UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വത്വവാദം ജനാധിപത്യത്തെ നിഷേധിക്കുന്നതെന്തിന്? ജയയുടേത് വെറുതെ ഒരു ചായം പൂശലല്ല

Avatar

ഡോ. സാംകുട്ടി പട്ടംകരി 

രോഹിത് വിഷയത്തിലും ജിഷ വിഷയത്തിലും കലാകക്ഷി നടത്തിയ സാംസ്‌കാരിക ഇടപെടലുകളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നത് അതുയര്‍ത്തുന്ന സംവാദാത്മകതയെ അംഗീകരിക്കുന്നതിനാലാണ്. കച്ചവടകലയുടെ ആകര്‍ഷണങ്ങളില്‍ നിന്നും മാറിനടന്നുകൊണ്ടും രാഷ്ട്രീയ സ്ഥാപനകളെ മാറ്റിക്കൊണ്ടും മാത്രമേ കലാശൈലി മാറ്റുവാന്‍ കഴിയൂ എന്ന വിശ്വാസത്തോടെയാണ് ഇവര്‍ നീങ്ങുന്നതെന്നതും പ്രതീക്ഷയുമുണര്‍ത്തുന്നു. തെരുവു ക്യാന്‍വാസുകളുമായി കാതങ്ങളലഞ്ഞു വരയ്ക്കുകയും, അംബേദ്കര്‍ അയ്യന്‍കാളി തുടങ്ങിയവരുടെ ബിംബങ്ങളണിഞ്ഞ് തെരുവുമൂലകളില്‍ ചര്‍ച്ചയുയര്‍ത്തുകയും, ശരീരത്തെ തന്നെ ക്യാന്‍വാസാക്കി നിറംപൂശി പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ടാണ്  കലാകക്ഷി ഇത് നിര്‍വ്വഹിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം ഇവയെ ഒറ്റപ്പെട്ട പ്രതിഷേധം എന്നു വിലയിരുത്തുന്നതിനേക്കാള്‍ ഇന്ത്യന്‍ ചുറ്റുപാടുകളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യത്യസ്തങ്ങളായ ഇടപെടലുകളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായി തന്നെ വേണം മനസ്സിലാക്കുവാന്‍. ഡല്‍ഹി വീഥികളിലും ജെ.എന്‍.യു. തുടങ്ങിയ വിദ്യാഭ്യാസകേന്ദ്രങ്ങളിലും എല്ലാം വ്യത്യസ്തങ്ങളായ നിലയില്‍ വിശകലനങ്ങളും പ്രതിഷേധങ്ങളും  ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ അവ പ്രതിഫലിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

കലാകക്ഷിയുടെ ഇടപെടലില്‍ ഉള്‍പ്പെടുന്നതും കറുത്തനിറം ശരീരത്തില്‍ പുരട്ടിക്കൊണ്ട് ജയ എന്ന കലാപ്രവര്‍ത്തക നടത്തുന്നതുമായ പെര്‍ഫോര്‍മന്‍സിനെ പ്രാഥമികമായി നിരീക്ഷിക്കേണ്ടത് ഒരു ‘പ്രതിഷേധ’രൂപം എന്ന നിലയ്ക്കാണ് അത് പ്രവര്‍ത്തിച്ചത് എന്നതിനെയാണ്. മറ്റൊന്ന് വിവേചനവും നീതിനിഷേധവുമെന്ന വിഷയത്തെ മറച്ചുപിടിക്കുന്നതിലല്ല മറിച്ച്  ചര്‍ച്ചയിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുന്നതിലായിരുന്നു ഇത് ഊന്നല്‍ നല്‍കിയിരുന്നത്. തന്നെയുമല്ല ഒരു കലാ പ്രവര്‍ത്തകയുടെ പ്രതിഷേധം എന്ന നിലയില്‍, ഇതൊരു കലാപ്രതിഷേധത്തിന്റെ, അന്തിമമായ വഴിയെന്നോ, മറ്റൊരു പ്രതിഷേധ രൂപവും ഇനി സാധ്യമല്ല എന്നോ, ഇതുമാത്രമാണ് വിവേചനത്തിന്റെ ‘പ്രതിനിധാന’മെന്നോ അത് അവകാശപ്പെട്ടിരുന്നുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് പ്രതിരോധം, പ്രതിഷേധം, പ്രതിനിധാനം എന്നിവയേയും നാം കൊടുക്കേണ്ട മാനദണ്ഡങ്ങളേയും കൂട്ടിക്കുഴച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ മലയാളത്തില്‍ ഉയര്‍ന്നുവന്നത്. നാടോടി സംഗീതം വികസിക്കുന്നതുകണ്ട് ചൈനയിലെ ആഢ്യപാരമ്പര്യം നശിക്കുന്നതിനെ കുറിച്ചുള്ള കണ്‍ഫ്യൂഷ്യസിന്റെ വിലാപമാണ് ഓര്‍മ്മയില്‍ വരുന്നത്.

ദളിതുകളെ നിശബ്ദവല്‍ക്കരിക്കുന്ന അഥവാ തമസ്‌കരിക്കുന്ന പ്രവണതകളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ദളിത് സൗന്ദര്യശാസ്ത്ര വ്യവഹാരം കേരളത്തിലും സജീവമായത്. ഇത് കേവലമായ ഇടംപിടിക്കലിനായുള്ള നിലവിളി എന്നതിനേക്കാള്‍ സാംസ്‌കാരിക മണ്ഡലത്തില്‍ തുടര്‍ന്നുകൊണ്ടിരുന്ന സമ്പൂര്‍ണ്ണമായ പാര്‍ശ്വവല്‍ക്കരണത്തിനെതിരായും, പൊതുസമൂഹത്തില്‍ ഏവരും ചേര്‍ക്കപ്പെടേണ്ടതുണ്ടെന്ന രാഷ്ട്രീയചിന്തയുടെ ഭാഗമായും ആയിരുന്നു. പിന്നീടുള്ളതില്‍ തന്നെ വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ രൂപപ്പെടുകയും ഒരു വിഭാഗം തങ്ങളുടെ സംരക്ഷിതദേശമാക്കി ദളിതുഭാവനയെയും സ്വത്വനിരീക്ഷണങ്ങളെയും മാറ്റി ഉപയോഗിച്ചുകൊണ്ട് രംഗപ്രവേശം ചെയ്തുവെന്നതും ചരിത്രവസ്തുതയാണ് എന്നതു നിഷേധിക്കേണ്ടതില്ല.

ഇപ്പോള്‍ സംഭവിക്കുന്ന ചര്‍ച്ചകളുടെ ഭാഗമായി ശ്രദ്ധിച്ചാല്‍ പ്രധാനമായ ഒരു പ്രശ്‌നം, അവര്‍ണ്ണതയുടെ പ്രശ്‌നമണ്ഡലത്തിലെ പ്രതിഷേധങ്ങള്‍ അവര്‍ണ്ണര്‍ മാത്രം അറിയുകയും അവര്‍ മാത്രം കൈകാര്യം ചെയ്യേണ്ടതുമാണ് അഥവാ അവരുടെ മേല്‍ക്കൈയില്‍ മാത്രം സംഭവിക്കേണ്ടതാണ് എന്ന വാദം എത്രത്തോളം പ്രസക്തമാണ്. പൊതുമണ്ഡലത്തില്‍ എന്തെങ്കിലും ഇടപെടലിന് ഈയൊരു രംഗപ്രവേശത്തിനായി കാത്തിരിക്കേണ്ടതുണ്ടോ? അല്ലെങ്കില്‍ തന്നെ കലയില്‍ ദളിതുകള്‍ മാത്രം ഇടപെടുന്നതുകൊണ്ടേ അവര്‍ണ്ണതയെ സംബന്ധിക്കുന്ന സംവാദങ്ങള്‍ ജനകീയമായിത്തീരൂ എന്ന് ഏകപക്ഷീയമായി പറയാന്‍ കഴിയുമോ? സ്വത്വം വ്യക്തികളുടെ സാമൂഹിക ജീവിതത്തില്‍ നിര്‍ണ്ണായക ശക്തിയായി പ്രവര്‍ത്തിക്കുന്നു എന്നതിന് മൗലികവാദത്തിലേയ്ക്ക് വഴുതാന്‍ അത്രയേറ ദൂരമില്ല എന്നു തിരിച്ചറിയേണ്ടതുണ്ട്. ഏതെങ്കിലും വിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെ സമ്പൂര്‍ണ്ണമായി കീഴ്‌പ്പെടുത്തുകയോ മേല്‍ക്കോയ്മ സ്ഥാപിക്കുകയോ ചെയ്യുന്നതില്‍ സംഭവിക്കുന്ന ഫാസിസ്റ്റു രൂപീകരണം, മറ്റുള്ളവരുടെ പ്രതിഷേധങ്ങള്‍ക്കു വിലക്കപ്പെട്ട ഒന്നായി സ്വത്വാനുഭവമെന്ന ആയുധത്തെ മാറ്റുന്നതിന് കാരണമാകുന്നില്ല. പ്രാഥമികമായി ഇവ രണ്ടും രണ്ടുതന്നെയാണ് എന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. പ്രധാനമായ ചോദ്യം ജാതി, മതം, ദേശം തുടങ്ങിയ സ്വത്വവിതാനങ്ങളെ ജീവിതത്തില്‍ സംരക്ഷിച്ചു നിര്‍ത്തുക എന്ന ധര്‍മ്മത്തിലൂന്നിക്കൊണ്ടാണോ അതോ ജനാധിപത്യ ഇടപെടലുകളിലെ നീതിയിലേക്കുള്ള നീക്കത്തെ മുന്‍നിര്‍ത്തിയാണോ ജനാധിപത്യസംവാദത്തില്‍ ഇടപെടേണ്ടത് എന്നതാണ്.  ഡോ. അംബേദ്ക്കര്‍ യഥാര്‍ത്ഥത്തില്‍ ആത്യന്തികമായി വിഭാവനം ചെയ്യുന്നത് ജനാധിപത്യ സമൂഹത്തെയാണെന്നത് ഒളിച്ചുവയ്‌ക്കേണ്ടതില്ല.

ചായം പൂശിയ ഐക്യദാര്‍ഢ്യത്തിന്റെ ചെമ്പ് തെളിയുമ്പോള്‍

ജെ.എന്‍.യു.വില്‍ മഹിഷാസുരന്റെ ആരാധനയുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന ദേശദ്രോഹ ചര്‍ച്ചയേയും ഇത്രയും പ്രസക്തമാകുന്നത് അസംഖ്യ ദൈവസങ്കല്‍പ്പമുള്ള രാജ്യത്ത് ആ മൂല്യബോധത്താല്‍ ആക്രമിക്കപ്പെടുന്നവര്‍ ഇരയായ മഹിഷാസുരനെ ആരാധിച്ചാലെന്ത് എന്നു ചോദിക്കുമ്പോഴാണ്. എന്നല്ലാതെ മതസംരക്ഷണമെന്ന സ്വകാര്യതാത്പര്യത്തിന് വഴിപ്പെടുകയാകരുത്.  തന്നെയുമല്ല, ജനാധിപത്യത്തിനുള്ളിലെ തുല്യതയ്ക്കും നീതിയ്ക്കുമുള്ള സഞ്ചാരത്തില്‍ ക്രമേണ മതം തന്നെ മറഞ്ഞുപോകേണ്ടതല്ലേ എന്നൊരു ചോദ്യവും അവശേഷിക്കുന്നു. ജനാധിപത്യപൗരനെ നിര്‍ണ്ണയിക്കുന്നതില്‍ മതത്തിനും വിശ്വാസത്തിനും സ്ഥാനം നല്‍കേണ്ടിവരുന്നത് സവിശേഷ വിഭാഗം എന്ന നിലയില്‍ ചൂഷണത്തിന്റേയും നീതിനിഷേധത്തിന്റെയും ഘടകങ്ങള്‍ അവിടെ പ്രവര്‍ത്തനക്ഷമമാകുന്നു എന്ന സന്ദര്‍ഭത്തില്‍ മാത്രമാണ്.

സ്വന്തം ജനതയ്ക്കുള്ളില്‍ ഏതെങ്കിലും ഘടകത്തെ സവിശേഷ വിഭാഗങ്ങളായി നിരീക്ഷിക്കുകയും ആഭ്യന്തരഭീഷണിയായി വിലയിരുത്തുകയും ചെയ്യുന്ന വികാരം ഫാസിസത്തിന്റേതാണ്. കേവലമായി നിലനിര്‍ത്തുന്ന ദളിത് സ്വത്വനിരീക്ഷണം അറിഞ്ഞോ അറിയാതെയോ  പ്രതിനിധീകരിക്കുന്നത് പൊതുസമൂഹത്തില്‍ കലര്‍ന്നു ചേരേണ്ടിവരുന്ന ഒരു പ്രക്രിയയോടുള്ള ഭയത്തെയാണ്. ഇത് ആത്യന്തികമായി സഹായിക്കുന്നത് മേല്‍പ്പറഞ്ഞ ഫാസിസ്റ്റ് മനോഭാവത്തെതന്നെയാണ്.

ജാര്‍ഖണ്ഡില്‍ പോത്തുകച്ചവടക്കാരെ കൊന്നു കെട്ടിത്തൂക്കുമ്പോള്‍ മുസ്ലിം മാത്രം അഭിപ്രായം പറഞ്ഞാല്‍ മതി എന്ന് ഏതെങ്കിലും മുസ്ലിം വിഭാഗം വാദിക്കുകയാണെങ്കില്‍ ജനാധിപത്യ സമൂഹം എങ്ങനെയത് മനസ്സിലാക്കണം. അങ്ങനെ സംഭവിച്ചിട്ടില്ലായെന്നതു ജനാധിപത്യത്തിന്റെ ആശ്വാസമാണ്. പ്രതിനിധാനത്തെ ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തിനുള്ളില്‍ സംരക്ഷിക്കേണ്ടി വരുന്നത് മുഴുവന്‍ ജനത എന്ന ഭാവനയുടെ ഉള്ളില്‍ നിന്നുകൊണ്ട് തന്നെയാകേണ്ടതുണ്ട്. അവിടെ മുസ്ലിം നേതൃത്വം മാത്രം മതിയെന്ന വേവലാതി ആരെങ്കിലുമുയര്‍ത്തിയാല്‍ വ്യത്യസ്തങ്ങളായ പ്രതിഷേധത്തിന്റെ വാതായനങ്ങള്‍ തുറക്കുന്നതിനെ ആശങ്കയില്‍ നിര്‍ത്തുകയേയുള്ളു. എന്നുവച്ചാല്‍ പൊതുവികാരത്തില്‍ മുസ്ലിം പ്രതിഷേധങ്ങള്‍ ഏതെങ്കിലും രൂപത്തില്‍ മറയ്ക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ മാത്രമാണ് നീതിനിഷേധത്തിന്റെ ചര്‍ച്ച ഇവിടെ പ്രസക്തമാകൂ. ഇന്ത്യയ്കുള്ളിലെ മുസ്ലിം എന്ന ചര്‍ച്ചയുടെ യാഥാര്‍ത്ഥ്യത്തെ  ബോധ്യപ്പെട്ടു കൊണ്ടുതന്നെയാണിത് പറയുന്നത്.

ദളിത് സ്വത്വമെന്നത് കറുത്ത തൊലിയിലോ നിറത്തിലോ ഒതുങ്ങുന്നതല്ല എന്നത് പ്രാഥമികമായ അറിവാണ്. കറുത്തനിറത്തിലൂന്നി നടത്തുന്ന ഒരു പ്രതിഷേധം കറുപ്പിന്റെ ചര്‍ച്ചയിലൂടെ അവര്‍ണ്ണന്റെ സാന്നിദ്ധ്യത്തെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുമില്ല എന്നത് വസ്തുതയാണ്.  നിറം ഉപയോഗിച്ചു നടത്തുന്ന ഒരു പ്രതിഷേധത്തോടെ ആ പ്രവൃത്തി ചെയ്യുന്ന സ്ത്രീ ആയിരിക്കും അവര്‍ണ്ണതയുടെ അല്ലെങ്കില്‍ ദളിതത്വത്തിന്റെ ആള്‍രൂപം ആയി വര്‍ത്തമാനകാലത്തില്‍ സ്ഥാപിക്കപ്പെടുക എന്ന നിലപാട് തികച്ചും  അടിസ്ഥാനരഹിതമാണ്. (ഒരു പക്ഷേ കീഴ്ത്തട്ടു ജീവിതാനുഭവങ്ങളെ പങ്കിടാന്‍ കഴിയുന്ന സാമുദായിക സ്ഥാനമുള്ളവള്‍ എന്നതാകാം ജയയെ ഇത്തരം ഒരു പ്രതിഷേധരീതി രൂപീകരിച്ചെടുക്കാന്‍ പ്രേരിപ്പിച്ചതും.) എന്നാല്‍ പൊതുമണ്ഡലത്തിലെ പ്രതിഷേധങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ഇടങ്ങളെ അട്ടിമറിക്കാനുള്ളതാണെന്ന ബോധ്യത്തില്‍ ജയയ്‌ക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കുള്ളില്‍ അറിയാതെയാണെങ്കിലും  അടങ്ങിയിരിക്കുന്നത് മൗലികവാദമായിത്തീരാന്‍ പര്യാപ്തമായ ഇന്ധനമാണ്. അഥവാ ദളിത് ഭാവനയെ തങ്ങളുടെ സ്വകാര്യദേശമാക്കി കൈകാര്യം ചെയ്യേണ്ടതു മാത്രമാണെന്ന സങ്കുചിതാവകാശ പ്രഖ്യാപനമാണ്. യഥാര്‍ത്ഥത്തില്‍ വിവിധങ്ങളായ പ്രതിഷേധങ്ങള്‍ രൂപപ്പെടേണ്ട ഇത്തരം സന്ദര്‍ഭങ്ങളില്‍ കറുപ്പുനിറം ഉപയോഗിച്ചുകൊണ്ടുള്ള ഒരു കലാകാരിയുടെ പ്രതിഷേധം എങ്ങനെയാണ് കറുത്തവര്‍ക്കുനേരെയുള്ള വംശീയാക്രമണം അഥവാ വിവേചനമാകുന്നത്. ജാതീയതയുടേയും വംശീയതയുടേയും  സമ്പൂര്‍ണ്ണമായ വിശദീകരണങ്ങള്‍ക്കു ശേഷം മാത്രമേ ജനകീയ പ്രക്ഷോഭം ഉണ്ടാകാന്‍ പാടുള്ളു എന്നു നിര്‍ബന്ധം പിടിക്കുവാന്‍ കഴിയുമോ. ഒരു സ്ത്രീ സ്വന്തം ശരീരത്തില്‍ അന്യവല്‍ക്കരിച്ചുകൊണ്ട് ശരീരത്തെ നിരീക്ഷിച്ചുകൊണ്ടു നടത്തുന്ന സമരമാര്‍ഗ്ഗത്തെ ഇത്രയും  അപഹസിക്കുന്നത് ഉചിതമല്ല. കാരണം മനുഷ്യനും അവന്റെ/ളുടെ ശരീരവും തമ്മിലുള്ള അകല്‍ച്ചയുടെ ചരിത്രം ആക്രമണത്തിന്റെയും  ആത്മരക്ഷയുടെയും ചലനവ്യവസ്ഥകളില്‍ നിന്നും ഭിന്നമായി അറിവുകളുടെ സമാഹരണമായി മാറ്റുന്ന പ്രക്രിയയും ആകാവുന്നതു തന്നെയാണ്.

ഏതായാലും കേരളത്തിന്റെ വര്‍ത്തമാനകാല സാഹചര്യത്തില്‍, കലയിലും സാഹിത്യത്തിലും  ദളിതുവിഷയം ദളിതുകളാല്‍ മാത്രം പറയേണ്ട ഒന്നാണെന്ന വാദവും ന്യായയുക്തമല്ല. ദളിതു ഭാവനകളെ സമ്പൂര്‍ണ്ണമായി നിരാകരിച്ചിരുന്ന  ഒരു ഘട്ടത്തില്‍ ഞാനിവിടെയുണ്ട് എന്ന് അടയാളപ്പെടുത്തുക എന്നത് ഏറ്റവും മൂര്‍ച്ചയുള്ള മുന്നേറ്റമാണ്. എന്നാല്‍ ആ ഘട്ടം കഴിഞ്ഞിട്ടും  നിങ്ങള്‍ ഞങ്ങളുടെ വിഷയത്തില്‍ അഥവാ അവര്‍ണ്ണതയുടെ വിഷയത്തില്‍ പ്രതിഷേധിക്കരുത് എന്ന വാദം മാരകമാണ്. പ്രതിനിധാനത്തെയും പ്രതിഷേധത്തെയും കേവലവാക്യങ്ങള്‍ക്കായി കൂട്ടിക്കുഴയ്ക്കുന്നത് അത്ര ആശ്വാസ്യകരമായ കാര്യമല്ല. അത് ദളിത് ചുറ്റുപാടുകളെ ഒരു മറയാക്കി മാറ്റിക്കൊണ്ട് അനുഭവിക്കുന്ന ഗൂഢസംതൃപ്തിയാണ്. സ്വാഭാവികമായും ദളിത് പ്രശ്‌നങ്ങളെ ഒരു ജനാധിപത്യ പ്രശ്‌നമായി വളര്‍ത്തുവാനുള്ള അവസരങ്ങളെ  നിഷേധിക്കലായി അതു മാറുന്നുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. വ്യത്യസ്തങ്ങളായ മണ്ഡലങ്ങളില്‍ നിന്ന് വിവിധങ്ങളായ പ്രതിഷേധ രൂപങ്ങള്‍ ഉയര്‍ന്നുവരുന്നതുകൊണ്ട് പ്രതിനിധാനങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നു കരുതേണ്ടതില്ല. ഈ വിഷയത്തെ സംബന്ധിച്ചിയത്തോളം കറുപ്പിനെ പ്രശ്‌നവല്‍ക്കരിക്കുന്നത് പുതിയ ചില സാധ്യതകളെയാണ് തുറന്നുവയ്ക്കുന്നത്. അല്ലാതെ കറുത്തവരെ മോശമായി ചിത്രീകരിക്കുന്ന അപരത്വത്തിന്റെ ഇടപെടലാണെന്നു കരുതുക അസാധ്യമാണ്. കാരണം അവയൊരിക്കലും അവര്‍ണ്ണാനുഭവങ്ങളെ അളന്നു തിട്ടപ്പെടുത്തുവാനുള്ള അളവുകോലാകുകയില്ല. തന്നെയുമല്ല പ്രതിനിധാനങ്ങളെ അട്ടിമറിക്കാന്‍ കഴിയുന്ന ബോധപൂര്‍വ്വമായ മറച്ചുപിടിക്കലും അതിലൂടെ സാധ്യമാകുന്നില്ല. ഒരുപക്ഷേ എതിര്‍വാദങ്ങളാണ് പ്രച്ഛന്ന വിവേചനത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കുന്നത്.

ജനാധിപത്യ സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചയെ ജനാധിപത്യത്തിന്റെ വിശാലതയില്‍ സമീപിക്കുന്നതാണുചിതം. ജാതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ഇത്തരമൊരു മാറ്റം അനിവാര്യമായിരിക്കുന്നു. ജനാധിപത്യ സമൂഹത്തില്‍  ആദിവാസിക്ക് അധികാരമില്ല എന്നത് ജനാധിപത്യ പൗരത്വത്തിന്റെ അപമാനമായി വളരുകയും പരിഹാരമന്വേഷിക്കുകയും ചെയ്യുന്നിടത്താണ് ഒരു മുന്നേറ്റം വിജയിക്കുന്നത്. മറിച്ച് ആദിവാസിയുടെ മാത്രം പ്രശ്‌നമാക്കി ചുരുക്കിക്കാണുന്നതിലല്ല. നിലവില്‍ പൗരസമൂഹത്തിന്റെ  വ്യത്യസ്തമായ ഇടപെടലുകള്‍ സൂചിപ്പിക്കുന്നത് പലപ്പോഴും ഗുണപരമാകുന്ന ഒരു മാറ്റത്തെയാണ്. അതുകൊണ്ടുതന്നെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ ദളിതനുഭവങ്ങള്‍ക്കു മുകളില്‍ നടക്കുന്ന പ്രച്ഛന്ന വേഷങ്ങളായി തെറ്റിദ്ധരിക്കേണ്ടതില്ല. ഓര്‍മ്മിക്കുക, അയ്യന്‍കാളി സമരങ്ങളിലൂടെ സ്ഥാപിച്ചെടുത്തത് പൊതുവഴികളേയും പൊതുസ്ഥലങ്ങളേയുമാണ്. ചവിട്ടിപ്പുറത്താക്കിയതോ, ജാതിവഴികളേയും.

(ഡോ:സാംകുട്ടി പട്ടങ്കരി: 1996ല്‍ സൗന്ദര്യ ശാസ്ത്രത്തിലെ ദളിത് പരിപ്രേക്ഷ്യത്തെക്കുറിച്ച് ഭാഷാപോഷണിയില്‍ സംവാദത്തിന് തുടക്കമിട്ടു. തുടര്‍ന്ന് 2006 മുതല്‍ അതേ വിഷയത്തില്‍ ജെഎന്‍യുവില്‍ ഗവേഷണം ആംരഭിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. ഇലവന്‍ കെവി സമരം ഉള്‍പ്പടെയുള്ള ആദ്യകാല ദളിത് മൂവ്‌മെന്റുകളില്‍ മുന്‍നിരയില്‍. ചെങ്ങറ സമരത്തെക്കുറിച്ചുള്ള ഡോക്കുമെന്ററി ശ്രദ്ധേയമായ ഇടപെടലായി. 70 നാടകങ്ങള്‍ മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി സംവിധാനം ചെയ്തു. അയ്യങ്കാളി ഉള്‍പ്പെടെ അഞ്ചു നാടകങ്ങളും ഒരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ അഞ്ചുവര്‍ഷത്തെ ചിത്രകലാ പഠനത്തിനു ശേഷം തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിടിഎ, എംടിഎ, എംഫില്‍. ഒരു വര്‍ഷം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകന്‍. ആര്‍എല്‍വിയിലെ പ്രസിദ്ധമായ വിദ്യാര്‍ത്ഥി സമരം നയിച്ചു. നാടക-സാംസ്‌ക്കാരിക രംഗത്ത് ഡല്‍ഹി കേന്ദ്രീകരിച്ച് ഇപ്പോള്‍ സജീവം. ദളിതനാണ് താനെന്നു തെളിയിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റിനായി പോരാടി വിജയം നേടി. അതേസമയം ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ലഭിക്കേണ്ടിയിരുന്ന കോളേജ് അധ്യാപക ജോലി നഷ്ടമായി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍