UPDATES

കേരള രാഷ്ട്രീയത്തില്‍ പിതാക്കന്മാർ പറയാൻ മടിക്കുന്ന സുവിശേഷം

Avatar

ആർ.സുരേഷ് കുമാർ

എസ്.എൻ.ഡി.പിയും ബി.ജെ.പിയും തമ്മിൽ രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതിനെ വിവിധ ക്രൈസ്തവ സഭകൾ ആശങ്കയോടെ കാണുകയും വിമർശിച്ചു കൊണ്ട് രംഗത്തു വരികയും ചെയ്തിരിക്കുന്നു. മതേതരത്വം സംരക്ഷിക്കുന്നതിനു വേണ്ടി സഭാവിശ്വാസികൾ വോട്ട് ചെയ്യുമെന്ന് നിരണം ഭദ്രാസനാധിപൻ. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച ശേഷം മുറുമുറുക്കുന്ന ഈ പൂച്ചകൾ കേരളത്തിലെ രാഷ്ട്രീയ മണ്ണിനെ ഫാസിസത്തിന് വളക്കൂറുള്ളതാക്കി മാറ്റിയതിൽ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. വിമോചന സമരത്തിൽ തുടങ്ങുന്നു കഥകൾ.

രാഷ്ട്രീയരംഗം മത വർഗീയതയുടെ കൂട്ടുകെട്ടുകളാകരുത് എന്ന് ഇപ്പോൾ പറയുന്ന പുരോഹിതന്മാർ മതത്തിന്റെ പേരിൽ, ന്യൂനപക്ഷ അവകാശത്തിന്റെ പേരിൽ വിദ്യാഭ്യാസ കച്ചവടം നടത്തുന്നത് അവസാനിപ്പിക്കുമോ? തന്നെ ഇവർ പറ്റിച്ചുവെന്ന് പറയുന്ന എ.കെ. ആന്റണിയെന്ന നല്ല സമരിയാക്കാരന്റെ ദു:ഖമെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുമോ? കേരളാ കോൺഗ്രസ് എന്ന മതാത്മക പാർട്ടിയെ പിരിച്ചുവിടാൻ ആജ്ഞാപിക്കുമോ? മുസ്ലിം ലീഗ് എന്ന മതാത്മക പാർട്ടിയോടുള്ള ബന്ധമവസാനിപ്പിക്കാൻ മതേതര കോൺഗ്രസുകാരായ ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി.ജോസഫ്, ബെന്നി ബഹനാൻ, ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ്, ടോം വടക്കൻ, കെ.വി.തോമസ്, പി.ജെ. കുര്യൻ, പി.സി.ചാക്കോ തുടങ്ങിയ ക്രൈസ്തവ സുവിശേഷം ഉൾക്കൊള്ളുന്നവരോട് കർശനമായി പറയാൻ തയ്യാറാവുമോ? മതേതരത്വം സംരക്ഷിക്കാൻ സഭാ വിശ്വാസികൾ വോട്ട് ചെയ്യുമെന്ന് പറഞ്ഞാൽ ക്രൈസ്തവ വർഗീയതയുമായി ചേർന്ന് നിൽക്കുന്ന മുന്നണിക്ക് വോട്ട് ചെയ്യുമെന്ന അർത്ഥമാണ് മനസ്സിലാവുന്നത്. അത് സ്ഥിരമായി തുടരുന്നതുമാണ്. വർഗീയ ഫാസിസത്തെ നഖശിഖാന്തം എതിർക്കുന്നതിൽ വിട്ടുവീഴ്ച കാട്ടാത്ത ഇടതുപക്ഷത്തിനാണ് ഇനി വോട്ട് ചെയ്യേണ്ടതെന്ന പ്രഖ്യാപനമാണ് അധിപന്മാർ നടത്തിയിരുന്നതെങ്കിൽ അവർ തിരിച്ചറിവിലെത്തി എന്ന് പറയാമായിരുന്നു.

അരുവിക്കരയിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്താകുമെന്ന് പ്രഖ്യാപിച്ച, തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയാരാണെന്ന് ചോദിച്ചപ്പോൾ മൗനം പാലിച്ച ഉമ്മൻ ചാണ്ടിയുടെ ദുഷ്ടലാക്ക് മകൻ മരിച്ചാലും മരുമകളുടെ കണ്ണീര് കാണണമെന്നും മകന്റെ പേരിൽ ലഭിക്കുന്ന ആനുകൂല്യങ്ങളനുഭവിക്കണമെന്നും കരുതുന്ന അമ്മയുടേതായിരുന്നു. ആ നിലവാരം മാത്രമേ ഭദ്രാസനാധിപന്മാരുടെ പ്രഖ്യാപനങ്ങൾക്കുമുള്ളു. തങ്ങൾ കളിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ ഇനി എസ്.എൻ.ഡി.പിയും ബി.ജെ.പിയും തിരിച്ചു കളിക്കുമോയെന്ന ഭയമാണ് അതിനടിസ്ഥാനം.

ഫാസിസ്റ്റ് കക്ഷികളുടെ ലക്ഷ്യം 2016 അല്ല, 2021 ആണെന്ന് അവർ സൂചിപ്പിച്ച് കഴിഞ്ഞു. 2016-ൽ ഭരണമാറ്റമുണ്ടായി ഇടതു മതനിരപേക്ഷ മുന്നണി അധികാരത്തിലെത്തരുതെന്ന് ആഗ്രഹിക്കുന്ന രണ്ട് കൂട്ടർ യു.ഡി.എഫ്, ബി.ജെ.പി/സംഘ് പരിവാർ എന്നിവരാണ്. കാരണം വീണ്ടും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ രാഷ്ട്രീയാസ്തിത്വം ചോദ്യം ചെയ്യപ്പെടുമെന്നതു തന്നെ. എന്നാൽ അത് കേരളത്തിലെ സംഘപരിവാർ രാഷ്ട്രീയത്തിന് നൽകുമെന്ന് അവർ പ്രതീക്ഷിക്കുന്ന ഉണർവ് ശരിയായിത്തീരുമെന്നാണ് പലരും നിരീക്ഷിക്കുന്നത്. എങ്കിൽ കേരളത്തിലെ നിലവിലുള്ള മുന്നണി രാഷ്ട്രീയത്തിനുള്ളിൽ വോട്ട് ബാങ്ക് സമ്മർദ്ദം ചെലുത്തി നേടിയെടുത്ത ആസനങ്ങൾ ഭദ്രമായി തുടരില്ലെന്ന് പിതാക്കന്മാർ തിരിച്ചറിയണം.

അദാനിയെന്ന പാലത്തിലൂടെ കടന്നു വന്ന് ഭരണത്തുടർച്ച സ്വപ്നം കാണുന്ന ഉമ്മൻ ചാണ്ടിയും സി.പി.എമ്മിന്റെ നാശം സ്വപ്നം കാണുന്ന സംഘ പരിവാരവും ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയുള്ളവരാണ്. പുറത്തു പറയാൻ കഴിയില്ലെങ്കിലും അത് തിരിച്ചറിഞ്ഞതുകൊണ്ടാകണം രമേശ് ചെന്നിത്തലയും മുസ്ലീം ലീഗും വിഴിഞ്ഞം പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ട ചടങ്ങിൽ നിന്ന് മാറിനിന്നത്.

എന്തായാലും വെള്ളാപ്പള്ളിയുടെ അജണ്ടകൾ തിരിച്ചറിയാത്ത ബി.ജെ.പി ദേശീയ നേതൃത്വം ഇപ്പോഴത്തെ രീതിയിലാണ് കേരള രാഷ്ട്രീയത്തെ വിലയിരുത്തി മൂന്നാം മുന്നണിക്ക് ശ്രമിക്കുന്നതെങ്കിൽ സി.പി.എമ്മിന് ഒട്ടൊക്കെ ആശ്വസിക്കാൻ വകയുണ്ടെന്ന് തോന്നുന്നു. വി.എസിന്റെ ആക്രമണത്തിന് മുന്നിൽ പതറുന്ന വെള്ളാപ്പള്ളിയെ ബിജുരമേശ്, ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെടുത്തി കൂടുതൽ പ്രതിരോധത്തിലേക്ക് കൊണ്ടുപോയിരിക്കുന്നു. ഈ സാഹചര്യത്തിൽ വെള്ളപ്പള്ളിയെ ഒഴിവാക്കി മുന്നോട്ടു പോയാലും സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളി വലുതാണ്. യു.ഡി.എഫിന്റെ ന്യൂനപക്ഷ കേന്ദ്രീകൃത രാഷ്ട്രീയവും എൽ.ഡി.എഫിന്റെ രാഷ്ട്രീയ വിശ്വാസ്യതയിലുണ്ടായ ഇടിച്ചിലും കാരണം ഈഴവ ജനവിഭാഗത്തെ സ്വാധീനിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന സംഘപരിവാർ അതിൽ വിജയിച്ചു തുടങ്ങിയെന്ന് മനസ്സിലാക്കിയ വെള്ളാപ്പള്ളി സമുദായത്തിന്റെ മൊത്തക്കച്ചവടക്കാരനായി കേരളത്തിലെ സംഘപരിവാർ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യാനാണ് മൂന്നാം മുന്നണിയുടെ പേരിൽ രംഗത്തിറങ്ങിയത്. യഥാർത്ഥത്തിൽ വെള്ളാപ്പള്ളി നേതൃതലത്തിൽ നിൽക്കുന്ന സംഘപരിവാർ മൂന്നാം മുന്നണിയെക്കാൾ ഭയപ്പെടേണ്ടത് അദ്ദേഹത്തെ ഒഴിവാക്കി മുന്നോട്ടു പോകുന്ന സംഘപരിവാർ രാഷ്ട്രീയത്തെയാണ്.

മതേതരത്വം സംരക്ഷിക്കുന്ന തരത്തിൽ സഭാ വിശ്വാസികൾ വോട്ട് ചെയ്യുമെന്ന വിശുദ്ധ പിതാക്കന്മാരുടെ പ്രഖ്യാപനം ശരിയാകണമെങ്കിൽ ഭരണത്തുടർച്ചയെന്ന ഉമ്മൻ ചാണ്ടിയുടെ സ്വപ്നം തകർത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇsതു മതനിരപേക്ഷ ശക്തികളെ അധികാരത്തിലെത്തിക്കാൻ തയ്യാറാകേണ്ടി വരും. ഒന്നോ രണ്ടോ സ്ഥലത്തെ സ്ഥാനാർത്ഥികൾ സ്വയം ജയിച്ചാലും സംസ്ഥാനത്തെ മൊത്തം വിജയപ്രതീക്ഷയെ തകർക്കാൻ സാധ്യതയുണ്ടെങ്കിൽ അതൊഴിവാക്കാൻ ഇടതുപക്ഷ നേതൃത്വവും ശ്രദ്ധിക്കേണ്ടതാണ്. പൊതുസമൂഹമെന്നത് സംഘടനാ ചട്ടക്കൂട്ടിൽ മാത്രം നിൽക്കുന്നവരല്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാവണം. അതു കൊണ്ട് പ്രതിച്ഛായയും ജനപ്രീതിയും തെരഞ്ഞെടുപ്പിൽ ഒരു ഘടകമാണെന്ന നിലയിൽ തന്നെ പരിഗണിക്കേണ്ടതാണ്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേൻ പറയുന്നവർ  പൊതുസമൂഹത്തെ ഉൾക്കൊള്ളുന്ന ഇടതു മതേതര ശക്തികളെ പിന്തുണക്കുകയെന്നതാണ് ബഹുസ്വരത നിലനിൽക്കുന്ന കേരള സമൂഹത്തിന്റെ ഭാവിക്ക് കരണീയമായിട്ടുള്ളത്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

        

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍