ഒബിസി വിഭാഗത്തിനുള്ള സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാര്‍ട്ടി ബിജെപിയുമായി ഉടക്കിയത്.
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ സുഹുല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ലോക്‌സഭയില്‍ തനിച്ച് മല്‍സരിക്കും. നരേന്ദ്ര മോദിയുള്‍പ്പെടുയള്ള ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മല്‍സരിക്കാനാണ് പാര്‍ട്ടി തീരുമാനം. 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു. യോഗി മന്ത്രിസഭയിലെ അംഗം ഓം പ്രകാശ് രാജ്ഭര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് സുഹുല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി.
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രിസഭയില്‍നിന്ന് രാജിവെയ്ക്കാനുള്ള പാര്‍ട്ടി അധ്യക്ഷന്റെ നീക്കവും ബിജെപി തടഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ ഇടപെട്ടു മന്ത്രിയെ തിരിച്ചയക്കുകയായിരുന്നു.
വരാണസിയിലും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഒബിസി സംവരണവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ബിജെപിയുമായി ഇടഞ്ഞത്. പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാജ്ഭര്‍ ആരോപിച്ചു.
ആദിത്യനാഥും അമിത്ഷായും ബിജെപി ടിക്കറ്റില്‍ മല്‍സരിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മാത്രമെ മല്‍സരിക്കാനുള്ളുവെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കാന്‍ അനുവദിക്കാത്തതെന്നാണ് പാര്‍ട്ടിയുടെ ആരോപണം. രാജിക്കത്ത് നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതിന് ശേഷം മുഖ്യമന്ത്രി ആദിത്യനാഥ് സംസാരിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് രാജ്ഭര്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 72 എണ്ണമാണ് എന്‍ഡിഎ 2014 ല്‍ നേടിയത്. 42 ശതമാനമായിരുന്നു വോട്ടുവിഹിതം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടു വിഹിതം 40 ശതമാനമായിരുന്നു. മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടു വിഹിതമാണ് നേടിയത്.
2014 ല്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തനിച്ചുനിന്നാണ് ബിജെപിയെ നേരിട്ടത്. എന്നാല്‍ ഇത്തവണ എസ്പിയും ബിഎസ്പിയും സഖ്യകക്ഷികളയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.