UPDATES

ട്രെന്‍ഡിങ്ങ്

10 ലക്ഷം പോസ്റ്റ്കാര്‍ഡുകളയച്ച് മമതയെ പ്രകോപിപ്പിക്കാന്‍ ബിജെപി; ജയ് ശ്രീറാമിന് പുറമെ, വേഗം സുഖമാവട്ടെ എന്ന സന്ദേശവും

പോസ്റ്റ് കാര്‍ഡ് സന്ദേശത്തിലൂടെ മമതയെ പ്രകോപിപ്പിക്കാന്‍ ബിജെപി

തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ തൃണമൂല്‍ ബിജെപി പോര് തുടുരുന്നു. ജയ്ശ്രീറാം വിളിച്ച് മമതയെ പ്രകോപിപ്പിച്ച ബിജെപി മുഖ്യമന്ത്രിയ്ക്ക് പോസ്റ്റ് കാര്‍ഡ് അയച്ച് മമതയെ അലോസരപ്പെടുത്താനാണ് നീക്കം. ഇതിന് പുറമെ മമതയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നും അത് മറികടക്കാന്‍ വേഗം സുഖം പ്രാപിക്കൂവെന്ന സന്ദേശവും പോസ്റ്റ് കാര്‍ഡില്‍ അയക്കാന്‍ ബിജെപി എം പി ആഹ്വാനം ചെയ്തു.

ജയ് ശ്രീറാം വിളിയോട് തനിക്ക് എതിര്‍പ്പില്ലെങ്കിലും ബിജെപി അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് മമത കഴിഞ്ഞ ദിവസം ആക്ഷേപിച്ചിരുന്നു.

10 ലക്ഷം പോസ്റ്റ്കാര്‍ഡുകള്‍ ജയ്ശ്രീ റാം സന്ദേശം മമതാ ബാനര്‍ജിയ്ക്ക് അയക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. ജയ് ശ്രീറാം എന്ന് കേള്‍ക്കുമ്പോഴെക്ക് അസ്വസ്ഥയാകുന്നത് മമത ബാനര്‍ജിയ്ക്ക് എന്തോ അസുഖമുള്ളതുകൊണ്ടാണെന്നും അവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചുള്ള സന്ദേശവും മുഖ്യമന്ത്രിയ്ക്ക് അയക്കുമെന്നും ബിജെപി എംപി ബാബുല്‍ സുപ്രിയോ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിലും പ്രതികരണങ്ങളിലും അസ്വഭാവികതയുണ്ടെന്നും അതുകൊണ്ടാണ് അവര്‍ക്ക് സുഖം ആശംസിച്ച് പോസ്റ്റ് കാര്‍ഡ് അയക്കാന്‍ തീരുമാനിച്ചതെന്നും ബാബുല്‍ സുപ്രിയ പറഞ്ഞു.

നേരത്തെ ബിജെപി എംപിയായ അര്‍ജ്ജുന്‍ സിംങ് ആണ് ജയ് ശ്രീറാം എന്ന സന്ദേശം എഴുതി പത്തുലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമത ബാനര്‍ജിയ്ക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മമത ബാനര്‍ജിയുടെ വാഹന വ്യൂഹത്തിനെ ലക്ഷ്യമാക്കി ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് മമതാ ബാനര്‍ജി വാഹനത്തില്‍ നിന്നിറങ്ങുകയും പ്രതിഷേധക്കാരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വാഹനത്തില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി പ്രതിഷേധക്കാരോട് തന്റെ അടുത്തുവന്ന് മുദ്രാവാക്യം വിളിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. ബിജെപിയുടെ കൊടികളുമായി ഒരു സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മമതാ ബാനര്‍ജി പിന്നീട് പ്രതികരിച്ചത്.

‘ഞങ്ങള്‍ ജയ് ഹിന്ദ് എന്ന മുദ്രാവാക്യം വിളിക്കാറുണ്ട്, ഇടതുപക്ഷക്കാര്‍ ഇന്‍ക്വിലാബ് എന്നും വിളിക്കും, ഇതിലൊന്നും ആര്‍ക്കും ആക്ഷേപം ഉണ്ടാകാറില്ല. എന്നാല്‍ ജയ് ശ്രീറാം എന്ന് വിളിച്ച് മതത്തെ ഉപയോഗപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്’ മമത പിന്നീട് പ്രതികരിച്ചു. സമൂഹത്തില്‍ വര്‍ഗീയതയും വെറുപ്പുമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയിലുണ്ടായ സംഘര്‍ഷമാണ് ഇപ്പോഴും ബംഗാളില്‍ തുടരുന്നത്. ബംഗാളില്‍ ചരിത്രത്തിലാദ്യമായി ബിജെപി 18 ലോക്‌സഭ സീറ്റുകളിലാണ് ഇത്തവണ വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റുകളുമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണം മമത നിരസിക്കുകയായിരുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സത്യപ്രതിജ്ഞാ ചടങ്ങ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.

Read More: ക്വാറി മാഫിയയും പോലീസും ചേര്‍ന്ന് വീതം വയ്ക്കുന്ന കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍