UPDATES

വായിച്ചോ‌

ബിജെപി 15-20 വര്‍ഷം ഭരിക്കും: രാമചന്ദ്ര ഗുഹയുടെ പ്രവചനം ഓര്‍ക്കുമ്പോള്‍

ബിജെപി ഇന്ത്യയിലെ ഒരേയൊരു ശക്തമായ ദേശീയ പാര്‍ട്ടിയായി മാറുകയാണെന്നും ഒരു ദേശീയ ബദലെന്ന നിലയ്ക്ക് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സമീപഭാവിയില്‍ അസാദ്ധ്യമാണെന്നും ഗുഹ പറഞ്ഞിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ പ്രശസ്ത ചരിത്രകാരനും ചിന്തകനുമായ രാമചന്ദ്ര ഗുഹ നടത്തിയ പ്രവചനത്തിന് ഇന്നലത്തെ യുപി തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തിയേറുകയാണ്. ബിജെപി 15 മുതല്‍ 20 വര്‍ഷം വരെയെങ്കിലും രാജ്യം ഭരിക്കുമെന്നാണ് രാമചന്ദ്ര ഗുഹ പറഞ്ഞത്. ബിജെപി ഇന്ത്യയിലെ ഒരേയൊരു ശക്തമായ ദേശീയ പാര്‍ട്ടിയായി മാറുകയാണെന്നും ഒരു ദേശീയ ബദലെന്ന നിലയ്ക്ക് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സമീപഭാവിയില്‍ അസാദ്ധ്യമാണെന്നും ഗുഹ പറഞ്ഞിരുന്നു.

1950കള്‍ മുതല്‍ 70കളുടെ അവസാനം വരെയുള്ള കാലത്തെ കോണ്‍ഗ്രസിന്റെ പ്രതാപമാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. 57ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അതായത് ഒരു കോണ്‍ഗ്രസ് ഇതര കക്ഷി രാജ്യത്ത് ആദ്യമായി അധികാരത്തില്‍ വന്നു. 1967ല്‍ മദ്രാസില്‍ വീണ്ടും ഒരു കോണ്‍ഗ്രസ് ഇതര കക്ഷി വന്നു – ഡിഎംകെ. പഞ്ചാബില്‍ ശിരോമണി അകാലി ദള്‍ ആദ്യമായി അധികാരത്തില്‍ വന്നതും ഇതേ കാലത്താണ്. എന്നാല്‍ കോണ്‍ഗ്രസിന് ശക്തമായ ദേശീയ ബദലാവാന്‍ കഴിയുന്ന ഒരു പാര്‍ട്ടി ഉണ്ടായിരുന്നില്ല. സി രാജഗോപാലാചാരിയുടെ സ്വതന്ത്രാ പാര്‍ട്ടി അതിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി ആ ശ്രമം നടത്തുന്നുണ്ടെങ്കിലും അവര്‍ക്ക് എത്ര ദൂരം പോകാന്‍ കഴിയുമെന്ന് അറിയില്ല. ബിജെപിക്ക് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വെല്ലുവിളിയാണ്. തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളും അവര്‍ക്ക് വെല്ലുവിളിയായുണ്ട്. പശ്ചിമബംഗാളിലാണെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസും. ഏതായാലും ഒരു കാര്യം ഉറപ്പാണ് വരുന്ന 15 – 20 കൊല്ലത്തേയ്ക്ക്് ബിജെപിയുടെ മേല്‍ക്കോയ്മ വ്യക്തമായിരിക്കും.

കോണ്‍ഗ്രസ് പുനരുജ്ജീവിക്കപ്പെടുമെന്നും ശക്തമായി തിരിച്ചുവരുമെന്നും ഞാന്‍ വിചാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ട്. കോണ്‍ഗ്രസില്‍ ബുദ്ധിയുള്ള നിരവധി മനുഷ്യരുണ്ട്. എന്നാല്‍ അവരെല്ലാം ഗാന്ധി (നെഹ്രു) കുടുംബത്തെ അനാവശ്യമായി ആശ്രയിക്കുകയാണ്. മഹാരാഷ്ട്രയില്‍ അവരുടെ സംഘടനാ സംവിധാനം തകരുകയാണ്. ഗംഗാസമതലത്തില്‍ അവരുടെ പൊടി പോലും കാണാനില്ല. കോണ്‍ഗ്രസ് മരണാസന്നമായിക്കുന്നു. രാഹുല്‍ഗാന്ധി രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി, വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങണം. അതായിരിക്കും അദ്ദേഹത്തിനും രാജ്യത്തിനും നല്ലത്.

ബിജെപി കൂടുതല്‍ ശക്തി പ്രാപിക്കുന്നത് ഫാഷിസ്റ്റ് സാദ്ധ്യതകളുള്ള ഒരു സമഗ്രാധിപത്യ വ്യവസ്ഥയിലേയ്ക്ക് ഇന്ത്യയെ നയിച്ചേക്കാം. എന്നാല്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന പോലെ എതിര്‍പ്പുകള്‍ ബിജെപിക്കും നേരിടേണ്ടി വന്നേക്കും. കോണ്‍ഗ്രസിന് എതിരായി കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഉണ്ടായിരുന്നു. ഇതൊരു ജനാധിപത്യ വ്യവസ്ഥിതിയായി തുടരുന്ന നിലയ്ക്ക് ബിജെപിക്കെതിരെയും അത്തരം എതിര്‍പ്പുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും പ്രാദേശിക പാര്‍ട്ടികളും കലാകാരന്മാരും സാംസ്‌കാരിക – സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം എതിര്‍പ്പുകളുമായി തുടര്‍ന്നും രംഗത്തുണ്ടാകും. അതേസമയം കോണ്‍ഗ്രസിന്റെ സമഗ്രാധിപത്യത്തേക്കാളും എത്രയോ വലിയ അപകടമായിരിക്കും ബിജെപിയുടെ സമഗ്രാധിപത്യം എന്ന കാര്യത്തില്‍ സംശയമില്ല. ബിജെപി ഇപ്പോള്‍ ചെയ്യുന്നപോലെ സ്ഥാപനങ്ങളില്‍ ഉപജാപങ്ങള്‍ നടത്തുകയും തങ്ങളുടെ ആളുകളെ തിരുകിക്കയറ്റുകയുമൊക്കെ കോണ്‍ഗ്രസും ചെയ്തിരുന്ന കാര്യങ്ങളാണ്. എന്നാല്‍ ആര്‍എസ്എസിന്റേത് പോലുള്ള ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം കോണ്‍ഗ്രസിനില്ല്.

ഗോസംരക്ഷണം ഒരു സര്‍ക്കാര്‍ നയമായി മാറിയിരിക്കുകയാണെന്ന് ഓര്‍ക്കണം. മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ഇതിന്റെ അപകടങ്ങള്‍ പ്രകടമാണ്. കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുമെന്ന് കരുതാനാവില്ല. മറ്റുള്ളവരാണ് എതിര്‍പ്പുയര്‍ത്താന്‍ പോകുന്നത്. ആം ആദ്മി പാര്‍ട്ടി പോലുള്ളവയും ദളിത് സംഘടനകളുമാണ് ബിജെപിയെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്ത് വരാനിടയുള്ളത്. അതേസമയം പ്രതിപക്ഷത്തെ അല്ലെങ്കില്‍ ഒരു ദേശീയ രാഷ്ട്രീയ ബദലിന് രൂപം നല്‍കി, അതിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാക്കളില്ല എന്നത് വസ്തുതയാണ്. അരവിന്ദ് കേജ്രിവാളില്‍ നിന്നോ നിതീഷ് കുമാറില്‍ നിന്നോ അത് പ്രതീക്ഷിക്കാന്‍ കഴിയില്ല.

വായനയ്ക്ക്: https://goo.gl/JKO2bb

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍