UPDATES

ഇന്ത്യ

നോട്ടുകള്‍ അസാധുവാക്കിയവര്‍ക്ക് മുതലാളിത്തത്തെ പോലും മനസിലാവുന്നില്ല: പ്രഭാത് പട്‌നായിക്

അഴിമുഖം പ്രതിനിധി

നോട്ടുകള്‍ അസാധുവാക്കിയവര്‍ക്ക് മുതലാളിത്തത്തെ പോലും മനസിലാവുന്നില്ലെന്ന് മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിഗദ്ധന്‍ പ്രഭാത് പടനായിക്. കള്ളപ്പണം എന്നത് സംഭരിച്ച് വച്ചിരിക്കുന്ന നോട്ടുകെട്ടുകളാണെന്ന ധാരണ വലിയ അബദ്ധമാണ്. കള്ളപ്പണം ഒളിപ്പിച്ചു വച്ചിരിക്കുന്ന നോട്ടുകെട്ടുകള്‍ അല്ല എന്നതും വിതരണം ചെയ്യപ്പെടുന്ന ഒന്നാണ് എന്നതും അടിസ്ഥാനപരമായ കാര്യമാണ്. യഥാര്‍ത്ഥത്തില്‍ കള്ളപ്പണമെന്ന് പറയുന്നത് നികുതി വെട്ടിച്ച് നടത്തുന്ന എല്ലാത്തരം സാമ്പത്തിക ഇടപാടുകളും പ്രവര്‍ത്തനങ്ങളുമാണ്. ആയുധ ഇടപാടുകള്‍ അടക്കമുള്ളവയില്‍ ഇത് വരുന്നുണ്ട്.

നോട്ടുകള്‍ പിന്‍വലിച്ചാല്‍ കള്ളപ്പണം തടയാമെന്നത് മിഥ്യാധാരണ മാത്രമാണ്. മറിച്ച് അത് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം നല്‍കുകയാണ് ചെയ്യുന്നത്. പണത്തിന്‌റെ ഒഴുക്ക് സംബന്ധിച്ച് ധാരണയില്ലാത്തതാണ് പ്രശ്‌നം. കള്ളപ്പണക്കാരും പിശുക്കന്മാരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. കാപ്പിറ്റലിസ്റ്റുകളും കള്ളപ്പണക്കാരും ഒരിക്കലും പണം അധികകാലം സൂക്ഷിച്ച് വയ്ക്കുന്ന പിശുക്കരല്ല. അവര്‍ക്ക് അത് വിതരണം ചെയ്‌തേ പറ്റൂ.

പിശുക്കനും മുതലാളിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കാള്‍ മാര്‍ക്‌സ് വ്യക്തമാക്കുന്നുണ്ട്. പിശുക്കന്‍ പണം എടുത്തുവച്ചാല്‍ ധനികനാവാന്‍ കഴിയും എന്ന വിഡ്ഢി ധാരണയുള്ളവനാണ്. അതേസമയം യഥാര്‍ത്ഥ മുതലാളി അങ്ങനെയല്ല. പണം ഉപയോഗിക്കുകയും പണത്തിന്‌റെ വിതരണം നടക്കുകയും ചെയ്താല്‍ മാത്രമേ ധനികനായിരിക്കാന്‍ കഴിയൂ എന്ന് അയാള്‍ക്ക് ബോദ്ധ്യമുണ്ട്. കള്ളപ്പണക്കാര്‍ മുതലാളിമാരാണ്, അല്ലാതെ പിശുക്കന്മാരല്ല. സാധാരണഗതിയില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെ തന്നെയാണ് അവരും ചെയ്യുന്നത്. അവരുടെ കള്ളപ്പണം വിതരണം ചെയ്യപ്പെടുന്നതായി ഉറപ്പ് വരുത്തും. വളരെ കുറച്ച് സമയം മാത്രമാണ് പണം സൂക്ഷിച്ച് വയ്ക്കുക എന്നത് സംഭവിക്കുന്നത്.

മുതലാളിത്തത്തെ പോലും ഇവര്‍ക്ക് നസിലാക്കാന്‍ കഴിയാത്തതിന്‌റെ പ്രശ്‌നമാണിത്. പഴയ കറന്‍സി പുതുക്കാനുള്ള പുതിയ ബിസിനസ് തുറക്കുക എന്നതാണ് ഇവിടെ മുതലാളിത്തം ചെയ്യുന്നത്. കള്ളപ്പണം കൈകാര്യം ചെയ്യുന്നവര്‍ക്കെല്ലാം അത് വെളുപ്പിക്കാനുള്ള ബിസിനസുമുണ്ട്. ഇത്തരം ഇടപാടുകളെ ഒരു ഭരണകൂട സംവിധാനവും തൊടുന്നില്ല. കര്‍ശനമായ നികുതി പിരിച്ചെടുക്കല്‍ സംവിധാനം ഉറപ്പ് വരുത്തുകയാണ് കള്ളപ്പണം പിടിച്ചെടുക്കാനുള്ള് ശരിയായ വഴി. പണരഹിത സമ്പദ് വ്യവസ്ഥയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങളുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി അത് കാണ്ടുവരാന്‍ കഴിയില്ല. അത് സമയമെടുത്ത് മാത്രം നടപ്പാക്കാന്‍ കഴിയുന്ന ഒന്നാണ്.

ബഹുഭൂരിപക്ഷം ജനങ്ങളെ സംബന്ധിച്ചും സര്‍ക്കാരിന്‌റെ തീരുമാനം വലിയ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് 1000ന്‌റേയും 500ന്‌റേയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള നീക്കം സംബന്ധിച്ച് നേരത്തെ അറിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട പുതിയ കറന്‌സി നോട്ടുകള്‍ സമയത്ത് വിതരണം ചെയ്ത് ജനങ്ങളുടെ പ്രയാസം ഒഴിവാക്കാന്‍ കഴിഞ്ഞില്ല എന്ന ചോദ്യം പ്രസക്തമാണ്. പച്ചക്കറികളും മറ്റ് അവശ്യ വസ്തുക്കളും വാങ്ങാന്‍ നമ്മളാരും ചെക്ക് കൊടുക്കാറില്ല. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത് വലിയ നാശമുണ്ടാക്കുന്ന കാര്യമാണ്.

(ദ വയര്‍ എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് പ്രഭാത് പട്നായിക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

കൂടുതല്‍ വായനക്ക്: https://goo.gl/Y5N7Rb
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍