UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഫ്‌സല്‍ ഗുരു; ബിജെപിയുടേത് കാപട്യം

Avatar

ടീം അഴിമുഖം

ബിജെപി ഒരു വിചിത്ര രാഷ്ട്രീയ വിരോധാഭാസത്തിലൂടെയാണിപ്പോള്‍ കടന്നു പോകുന്നത്.

കാര്യം ലളിതമാണ്. ഡല്‍ഹിയില്‍ അഫ്‌സല്‍ ഗുരു അനുകൂല പ്രതിഷേധങ്ങള്‍ ഒരിക്കലും വച്ചു പൊറുപ്പിക്കില്ല, എന്നാല്‍ ഇതേ അഫ്‌സല്‍ ഗരുവിനെ തൂക്കിക്കൊന്നത് പിഴവാണെന്ന് വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്ക് ശ്രീനഗറില്‍ ശക്തമായ പിന്തുണയും നല്‍കുന്നു.

ജെഎന്‍യുവിലേക്ക് പൊലീസിനെ അയച്ച് ദേശീയ തലസ്ഥാനത്തെ ‘രാജ്യദ്രോഹികളായ’ ആക്ടിവിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപി ജമ്മു കശ്മീരിലെ അധികാര മോഹങ്ങള്‍ക്ക് കോട്ടം തട്ടാതെ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നീതിയുടെ പരാജയമാണെന്ന നിലപാടില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലാത്ത പാര്‍ട്ടിയാണ് പിഡിപി.

ബിജെപി ജനറല്‍ സെക്രട്ടറിയും കശ്മീരിലെ പാര്‍ട്ടി ചുമതലക്കാരനുമായ റാം മാധവ് ‘സര്‍ക്കാര്‍ രൂപീകരണ’ ചര്‍ച്ചയ്ക്കായി പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെ കാണാന്‍ യാത്രക്കൊരുങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ആ ചര്‍ച്ചകളുടെ ഫലങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ മങ്ങിക്കൊണ്ടിരിക്കുകയാണ്.

2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് 2013 ഫെബ്രുവരിയിലാണ്. അന്നുമുതല്‍ ഗുരു കശ്മീരികളുടേയും പൗരാവകാശ സംഘടനകളുടേയും ഇടയില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ഒരാളായി മാറി.

ഡല്‍ഹിയിലെ ജെഎന്‍യു ക്യാമ്പസില്‍ രാജ്യദ്രോഹവും തീവ്രവാദവും കണ്ടെത്തിയ കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ വ്യാപകമായ രീതിയില്‍ പൊലീസ് നടപടികളെടുക്കുകയും ആവശ്യത്തിന് വിഡ്ഢിത്തം വിളമ്പുകയും ചെയ്യുന്നു. ലഷ്‌കറെ തൊയ്ബ തലവന്‍ ഹാഫിസ് സഈദിന്റെ പേരിലുള്ള ഒരു പാരഡി ട്വിറ്റര്‍ അക്കൗണ്ടിലെ ഒരു ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് ജെഎന്‍യുവിലെ പ്രതിഷേധങ്ങള്‍ക്ക് ലഷ്‌കര്‍ സഹായമുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞത്.

ഭാരത മാതാവിനെ സംരക്ഷിക്കാനുള്ള തന്റെ നീക്കം തെല്ല് ധിക്കാരത്തോടെ തന്നെ മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയും പ്രഖ്യാപിച്ചു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസിന്റെ വക വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മുന്നറിയിപ്പും; തീവ്രവാദികളുടെ അജണ്ടയില്‍ വീണു പോകരുതെന്ന്.

എന്നാല്‍ ഇതേ ബിജെപി തന്നെയാണ് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുമായി ചേര്‍ന്ന് ഒരു സര്‍ക്കാരുണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ബിജെപിയുമായുള്ള പിഡിപിയുടെ സഖ്യത്തെക്കുറിച്ചുള്ള അതൃപ്തി നേരത്തെ മെഹ്ബൂബ ആവര്‍ത്തിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഈ സഖ്യം ‘ജനസ്വീകാര്യമല്ലെ’ന്നും നിലവിലെ സാഹചര്യങ്ങളില്‍ ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകാന്‍ തന്റെ അച്ഛനുണ്ടായിരുന്നത്ര ‘പരിചയവും പ്രതിച്ഛായയും’ തനിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ സഖ്യം നിലനിര്‍ത്തുക എന്നത് അവര്‍ക്ക് കൂടുതല്‍ കടുത്ത പരീക്ഷണമായി മാറിയിരിക്കുകയാണ്.

അഫ്‌സല്‍ ഗുരു വിഷയത്തില്‍ പിഡിപിയുടെ ഔദ്യോഗിക നിലപാടും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഡല്‍ഹിയിലെ പ്രതിഷേധക്കാരുടെ നിലപാടും ഒന്നു തന്നെയാണെന്ന് വ്യക്തമാണ്. ഗുരുവിന്റെ വധശിക്ഷയെ ‘നീതിയുടെ പരിഹാസം’ എന്നാണ് മെഹ്ബൂബയുടെ പാര്‍ട്ടി രൂക്ഷമായി വിശേഷിപ്പിച്ചത്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതില്‍ ഭരണഘടനാ നിര്‍ദേശങ്ങളും നടപടികളും അനുസരിച്ചിട്ടില്ലെന്നും പിഡിപി പറഞ്ഞിട്ടുണ്ട്. അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന പിഡിപിയുടെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഗുരുവിന്റെ കുടുംബത്തെ അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയ ശേഷം തിഹാര്‍ ജയിലില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷങ്ങളില്‍ ബിജെപി രാജ്യദ്രോഹിയായ ഗുരുവിനെ തൂക്കിലേറ്റണമെന്ന് ശക്തമായി ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ വധശിക്ഷയെ പൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

വാഗ്ദാനം നല്‍കാന്‍ ബിജെപി ഭാവിച്ചിട്ടു പോലുമില്ലാത്ത ഒരു ‘പുതിയ കരാര്‍’ ആവശ്യപ്പെട്ട് ഒരു മാസത്തോളമായി ജമ്മുകശ്മീരിലെ സര്‍ക്കാര്‍ രൂപീകരണം മെഹ്ബൂബ തടഞ്ഞു വച്ചിരിക്കുകയാണ്. അനിശ്ചിതാവസ്ഥ നീണ്ടു പോകുന്ന സംസ്ഥാനം ജനുവരി എട്ടു മുതല്‍ രാഷ്ട്രപതി ഭരണത്തിലാണ്.

‘ഡല്‍ഹിയില്‍ ഞങ്ങളുടെ മുഖത്തടിക്കുന്ന അവര്‍ (ബിജെപി) കശ്മീരില്‍ കൈപിടിക്കാന്‍ നോക്കുകയാണ്,’ പിഡിപി നേതാക്കള്‍ പറയുന്നു. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാടിനോട് തീര്‍ത്തും എതിരായ ഒരു പ്രഖ്യാപിത നിലപാടുള്ള പാര്‍ട്ടിയുമായി കൂട്ടുകൂടുന്നതില്‍ ആശയക്കുഴപ്പമുള്ളതായി ബിജെപി നേതാക്കള്‍ ഭാവിക്കുന്നുപോലുമില്ല എന്നതാണ് വൈരുധ്യം. മെഹ്ബൂബയുടെ എതിരാളി ഉമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അവരെ ആക്ഷേപിച്ചതിലും ആശ്ചര്യപ്പെടാനില്ല. ‘മെഹ്ബൂബ ചര്‍ച്ച നടത്തുന്നതും ഇതേ ബിജെപിയുമായാണ്. ജെഎന്‍യു സംഭവത്തെ കുറിച്ച് ഒരു വാക്കു പോലും ഉരിയാടാതെ അവര്‍ തീര്‍ത്തും മൗനം പാലിക്കുന്നതില്‍ ഒരു അത്ഭുതവുമില്ല.’ അബ്ദുല്ല എഴുതി.

എന്നിരുന്നാലും, ഒരുപക്ഷേ റാം മാധവിനോട് പറയാന്‍ മെഹ്ബുബയ്ക്ക് ചില കാര്യങ്ങള്‍ ഉണ്ടാകും; അവര്‍ പരസ്പരം കാണുകയാണെങ്കില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍