UPDATES

എഡിറ്റര്‍

ദേശീയഗാനത്തിന് എഴുന്നേറ്റുനിന്നില്ല; ഒരു അംഗപരിമിതനോട് ‘രാജ്യസ്‌നേഹി’കള്‍ ചെയ്തത്

Avatar

അഴിമുഖം പ്രതിനിധി

രാജ്യസ്‌നേഹം അന്ധമാകരുത്. അതുചിലപ്പോള്‍ നിങ്ങളെ ക്രൂരനാക്കും അതേസമയം ഇളിഭ്യനുമാക്കാം. വീരത്വം പറഞ്ഞിടത്തു നിന്നും വാലും ചുരുട്ടിയോടേണ്ടിയും വരാം.

എഴുത്തുകാരന്‍, കവി, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് സലില്‍ ചതുര്‍വേദിയുടേത്. കുട്ടികളുടെ ടെലിവിഷന്‍ പരിപാടിയായ ഗല്ലി ഗല്ലി സിം സിം( സെസമെ സ്ട്രീറ്റിന്റെ ഇന്ത്യന്‍ പതിപ്പ്) പ്രേക്ഷകര്‍ക്കും പരിചിതനായിരിക്കും. അന്ധരായര്‍വക്കു വേണ്ടി ആദ്യമായി കൊങ്കണി ഭാഷയില്‍ ഒരു ഓഡിയോ ബുക്ക് തയ്യാറാക്കിയതും(പക്ഷികളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന അന്ധരായ കുട്ടികള്‍ക്കും പ്രയോജനകരമായ) സലില്‍ ചതുര്‍വേദിയായിരുന്നു. ഇതിനെല്ലാം പുറമെ സലില്‍ ചതുര്‍വേദിയെ കുറിച്ച് പറയേണ്ട മറ്റൊന്നു കൂടിയുണ്ട്; അദ്ദേഹം ശാരീരികവൈകല്യം ബാധിച്ച വ്യക്തികൂടിയാണ്. സ്‌പൈനല്‍ ഇന്‍ജുറി ബാധിച്ച സലില്‍ ചതുര്‍വേദിക്ക് എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ ബുദ്ധിമുട്ടാണ്.

ഏറെപേരാല്‍ ബഹുമാനിക്കപ്പെടുന്ന ചതുര്‍വേദിയ്ക്ക് രണ്ടു രാജ്യസ്‌നേഹികളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ദുരനുഭവമാണ് ഇനി പറയുന്നത്.

ഏതൊരിന്ത്യക്കാരനെയും പോലെ സിനിമ കാണാന്‍ ഇഷ്ടപെടുന്നയാളാണ് സലിലും. പനാജിയിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററിലാണ് അദ്ദേഹം രജനികാന്തിന്റെ കബാലി കാണാന്‍ എത്തിയത്. മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ആണെങ്കിലും അംഗപരിമിതര്‍ക്ക് ഒരുക്കേണ്ട വീല്‍ചെയര്‍ സംവിധാനമൊന്നും അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ നിറഞ്ഞ സന്തോഷത്തോടെ അവിടെയെത്തിയ ചിലര്‍ അദ്ദേഹത്തെ തിയേറ്ററിനുള്ളില്‍ എത്തിക്കുകയും സൗകര്യപ്രദമായൊരു ഇരിപ്പടം ഒരുക്കി കൊടുക്കുകയും ചെയ്തു.

സിനിമ തുടങ്ങുന്നതിനു മുമ്പ് ഇന്ത്യയില്‍ എല്ലായിടത്തുമെന്നപോലെ ഓഡിറ്റോറിയത്തിനുള്ളില്‍ ദേശീയഗാനം മുഴങ്ങി. സിനിമ കാണാന്‍ എത്തിയവരില്‍ സലില്‍ ചതുര്‍വേദിയൊഴികെ എല്ലാവരും എഴുന്നേറ്റ് നിന്ന് ദേശീയഗാനത്തോടുള്ള തങ്ങളുടെ ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. സലിന്റെ തൊട്ടു പിന്നിലെ സീറ്റുകളില്‍ ഉണ്ടായിരുന്ന, ഭാര്യ-ഭര്‍ത്താക്കന്മാരായ ഒരു സ്ത്രീക്കും പുരുഷനും അദ്ദേഹം സീറ്റില്‍ നിന്നെഴുന്നേറ്റ് ദേശീയഗാനത്തെ ബഹുമാനിച്ചില്ല എന്നതു വളരെ ദേഷ്യം ഉണ്ടാക്കി. അവര്‍ സലിലിനെ അസഭ്യം പറഞ്ഞു. പുരുഷന്‍ സലിലിനെ തല്ലി. അയാളുടെ ഭാര്യ ഉറക്കെ വിളിച്ചു ചോദിച്ചു; എന്തുകൊണ്ട് അയാള്‍ എഴുന്നേറ്റില്ല?

ഒരു മിലട്ടറി ഓഫിസറുടെ മകനാണ് സലില്‍ ചൗധരി. രാജ്യ സ്‌നേഹത്തെ കുറിച്ച് മറ്റാരും പറഞ്ഞുകൊടുത്തു മനസലിയിക്കേണ്ട കാര്യമില്ല. പക്ഷേ അന്നവിടെ, അപ്രതീക്ഷിതമായി ആ മനുഷ്യന്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കപ്പെട്ടു. 

തന്നോടുള്ള പരാക്രമം അല്‍പം ശമിച്ചപ്പോള്‍ സലില്‍ അവരോട് പറഞ്ഞു; നിങ്ങളെന്തുകൊണ്ടാണ് ശാന്തരാകാത്തത്? ഇവിടെയുള്ള മറ്റുള്ളവരുടെ മുഖത്തു നിന്നും നിങ്ങള്‍ കാര്യങ്ങളൊന്നും മനസിലാക്കുന്നില്ലേ? സലിലിന്റെ ചോദ്യങ്ങള്‍ മനസിലാകാതെ തങ്ങളുടെ ആക്രോശം തുടര്‍ന്നുകൊണ്ടിരുന്ന ആ ദമ്പതികള്‍ക്ക് പിന്നീടാണ് കാര്യം പിടികിട്ടുന്നത്. എന്തുകൊണ്ടാണ് സലില്‍ തന്റെ ഇരിപ്പടത്തില്‍ നിന്നും എഴുന്നേല്‍ക്കാതിരുന്നതെന്നും തങ്ങള്‍ ചെയ്തത് തെറ്റാണെന്നും തിരിച്ചറിഞ്ഞയുടന്‍ ‘ രാജ്യസ്‌നേഹികള്‍’ ചതുര്‍വേദിയോട് മാപ്പ് ചോദിക്കാനോ ഒന്നും തുനിഞ്ഞില്ല. പകരം എത്രയും വേഗം സ്ഥലം കലിയാക്കാനായിരുന്നു തിടുക്കം കൂട്ടിയത്.

എന്തായാലും ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതോടെ ഇനി തിയേറ്ററില്‍ പോയി സിനിമകള്‍ കാണുന്നതേ അവസാനിപ്പിച്ചിരിക്കുകയാണ് സലില്‍ ചതുര്‍വേദി. എനിക്കു പോകാന്‍ കഴിയില്ല. ഇതിലും ശക്തിയോടെ ഞാന്‍ മര്‍ദ്ദിക്കപ്പെടുമെന്നു ഭയക്കുന്നു. എന്റെ സ്‌പൈനല്‍ ഇന്‍ജുറി കൂടുതല്‍ വഷളായേക്കാം; സലില്‍ തന്റെ ഉത്കണ്ഠ വ്യക്തമാക്കുന്നു. ഒപ്പം ഒരു ചോദ്യം കൂടി; എനിക്കു മനസിലാകുന്നില്ല, അഹിംസാപരമായ മാര്‍ഗത്തിലൂടെ തങ്ങളുടെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ ഇവിടെ പലര്‍ക്കും അസാധ്യമാകുന്നതെന്തുകൊണ്ടാണ്?

കൂടുതല്‍ വായിക്കാം;https://goo.gl/1vUfd1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍