UPDATES

വിദേശം

കറുത്തവര്‍ഗക്കാരി ആയതിനാല്‍ ഒരു ഡോക്ടര്‍ തടയപ്പെടുമ്പോള്‍

സഹയാത്രികരെ സഹായിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകളില്‍ നിന്ന് യോഗ്യതാ രേഖകള്‍ ആവശ്യപ്പെടുന്ന പതിവ് ഇതോടെ ഡെല്‍റ്റ എയര്‍ലൈന്‍സ് നിര്‍ത്തലാക്കി

കാരോലിന്‍ വൈ. ജോണ്‍സണ്‍

കഴിഞ്ഞ ഒക്‌ടോബറില്‍ തന്റെ ബാല്യകാല സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചു പോകാനായി ഫിസിഷ്യന്‍ ടാമിക ക്രോസ്സ് ഒരു ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനത്തിലാണ് കയറിയത്. യാത്രാമധ്യേ യാത്രക്കാരിലൊരാള്‍ക്ക് സുഖമില്ലാതെയായപ്പോള്‍ വൈദ്യസഹായത്തിന് അഭ്യര്‍ത്ഥനയുണ്ടായി. പക്ഷേ ക്രോസ്സ് സഹായിക്കാന്‍ ചെന്നപ്പോള്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്  ചെറുപ്പക്കാരിയും കറുത്ത വര്‍ഗ്ഗക്കാരിയുമായ ആ ഡോക്ടറെ വിലക്കി. ‘ശരിക്കുള്ള ഒരു ഫിസിഷ്യനെയോ നഴ്‌സിനെയോ ആണ് ഞങ്ങള്‍ക്കാവശ്യം,’ എന്നു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്  പറഞ്ഞതായി ക്രോസ്സ് പറയുന്നു. ഫേസ്ബുക്ക് വഴി ഈ സംഭവം ഷെയര്‍ ചെയ്യപ്പെട്ടതോടെ ആയിരക്കണക്കിന് കമന്റുകളാണ് വന്നത്. ന്യൂനപക്ഷ, വനിതാ ഡോക്ടര്‍മാര്‍ പലരും സമാന അനുഭവങ്ങളുടെ കഥകള്‍ പങ്കുവച്ചു. കണ്ടാല്‍ ഡോക്ടറാണെന്ന് തോന്നില്ലെന്ന സംശയഭാവം ധാരാളം ആളുകളില്‍ കണ്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

ഡെല്‍റ്റയുടെ നയങ്ങളില്‍ മാറ്റം വരാന്‍ ക്രോസ്സിന്റെ ഈ അനുഭവം സഹായകമായി. സഹയാത്രികരെ സഹായിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകളില്‍ നിന്ന് യോഗ്യതാ രേഖകള്‍ ആവശ്യപ്പെടുന്ന പതിവ് ഡിസംബര്‍ ഒന്നോടു കൂടെ അവര്‍ നിര്‍ത്തലാക്കി.

‘ഡോ. ക്രോസ്സ് വിവരിച്ചതു പോലെയുള്ള ഒരു സാഹചര്യം വിലയിരുത്താനും കാര്യങ്ങള്‍ ശ്രദ്ധയോടെ പഠിച്ച് നയങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ഉത്തരവാദിത്വം ഡെല്‍റ്റയുടെ ജോലിക്കാരോടും യാത്രക്കാരോടും ഞങ്ങള്‍ക്കുണ്ട്,’ ഇന്‍ഫ്‌ലൈറ്റ് സര്‍വ്വീസ് സീനിയര്‍ വൈസ്പ്രസിഡന്റ് ആലിസന്‍ ഔസ്ബന്‍ഡ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തോട് ഉടന്‍ പ്രതികരിച്ചുകൊണ്ട് ഡെല്‍റ്റ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് എയര്‍ലൈന്‍ പോളിസി പ്രകാരം അസുഖബാധിതനായ ഒരു യാത്രക്കാരനെ വിമാനത്തിനകത്ത് ചികിത്സിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലിന്റെ യോഗ്യത രേഖകള്‍ പരിശോധിക്കേണ്ടതുണ്ട് എന്നാണ്. ക്രോസ്സ് തന്റെ രേഖകള്‍ കാണിച്ചില്ല എന്നും മറ്റൊരു യാത്രക്കാരന്‍ അവ നല്‍കിയെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇതില്‍ രണ്ടു പ്രശ്‌നങ്ങളാണ് ക്രോസ്സിനു പറയാന്‍ ഉണ്ടായിരുന്നത്. അവധിക്കാലം ചെലവഴിച്ചോ വിവാഹത്തില്‍ പങ്കെടുത്തോ ഒക്കെ മടങ്ങുന്ന ഡോക്ടര്‍മാരുടെ കയ്യില്‍ ഹോസ്പിറ്റല്‍ ബാഡ്‌ജോ മെഡിക്കല്‍ ലൈസന്‍സോ ഉണ്ടായിക്കോളണമെന്നില്ല. ഈ പോളിസി നടപ്പാക്കുന്നതും കൃത്യമായല്ല. പല ഗ്രൂപ്പുകളില്‍ നിന്നും മുന്‍പ് കേട്ടിട്ടുള്ളതു വച്ച് സുഖമില്ലാതാകുന്ന സഹയാത്രികരെ പരിശോധിക്കേണ്ടി വരുമ്പോള്‍ അവര്‍ ചിലപ്പോള്‍ രേഖകള്‍ ആവശ്യപ്പെടും, ചിലപ്പോള്‍ ഒന്നും ചോദിക്കില്ല.

തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എക്‌സിക്യൂട്ടീവുകളുമായി ഒരു കൂടിക്കാഴ്ചയ്ക്ക് ഡെല്‍റ്റ ക്രോസ്സിനെ ക്ഷണിച്ചു. അവര്‍ ക്ഷണം സ്വീകരിച്ചു, അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ മുന്‍ പ്രസിഡന്റും തന്റെ മാര്‍ഗ്ഗദര്‍ശിയുമായ വെയ്ന്‍ റൈലിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍ പല തവണ ഡെല്‍റ്റ ഫ്‌ളൈറ്റുകളില്‍ വച്ച് അസുഖബാധിതരായ യാത്രക്കാരെ സഹായിച്ചിട്ടുണ്ടെന്നും ഒരിക്കല്‍ പോലും ഡോക്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ കാണിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ഡെല്‍റ്റ എക്‌സിക്യൂട്ടീവുകളെ അറിയിച്ചു.

cross

‘മെഡിക്കല്‍ പ്രൊഫഷണലുകളുടെ യോഗ്യതകള്‍ പരിശോധിക്കേണ്ട ബാധ്യത നിയമപരമായോ ചട്ടങ്ങളനുസരിച്ചോ എയര്‍ലൈന് ഇല്ലെന്ന് ഡെല്‍റ്റയ്ക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. മെഡിക്കല്‍ ലൈസന്‍സ് പരിശോധന കൂടുതലും ഓണ്‍ലൈന്‍ ആയിരിക്കുന്ന ഇക്കാലത്ത് ഡോക്ടര്‍മാരും നേഴ്‌സുമാരും പൊതുവേ അത് കയ്യില്‍ കൊണ്ടു നടക്കാറില്ല. പേഴ്‌സില്‍ വയ്ക്കാവുന്ന തരം ലൈസന്‍സുകള്‍ ചില സ്‌റ്റേറ്റുകള്‍ നല്‍കുന്നുപോലുമില്ല,’ എയര്‍ലൈന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പല വിഭാഗക്കാരായ ആളുകളുമായി ഇടപഴകാനുള്ള diversity and inclusion raining തങ്ങളുടെ മുന്‍നിര ജോലിക്കാര്‍ക്കിടയിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് പ്രസ്താവനയില്‍ തുടര്‍ന്നു പറയുന്നു.

കാലങ്ങളായി പല രീതിയിലും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരുന്ന ഒരു വിഷയത്തെ ഈ സംഭവം മറ നീക്കി പുറത്തെത്തിച്ചു. മനപ്പൂര്‍വ്വമല്ലാത്ത വിവേചനം എന്നുമെന്നോണം കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടുന്നുണ്ട് എന്നതാണത്. വര്‍ണ്ണവിവേചനം എന്നു വിളിച്ചുകൂടെങ്കിലും ഇത്തരം പെരുമാറ്റങ്ങള്‍ അതിനു സമാനമാണ്. തെറ്റാണെന്നു നമുക്ക് ബോദ്ധ്യമുണ്ടെങ്കില്‍ കൂടെ ഇത്തരം വിവേചനങ്ങള്‍ ചില ധാരണകള്‍ മനസ്സിലേയ്ക്ക് കൊണ്ടുവരും ഡോക്ടര്‍മാരെന്നാല്‍ വെളുത്ത വര്‍ഗ്ഗക്കാരാവും എന്ന രീതിയിലുള്ളവ.

ഫ്‌ളൈറ്റില്‍ നേരിട്ട അനുഭവം ക്രോസ്സിനു വിഷമവും ദേഷ്യവുമുണ്ടാക്കി; പക്ഷേ അത്തരം അനുഭവങ്ങള്‍ തികച്ചും സാധാരണമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ദുഃഖകരമായ കാര്യം. ഒരു മനുഷ്യന്റെ ജീവനെ ഇത്തരം വിവേചനങ്ങള്‍ അപകടത്തിലാക്കിയേക്കാം, അതാണ് പ്രതികരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

ഡെല്‍റ്റയുടെ ചീഫ് എക്‌സിക്യൂട്ടീവ് എഡ് ബാസ്റ്റ്യനടക്കമുള്ളവരുടെ ക്ഷമാപണത്തില്‍ താന്‍ തൃപ്തയാണെന്ന് ക്രോസ്സ് പറഞ്ഞു. ഒരു മോശം അനുഭവത്തിനു നല്ല പരിസമാപ്തി ഉണ്ടായതില്‍ അവര്‍ക്കു സന്തോഷമുണ്ട്.

‘കാലഹരണപ്പെട്ട ചില കാര്യങ്ങള്‍ ഒരു പ്രധാന കോര്‍പ്പറേറ്റിനെ കൊണ്ട് തിരുത്തിക്കാന്‍ നമുക്ക് സാധിച്ചുവെന്ന് എനിക്കു തോന്നുന്നു. 30,000 അടി മുകളില്‍ പറന്നു കൊണ്ടിരിക്കേ ആവശ്യം വന്നാല്‍ ഒരു സഹയാത്രികന് വൈദ്യസഹായം നല്‍കുവാന്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ സഹായിക്കുന്ന ചിലത് ചെയ്യാനുമായി,’ ക്രോസ്സ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍