കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ആശ്വാസ ജയങ്ങള്‍; ബംഗാളില്‍ ബിജെപി രണ്ടാം സ്ഥാനത്ത്
രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭ സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്നേറ്റം. ആറ് സീറ്റുകളില്‍ അവര്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ കൈവശമിരുന്ന രജൗരി ഗാര്ഡന് ബിജെപി പിടിച്ചെടുത്തു. ആം ആദ്മി സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. പശ്ചിമബംഗാളില്‍ മൂന്നാം സ്ഥാനത്തെത്താന്‍ മാത്രമാണ് സിപിഎമ്മിന് സാധിച്ചത്. കര്‍ണാടകയില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ആംആദ്മി എംഎല്‍എ ജര്‍ണൈല്‍ സിംഗ് രാജിവച്ച ഒഴിവിലാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കെന്‍ അഭിപ്രായപ്പെട്ടു. 2015ലെ തെരഞ്ഞെടുപ്പ് 70ല്‍ 67 സീറ്റുകളും വിജയിച്ച് ആംആദ്മി പാര്‍ട്ടി തൂത്തുവാരിയിരുന്നു.
കര്‍ണാടകയില്‍ നഞ്ചന്‍ഗുഡ്, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഈ ഉപതെരഞ്ഞെടുപ്പുകള്‍ ഭീഷണിയായിരുന്നില്ലെങ്കിലും രണ്ടിടങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വിജയം നേടി. കോണ്‍ഗ്രസിന് നിര്ണായമായിരുന്നെങ്കിലും തന്റെ ജില്ലയായ മൈസൂരിലെ നഞ്ചന്‍ഗുഡില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കസേര നിലനിര്‍ത്താന്‍ നിര്‍ണായകമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കലേല കേശവമൂര്ത്തിയാണ് ഇവിടെ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പോടെ 2018ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഭരണതുടര്‍ച്ച നേടുമെന്ന് ഉറപ്പായിരിക്കുകയാണ്.
അസാമിലെ ധേമജി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ റനൗജ് പേഗിനെ 9000 വോട്ടിന് തോല്‍പ്പിച്ച് ബിജെപിയുടെ ബാബുല്‍ സൊനോവല്‍ സീറ്റ് ബിജെപി പക്ഷത്ത് തന്നെ നിലനിര്‍ത്തി. മധ്യപ്രദേശിലെ അതെര്‍, ബാന്ധവ്ഗര്‍ മണ്ഡലങ്ങളിലും ബിജെപിയ്ക്കാണ് ജയം. വോട്ടിംഗ് യന്ത്രത്തിന്റെ പ്രദര്‍ശന വീഡിയോയുടെ പേരില്‍ വിവാദമായ തെരഞ്ഞെടുപ്പാണ് ഇവിടുത്തേത്. ഹിമാചല്‍ പ്രദേശിലെ ഭോരഞ്ജ് മണ്ഡലത്തില്‍ ബിജെപിയുടെ അനില്‍ ധിമ 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ സ്വന്തം മണ്ഡലമായ ധോല്‍പുരില്‍ ബിജെപിയുടെ ശോഭ റാണി കുശവ മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടി.
പശ്ചിമബംഗാളില്‍ കാന്തി ദക്ഷിണ് സീറ്റില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചന്ദ്രിമ ഭട്ടാചാര്യ വിജയിച്ചു. ഇവിടെ എംഎല്‍എയായിരുന്ന ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ദിബ്യേന്ദു അധികാരി താമുല്ക് സീറ്റില്‍ നിന്നും ലോക്സഭയിലെത്തിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. 42,526 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചന്ദ്രിമയുടെ ജയം. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി സൗരിന്ദ്ര മോഹന്‍ ജനയ്ക്ക് ഇവിടെ രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചു. സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന ഉത്തം പ്രധാന് 10.21 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. 1.33 ശതമാനം വോട്ടുകള്‍ മാത്രം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നബകുമാര്‍ നന്ദ നാലാമതായി. ഝാര്‍ഖണ്ഡിലെ ലിതിപാറ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജെഎംഎം സ്ഥാനാര്‍ത്ഥി സിമണ്‍ മറാണ്ഡിയാണ് ജയിച്ചത്.
ഈ മണ്ഡലങ്ങള്‍ക്കൊപ്പം ഏപ്രില്‍ ഒമ്പതിന് ലോക്സഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്ന ശ്രീനഗറിലെ 38 പോളിംഗ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നുണ്ട്.