UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

ഇന്ത്യന്‍ ലിബറലുകള്‍ പരാതി പറയുന്നത് നിര്‍ത്തി പോരാടാന്‍ തുടങ്ങൂ: ഹരീഷ് ഖരെ എഴുതുന്നു

തങ്ങളുടെ ചരക്ക് നല്ലവണ്ണം കച്ചവടം ചെയ്തതിന്റെ പേരില്‍ ബിജെപിയെയും ആര്‍എസ്എസിനെയും സംഘപരിവാറിനെയും പുരോഗമനവാദികള്‍ എന്തിനാണ് കുറ്റപ്പെടുത്തുന്നത്?

ഹരീഷ് ഖരെ

ഇന്ത്യയിലെ പുരോഗമനവാദികളെല്ലാം ഭയചകിതരാണ്. ഗോരഖ്പൂരിലെ ഒരു ക്ഷേത്രത്തിലെ പൂജാരി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി വാഴിക്കപ്പെട്ടതിനെ തുടര്‍ന്ന് മതേതര ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ശോഷണം സംഭവിച്ചതായി അവര്‍ പരസ്യമായും രഹസ്യമായും വിലപിക്കുന്നു. ഫ്രഞ്ചുകാര്‍ ഡെസ്‌പേസെമെന്റ് (depaysement) എന്ന് വിശേഷിപ്പിക്കുന്ന ഒരു ഏകാന്തതബോധം ചില പുരോഗമനവാദികള്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ട്. പുത്രന്‍ ഒരു കൊലപാതക്കേസില്‍ ആരോപണം നേരിടുന്നതിന്റെ പേരില്‍ 2011 ല്‍ ബിജെപി വിവാദങ്ങള്‍ കുത്തിയിളക്കിയ അതേ ആളാണ് ഇപ്പോള്‍ മണിപ്പുരിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നതെന്നും എന്നാല്‍ ഇപ്പോള്‍ കൊലപാതകത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ പുത്രന്‍ ശിക്ഷിക്കപ്പെട്ടതോടെ (304-ാം വകുപ്പ്) എന്‍ ബിരന്‍ സിംഗ് അംഗീകൃത ദേശഭക്തനായെന്നും വിലപിച്ചുകൊണ്ട് ഒരു പുരോഗമനവാദി ലേഖനം എഴുതുന്നു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രാപ്തിയില്ലായ്മയുടെ പേരില്‍ ഇതേ വിജയ് ബഹുഗുണയ്‌ക്കെതിരെയാണ് നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിക്കുകയും ആക്രോശിക്കുകയും ചെയ്തതെന്നും, എന്നാല്‍ ഇപ്പോള്‍ ബിജെപിയുടെ കൂട്ടത്തിലെ ‘ബഹുമാന്യ’ മുഖമായി അദ്ദേഹം വാഴ്ത്തപ്പെടുന്നതായും മറ്റൊരു പുരോഗമനവാദി ഒരു ലേഖനത്തില്‍ ക്ഷോഭം കൊള്ളുന്നു. ഉത്തര്‍പ്രദേശിലെ പുതിയ മുഖ്യമന്ത്രിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് മറ്റൊരു സ്വതന്ത്രശബ്ദം വിളിച്ചുപറയുന്നു. കൂടാതെ അവസരവാദത്തിന്റെ അപ്പോസ്തല എന്ന് വിളിക്കാവുന്ന ആദ്യകാല കോണ്‍ഗ്രസ് നേതാവും പിന്നീട് സമാജ് വാദി നേതാവാകുകയും ചെയ്ത റീത്ത ബഹുഗുണ ജോഷി ഇപ്പോള്‍ ബിജെപി മന്ത്രിയാണ്. അതുകൊണ്ട് തന്നെ എല്ലാ പുരോഗമനവാദികളും പരസ്പരം ചോദിക്കുന്നു: അധികം വിദൂരമല്ലാത്ത ഒരു കാലത്ത് നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ‘പുതിയ ഇന്ത്യ’ ഇതാണോ?

ഇത്തരത്തിലുള്ള രാഷ്ട്രീയ അധാര്‍മ്മികതയും നീക്കുപോക്കുകളും പൊട്ടിപ്പുറപ്പെടുന്നത് ഒരു തരത്തില്‍ നിരാശാജനകമായിരിക്കാം. എന്നാല്‍ ചില വെള്ളിവെളിച്ചങ്ങള്‍ ഉരുത്തിരിഞ്ഞു എന്ന കാര്യത്തെ ആരും ലഘുവായി കാണരുത് എന്നതാണ് ഇവിടെ നിര്‍ദ്ദേശിക്കാനുള്ളത്: പുതിയ കോണ്‍ഗ്രസായി മാറിക്കൊണ്ടിരിക്കുകയാണ് ബിജെപി. മറ്റൊരുതരത്തില്‍ സംഭ്രമജനകമായ രാഷ്ട്രീയ സാഹചര്യത്തില്‍, ഒരു രാഷ്ട്രീയ യോജിപ്പും അച്ചടക്കവും പ്രദാനം ചെയ്യുക എന്ന അത്യന്താപേക്ഷിത ദൗത്യം ഏറ്റെടുക്കുന്ന പുതിയ അഖിലേന്ത്യ പാര്‍ട്ടിയായി ബിജെപി മാറുന്നപക്ഷം, ഇത്തരം നീചരെയും വഞ്ചകരെയും ക്രിമിനലുകളെയും അഴിമതിക്കാരെയും അതുപോലെ തന്നെ ദൂഷിതരെയും സ്വീകരിക്കാന്‍ അത് തയ്യാറാവേണ്ടി വരും.

1980കളില്‍ അതിന് അപ്രമാദിത്വം ഉണ്ടായിരുന്ന ആ നല്ല ദിനങ്ങളിലെ കോണ്‍ഗ്രസില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇപ്പോഴത്തെ ബിജെപി എന്ന വസ്തുതയില്‍ ആഹ്ളാദിക്കുകയാണ് പുരോഗമനവാദികള്‍ ചെയ്യേണ്ടത്. നേതാവിനോടുള്ള അതേ വിധേയത്വം, ഭൂരിപക്ഷവാദത്തോട് പ്രകടിപ്പിക്കുന്ന അതേ ദൗര്‍ബല്യം, മാഫിയ സംഘങ്ങളോട് പുലര്‍ത്തുന്ന അതേ പൊരുത്തമുള്ള സഹവര്‍ത്തിത്വം, എല്ലാം കൊണ്ടും ഇപ്പോഴത്തെ ബിജെപി 80കളിലെ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നു.

ഒരുപക്ഷെ, ബിജെപിയില്‍ ഇപ്പോള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രചാരത്തിലുള്ളതും നിശ്ചയദാര്‍ഢ്യമുള്ളതുമായ പ്രത്യയശാസ്ത്രരാഹിത്യമായിരിക്കും ഏറ്റവും നല്ല വാര്‍ത്ത. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇന്ത്യയുടെ മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന എസ്എം കൃഷ്ണയെ ബിജെപിയിലേക്ക് ആര്‍ഭാടത്തോടെ വരവേറ്റതിനെക്കാള്‍ സമാശ്വസിക്കാവുന്നതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ വാദിക്കും. കൃഷ്ണ ഒരു മാന്യനാണ്; വിദ്യാസമ്പന്നനായ അദ്ദേഹം ചില അഭിരുചികളൊക്കെയുള്ള ആളാണ്; നാഗരികനും സാര്‍വ്വലൗകികനുമാണ് അദ്ദേഹം; യൂറോപ്യന്‍ സോക്കറും വിംബിള്‍ഡണും ആസ്വദിക്കുന്ന ആളാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ കിഴക്കന്‍ യൂപിയിലെ ലോകത്തിനും തികച്ചും കടവിരുദ്ധനായ ഒരാള്‍. കോണ്‍ഗ്രസ് വിടാനും അമിത് ഷായോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും കൃഷ്ണയെ പോലുള്ള ഒരാളെ പ്രേരിപ്പിച്ച രാഷ്ട്രീയ കണക്കുകൂട്ടലുകളും വ്യക്തിപരമായ ആസക്തികളും എന്തായിരുന്നുവെന്ന് പുരോഗമനവാദികള്‍ ആലോചിക്കണം. അതിനേക്കാള്‍ പ്രധാനമായി, കൃഷ്ണയെ പോലെയുള്ള ഒരാളെ സ്വീകരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന തരത്തില്‍ എന്തുകൊണ്ടാണ് യഥാര്‍ത്ഥ രാഷ്ട്രീയ കണക്കുകളുടെ അധാര്‍മ്മിക ഭ്രമത്തിലേക്ക് ബിജെപി പോയത് എന്ന് ആലോചിക്കുന്നതും പുരോഗമനവാദികള്‍ കൂടുതല്‍ പ്രതീക്ഷ നല്‍കും.

ഒരുപക്ഷെ, നമ്മളില്‍ പലരും വിചാരിക്കുന്നത് പോലെ അത്ര സുദൃഢമായിരിക്കില്ല ബിജെപി. അതിന്റെ ആത്യന്തിക നേതാവിന്റെ ആത്യന്തിക അപ്രമാദിത്വത്തില്‍ ഒരു പ്രസ്ഥാനം വിശ്വസിക്കാന്‍ തുടങ്ങുകയും അതിന്റെ തന്ത്രങ്ങളിലെ ബലഹീനതയും അധാര്‍മ്മികതയും മറികടക്കാന്‍ അതിന്റെ നേതാവിന്റെ വ്യക്തിപ്രഭാവത്തിനും ജ്ഞാനോദയും സിദ്ധിച്ച നേതൃത്വത്തിനും സാധിക്കും എന്ന് സങ്കല്‍പിക്കാനും തുടങ്ങുന്നതോടെ സംഭവിക്കുന്ന സംഘടിത മനോധര്‍മ്മത്തിന്റെ പരിചിതമായ പരാജയകാലത്തിലേക്ക് ഒരുപക്ഷെ ബിജെപി കടക്കുകയായിരിക്കും. എന്ത് ഒത്തുതീര്‍പ്പുകള്‍ക്ക് വേണെമെങ്കിലും വഴങ്ങാമെന്നും എന്നാലും സദ്ഭരണത്തിനും വിവേകപൂര്‍ണമായ നയങ്ങള്‍ക്കുമായി ജ്ഞാനോദയം സിദ്ധിച്ച നേതാവിന്റെ നേതൃത്വത്തെ ആശ്രയിക്കാമെന്നുമുള്ള ഒരു പഴയ അഹങ്കാരത്തില്‍ നിന്നാണ് ഇത് ഉരുത്തിരിയുന്നത്. അതെ, അത് ബിജെപിയുടെ ശവസംസ്‌കാരമായി മാറട്ടെ.

എന്നാല്‍ എന്തുകൊണ്ടാണ് ഈ മതേതര ഉത്കണ്ഠ? അരവിന്ദ് കെജ്രിവാളിന്റെ ഡല്‍ഹിയും നിതീഷ് കുമാര്‍-ലാലു പ്രസാദ് യാദവിന്റെ ബിഹാറും ആവര്‍ത്തിക്കാന്‍ മതേതര സഖ്യങ്ങള്‍ക്ക് സാധിച്ചില്ല എന്നതില്‍ പുരോഗമനവാദികള്‍ക്ക് നിരോശയുണ്ടാവാം. പക്ഷെ അതിന്റെ രാഷ്ട്രീയ പാടവത്തിന്റെ പേരില്‍ ഹിന്ദുത്വ ക്യാമ്പിനോട് അസൂയ തോന്നിയിട്ട് കാര്യമില്ല. യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ കാര്യത്തില്‍ എന്തെങ്കിലും തട്ടിപ്പ് നടത്തി എന്ന് ആരോപിക്കാനാവില്ല; യുപിയിലെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തന്നെ വികസന രഥത്തിന്റെ മുകളിലിരിക്കുന്ന ആദിത്യനാഥിന്റെ ചിത്രങ്ങള്‍ ആവശ്യത്തിന് പ്രചരിച്ച് കഴിഞ്ഞു. തങ്ങളുടെ ചരക്ക് നല്ലവണ്ണം കച്ചവടം ചെയ്തതിന്റെ പേരില്‍ ബിജെപിയെയും ആര്‍എസ്എസിനെയും സംഘപരിവാറിനെയും പുരോഗമനവാദികള്‍ എന്തിനാണ് കുറ്റപ്പെടുത്തുന്നത്? ജാതി, മത രാഷ്ട്രീയത്തെ കൗശലത്തോടെ പ്രയോഗിക്കാനും അതേ സമയം തന്നെ തങ്ങളുടെ വികസന സൂത്രങ്ങള്‍ ഉപയോഗിച്ച് മുഴുവന്‍ ‘ഖാന്‍ മാര്‍ക്കറ്റ്’ മണ്ഡലത്തെയും പ്രചോദിപ്പിക്കാനും വശീകരിക്കാനുമുള്ള ബിജെപിയുടെ കഴിവിനെ എന്താണ് തിരിച്ചറിയാത്തത്?

സങ്കല്‍പിക്കപ്പെട്ട മംഗളവസ്തുക്കളും മതേതരത്വത്തിന്റെ പ്രായോക്താക്കള്‍ക്കും വളരെ മുമ്പ് തന്നെ തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ മതേതര കൊത്തളങ്ങള്‍ വിട്ടകന്നതിന് വോട്ടര്‍മാരെ ഒരു പുരോഗമനവാദിക്കും കുറ്റം പറയാന്‍ സാധിക്കില്ല. മായാവതിയെയും അവരുടെ മതേതര കച്ചവടവേദിയെയും നിരാകരിച്ചതിന് വോട്ടര്‍മാരെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? ഇതേ മായാവതി തന്നെയാണ് 2002ലെ ബീഭത്സമായ കലാപങ്ങള്‍ക്ക് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ പേര് അട്ടത്ത് വെക്കുകയും ബിജെപിയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തത് എന്ന കാര്യം പുരോഗമനവാദികള്‍ മറക്കാന്‍ ആഗ്രഹിച്ചാലും സമ്മതിദായകര്‍ മറക്കണമെന്നില്ല. ‘വര്‍ഗ്ഗീവാദിയായ നരേന്ദ്ര മോദി’ക്ക് എതിരായ അവരുടെ ഉദ്‌ഘോഷണങ്ങള്‍ വോട്ടര്‍മാര്‍ വിശ്വസിക്കേണ്ട കാര്യമെന്താണ്? മോദി വരാണസിയിലെ ഓരോ അമ്പലങ്ങളും സന്ദര്‍ശിച്ചത് പുരോഗമനവാദികളെ ഞെട്ടിച്ചിട്ടുണ്ടാവാം. എന്നാല്‍, ‘ഹിന്ദു വികാരങ്ങള്‍ക്ക്’ വ്യത്യസ്തമായി എന്ന സങ്കല്‍പത്തില്‍ അഖിലേഷ് യാദവിനോടും ഡിമ്പിള്‍ യാദവിനോടും ഒപ്പം രാഹുല്‍ ഗാന്ധിയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

മതേതര വിശ്വാസങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചിട്ട് കുറച്ചുകാലമായി. സ്വാതന്ത്ര്യം നേടി വെറും പത്തുവര്‍ഷത്തിനുള്ളില്‍ ജവഹര്‍ലാല്‍ നെഹ്രു പരസ്യമായി പരിതപിച്ച ഒരു വാചകം ഓര്‍ക്കുന്നത് ഗൗരവമുള്ള കാര്യമാണ്, ഒരു പരിധിവരെ വേദനാജനകവും; ‘ഒരു മതേതര സമൂഹത്തിന് വേണ്ടി കോണ്‍ഗ്രസ് നിലകൊള്ളുമ്പോള്‍ കോണ്‍ഗ്രസിന്റെ മതേതര ആദര്‍ശങ്ങളില്‍ നിന്നും തൊഴിലാളികള്‍ അകന്നുപോവുകയും അവര്‍ കൂടുതല്‍ കൂടുതല്‍ വര്‍ഗ്ഗീയ ചിത്തരായി തീരുകയും ചെയ്യുന്നു,’ എന്ന് നെഹ്രു പറഞ്ഞത് 1958 മേയിലായിരുന്നു, സര്‍. നെഹ്രുവിന്റെ പേരില്‍ പ്രതിജ്ഞയെടുക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്ത അതേ സംഘങ്ങളും നേതാക്കന്മാരും മതേതര മൂല്യങ്ങളും ആശയങ്ങളും മാത്രമല്ല മറ്റ് പല ഉത്കൃഷ്ട നെഹ്രൂവിയന്‍ പ്രദോചനങ്ങളും തള്ളിക്കളഞ്ഞു.

ഇപ്പോള്‍ ഒരു നിസാര ചോദ്യത്തിനാണ് പുരോഗമനവാദികള്‍ ഉത്തരം കണ്ടെത്തേണ്ടത്: മതേതര ലക്ഷ്യത്തിന് വേണ്ടി പോരാടുന്നതില്‍ അര്‍ത്ഥമുണ്ടോ? അതേ എന്ന ഉറപ്പുള്ള മറുപടിയാണ് ലഭിക്കേണ്ടതെങ്കില്‍, മതേതര പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഒരു പുതിയ രാഷ്ട്രീയം വേണമെന്ന് പുരോഗമനവാദികള്‍ ആവശ്യപ്പെടണം. മതേതര ആദര്‍ശം എന്നത് സംശയരഹിതമായും ഒത്തുതീര്‍പ്പുകള്‍ക്ക് അതീതമായുമുള്ള ഒരു ഉല്‍കൃഷ്ട ലക്ഷ്യമാണ്. ജനാധിപത്യപരവും വൈവിദ്ധ്യവുമാര്‍ന്ന ഒരു സാമുഹിക ക്രമം സൃഷ്ടിക്കാനുള്ള നമ്മുടെ ഭരണഘടന പദ്ധതിയുടെ തിളക്കമേറിയ ആഭരണമാണത്; പക്ഷെ, അധികാര രാഷ്ട്രീയത്തിന്റെ ജീര്‍ണപ്രചാരകര്‍ക്ക് ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഒരു കാര്യം നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു: 2014ല്‍ ആരംഭിച്ചത് 2017ല്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ആദ്യമായി, നെഹ്രൂവിയന്‍ രാഷ്ട്രീയ ക്രമം അസ്തിത്വ വെല്ലുവിളികള്‍ നേരിടുന്നു. അത് നേരിടാന്‍ സാധിച്ചേക്കും. തീര്‍ച്ചയായും നേരിടുക തന്നെ ചെയ്യണം. അത് പക്ഷെ ധാര്‍മ്മികമായി ഉല്‍കൃഷ്ടമായ ഒരു രാഷ്ട്രീയത്തിലൂടെ മാത്രമേ സാധ്യമാവൂ.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍