206 മുതല്‍ 216 വരെ സീറ്റ് ബിജെപി നേടുമെന്ന്‍ ഇന്ത്യടുഡേ സര്‍വേ
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിക്കുമെന്ന് ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ. ആകെയുള്ള 403 സീറ്റില്‍ 206 മുതല്‍ 216 വരെ സീറ്റ് ബിജെപി നേടുമെന്നാണ് ഇന്ത്യടുഡേ സര്‍വേ പറയുന്നത്. ഒക്ടോബറില്‍ ആക്‌സിസ് നടത്തിയ സര്‍വേയില്‍ ഇതിനേക്കാള്‍ 30 സീറ്റ് കുറവായിരുന്നു ബിജെപിക്ക് പ്രവചിച്ചിരുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഏഴ് ഘട്ടങ്ങളിലാണ് യുപി തിരഞ്ഞെടുപ്പ്.
മോദി സര്‍ക്കാരിന്‌റെ ഭാവി രാഷ്ട്രീയ പദ്ധതികളുമായി ബന്ധപ്പെട്ട് ഏറെ നിര്‍ണായകമാണ് യുപി തിരഞ്ഞെടുപ്പ്. രാജ്യസഭയിലെ ഭൂരിപക്ഷത്തിന് യുപിയില്‍ കരുത്ത് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുപി ഫലം സ്വാധീനം ചെലുത്തും. സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം പേര്‍ മോദി സര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ അനുകൂലിക്കുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. അതേസമയം നോട്ട് നിരോധനം പ്രശ്‌നമുണ്ടാക്കിയെന്നാണ് 58 ശതമാനം പേര്‍ പറയുന്നത്. എന്നാല്‍ മോദിയുടെ നോട്ട് നിരോധന പരിപാടി കള്ളപ്പണവും കള്ളനോട്ടും തടഞ്ഞ് രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് 51 ശതമാനം പേരും വിശ്വസിക്കുന്നത്.
നിലവിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയായിരിക്കും രണ്ടാമത്തെ വലിയ കക്ഷി. എസ്പിയ്ക്ക് 92 മുതല്‍ 97 വരെ സീറ്റുകള്‍ ലഭിക്കും. പാര്‍ട്ടിയ്ക്കത്തെ ശക്തമായ ഗ്രൂപ്പ് പോരിനിടയിലും എസ്പിയുടെ നില ശക്തമാണെന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്. ബിഎസ്പി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടും. പരമ്പരാഗത ദളിത് വോട്ടുകള്‍ക്ക് അപ്പുറം നേടാന്‍ മായാവതിയുടെ ബിഎസ്പിക്ക് കഴിഞ്ഞേക്കില്ല. ബിഎസ്പിക്ക് 79 മുതല്‍ 85 സീറ്റ് വരെ കിട്ടാം. ഒക്ടോബറിലെ സര്‍വേ, ബിഎസ്പിക്ക് 115 മുതല്‍ 124 വരെ സീറ്റുകളാണ് പ്രവചിച്ചിരുന്നത്. 2007ല്‍ ദളിത്, ബ്രാഹ്മിണ്‍ വോട്ടുകള്‍ ഒരു പോലെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ബിഎസ്പി അധികാരത്തിലെത്തിയത്. മോദിക്കും നിതീഷ് കുമാറിനും വിജയതന്ത്രമൊരുക്കിയ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. 2012ല്‍ 28 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. അതില്‍ നിന്ന് 5 മുതല്‍ ഒമ്പത് സീറ്റ് വരെ കുറവായിരിക്കും ഇത്തവണയെന്നാണ് അഭിപ്രായം.
ബിജെപിയുടെ വോട്ട് വിഹിതം കഴിഞ്ഞ സര്‍വേയില്‍ 31 ആയിരുന്നത് ഇത്തവണ 33 ആയിട്ടുണ്ട്. എസ്പിക്കും ബിഎസ്പിക്കും 26 ശതമാനം വോട്ട് കിട്ടും. എസ്പിയെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് ബാങ്ക് സംസ്ഥാനത്ത് കുറച്ചുകൂടി വിപുലമാണ്. അതേ എസ്പിയുടെ ചാലക ശക്തിയായ യാദവ വോട്ട് ബാങ്കില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമം വിജയിച്ചിട്ടില്ല. 72 ശതമാനം യാദവരും എസ്പിയ്ക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നു. മുസ്ലീങ്ങളില്‍ 58 ശതമാനം എസ്പിയെ പിന്തുണക്കുമ്പോള്‍ ബിഎസ്പിയുടെ മുസ്ലീം പിന്തുണ 21ല്‍ നിന്ന് 14 ആയി കുറഞ്ഞു. ഇത് ബിഎസ്പിയുടെ പരാജയത്തില്‍ നിര്‍ണായകഘടകമാണ്. ഒക്ടോബറിലെ സര്‍വേയില്‍ ബിഎസ്പിക്ക് 71 ശതമാനം മുസ്ലീങ്ങളുടെ പിന്തുണയുണ്ടായിരുന്നു.
മുഖ്യമന്ത്രി അഖിലേഷ് യാദവിന് യുവാക്കളുടെ വലിയ പിന്തുണയുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 33 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അഖിലേഷ് യാദവിനെ പിന്തുണക്കുന്നു. 25 ശതമാനം പേരുടെ പിന്തുണയുമായി മായാവതി രണ്ടാം സ്ഥാനത്തുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് യുപിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് സൂചനയുണ്ടായിരുന്നില്ലെങ്കിലും മുഖ്യമന്ത്രിയാവാനില്ലെന്ന സൂചനയാണ് നിലവില്‍ രാജ്‌നാഥ് സിംഗ് നല്‍കുന്നത്. എന്നാല്‍ സര്‍വേയില്‍ 20 ശതമാനം പേര്‍ രാജ്‌നാഥ് സിംഗിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണക്കുന്നു.