UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്നെ എന്തുകൊണ്ട് ആഫ്രോ-അമേരിക്കന്‍ എന്ന് വിളിക്കരുത്?

Avatar

ആയിഷ ഹാരിസ്
(സ്ലേറ്റ്)

‘എവിടെ നിന്നാണ്’ എന്ന ചോദ്യം ആദ്യമായി കേട്ടപ്പോഴാണ് കറുത്തവര്‍ഗക്കാരിയാകുന്നത് ഒരു ഉത്തരമല്ല എന്ന് ഞാന്‍ മനസിലാക്കിയത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ കാണിക്കാനായി ഞാന്‍ എന്റെ കുടുംബരേഖയുണ്ടാക്കി. ഓരോ വിദ്യാര്‍ത്ഥിയും അവരുടെ വംശീയപാരമ്പര്യം ആഘോഷിക്കുക എന്നതായിരുന്നു ആശയം. എന്റെ വംശം എന്താണെന്ന് എനിക്കറിയാമായിരുന്നു, എന്നാല്‍ എന്റെ പൂര്‍വികര്‍ എവിടെനിന്നാണ്? എന്റെ സഹപാഠികള്‍ക്ക് പലര്‍ക്കും തങ്ങളുടെ വെളുത്ത പൂര്‍വികര്‍ എപ്പോഴൊക്കെയോ അയര്‍ലണ്ട്, ഇറ്റലി, ഗ്രീസ് തുടങ്ങിയ നാടുകളില്‍ നിന്ന് അമേരിക്കയിലെത്തിയത് പറയാന്‍ കഴിഞ്ഞുവെങ്കില്‍ എന്റെ പൂര്‍വികരെപ്പറ്റി അത്തരത്തില്‍ രേഖകളുടെ സഹായത്തോടെ സംസാരിക്കാന്‍ എനിക്ക് സാധിച്ചില്ല. അവര്‍ എത്തിയത് അവരുടെ സമ്മതത്തോടെയല്ല. അവരുടെ ജനനത്തെപ്പറ്റിയും ജന്മനാടിനെപ്പറ്റിയുമുള്ള സകലരേഖകളും നഷ്ടപ്പെട്ടുപോയിരുന്നു.

ഈയിടെ വേറെയൊരു സാഹചര്യത്തിലാണ് ഞാന്‍ എവിടെനിന്നാണ് എന്ന് എന്നോട് വീണ്ടും ചോദിക്കപ്പെട്ടത്. കെനിയയിലെ ഒരു വിവാഹവേദിയില്‍ വെച്ച്. എന്റെ കാമുകനും ഞാനും മറ്റു വിദേശ അതിഥികളും താമസിച്ചയിടത്തെ കാവല്‍ക്കാരനായ ഒരു യുവാവിനോട് സൗഹൃദസംഭാഷണം നടത്തുകയായിരുന്നു ഞാന്‍.’നിങ്ങളുടെ മാതാപിതാക്കള്‍ എവിടെനിന്നാണ്?’ ഞാന്‍ ഒരു അമേരിക്കക്കാരിയാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അല്‍പ്പം കൂടി തെളിച്ചുചോദിച്ചു. ‘അവരും അമേരിക്കയില്‍ നിന്നാണ്, ഞാന്‍ വിശദീകരിച്ചു. എന്താണ് അയാള്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഒടുവിലാണ് എനിക്ക് മനസിലായത്, എന്റെ സ്‌കൂള്‍ പ്രോജക്റ്റ് ചോദിച്ച ചോദ്യം തന്നെയാണ് അയാളും ചോദിക്കുന്നത്: എന്റെ അമേരിക്കന്‍ കുടുംബം യഥാര്‍ത്ഥതില്‍ കെനിയയില്‍ നിന്നാണോ അതോ നൈജീരിയയില്‍ നിന്നോ? അമേരിക്കക്ക് വെളിയില്‍ എനിക്ക് ബന്ധുക്കളില്ല എന്ന് കഴിയുന്നതുപോലെ വിശദീകരിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്കത് മനസിലായില്ല. 

പിന്നീട് ഞാന്‍ മറ്റൊരു കെനിയക്കാരനെ കണ്ടു; വധുവിന്റെ ബന്ധു. അയാളും എന്നോട് വിവാഹസല്‍ക്കാരത്തിനിടെ അതെ ചോദ്യം ചോദിച്ചു. അയാളുടെ പ്രശംസ ഇങ്ങനെയും, ‘പക്ഷെ നിങ്ങളെ കണ്ടാല്‍ ആഫ്രിക്കനാണെന്ന് തോന്നുമല്ലോ!’ പൊതുവില്‍ പറഞ്ഞാല്‍ ഞാന്‍ അല്‍പ്പം ആഫ്രിക്കനാണെന്ന് പറയാം. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അച്ഛന്‍ പൂര്‍വികരെ കണ്ടെത്താന്‍ ഒരു ഡിഎന്‍എ ടെസ്റ്റ് നടത്തി. അദ്ദേഹത്തിന്റെ വേരുകള്‍ നൈജീരിയയിലാണെന്ന് കണ്ടെത്തി. എന്നാല്‍ ഞാന്‍ എന്നെ നൈജീരിയന്‍ ആഫ്രിക്കനായോ ആഫ്രിക്കന്‍ അമേരിക്കനായോ കാണുന്നില്ല. ഞാന്‍ അമേരിക്കയില്‍ നിന്നാണ്, ഞാന്‍ ഒരു കറുത്തവര്‍ഗക്കാരി അമേരിക്കക്കാരിയാണ്.

എനിക്ക് ഏഴോ എട്ടോ വയസുള്ളപ്പോഴാണ് എന്റെ അച്ഛനോടൊപ്പം ഞാന്‍ റൂട്ട്‌സ് എന്ന എണ്‍പതുകളിലെ ടിവി പരിപാടി കാണുന്നത്. ആ കഥയിലെ കഥാപാത്രത്തിന്റെ വേരുകള്‍ തേടിയുള്ള യാത്രയാണ് എന്റെ അച്ഛനെയും സ്വന്തം സ്വത്വമന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്. അടിമത്തത്തിന്റെ ചരിത്രത്തിനിടയില്‍ എവിടെയോ മാഞ്ഞുപോയ ബന്ധമാണത്. എനിക്കും എന്റെ സഹോദരിക്കും അച്ഛന്‍ പരിചയപ്പെടുത്തിത്തന്ന ആഫ്രിക്കന്‍ സാംസ്‌കാരികവസ്തുക്കളില്‍ ഒന്നുമാത്രമാണ് റൂട്ട്‌സ്. ഞങ്ങള്‍ പരിചയപ്പെട്ട സംഗീതവും കലകളും ഒക്കെ നിരവധിയാണ്. കറുത്തവര്‍ഗ അമേരിക്കന്‍ അഭിമാനം ഞങ്ങളില്‍ ഉണര്‍ത്തുക മാത്രമല്ല അച്ഛന്‍ ചെയ്തത്. ആഫ്രിക്കന്‍ വേരുകളുള്ള അമേരിക്കക്കാര്‍ എന്ന ബോധമാണ് ഞങ്ങള്‍ക്ക് ഉണ്ടാക്കിത്തന്നത്. എന്റെ കുട്ടിക്കാലം മുഴുവന്‍ ഞാന്‍ സ്വയം കറുത്തവര്‍ഗക്കാരിയായും ആഫ്രിക്കന്‍ അമേരിക്കക്കാരിയായും മാറിമാറി മനസിലാക്കി. ഞങ്ങളുടെ പൂര്‍വികര്‍ ഏതുരാജ്യത്ത് നിന്ന് വന്നവരാണെന്ന് പോലും അറിയാതെയാണ് ഇത്.

എങ്കിലും ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരുടെ ഒന്നാം തലമുറ രണ്ടാം തലമുറയുമായുള്ള ഇടപെടലുകള്‍ എന്റെ ആഫ്രിക്കന്‍ അമേരിക്കന്‍ സ്വത്വത്തെ ചോദ്യം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. മറ്റൊരു നാട്ടില്‍ ബന്ധുക്കളുള്ളവര്‍ക്ക് ഇത്തരമൊരു പേരിനു അര്‍ത്ഥമുണ്ട്. അവര്‍ക്ക് രണ്ടുസംസ്‌കാരങ്ങളുമായും ബന്ധമുണ്ട്. അമേരിക്കന്‍ കറുത്തവര്‍ഗക്കാരിയായി ജനിച്ചു ജീവിച്ച എനിക്ക് ആഫ്രിക്കന്‍ സംസ്‌കാരത്തെ ഒരു അമേരിക്കന്‍ ബോധത്തിലൂടെ മാത്രമാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ആഫ്രിക്കന്‍ അമേരിക്കന്‍ എന്ന പേര് എന്റെ സ്വത്വവുമായി ചേര്‍ന്നുപോകില്ല എന്നെനിക്ക് തോന്നി.

എന്നിട്ടും കെനിയയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ എന്റെ അച്ഛന്‍ എന്നോട് തമാശമട്ടില്‍ ചോദിച്ചു, ‘മാതൃരാജ്യത്തിലെത്തിയപ്പോള്‍ നിനക്ക് വ്യത്യാസമെന്തെങ്കിലും തോന്നിയോ?’ ഞാന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലെത്തിയപ്പോള്‍ സ്വന്തം വീട്ടിലെത്തിയതുപോലെ തോന്നിയോ എന്നാണ് ചോദ്യം. ആളുകള്‍ അവരുടെ ജീവിതകാലം മുഴുവന്‍ ഒരു വാഗ്ദത്തഭൂമിയുടെ അന്വേഷണത്തിലാണ്. ഞാന്‍ അത് കണ്ടെത്തിയോ?
എന്റെ ഉത്തരം ഇല്ലെന്നായിരുന്നു, കുറഞ്ഞപക്ഷം അച്ഛന്‍ ചോദിച്ച അര്‍ത്ഥത്തിലെങ്കിലും. 

എന്നാല്‍ ഏതു പുതിയ നാട്ടില്‍ ചെന്നാലും ഏതു ടൂറിസ്റ്റിനും തോന്നുന്നതാണ് എനിക്കും തോന്നിയത്. യാത്രാ സൗകര്യങ്ങളിലും ജീവിതസാഹചര്യങ്ങളും ഉള്‍പ്പെടെ ചെറുതും വലുതുമായ ഒരുപാട് സാംസ്‌കാരിക അന്തരങ്ങളുണ്ടായിരുന്നു. വിവാഹത്തില്‍ പരിചയമുള്ള പല ആഘോഷരീതികളുമുണ്ടായിരുന്നെങ്കിലും ചടങ്ങുകള്‍ സ്വാഹിലിയിലായിരുന്നു. എന്തിന്, ചടങ്ങില്‍ ഇംഗ്ലീഷില്‍ പറഞ്ഞ തമാശകള്‍ പോലും എനിക്ക് മനസിലായില്ല. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്ന തമാശ മാത്രമല്ല എനിക്ക് പ്രശ്‌നമായി തോന്നിയത്. തുടര്‍ച്ചയായി എന്നെ പുറത്തുനിന്നുള്ള ആള്‍ എന്ന് ആളുകള്‍ വിശേഷിപ്പിച്ചിരുന്നു. എന്റെ സ്വത്വം എന്റെ മാതാപിതാക്കളുടെയും അവരുടെ പൂര്‍വികരുടെയും ജന്മസ്ഥലങ്ങള്‍ വിശദീകരിക്കേണ്ടിവരുന്നത് കെനിയക്കാരും ഞാനും തമ്മിലുള്ള വംശീയഅന്തരം സൂചിപ്പിക്കുകയായിരുന്നു. ഞാന്‍ ഇടപെട്ട കെനിയക്കാര്‍ക്കെല്ലാം കറുത്ത തൊലി എന്നാല്‍ ആഫ്രിക്കന്‍ എന്നായിരുന്നു അര്‍ഥം. എനിക്കാവട്ടെ കറുപ്പ് എന്നാല്‍ കറുപ്പ് എന്നും.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേയ്ക്ക് തങ്ങളുടെ പൂര്‍വികരെ കണ്ടെത്താനായ എന്റെ കൂട്ടുകാരുടെ കഴിവില്‍ ഞാന്‍ ആറാം ക്ലാസില്‍ വെച്ച് അസൂയപ്പെട്ടു. പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ സഹായിക്കുക എന്നും ഓരോ വിദ്യാര്‍ത്ഥിയും ഈ രാജ്യത്തിനു പ്രധാനമാണ് എന്ന് മനസിലാക്കിക്കുകയും ഒക്കെയായിരുന്നു എന്റെ ടീച്ചറുടെ ലക്ഷ്യം. തൊണ്ണൂറുകളുടെ മധ്യത്തില്‍ ചെയ്ത ഈ പ്രോജക്റ്റ് വിവിധസ്വത്വങ്ങളോട് അമേരിക്കയ്ക്കുള്ള താല്പ്പര്യത്തിന്റെ ഒരു ഉദാഹരണമാണ്. സിവില്‍റൈറ്റ്‌സ് മൂവ്‌മെന്റിന്റെ ഒരു പരിണിതഫലമാണിത്. അറുപതുകളിലും എഴുപതുകളിലും കറുത്തവര്‍ഗ്ഗക്കാരുടെയിടയില്‍ ഉയര്‍ന്നുവരുന്ന കറുത്തദേശീയതയ്ക്ക് ശേഷം വെളുത്തവര്‍ക്കിടയില്‍ ‘കുടിയേറിയവരുടെ ദേശം’ എന്നൊരു ആശയം പ്രച്ചരിച്ചതായി മാത്യു രെഫ ജേക്കബ്‌സന്‍ ‘റൂട്ട്‌സ് ടു: വൈറ്റ് എത്‌നിക് റിവൈവല്‍ ഇന്‍ പോസ്റ്റ് സിവില്‍ റൈറ്റ്‌സ് അമേരിക്ക.’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഒരു കറുത്തവര്‍ഗ്ഗക്കാരിയുടെ തലമുടിക്കെട്ടുകള്‍
അമേരിക്കന്‍ ദരിദ്രരുടെ ആഡംബര അടുക്കളകള്‍
ദക്ഷിണാഫ്രിക്ക വളരുന്നു; മധ്യവര്‍ഗത്തിലേക്ക്
വിലയ്ക്ക് വാങ്ങുന്ന ഭൂഖണ്ഡവും വിലയില്ലാത്ത മനുഷ്യരും
കൊളോണിയലിസത്തിന്റെ വിഴുപ്പ് ആഫ്രിക്കയുടെ മുകളിൽ അലക്കരുത്

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയിലെത്തിയ വെളുത്തവര്‍ഗ്ഗക്കാര്‍ക്ക് അടിമത്തത്തിന്റെ പഴി കേള്‍ക്കേണ്ടിവരില്ല എന്നായിരുന്നു ചിന്ത. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് തീരെ നാണക്കേടില്ല. ഞാന്‍ അന്ന് നിര്‍മ്മിച്ച കുടുംബരേഖയും മറ്റുകുട്ടികളുടെയത്ര തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്റെ കുടുംബചരിത്രത്തിലെ വിദേശരാജ്യങ്ങളെ കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ എനിക്ക് അപകര്‍ഷത തോന്നിയ അവസാന തവണയായിരുന്നില്ല അത്. പിന്നീട് ഞാന്‍ കോളെജിലെത്തിയപ്പോള്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ മക്കളായ ഒന്നാം തലമുറ ആഫ്രിക്കന്‍ അമേരിക്കക്കാരെ കണ്ടു. അപ്പോള്‍ വീണ്ടും എനിക്കത് തോന്നി.
എന്റെ കാഴ്ചപ്പാട് മാറി. എന്റെ പൂര്‍വികര്‍ എവിടെനിന്ന് വന്നു എന്നത് വെച്ചല്ല, ഞാന്‍ വളര്‍ന്നത് എങ്ങനെ എന്നതിലൂടെ എന്റെ സ്വത്വത്തെ വിശദീകരിക്കാന്‍ ഞാന്‍ പഠിച്ചു. കറുപ്പും ആഫ്രിക്കന്‍ അമേരിക്കനും തമ്മിലുള്ള വ്യത്യാസം ഈ അടുത്ത കാലത്ത് ധാരാളം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. കറുത്ത അമേരിക്കക്കാരിയായി പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന എന്നെപ്പോലെ പലരുമുണ്ട്. ഓരോ വ്യക്തിക്കും, പ്രത്യേകിച്ച് കറുത്തവര്‍ക്ക്, അവരുടെ സ്വത്വത്തെ അവരുടെതായ രീതിയില്‍ മനസിലാക്കണം എന്നാഗ്രഹമുണ്ടാകും, അല്ലാതെ ഒരു വെളുത്ത ഭൂരിപക്ഷം കാണുന്നത് പോലെയല്ല അവര്‍ തങ്ങളെ മനസിലാക്കുന്നത്.

കറുത്തവര്‍ഗ അമേരിക്കക്കാരി എന്ന് വിളിക്കുമ്പോള്‍ ഞാന്‍ എന്റെ ജനിതക ആഫ്രിക്കന്‍ പാരമ്പര്യത്തെ നിരാകരിക്കുകയോ അകലം പാലിക്കുകയോ അല്ല ചെയ്യുന്നത്. കറുത്തവര്‍ക്കിടയിലുള്ള വ്യത്യാസങ്ങള്‍ക്കിടയിലും കാണാവുന്ന സാദൃശ്യങ്ങളെ തിരിച്ചറിയുകയാണ് ഇതിലൂടെ ചെയ്യുന്നത്. പോലീസ് മര്‍ദനങ്ങള്‍ മുതല്‍ വികലസൗന്ദര്യസങ്കല്പങ്ങള്‍ വരെയുള്ള കറുത്തവര്‍ഗമല്ലാത്ത ആളുകളുടെ അതിക്രമങ്ങളെ ചെറുക്കാനും പരസ്പരം പങ്കിടുന്ന സാംസ്‌കാരികപാരമ്പര്യങ്ങള്‍ പങ്കിടുന്നതിനും ഒക്കെ ഇത് സഹായിക്കും.

എന്റെ പൂര്‍വികരുടെ നാട്ടില്‍ ജീവിച്ചിട്ടേയില്ലാത്തതുകൊണ്ട് കെനിയന്‍ ആവുക, നൈജീരിയനാവുക, ആഫ്രിക്കനാവുക എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് ഞാന്‍ ഒരിക്കലും പൂര്‍ണ്ണമായി മനസിലാക്കില്ല. എന്നാല്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ഈയടുത്ത് ഞാന്‍ ചെയ്ത യാത്രകളില്‍ ഞാന്‍ കണ്ട ആളുകളുമായി ഒരു ബന്ധം എനിക്ക് തോന്നി. ഭൂരിഭാഗം ആളുകള്‍ വെളുത്തവരല്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്നതും പലതരം സംസ്‌കാരങ്ങളുമായി ഇടപെടുന്നതും രസകരമായി എനിക്ക് തോന്നി. ദൂരെനിന്ന് ഒരുപാട് നാള്‍ കണ്ടതിനുശേഷം ഒടുവില്‍ ഞാനും ആഫ്രിക്കന്‍ സംസ്‌കാരത്തിന്റെ ചെറിയ ഒരു ഭാഗം മനസിലാക്കി. കൂടുതല്‍ അനുഭവങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്, അതൊരു ടൂറിസ്റ്റ് ആയി മാത്രമാണെങ്കില്‍ പോലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍