്‍ ബില്ല് കൊണ്ടുവരുന്നതിന് നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധാവ് പറഞ്ഞത്. സുപ്രീം കോടതി വിധി പൂര്‍ണമായും പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാം മാധവ്, ബിജെപി ആചാര സംരക്ഷണത്തിനായാണ് നിലകൊള്ളുമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ നിയമപരമായി എന്തുചെയ്യാന്‍ കഴിയുമെന്ന കാര്യം ആലോചിക്കുമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ ഇക്കാലമത്രയും സുപ്രീം കോടതി വിധിക്കെതിരെ ബിജെപി പ്രക്ഷോഭം നടത്തിയതെന്തിന് എന്ന് കാര്യത്തില്‍ സംശയമുണ്ടാകുന്നത്.

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ നിയമപരമായ ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ ബിജെപി തന്നെയാണ് ഇക്കാര്യത്തില്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. ബിജെപി പിന്തുണച്ചില്ലെങ്കില്‍ യുഡിഎഫ് എംപി പ്രേമചന്ദ്രന്‍ കൊണ്ടുവന്ന ബില്ല് പരാജയപ്പെടും. ബില്ല് പരാജയപ്പെട്ടാലും ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേട്ടം യുഡിഎഫിന് ലഭിക്കുകയും ചെയ്യും. വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം റിവ്യു ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. റിവ്യു ഹര്‍ജി തള്ളുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സ്ത്രീ പ്രവേശനം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരും. അതിനെ ബിജെപിയും യുഡിഎഫും എതിര്‍ക്കുകയാണെങ്കില്‍ വീണ്ടും കലാപാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാവും ഫലം. രാജ്യം ഭരിക്കുന്ന ബിജെപിയ്ക്ക് യഥാര്‍ത്ഥത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട നിലപാട് എന്താണ് എന്ന ചോദ്യമാണ് പാര്‍ട്ടി നേതാക്കളുടെ പ്രഖ്യാപനം ഉയര്‍ത്തുന്നത്.

കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍