UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഡിക്കല്‍ കോഴ: കേന്ദ്ര നേതാക്കളുടെ പങ്കും ബിജെപി അന്വേഷിക്കും, കണക്കില്ലാത്ത 35 ലക്ഷത്തില്‍ എംടി രമേശിനെതിരെ അന്വേഷണം

അഴിമതി കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം.

മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നേടിക്കൊടുക്കുന്നതിന് 5.6 കോടി രൂപ കോഴ വാങ്ങിയ സംഭവത്തില്‍ കേന്ദ്രനേതാക്കളുടെ പങ്കും അന്വേഷിക്കാന്‍ ബിജെപി നീക്കമുള്ളതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയതായാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്ന അമിത് ഷാ ഡല്‍ഹിയില്‍ മടങ്ങിയെത്തിയശേഷം കേരളത്തിന്റെ ചുമതലയുള്ള നേതാക്കളുമായി തുടര്‍ചര്‍ച്ച നടത്തും. അഴിമതി കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം.

ഇതിനിടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വാങ്ങിച്ചതായി പറയുന്ന 35 ലക്ഷം രൂപയുടെ കണക്കില്ലാത്തതില്‍ ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംടി രമേശ് പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നു. 87 ലക്ഷം രൂപയാണ് ബിജെപി കേന്ദ്ര നേതൃത്വം രമേശിന്റെ തിരഞ്ഞെടുപ്പ് ചിലവിനായി നല്‍കിയത്. ഇതിലെ 35 ലക്ഷം എന്ത് ചെയ്തു എന്ന കാര്യമാണ് അന്വേഷിക്കുന്നത്. എംടി രമേശിനെതിരെ ബിജെപിയും ആര്‍എസ്എസും സംയുക്ത അന്വേഷണമാണ് നടത്തുന്നത്. ജില്ലാ പ്രസിഡന്റായിരുന്ന ടിആര്‍ അജിത് കുമാറിനെതിരെയും അന്വേഷണമുണ്ട്. മെഡിക്കല്‍ കോളേജ് കോഴയിലും ആരോപണവിധേയനായിരിക്കുന്ന പ്രധാന നേതാവ് എംടി രമേശാണ്.

കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുണ്ടായ വലിയ തിരിച്ചടി എങ്ങനെയെങ്കിലും മറികടക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര നേതൃത്വം. മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ വി.മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ അച്ചടക്കനടപടി അനിവാര്യമാണെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റേയും ആര്‍എസ്എസിന്റേയും നിലപാട്. മുരളീധരന്‍ പക്ഷക്കാരനായ സംസ്ഥാന സെക്രട്ടറി വിവി രാജേഷാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചില മാധ്യമ ഓഫിസുകളില്‍ നേരിട്ട് എത്തിച്ചതെന്ന് കേന്ദ്രനേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. കേരളത്തില്‍ ബിജെപി പദ്ധതിയിട്ടിരുന്ന മുന്നേറ്റങ്ങള്‍ക്ക് കനത്ത തിരിച്ചടിയേല്‍പിച്ച കോഴവിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ വലിയ മാറ്റങ്ങളും കേന്ദ്രനേതൃത്വം ആസൂത്രണം ചെയ്യുന്നുണ്ട്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവരുടെയെല്ലാം നില പരുങ്ങലിലാണെന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍