UPDATES

കള്ളപ്പണം തടയാനെന്ന പേരില്‍ നടക്കുന്നത് വന്‍ അഴിമതി: കേജ്രിവാള്‍

അഴിമുഖം പ്രതിനിധി

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. നോട്ട് അസാധുവാക്കാനുള്ള തീരുമാനം നേരത്തെ ചോര്‍ന്നിരുന്നെന്നും ബിജെപി നേതാക്കളും സുഹൃത്തുക്കളും നേരത്തെ തന്നെ അറിഞ്ഞിരുന്നെന്നും കേജ്‌രിവാള്‍ ആരോപിച്ചു. കള്ളപ്പണക്കാര്‍ക്ക് എതിരെ പോരാടുന്നു എന്ന പേരില്‍ വലിയ അഴിമതിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. പൂഴ്ത്തി വയ്പുകാര്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ട് നേട്ടമുണ്ടായതെന്നും കേജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകള്‍ക്ക് നിക്ഷേപമായി ലഭിച്ചത്? ഇത് സംശയകരമാണ്. കഴിഞ്ഞ ജനുവരിയില്‍ എന്തുകൊണ്ടാണു ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടന്നത്? കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് മൂന്‍കൂറായി വിവരം ലഭിച്ചിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പഞ്ചാബിലെ ഒരു ബിജെപി നേതാവ് 2000 രൂപ നോട്ട് കെട്ടുകളുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നതായും കേജ്രിവാള്‍ പറഞ്ഞു.

കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാരിന്റെ പുതിയ നടപടിയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കള്ളപ്പണം തിരിച്ചെത്താന്‍ പോകുന്നില്ല എന്നതാണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് കേജ്രിവാള്‍ പറഞ്ഞു. അതിന്‌റെ വിതരണം നിര്‍ബാധം തുടരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ നോട്ട് അസാധുവാക്കിയ നടപടിയുമായി ബന്ധപ്പെട്ട് പലരും മരിച്ചു. എല്ലായിടത്തും അരാജകത്വമാണ്. മോദിയുടെ സര്‍ജിക്കല്‍ ആക്രമണം കള്ളപ്പണക്കാര്‍ക്ക് നേരെയല്ല, സാധാരണ ജനങ്ങള്‍ക്ക് നേരെയാണ് നടന്നിരിക്കുന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്‌റേയും നോട്ടുകള്‍ അസാധുവാക്കിയ നടപടി സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.     

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍