UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരില്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ബിജെപി; നടക്കില്ലെന്ന് മെഹ്ബൂബ മുഫ്തി

ജമ്മു കാശ്മീരിലെ അക്രമങ്ങളും പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ ബിജെപി മുഖ്യമന്ത്രി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

ബിജെപിയുടെ അടുത്ത ലക്ഷ്യം ജമ്മു കാശ്മീരെന്ന് സൂചനകള്‍. കാശ്മീരിലെ മുഖ്യമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം പിഡിപി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ബിജെപിയുടെ ആവശ്യം തള്ളിക്കളഞ്ഞു. കാശ്മീരില്‍ പിഡിപിയുടെ സഖ്യകക്ഷിയാണ് ബിജെപി.

ജമ്മു കാശ്മീരിലെ അക്രമങ്ങളും പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ ബിജെപി മുഖ്യമന്ത്രി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഫ്തിയുമായി ബിജെപി നേതൃത്വം ഇക്കാര്യം സംസാരിച്ചെങ്കിലും അവര്‍ വഴങ്ങിയിട്ടില്ല. കാശ്മീര്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെയായിരുന്നു ചര്‍ച്ച.

സഖ്യകക്ഷികള്‍ തമ്മില്‍ മുഖ്യമന്ത്രി സ്ഥാനം മാറിമാറി ഉപയോഗിക്കാമെന്ന ആശയമാണ് ബിജെപി മുന്നോട്ട് വച്ചത്. ആറ് മാസം കൂടുമ്പോഴുള്ള മുഖ്യമന്ത്രി മാറ്റമാണ് ബിജെപി പിഡിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിമാര്‍ മാറി മാറി വരുന്നത് ജനങ്ങളുടെ അതൃപ്തി കുറയ്ക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം കാശ്മീരില്‍ മുഫ്തിയുടെ ജനപിന്തുണയില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ ജനരോഷം ശക്തമായതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനാകാതെ അവര്‍ക്ക് മടങ്ങേണ്ടിയും വന്നു. അതേസമയം ബിജെപിയുമായുള്ള ബന്ധമാണ് മുഫ്തിയുടെ ജനപിന്തുണ കുറയാന്‍ കാരണമെന്നാണ് പിഡിപിയുടെ വിലയിരുത്തല്‍. ഇതിനിടെയിലാണ് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കം.

നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവ് ഫറൂഖ് അബ്ദുള്ള ഇതേക്കുറിച്ച് പ്രതികരിച്ചത് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍