UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരിമണല്‍ കണ്ട് ഒരു മുതലാളിയും പനിക്കേണ്ട- സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു

Avatar

സി.ആര്‍. നീലകണ്ഠന്‍

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ – ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരപ്രദേശത്തെ കരിമണല്‍ എന്ന ധാതുമണല്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഇക്കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഒരു വിധിയാണിപ്പോള്‍ ഇതിനു വഴിവച്ചിരിക്കുന്നത്. കേട്ട ഉടനെ കുറെപ്പേര്‍ ആക്രോശങ്ങളുമായി രംഗത്തെത്തി. എന്നാല്‍ മറ്റുനിരവധിപേര്‍ ഉള്ളാലെ പൊട്ടിച്ചിരിക്കുകയാണ്. (ഇതുരണ്ടും ചെയ്യുന്നവരും ഉണ്ടെന്നു പറയാം). മിക്കവാറും എല്ലാ മുഖ്യധാരാ കക്ഷികളും ഇരുതലപ്പാമ്പുകളാണ്. ഒരു വിഭാഗം സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കും. എന്നാല്‍ അതേ പാമ്പിന്റെ മറ്റേ തലയായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ നേതാക്കളായ മറ്റൊരുകൂട്ടര്‍ സ്വകാര്യ മേഖലക്കിനി ഖനനാനുമതി നല്‍കുന്നതിലെന്തു കുഴപ്പം എന്നു ചോദിക്കുന്നു. ചില പത്രങ്ങളും ചാനലുകളും നിരന്തരം കരിമണല്‍ ഖനനം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ‘പെയ്ഡ്’ ന്യൂസ് ഉണ്ടോയെന്ന്‍ ആരെങ്കിലും അന്വേക്ഷിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ കരിമണല്‍ ഖനനവിഷയത്തില്‍ പെയ്ഡ് ന്യൂസും പെയ്ഡ് പത്രവും പെയ്ഡ് ചാനലും പോലുമുണ്ടെന്നു നമുക്ക് ഉറപ്പായി പറയാന്‍ കഴിയും. ഒരു വ്യവസ്ഥയും ഇല്ലാതെ മനുഷ്യരെ കടന്നാക്രമിക്കുകയും പച്ചനുണകള്‍ പറഞ്ഞ് അപമാനിക്കുകയും ചെയ്യുന്നിടംവരെ എത്തിയിരിക്കുന്നു ഇവരുടെ ‘മഞ്ഞ പത്രപ്രവര്‍ത്തനം’. ഒരു കാലത്ത് പേരും പെരുമയുമുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങളാണിവയെന്നും ഓര്‍ക്കുക. ഇതൊന്നും പോരാഞ്ഞ്, ഒരു ജ്വല്ലറിയുടെ പരസ്യം പോലെ മുതലാളി തന്നെ ഒരു പത്രവും തുടങ്ങി.

2013 ഫെബ്രുവരിയില്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഒരു വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളുകയാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ച് ചെയ്തിരിക്കുന്നത്. ഇതിനല്‍പ്പം ചരിത്രമുണ്ട്. കേരളതീരത്തെ ധാതുമണലില്‍ (തെക്കന്‍ തീരത്ത്) മോണസൈറ്റ് ‘ഇല്‍മനൈറ്റ്’ എന്നീ ധാതുക്കള്‍ (യഥാക്രമം തോറിയം, ടൈറ്റാനിയം എന്നിവയുടെ അയിരുകള്‍) ഉണ്ടെന്നു വളരെക്കാലം മുമ്പുതന്നെ നമുക്കറിയാം. ഈ ധാതുക്കള്‍ ശേഖരിച്ച് വേര്‍തിരിച്ച് സംസ്‌ക്കരിച്ചു വിറ്റാല്‍ വന്‍ലാഭം ഉണ്ടാകും. (മൂല്യവര്‍ദ്ധനവ് സാധ്യത വളരെ കൂടുതലാണ്) എന്നതു സത്യം. ഇതില്‍ തോറിയം എന്നത് ഇന്ത്യ വിഭാവനം ചെയ്യുന്ന ആണവോര്‍ജ്ജ വികസന പദ്ധതി (മൂന്നു ഘട്ടപദ്ധതി) യുടെ രണ്ടാംഘട്ടത്തില്‍ ഉപയോഗിക്കുന്നതും മൂന്നാം ഘട്ടത്തില്‍ അതില്‍ നിന്ന് ഇന്ധനം (പ്ലൂട്ടോണിയം) ഉണ്ടാക്കാവുന്നതുമാണ്. പക്ഷേ, അരനൂറ്റാണ്ടു പിന്നിട്ടിട്ടും നാം രണ്ടാംഘട്ടം പോലും എത്തിയിട്ടില്ലെന്നതു സത്യം. വിദേശ രാജ്യങ്ങളില്‍ നിന്നും നിലയങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കരാറായതോടെ ഈ പദ്ധതി മുന്നോട്ടുപോകാനും സാധ്യതയില്ല. എന്തായാലും ഇവര്‍ക്കു തോറിയം നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് (ഐ ആര്‍ ഇ) കമ്പനി ചവറയിലും അതു സംസ്‌ക്കരിക്കാനുള്ള കമ്പനി ഏലൂരിലും സ്ഥാപിച്ചു.

രണ്ടാമത്തെ ധാതുവായ ഇല്‍മനൈറ്റ് ഇന്ത്യയിലെ പലതീരത്തും കിട്ടുമെങ്കിലും ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം കൊല്ലം ജില്ലയില്‍ ലഭിക്കുന്ന ധാതുമണലിലാണ് (ഇല്‍മനൈറ്റ് ക്യൂ) എന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു വേര്‍തിരിക്കാനും സംസ്‌ക്കരിക്കാനുമായാണ് ചവറയില്‍ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎല്‍എല്‍) എന്ന സംസ്ഥാന സര്‍ക്കാര്‍ കമ്പനി സ്ഥാപിച്ചത്. ഇതിനുമുമ്പ് തിരുവനന്തപുരത്ത് വേളിയില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് എന്ന കമ്പനിയും സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നുണ്ട്.

ആലപ്പുഴ, പുതുമന പഞ്ചായത്തുകളിലാണ് ഈ രണ്ടു കമ്പനികള്‍ക്കും ഖനനാനുമതി നല്‍കിയത്. നാലുവീതം ബ്ലോക്കുകള്‍ ഇവര്‍ക്കുനല്‍കി. അവിടെ ഇക്കാലമത്രയും ഖനനം നടത്തിയതിന്റെ ബാക്കിപത്രം വേറെ പഠിക്കപ്പെടേണ്ടതുണ്ട്. എന്തായാലും ഐ.ആര്‍.ഇ. ഒരു നനഞ്ഞ പടക്കമാണെങ്കില്‍ കെഎംഎഎല്‍ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്ക് (മാറിമാറി ഭരിക്കുന്നവര്‍) വന്‍ അഴിമതി നടത്താനുള്ള കറവപ്പശുവായി. തീരത്തു നിന്നും സൗജന്യമായി കോരിയെടുത്ത മണലാണിതെന്നും എത്രകാര്യക്ഷമമല്ലാതെയും അഴിമതിയില്‍ മുങ്ങിയും പ്രവര്‍ത്തിച്ചാലും കണക്കില്‍ ‘ലാഭം’ ഉണ്ടാകുമെന്നതും, ഇവര്‍ ഖനനം നടത്തുകവഴിയും കമ്പനി പ്രവര്‍ത്തിപ്പിക്കുകവഴിയും ദുരിതമനുഭവിക്കുന്ന തദ്ദേശവാസികളോട് തീര്‍ത്തും ദയാരഹിതമായി പെരുമാറാന്‍ കഴിയുമെന്നതുമെല്ലാമുള്ള വഴികളില്‍ കൂടിയാണ് ലാഭം ഉണ്ടാകുന്നത്. ‘ലാഭമുള്ള കമ്പനി’യായതില്‍ അതില്‍ നിന്ന് കുറെ കൊള്ള നടത്തിയാലും ആരും അറിയില്ല. അഴിമതിക്കു പേരുകേട്ടവരെയാണ് മിക്കസര്‍ക്കാരുകളും ഈ സ്ഥാപനത്തിന്റെ തലപ്പത്തിരുത്തുക. മലബാര്‍ സിമന്‍റ്സിലും മറ്റുമിരുന്ന് വന്‍ അഴിമതി കുറ്റങ്ങള്‍ക്ക് വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ ഇവിടെ പ്രതിഷ്ഠിക്കും. തങ്ങളുടെ ശമ്പളവും വരുമാനവും ഉറപ്പാക്കാന്‍ പിന്നെ കക്ഷിരാഷ്ട്രീയം വഴി അധികാരത്തില്‍ പങ്കുപറ്റുകയെന്നതുമാത്രമാണ് യൂണിയനുകളുടെ ലക്ഷ്യം. അവരതു ചെയ്യുന്നതിനിടയില്‍ അഴിമതിയൊക്കെ രാഷ്ട്രീയ കക്ഷിക്കണക്കു തീര്‍ക്കാനുള്ള ഒരു ആയുധം മാത്രം.

 

ഈ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ് ഇല്‍മനൈറ്റ് വേര്‍തിരിച്ച് പല സ്ഥാപനങ്ങള്‍ക്കും നല്‍കുന്നത്. ട്രാവന്‍കൂര്‍ ടൈറ്റാനിയവും കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയായ സിഎംആര്‍എലും ഇതില്‍പെടുന്നു. ഈ ഇല്‍മനൈറ്റ് കേവലം ഒറ്റ ഘട്ടം മാത്രം സംസ്‌ക്കരിച്ച് ‘സിന്തറ്റിക് റൂട്ടൈല്‍’ ആക്കി കയറ്റി അയക്കുന്ന പണിയാണ് ഈ സ്ഥാപനത്തിന്റേത് (സിഎംആര്‍എല്‍). ഈ ഒരൊറ്റ മാര്‍ഗം വഴി വമ്പന്‍ ലാഭം കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ അതിനപ്പുറത്തേക്കൊന്നും കമ്പനി പോകാറില്ല. ഈ കമ്പനി പെരിയാറിനെ ഏറെക്കാലം ‘വ്യത്യസ്ത നിറ’ത്തില്‍ ഒഴുകുന്നതാക്കാന്‍ സഹായിച്ചിട്ടുമുണ്ട്. ഇവരുടെ മാലിന്യമായ ഫെറസ്സ് ക്ലോറൈഡ് തുടങ്ങിയവയാണ് പെരിയാറിനെ മലിനമാക്കിയത്. ഈ മാലിന്യം പമ്പാനദി ശുചീകരിക്കാന്‍ ബഹുകേമമാണെന്നു പറയാനും ചില ‘കൂലി വിദഗ്ധര്‍’ ഉണ്ടായി. പമ്പയെ ഇത് എത്രമാത്രം മലിനമാക്കിയെന്നു ഹൈക്കോടതിക്കുവരെ ബോധ്യപ്പെടുന്നതിനാല്‍ അത് തുടര്‍ന്നില്ല.

കെ.എം.എല്‍.എല്‍. പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും (ഇവര്‍ തന്നെ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും) ആരോപിച്ച്, തങ്ങള്‍ക്ക് ധാതുമണല്‍ കിട്ടുന്നില്ലെന്നും തൊഴിലാളികള്‍ പട്ടിണിയാണെന്നും നിരന്തരം ആവശ്യമുന്നയിച്ചുകൊണ്ടിരിക്കുകയാണ് ഈ കമ്പനിയുടെ മുതലാളി. യൂണിയന്‍ നേതാക്കളും തൊഴിലാളി സഖാക്കളും മുതലാളിയുടെ മുദ്രാവാക്യം ‘അങ്ങനെതന്നെ’ എന്ന് ഏറ്റുവിളിക്കുന്നു. അതിനവര്‍ക്കു പ്രതിഫലവുമുണ്ട്. ഒരു സമുന്നതനായ തൊഴിലാളി നേതാവ്, പണം കയ്യിലുള്ളതിനാല്‍ മാത്രം കമ്പനിയുടെ ഉടമയായ മുതലാളിയെ ‘സര്‍’ എന്നു വിളിച്ചു രോമാഞ്ചമടയുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഇദ്ദേഹത്തിനെ പ്രാഞ്ചിയേട്ടന്‍’ എന്നു വിളിക്കുന്നവരുണ്ട്. കേരളത്തിന്റെ പല ഭാഗത്തു നിന്നും ടിയാന് നിരവധി ‘അവാര്‍ഡുകള്‍’ കിട്ടുന്നതിനാലാണത്. ‘മതസൗഹാര്‍ദ്ദ’ത്തിനും ‘രാഷ്ട്രവികസന’ത്തിനും മറ്റും ശക്തന്‍ തമ്പുരാന്റേയും സാമൂതിരിയുടെയും കുഞ്ഞാലിമരയ്ക്കാരുടേയും പേരിലുള്ള അവാര്‍ഡുകള്‍ ടിയാനെ തേടിയെത്താറുണ്ട്. എന്തായാലും ഇദ്ദേഹത്തിനു കുറെ കരിമണല്‍ നേരിട്ടു ഖനനം ചെയ്യണമെന്ന ആഗ്രഹം വന്നതോടെ അതിനായി കണ്ടെത്തിയത് ആലപ്പുഴ തീരത്തെ കരിമണലാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

വികസനത്തിന്‍റെ വേറിട്ട വഴികള്‍
സര്‍ക്കാര്‍ അറിയുന്നതിന് : ഇടുക്കി തീറെഴുതുന്നതാന്‍ വരട്ടെ
കടലുണ്ടിപ്പുഴയെ വീണ്ടെടുക്കേണ്ടതുണ്ട്
കിഴക്കന്‍ ഗോദാവരി അപകടം കണ്ടില്ലേ കേരളത്തിലെ നേതാക്കളും അധികൃതരും? സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു
മഞ്ജുവാര്യര്‍ ചെങ്ങറയില്‍ വരുമോ? സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു

2003 ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നാലു സ്വകാര്യ കമ്പനികള്‍ക്ക് ആലപ്പുഴ തീരത്തെ കരിമണല്‍ ഖനനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. (പാവം ആന്റണി, സ്വാശ്രയ കോളേജുകാരുടെ വാഗ്ദാനം വിശ്വസിച്ചതുപോലെ ഇവിടെയും എന്തോ വിശ്വസിച്ചിരിക്കും!) അറബിക്കടലിലും കായംകുളം (കുട്ടനാട്) കായലിനും ഇടയില്‍ കിടക്കുന്ന ഒരു മണല്‍ തുരുത്താണ് ആറാട്ടുപുഴ – തൃക്കുന്നപ്പുഴ പഞ്ചായത്തുകള്‍. അവിടെ ഖനനം നടത്തിയാല്‍ ഒരു സംശയവും വേണ്ട. ദിവസങ്ങള്‍ക്കകം അവിടം കടലെടുത്തുപോകും. അവിടെ കരയുടെ ശരാശരി വീതി 50 മീറ്ററില്‍ താഴെയാണ്. കുട്ടനാട് സമുദ്രനിരപ്പില്‍ നിന്നും താഴെയാണ്. ചുരുക്കത്തില്‍ കടലിനെ കായലിലേക്കൊഴുകാതെ തടയുന്ന ഒരു ചെറിയ ഭിത്തിമാത്രമാണ് ഈ ഭൂപ്രദേശം. ഇവിടെ എന്തുണ്ടാകുമെന്നറിയാന്‍ മറ്റെവിടെയും പോകേണ്ടതില്ല. ഇപ്പോള്‍ ഖനനം നടക്കുന്ന ആലപ്പാട് – പൊന്മന പ്രദേശത്തുപോയാല്‍ മതി. അവിടെ 18 കിലോ മീറ്റര്‍ നീളത്തില്‍ കടലോരം രണ്ട് കിലോമീറ്റര്‍ വീതിയില്‍ ഇതിനകം കടലെടുത്തു കഴിഞ്ഞു. മണല്‍ കോരുന്നതനുസരിച്ച് കര ഇടിയും. ഏഴ് ചതുരശ്ര കിലോമീറ്റര്‍ ഭൂമികടലെടുത്തു പോയെന്നും ആരും ആ ഭൂമിക്ക് കരമടക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ വിജ്ഞാപനം തന്നെ വന്നു കഴിഞ്ഞു. ഇതിന്റെ നൂറിലൊന്ന് സംഭവിച്ചാല്‍ ഒരു ലക്ഷത്തോളം മനുഷ്യര്‍ ജീവിക്കുന്ന രണ്ടു പഞ്ചായത്തുകള്‍ നാളെ കടലാകും – ഓര്‍മയാകും! ഇതിനെതിരെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. ആദ്യ ഘട്ടത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം വന്ന രാഷ്ട്രീയ നേതാവ് വി.എം. സുധീരനാണ്. ഇതിന്റെ ദുരിതം ആദ്യം അനുഭവിച്ചതും അദ്ദേഹം തന്നെ. 2004-ലെ ലോകസഭാ തെരഞ്ഞടുപ്പില്‍ 1000-ല്‍ താഴെ വോട്ടിന് സുധീരന്‍ തോറ്റപ്പോള്‍ അപരന്‍ സുധീരന്‍ നേടിയത് 8000-ല്‍ പരം വോട്ട്. അന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി സുധീരന്‍ ചാനല്‍ ചര്‍ച്ചകളില്‍ പരസ്യമായി വാക്കേറ്റം നടത്തുക തന്നെയുണ്ടായി! ഈ മണല്‍ ഖനനത്തെ ‘ശാസ്ത്രീയ’മായി ന്യായീകരിക്കാനായി കൊണ്ടുവന്ന കമ്മീഷന്‍ പഠനങ്ങളൊന്നും ജനങ്ങള്‍ക്കു സ്വീകാര്യമായില്ല.

ഇടതുപക്ഷ സര്‍ക്കാര്‍ വന്നപ്പോഴും ഇക്കാര്യത്തില്‍ രണ്ടഭിപ്രായങ്ങളുണ്ടായി. കൊച്ചിയിലെയും മറ്റും യൂണിയനുകളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി വി.എസ്. അച്യുതാനന്ദന്‍ ഖനനത്തെ എതിര്‍ക്കാതെ നിന്നു. എന്തായാലും ജനവികാരം ആഞ്ഞടിച്ചപ്പോള്‍ എല്ലാ കക്ഷികള്‍ക്കും വിറയില്‍ ഉണ്ടായി. പിന്നെ നാം കാണുന്നത് ആ തീരത്ത് ഇടതു, വലതു വ്യത്യാസമില്ലാതെ കൈകോര്‍ത്ത മനുഷ്യച്ചങ്ങലയാണ്. അതോടെ തല്‍ക്കാലം ആ അദ്ധ്യായം അവസാനിച്ചു. ഇതിനിടയില്‍ രാഷ്ട്രീയമായും വ്യക്തിപരമായും നിരവധി അഗ്നിപരീക്ഷകളില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പരസ്യമായി തന്നെ പറഞ്ഞു, കരിമണല്‍ എന്ന വാക്ക് ഞാനിനിപറയില്ല എന്ന്.

പക്ഷെ ആ മണല്‍ വാരാന്‍ തറ്റുടുത്തു നില്‍ക്കുന്നവര്‍ എങ്ങുംപോയില്ല. അവര്‍ തക്കം പാര്‍ത്തു തന്നെയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരെയാണ് ഇവര്‍ ശത്രുക്കളായി പുറത്തു പ്രഖ്യാപിച്ചത്. ഈ ലേഖകനടക്കം, പെരിയാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്നവരൊക്കെ ശത്രുക്കളായി. (രാഷ്ട്രീയ നേതാക്കള്‍ എതിര്‍ത്താലും തക്കസമയത്ത് തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ കഴിയും എന്ന ഉറപ്പാകാം ഇവര്‍ക്കുള്ളത്.) എന്തായാലും പരിസ്ഥിതി പ്രവര്‍ത്തകരെ ആദ്യം തീവ്രവാദികളായ ‘സിമി’ യാക്കി. ഫേസ്ബുക്കില്‍ കടന്നുകയറി ദേശീയപതാകയെ അപമാനിക്കുന്ന പോസ്റ്റര്‍ പോലും ഇട്ടു. അന്വേഷിച്ചെത്തിയപ്പോള്‍ കമ്പനി മുതലാളിയുടെ മുറിയിലിരുന്ന കമ്പ്യൂട്ടറില്‍ നിന്നാണിതു ചെയ്തതെന്നു വന്നതോടെ അക്കാര്യം പോയി. അതാവരുന്നു രണ്ടാമത്തെ വെടി – ‘മാവോയിസ്റ്റ്’ ആരോപണം. സ്വന്തം അദ്ധ്വാനം കൊണ്ട് വയനാട്ടില്‍ 24 സെന്റ് ഭൂമി വീതം പന്ത്രണ്ടാളുകള്‍ ചേര്‍ന്നു വാങ്ങി. അതില്‍ ചിലര്‍ പരിസ്ഥിതി പ്രവര്‍ത്തകരാണെന്നതു നേര്. അതിനെ വന്‍തോതില്‍ പെരുപ്പിച്ച് അവിടെ വന്‍ റിസോര്‍ട്ടുകള്‍ ഉണ്ട്; അവയിലെല്ലാം മാവോയിസ്റ്റ് ക്യാമ്പുകള്‍ ഉണ്ട് എന്നെല്ലാം അച്ചടിച്ചും ടി വി ചാനല്‍ വഴിയും (പെയ്ഡ് ന്യൂസ്) പ്രചരിപ്പിച്ചതും ചീറ്റിപ്പോയി. എന്നാല്‍ അതിലൊന്നും അവര്‍ അടങ്ങിയില്ല.

കേരളത്തില്‍ നിന്നും വന്‍തോതില്‍ കരിമണല്‍ കള്ളക്കടത്തു പോകുന്നുവെന്ന വ്യാപക പ്രചരണമുണ്ടായി. ഇതു സത്യമാണോയെന്ന് ഈ ലേഖകനറിയില്ല. ഇതിനും പഴി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്. കേരളത്തിലെ എല്ലാ കക്ഷികളുടെയും പ്രമുഖനേതാക്കളെല്ലാം സ്വന്തം വീട്ടുകാരായിരുന്ന ഒരാളാണല്ലോ കമ്പനി മുതലാളി. (ഇതിന്റെ ഉപകഥകള്‍ പിന്നാലെ പറയാം). കേരളം മാറിമാറി മുന്നണികള്‍ ഭരിക്കുന്നു. പൊലീസ്, ചെക്ക് പോസ്റ്റ് തുടങ്ങിയ സംവിധാനങ്ങളെല്ലാം സര്‍ക്കാരിനു കീഴിലുണ്ട്. ഇവര്‍ ആരോപിക്കുന്നതു ശരിയെങ്കില്‍ പ്രതിദിനം ആയിരക്കണക്കിനു ടണ്‍ കരിമണല്‍ കേരളത്തില്‍ നിന്നുപോയിട്ടുണ്ട്. ഒരു കേസ്‌പോലും ചാര്‍ജ്ജ് ചെയ്യപ്പെടാതിരുന്നത് പരിസ്ഥിതി പ്രവര്‍ത്തകരുടെ ‘ഇടപെടല്‍’ മൂലമായിരുന്നോ? ഇത് ഒരു ബാഗിലോ ലോക്കറിലോ ഒളിച്ചു കടത്താവുന്ന ഒന്നുമല്ലല്ലോ. ഭരണത്തിലോ അധികാരത്തിലോ പങ്കോ സ്വാധീനമോ ഇല്ലാത്ത പരിസ്ഥിതി പ്രവര്‍ത്തകരാണ് കരിമണല്‍ കൊള്ളക്കു കാരണമെന്നു പറയുന്നവരുടെ യുക്തി ആര്‍ക്കും ബോദ്ധ്യമാകും. പ്രശ്‌നമതല്ല, ഈ കള്ളക്കടത്തു നടക്കുന്നുവെന്നു തന്നെ കരുതുക. അത് ഈ നാട്ടിലെ ചിലര്‍ക്ക് കരിമണല്‍ ഖനനം നടക്കുന്നതിനുള്ള ന്യായീകരണമാകുന്നതെങ്ങനെ? ആരെങ്കിലും കാട്ടിലെ മരം വെട്ടുന്നുവെന്നു പറഞ്ഞ് ആര്‍ക്കും കാട്ടില്‍ കയറിമരം വെട്ടാന്‍ അനുമതി നല്‍കണമോ?

 

ഈ പശ്ചാത്തലത്തിലാണ് ഈ കോടതിവിധി പ്രസക്തമാകുന്നത്. ജനങ്ങള്‍ ഇച്ഛാശക്തികൊണ്ട് തടഞ്ഞിട്ടിരിക്കുന്ന ഈ ഖനനാനുമതി കോടതിവഴി നേടാന്‍ ഭരണകൂടം ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു എന്നതാണ് സത്യം. ഈ കേസ് സിംഗിള്‍ബഞ്ചിന്റെ മുന്നിലെത്തിയപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ രണ്ടുകാര്യങ്ങളേ പറയേണ്ടിയിരുന്നുള്ളു. ആലപ്പുഴ തീരത്ത് സ്വകാര്യ മേഖലക്കോ പൊതുമേഖലയ്‌ക്കോ ഖനനാനുമതി നല്‍കാനാവില്ല. അവിടെ ഒരു ഖനനവും വേണ്ടെന്നതാണ് സര്‍ക്കാര്‍ നയം. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും ഭാവി വികസന സാധ്യതകളും കണക്കിലെടുത്ത് ഒരിടത്തും ധാതുമണല്‍ ഖനനം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കില്ലെന്നതാണ് സര്‍ക്കാര്‍ നയം. ഇത്രയും സംശയരഹിതമായി അന്നേ സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കില്‍ ഒരു കോടതിക്കും മറ്റൊന്നും പറയാന്‍ കഴിയുമായിരുന്നില്ല.

പക്ഷേ, അതൊന്നും വ്യക്തമായി അന്നു സര്‍ക്കാര്‍ പറഞ്ഞില്ല. സിംഗിള്‍ ബഞ്ച് വിധിച്ചത്, ഖനനാനുമതി ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്ന ഈ കമ്പനികളുടെയും അപേക്ഷ സ്വീകരിക്കണം – പരിശോധിക്കണം എന്നായിരുന്നു. കേന്ദ്രസര്‍ക്കാര്‍ 2006 ല്‍ പ്രഖ്യാപിച്ചിരിക്കുന്നത് സ്വകാര്യ മേഖലയ്ക്ക് ഖനനം അനുവദിക്കാമെന്നതായതിനാല്‍ ഇതില്‍ തെറ്റില്ലെന്നു തന്നെ കോടതിയും പറഞ്ഞു. ഈ വിധി 2013 ഫെബ്രുവരിയില്‍ ഉണ്ടായിട്ടും അപ്പീല്‍ പോകാനൊന്നും സര്‍ക്കാര്‍ തയ്യാറായില്ല. ചില വാര്‍ത്തകളും സമ്മര്‍ദ്ദങ്ങളും മൂലം ഒന്നരവര്‍ഷം കഴിഞ്ഞ് മനമില്ലാമനസ്സോടെ അപ്പീല്‍ നല്‍കി. ഇതിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് എന്താണെന്നും അതിനെന്താണ് ന്യായീകരണമെന്നും വ്യക്തമാക്കിയില്ല. ഫലമോ കോടതി ആ അപ്പീല്‍ തള്ളി. കാലതാമസം (ലിമിറ്റേഷന്‍ നിയമം) വച്ചുതന്നെ ഇതു തള്ളാവുന്നതാണെങ്കിലും സിംഗിള്‍ ബഞ്ച് വിധിയെ ചോദ്യം ചെയ്യുന്ന ഒന്നും ഈ അപ്പീലിലില്ലായെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കാര്യം വ്യക്തം. കേരളത്തിലെ ഭരണ, പ്രതിപക്ഷ മുന്നണികള്‍ രണ്ടും തത്വത്തില്‍ ആലപ്പുഴയിലെ ഖനനത്തിനും സ്വകാര്യമേഖലാ ഖനനത്തിനും എതിരായിരുന്നിട്ടും ഇതെങ്ങനെ സംഭവിച്ചു? അവിടെയാണ് നേരത്തേ നാം കണ്ട ‘പ്രാഞ്ചിയേട്ടനും’ കൂട്ടുകാരും എത്ര ശക്തരാണെന്നു തിരിച്ചറിയേണ്ടത്.

അല്പം ഫ്‌ളാഷ് ബാക്ക്
കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെ സെനറ്റിലേയ്ക്ക് വ്യവസായശാലാപ്രതിനിധിയെന്ന നിലയില്‍ യുഡിഎഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത് ടിയാന്റെ സഹോദരനെയാണ്. ഈ സര്‍ക്കാര്‍ സര്‍വ്വകലാശാലകളുടെ തലപ്പത്തേക്ക് നോമിനേറ്റ് ചെയ്യുന്നവര്‍ ആ പണിക്കൊന്നും കൊള്ളാത്തവരാണെന്ന് ആര്‍ക്കാണറിയാത്തത്? എന്നാല്‍ ഈ മനുഷ്യനെ ‘സെനറ്റ്’ മെമ്പറാക്കിയത് ആഘോഷിക്കാന്‍ പ്രാഞ്ചിയേട്ടന്‍ അനുമോദന യോഗം നടത്തി. ആരെയൊക്കെ വിളിച്ചു? ആരൊക്കെ വന്നു? ഞെട്ടരുത്. കേരളത്തിലെ പല മന്ത്രിമാര്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍, എം.എല്‍.എ.മാര്‍ (വലത് – ഇടത് – ബിജെപി നേതാക്കള്‍വരെ). എന്തിനേറെ; പരിസ്ഥിതി സംരക്ഷണ സമരങ്ങളിലെ നെടുനായകന്‍ പ്രതിപക്ഷ നേതാവ് സാക്ഷാല്‍ വി.എസ്. അച്യുതാനന്ദന്‍ വരെ! ഇതാണ് പ്രാഞ്ചിയേട്ടന്‍ സംഘത്തിന്റെ പണക്കൊഴുപ്പിന്റെ ശക്തി. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ഗുരുവായൂരപ്പ സന്നിധിയില്‍ രണ്ടുനാള്‍ മുമ്പുതന്നെ വിപ്ലവ – ഗാന്ധിയന്‍ നേതാക്കളെത്തി ആഘോഷിച്ചു! ഇപ്പോള്‍ മനസിലായല്ലോ അഡ്വക്കേറ്റ് ജനറലിനു പറ്റിയ കേവലം ഒരു കൈപ്പിഴയൊന്നുമല്ല കോടതിയിലുണ്ടായതെന്ന്?

ഈ കേസില്‍ ‘പൊതുമേഖല – സ്വകാര്യമേഖല’  തര്‍ക്കം കൊണ്ടുവരുന്നതു തന്നെ കാപട്യമാണ്. ആലപ്പുഴ തീരമാണ് കേസിനാസ്പദമെങ്കില്‍ അവിടെ ഖനനാനുമതി നല്‍കാനാവില്ലെന്നുമാത്രം പറഞ്ഞാല്‍ പോരേ? കേവലം 300 പേര്‍ മാത്രം സ്ഥിരം തൊഴിലെടുക്കുന്ന പ്രസ്തുത കമ്പനിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രകടനം നടത്താനെത്തിയത് ആയിരങ്ങള്‍. എസി ബസിലും യാത്രാ ചിലവും ബിരിയാണിയും പിന്നെ ദിവസക്കൂലിയും കിട്ടിയാല്‍ ഏതു മുദ്രാവാക്യവും വിളിക്കാന്‍ – ഏതു പ്ലക്കാര്‍ഡും പിടിക്കാന്‍ ആളെക്കിട്ടുന്ന കേരളം! അല്ലെങ്കില്‍ കൊടിക്കും മുദ്രാവാക്യത്തിനുമെന്തുവില?

കരിമണല്‍ വിഷയത്തില്‍ സുധീരനെ തെരഞ്ഞെടുപ്പില്‍ ഡോ.കെ.എസ്. മനോജ് തോല്‍പ്പിച്ചപ്പോള്‍ സി.പി.എംകാരനായിരുന്ന ഈയുള്ളവന്‍ അന്നു മനോജിന് വേണ്ടി പ്രവര്‍ത്തിച്ചതില്‍ ഏറെ ദുഃഖിച്ചിട്ടുണ്ട്. ഒടുവില്‍ മനോജ് തന്നെ കോണ്‍ഗ്രസുകാരനായി… എന്റെ ദുഃഖം ന്യായീകരിക്കപ്പെട്ടു. ശരിക്കും അന്നു ജയിക്കേണ്ടിയിരുന്നത് സുധീരന്‍ തന്നെയായിരുന്നില്ലേ? ഇപ്പോള്‍ അതേ സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റാണ്. ജനപക്ഷയാത്ര ദക്ഷിണ കേരളത്തിലെത്തിയ സമയത്തുതന്നെയാണ് ഈ വിധി ഉണ്ടായത്. ‘കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും’ എന്ന ഒഴുക്കന്‍ മറുപടിമാത്രം മതിയായിരുന്നുവോ?

ഗള്‍ഫ് നാടുകള്‍ക്ക് എണ്ണയെന്നപോലെയാണ് കേരളത്തിനു ധാതുമണല്‍ എന്നൊക്കെ വാചകമടിക്കുന്നവരുണ്ട്. മേല്‍പ്പറഞ്ഞ സ്വകാര്യ കമ്പനിയുടെ പിണിയാളുകളാണ് ഇതിന്റെ മുന്നിലെങ്കിലും സാധാരണ മനുഷ്യരും ഇതില്‍ വിശ്വസിക്കുന്നുണ്ട്. ഇതെത്രമാത്രം അബദ്ധമാണ്! 1940-കള്‍ മുതല്‍ കേരളത്തില്‍ മണല്‍ ഖനനം നടക്കുന്നുണ്ട്. നേരത്തേ പറഞ്ഞതുപോലെ ചവറ പ്രദേശം ഇന്ന് മനുഷ്യവാസയോഗ്യമല്ലാതാക്കിയത് ഈ ഖനനമാണ്. കേരളത്തില്‍ സുനാമിത്തിരകളടിച്ച് ഏറ്റവുമധികം മരണം സംഭവിച്ചത് ഏറ്റവുമധികം ഖനനം നടന്ന ആലപ്പാട് പഞ്ചായത്തിലാണ്. ഇതൊക്കെയായിട്ടും കേരളത്തില്‍ ഒരുഗ്രാമം പോലും ഗള്‍ഫാവാത്തതെന്തുകൊണ്ടാണ്! തമിഴ്‌നാട്ടിലേക്കാണത്രേ ഇതു കള്ളക്കടത്തു നടത്തുന്നത്! അവിടെയും ഗള്‍ഫ് പോലെ സമ്പന്നതയുള്ളതായി നമുക്കറിയില്ല. ഈ ധാതുമണലില്‍ മൂല്യമുണ്ടാകണമെങ്കില്‍ ഇതു പലഘട്ടങ്ങളിലായി സംസ്‌ക്കരിച്ച് ടൈറ്റാനിയം എന്ന വിലകൂടിയ  ലോഹമാക്കണം. അത് ഇന്ത്യയിലാരും ചെയ്യുന്നില്ല. അതിനുമുമ്പുള്ള ‘ടൈറ്റാനിയം സ്പോഞ്ച്’ വരെയാക്കാനുള്ള പ്ലാന്റ് കെ.എം.എല്ലില്‍ വരുന്നതിനെ തുരങ്കം വയ്ക്കാന്‍ കൊച്ചിയില്‍ പലരും ചരടുവലിക്കുന്നുവെന്ന വാര്‍ത്ത അവഗണിക്കാനാവില്ല. ആ ഘട്ടം സംസ്‌ക്കരണം അവിടെ നടന്നാല്‍ അതിനുമുമ്പുള്ള റൂട്ടൈല്‍ കയറ്റി അയച്ച് ലാഭം കൊയ്യുന്ന കൊച്ചി കമ്പനിയുടെ ആപ്പീസ് പൂട്ടും. കള്ളിവെളിച്ചത്താകും. അതുകൊണ്ടാണെന്നു പറയുന്നു കെഎംഎംഎല്ലില്‍ വാതക ചോര്‍ച്ചാ’ നാടകം ഉണ്ടായത്! എന്നിട്ട് ‘പൊതുമേഖല’ എന്തിനു കൊള്ളാം എന്നു വാദിക്കും. നാടിനാവശ്യം സ്വകാര്യ മേഖലാ ഖനനമെന്ന് വാദിക്കും! ഈ റൂട്ടൈല്‍ കയറ്റി അയക്കാതിരുന്നാല്‍ നാടിന് ഗള്‍ഫാവാന്‍ കഴിയില്ലെന്നു സമര്‍ത്ഥിക്കും… എന്തായാലും കപട പ്രചരണങ്ങള്‍ പൊളിയുന്നു. രാഷ്ട്രീയ നേതാക്കളുടെ ഇരട്ടത്താപ്പ് പുറത്തുവരുന്നു!

പക്ഷേ ഒന്നു പറയാം. ഇവര്‍ കോടതിയില്‍ എന്ത് സത്യവാങ്മൂലം നല്‍കിയാലും കോടതി എന്തുവിധിച്ചാലും ആലപ്പുഴ തീരത്തെ ഖനനമെന്നത് സ്വപ്നം മാത്രമായിരിക്കും തീര്‍ച്ച. ആ മണല്‍ കണ്ട ആരും പനിക്കേണ്ടതില്ലെന്ന് ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു – രാഷ്ട്രീയ നേതാക്കള്‍ എന്തു തീരുമാനിച്ചാലും.

 

(പ്രമുഖ പരിസ്ഥിതി, സാസ്കാരിക പ്രവര്‍ത്തകനാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍