UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവമോര്‍ച്ച പ്രതിഷേധം: നസീറുദ്ദീന്‍ ഷാ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കി

രാജസ്ഥാനില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസോ മുഖ്യമന്ത്രി അശോക് ഗെലോട്ടോ സര്‍ക്കാര്‍ വൃത്തങ്ങളോ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്‍ നസീറുദ്ദീന്‍ ഷാ സംസാരിക്കാനിരുന്ന പരിപാടി അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കി. ഷായുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് സംഘാടകര്‍ എന്‍ഡിടിവിയോട് പറഞ്ഞത്. അജ്മീറിലെ ജനങ്ങളുടെ ‘വികാര’വും കണക്കിലെടുത്തതായി സംഘാടകര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കലാപത്തേയും പൊലീസുകാരന്റെ കൊലപാതകത്തേയും പറ്റി ഒരു അഭിമുഖത്തില്‍ നസീറുദ്ദീന്‍ പറഞ്ഞ കാര്യങ്ങളാണ് യുവമോര്‍ച്ചയെ പ്രകോപിപ്പിച്ചത്. ഇന്ത്യയില്‍ സ്ഥിതിഗതികള്‍ ഭീതിദമാണെന്നും വിഷം എങ്ങും പടര്‍ന്നിരിക്കുകയാണെന്നും പൊലീസ് ഇന്‍സ്‌പെക്ടറുടെ ജീവനേക്കാള്‍ പശുവിന്റെ ജീവന് വിലയുള്ള അവസ്ഥയാണെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. അതേസമയം രാജസ്ഥാനില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസോ മുഖ്യമന്ത്രി അശോക് ഗെലോട്ടോ സര്‍ക്കാര്‍ വൃത്തങ്ങളോ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അജ്മീറില്‍ തന്റെ പഴയ സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉച്ചയ്ത്ത് നസീറുദ്ദീന്‍ ഷാ മടങ്ങിയിരുന്നു. “ഞാന്‍ എന്റെ നാടായ, ഞാന്‍ സ്‌നേഹിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള എന്റെ ആശങ്കകളാണ് ഞാന്‍ പറഞ്ഞത്. ഒരു ഇന്ത്യക്കാരന്റെ ആശങ്കകള്‍. ഇത് പറഞ്ഞതിനാണ് ചിലര്‍ എന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നത്. ഇതെങ്ങനെ കുറ്റമാകും?” – നസീറുദ്ദീന്‍ ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നത്തെ ഇന്ത്യയില്‍ പശുവിന്റെ ജീവനാണ് മനുഷ്യ ജീവനേക്കാള്‍ വിലയെന്ന് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്ന കലാപവും പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവും ചൂണ്ടിക്കാട്ടി നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു.

മതരഹിതരായി വളര്‍ത്തിയ തന്റെ മക്കള്‍ അക്രമാസക്തരായ ഒരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ പെട്ടാല്‍ ഹിന്ദുവോ മുസ്ലീമോ എന്ന ചോദ്യം വന്നാല്‍ മറുപടിയില്ലാതെ നില്‍ക്കേണ്ടി വരുമെന്നും അവരെക്കുറിച്ചോര്‍ത്ത് തനിക്ക് ഭയമുണ്ടെന്നും നസീറുദ്ദാന്‍ പറഞ്ഞിരുന്നു. അതേസമയം ബിജെപി, സംഘപരിവാര്‍ നേതാക്കാള്‍ നസീറുദ്ദീന്‍ ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി അജ്മീര്‍ സാഹിത്യോത്സവത്തിനിടെ ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നസീറുദ്ദീന്‍ ഷായുടെ കോലം കത്തിച്ചു. വേദിയിലേയ്ക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നസീറുദ്ദീന്‍ ഷായ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

അതേസമയം നവനിര്‍മ്മാണ സേന പ്രസിഡന്റ് അമിത് ജൈനി, നസീറുദ്ദീന്‍ ഷായ്ക്ക് പാകിസ്താനിലേയ്ക്കുള്ള ടിക്ക്റ്റ് ബുക്ക് ചെയ്യുന്നതായി അറിയിച്ചു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ, 1999ലെ സര്‍ഫറോഷ് എന്ന സിനിമയില്‍ നസീറുദ്ദീന്‍ ഷാ അവതരിപ്പിച്ച തീവ്രവാദിയായ ഗസല്‍ ഗായകനുമായി ഉപമിച്ചു. നസീറുദ്ദീന്‍ നല്ല കലാകാരനാണ്. അദ്ദേഹം ഒരു സിനിമയില്‍ പാകിസ്താന്‍ ഏജന്റായി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ആ കഥാപാത്രമായി മാറുകയാണ് എന്നാണ് തോന്നുന്നത് – മഹേന്ദ്ര സിംഗ് പാണ്ഡെ പരിഹസിച്ചു.

എന്റെ രാജ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് പറഞ്ഞത്, അവര്‍ എന്നെ രാജ്യദ്രോഹിയാക്കുന്നു: നസീറുദ്ദീന്‍ ഷാ

“ഹിന്ദുവാണാ മുസ്ലീമാണോ എന്ന് ചോദിച്ചാല്‍ എന്റെ കുട്ടികള്‍ക്ക് മറുപടിയില്ലാതാകും, മനുഷ്യ ജീവനേക്കാള്‍ പശുവിന്റെ ജീവനാണ് ഇവിടെ വില”: നസിറുദ്ദീന്‍ ഷാ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍