അഴിമുഖം പ്രതിനിധി
കാബൂളില്‍ ഷിയാ വംശജര്‍ നടത്തിയ പ്രതിഷേധ റാലിക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു. ഏതാണ്ട്200ഓളം പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മൊഹമ്മദ് ഇസ്മയില്‍ല്‍ പറഞ്ഞു. രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുന്ന ബാമിയാന്‍ പ്രദേശത്ത് വൈദ്യുതി ലൈന്‍ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു.റമദാന്‍ നോമ്പിന്‍റെ കാലയളവില്‍ അക്രമങ്ങളില്‍ നിന്ന് വിട്ടുനിന്ന താലിബാന്‍ ശക്തി കാട്ടിത്തുടങ്ങിയതിന്റെ സൂചനയായി ഇത് കണക്കാക്കപ്പെടുന്നുണ്ട്.
പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാന പാതകള്‍ എല്ലാം അധികൃതര്‍ തടഞ്ഞ സാഹചര്യത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പാടുപെടുകയാണ്.കാബൂളില്‍ നടന്ന ഹീനമായ ആക്രമണം ഭീകര സംഘടനകള്‍ മനുഷ്യ ജീവന് നല്‍കുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ് എന്നും ചിലര്‍ കരുതുന്നത് പോലെ അഫ്ഗാനിസ്ഥാനില്‍ പ്രശ്നങ്ങള്‍ കുറയുന്നില്ല മറിച്ച് രൂക്ഷമാകുകയാണ് ചെയ്യുന്നതെന്നും ആമ്നെസ്റ്റി ഇന്റര്‍നാഷനല്‍ പറഞ്ഞു.