UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നില്‍ ബിജെപി എംപിമാരും എംഎല്‍എമാരും

തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടന – അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) നടത്തിയ പഠനത്തിലെ വിവരങ്ങളാണ് ബുധനാഴ്ച പുറത്തുവിട്ടത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ബിജെപി എംപിമാരും എംഎല്‍എമാരുമാണ് മുന്നിലെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളുടെ പേരില്‍ 51 എംപിമാര്‍ക്കും എംഎല്‍എമാക്കും എതിരെയാണ് കേസുകള്‍ നിലവിലുള്ളത്. ഇതില്‍ 48 പേര്‍ വിവിധ നിയമസഭകളിലെ അംഗങ്ങളും മൂന്ന് പേര്‍ എംപിമാരുമാണ്. തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടന – അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) നടത്തിയ പഠനത്തിലെ വിവരങ്ങളാണ് ബുധനാഴ്ച പുറത്തുവിട്ടത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപി എംഎല്‍എമാരും എംപിമാരുമാണ്. ബിജെപിയുടെ ജനപ്രതിനിധികളായ 14 പേര്‍ക്കെതിരെയാണ് ഇത്തരം കേസുകള്‍ നിലവിലുള്ളത്. ഏഴംഗങ്ങളുടെ പേരില്‍ കേസുള്ള ശിവസേനയാണ് തൊട്ടുപിന്നില്‍. ആറ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. 4896 തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ 4852 എണ്ണമാണ് എഡിആറും നാഷണല്‍ ഇലക്ഷന്‍ വാച്ചും പരിശോധിച്ചത്. ഇതില്‍ എംപിമാരുടെ 776 സത്യവാങ്മൂലങ്ങളില്‍ 774 എണ്ണവും ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 4120 എംഎല്‍എ സത്യവാങ്മൂലങ്ങളില്‍ 4,078 എണ്ണവും ഉള്‍പ്പെടുന്നു.

പരിശോധിച്ചവയില്‍ 1,581 എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയാണ് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളത്. ഇന്ത്യയിലെ മൊത്തം സാമാജികരുടെ 33 ശതമാനമാണിത്. ഇതില്‍ 51 പേര്‍ക്കെതിരെയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസുകളുള്ളത്. കൂടാതെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരില്‍ സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള 334 പേര്‍ക്കും ടിക്കറ്റ് കൊടുത്തിരിക്കുന്നത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളാണ്. ഇതില്‍ നാല്‍പ്പത് ശതമാനം പേര്‍ക്കും ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ ആണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ ക്രിമില്‍ കേസുകള്‍ നിലവിലുള്ള 122 സ്വതന്ത്രര്‍ ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ സംസ്ഥാന നിയമസഭകളിലേക്കോ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മത്സരിച്ചിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. ഇവയില്‍ 19 പേര്‍ പാര്‍ലമെന്റിലേക്കും 103 പേര്‍ സംസ്ഥാന നിയമസഭകളിലേക്കുമാണ് മത്സരിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള 48 സ്ഥാനാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിജെപി ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ബിഎസ്പി ഇത്തരത്തിലുള്ള 36 പേര്‍ക്ക് ടിക്കറ്റ് നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് 27 പേരെ സ്ഥാനാര്‍ത്ഥികളാക്കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ കേസുകള്‍ ഉള്ള 12 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 11 പേര്‍ പശ്ചിമബംഗാളില്‍ നിന്നും ആറുപേര്‍ ഒഡീഷയില്‍ നിന്നുമാണ് വിജയിച്ചത്. ക്രിമിനല്‍ കേസുള്ള 65 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 62 പേര്‍ ബിഹാറില്‍ നിന്നും 52 പേര്‍ പശ്ചിമബംഗാളില്‍ നിന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടും ഇവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍