UPDATES

ബ്ലോഗ്

ഈ സൂപ്പർ സ്റ്റാറുകളാണ് 2018-ന്റെ മലയാള സിനിമാ താരങ്ങൾ

സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ വരി വരിയായി പരാജയപ്പെടുമ്പോൾ അവരുടെ പഴയ കാല ചിത്രങ്ങളെ മുൻ നിർത്തി മലയാള സിനിമയുടെ ഭാവിയെ കുറിച്ചോർത്തു ആശങ്കപ്പെടുന്നവർ ഒരുപാട് പേരുണ്ട്.

Avatar

ഗിരീഷ്‌ പി

65-ാമത് നാഷണൽ ഫിലിം അവാർഡിന്റെ ജൂറി അധ്യക്ഷനായ വിഖ്യാത ചലച്ചിത്രകാരൻ ശേഖർ കപൂർ, നടത്തിയ അവാർഡ് പ്രഖ്യാപന പത്രസമ്മേളനത്തിലും പിന്നീട് ട്വീറ്റ് ചെയ്തതിലും ശ്രദ്ധേയമായ ചില സംഗതികളുണ്ട്. അദ്ദേഹം പറയുന്നത്, ‘പ്രാദേശിക സിനിമ’ എന്ന പേരിൽ വരുന്ന സിനിമകളെല്ലാം തന്നെ ഇന്ത്യൻ സിനിമകളാണ്. പ്രത്യേകിച്ച്‌ അസമീസ്, മലയാളം, ബംഗാളി, മറാഠി സിനിമകൾ അതിശയിപ്പിക്കുകതന്നെ ചെയ്തു. ബോളിവുഡിന് പുറത്തുള്ള സിനിമകൾ പ്രശസ്തി അർഹിക്കുന്നു എന്നദ്ദേഹം പറയുകയുണ്ടായി. അപ്പറഞ്ഞതിൽ മലയാള സിനിമയും ഉൾപ്പെടുന്നു.

മലയാള സിനിമയുടെ പോയ വര്‍ഷം സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ രസകരമായ ചില വസ്തുതകൾ കണ്ടെത്താൻ കഴിയും. കോടികളുടെ കിലുക്കവും, താരരാജാക്കന്മാരുടെ സാന്നിധ്യവും, പ്രചണ്ഡമായ പ്രമോഷൻ പരിപാടികളുമായി എത്തുന്ന ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ആളും അരങ്ങും ഇല്ലാതെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത ഒരു വിഷയത്തെ സാങ്കേതിക തികവോടെ, ഹൃദയത്തെ തൊടുന്ന ഒരു ആഖ്യാനരീതിയിൽ അവതരിപ്പിക്കുന്ന ചിത്രങ്ങൾ ഒരു പോലെ പ്രേക്ഷക മനസ്സും ബോക്സ് ഓഫീസും കീഴടക്കുകയും ചെയ്യുന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ തിയേറ്റര്‍ ഹിറ്റായുള്ളു. മികച്ച അഭിപ്രായം കിട്ടിയിട്ടും വേണ്ടത്ര തിയേറ്ററുകള്‍ കിട്ടാതെ പോയ സിനിമകളുമുണ്ട്. ചെറിയ ചിത്രങ്ങള്‍ പലതും നല്ല തിയേറ്ററുകള്‍ പ്രദര്‍ശനത്തിന് ലഭിക്കാതെ ഒരാഴ്ചപോലും തികയാതെ പ്രദര്‍ശനം അവസാനിപ്പിക്കുന്ന സാഹചര്യവും ഉണ്ടായി.

പോയ വര്‍ഷം മലയാള സിനിമ ദർശിച്ച ചില ശ്രദ്ധേയമായ നായക കഥാപാത്രങ്ങളെ പരിശോധിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

ഇന്ദ്രൻസ് (ആളൊരുക്കം)

ഇന്ദ്രൻസിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്ത വി.സി അഭിലാഷിന്റെ ആളൊരുക്കം സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി. 20 വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മകനെ മുപ്പത്തെട്ടാം വയസിൽ കണ്ടുമുട്ടുമ്പോൾ അവൻ ലിംഗമാറ്റം നടത്തി സ്ത്രീയായും കുടുംബിനിയായും ജീവിക്കുന്നതറിഞ്ഞ 75-കാരനായ പപ്പു പിഷാരടിയുടെ ആത്മസംഘർഷങ്ങൾ ആണ് സിനിമ. ചിത്രവും ഇന്ദ്രൻസിന്റെ പ്രകടനവും ‘ഗംഭീരം’ എന്ന ഒറ്റവാക്കിലാണ് നിരൂപകര്‍ വിലയിരുത്തിയത്.

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ 4 വിഭാഗങ്ങളില്‍ കേരളാ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍, പ്രഥമ തിലകന്‍ സ്മാരക പെരുന്തച്ചന്‍ അവാര്‍ഡ്, അടൂര്‍ഭാസി പുരസ്‌കാരം, വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനം എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്.

ഇന്ദ്രൻസിനെ ഒരു ദശാബ്ദ കാലത്തോളം നായകന്റെ വാലായും, വില്ലന്റെ തല്ലുകൊള്ളിയായും മാത്രം ഉപയോഗിച്ച ചില സംവിധായകർക്കുള്ള മറുപടി കൂടിയായിരുന്നു വൈകിയ വേളയിൽ പഴയ ഈ മേക്കപ്മാന്റെ ലോകോത്തര പ്രകടനം.

ചെമ്പൻ വിനോദ് (ഇ മ യൗ)

സിനിമ ആഗ്രഹമോ സ്വപ്നമോ ആകാതെ സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ സിനിമയിലെത്തിയ ആളാണ് ചെമ്പന്‍ വിനോദ് ജോസ് എന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ പുതിയ കാലത്തെ ഏറ്റവും മികച്ച അഭിനേതാക്കളുടെ നിരയിലാണ് ചെമ്പന്റെ സ്ഥാനം. ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച നടനുള്ള രജതമയൂരം ചെമ്പൻ വിനോദിലൂടെ കേരളക്കരയിൽ എത്തിയത് ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ഇ മ യൗ എന്ന ചിത്രത്തിലൂടെയാണ്.

പിതാവിന്റെ മരണം സൃഷ്​ടിക്കുന്ന മാനസികാഘാതവും പേറി തനിക്ക്​ മുന്നിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്ന ‘ഈശി’ എന്ന കഥാപാത്രമായി ‘ഈ. മ. യൗ വിൽ കാഴ്​ചവെച്ച സമാനതകളില്ലാത്ത പ്രകടനത്തിന് പുരസ്‌കാര വേദികളിലും തിയ്യേറ്ററുകളിലും നിറഞ്ഞ കയ്യടി ലഭിച്ചു. താരങ്ങളുടെ പ്രകടങ്ങൾക്ക് ഒപ്പം പശ്ചാത്തല സംഗീതവും ക്യാമറയും കടലും കാറ്റും നിറയുന്ന വൈഡ് ഫ്രെയിമുകളും, മിനിട്ടുകള്‍ നീളുന്ന സിംഗിള്‍ ഷോട്ടുകളും എല്ലാം നിറഞ്ഞപ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ചിത്രങ്ങളിൽ ഒന്നായി ഇ മ യൗ മാറി.

വളരെ ചെറിയ ഒരു പ്ലോട്ട് റിയലിസ്റ്റിക്കായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ശൈലിയിൽ ആണ് പി എഫ് മാത്യൂസ് രചിചിരിക്കുന്നത്. അതിനു ലിജോ നൽകിയ ദൃശ്യ ഭാഷ പ്രേക്ഷകരെ കൂടി കഥ നടക്കുന്ന ലോകത്ത് എത്തിക്കുന്ന തരത്തിലായിരുന്നു. ചെമ്പൻ വിനോദ് എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പരകായ പ്രവേശവും ഈ ചിത്രത്തിന്റെ മികവായി മാറി.

ജോജു ജോർജ് (ജോസഫ്)

പദ്മകുമാര്‍-ജോജു ജോര്‍ജ് കൂട്ടുകെട്ടിലൊരുങ്ങിയ ജോസഫ് മികച്ച പ്രതികരണങ്ങളിലൂടെ അൻപതാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോൾ ചിത്രത്തിന്റെ ഹൈലൈറ് ജോജി ജോർജ് എന്ന നടന്റെ ക്ലാസിക് പ്രകടനം തന്നെയാണ്. തിയ്യേറ്ററുകളിൽ വളരെ പരിമിതമായ പ്രചാരണത്തിലാണ് ചിത്രം എത്തിയത്, കണ്ടിറങ്ങിയ പ്രേക്ഷകരുടെ നല്ല അഭിപ്രായങ്ങളിലൂടെ ആണ് ചിത്രം മുന്നേറിയത്.

ജോജു ജോർജ് എന്ന അഭിനേതാവിനെ, പൂർണ്ണതയിൽ കണ്ട ചിത്രമാണ് ജോസഫ് എന്ന് നിരൂപകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. മുറിവേറ്റ ഹൃദയവുമായി ജീവിച്ചു മരിച്ച ജോസഫ് കാണികളുടെ കണ്ണുകളിൽ നിന്നും മനസ്സിലേക്കും ഹൃദയത്തിലേക്കുമാണ് അമ്പുകൾ പായിച്ചത്. ഓരോ സീനിലും സീക്വന്‍സിലും ജോജു സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. കാമുകനായും ഭര്‍ത്താവായും അച്ഛനായുമൊക്കെയുള്ള ഭാവങ്ങള്‍ ജോജു അവിസ്മരണീയമാക്കി. ചിത്രത്തിൽ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമുള്ള ‘ജോസഫി’ലേക്കുള്ള ജോജുവിന്‍റെ ട്രാൻസ്ഫോർമേഷൻ ഒരർത്ഥത്തിൽ സിനിമാ ജീവിതത്തിലെ ജോജു ജോർജിന്റെ കൂടി ട്രാൻസ്ഫോർമേഷൻ ആണ്.

പ്രമേയത്തിനും, അവതരണത്തിനും മുകളിൽ അഭിനേതാക്കളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങൾ മലയാള സിനിമ ചരിത്രത്തിലുണ്ട്. എം പത്മകുമാർ സംവിധാനം ചെയ്ത ‘ജോസഫ്’ ഒരുപക്ഷെ സിനിമ പ്രേമികളുടെ നിരൂപണ താളുകളിൽ രേഖപ്പെടുത്തുക ടൈറ്റിൽ കഥാപാത്രത്തെ അവിസ്മരണയീമാക്കിയ ജോജു ജോർജിന്റെ പേരിലായിരിക്കും. 2018 ലെ മലയാള സിനിമയുടെ കണക്കു പുസ്തകത്തിൽ ജോജു ജോർജിന്റെ തട്ട് ഉയർന്നു തന്നെയിരിക്കും.

ഫഹദ് ഫാസിൽ (കാർബൺ മുതൽ ഞാൻ പ്രകാശൻ വരെ)

രണ്ടാം വരവിൽ മലയാളി പ്രേക്ഷകരെ അമ്പരിപ്പിച്ച് ഫഹദ് തന്റെ ജൈത്ര യാത്ര 2018-ലും തുടരുകയാണ്. സിനിമ ഛായഗ്രാഹകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത കാർബൺ, അമൽ നീരദിന്റെ വരത്തൻ, ക്രിസ്മസ് ചിത്രങ്ങളിൽ മുന്നിട്ട് നിൽക്കുന്ന സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശൻ എന്നിവയാണ് ഫഹദിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങൾ.

കാർബണിൽ സിബി എന്ന യുവാവിന്റെ വേഷത്തിൽ ഗംഭീര പെർഫോമൻസ് ആണ് ഫഹദ് കാഴ്ച വെച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഫഹദ് നല്കുന്നതെല്ലാം വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ ആണ്. ഒരുപക്ഷെ മോഹൻലാൽ എന്ന ഇതിഹാസത്തിനു ശേഷം ഇത്ര അനായാസമായി , സ്വാഭാവികമായി അഭിനയിക്കുന്ന വേറെ ഒരു നായക നടൻ മലയാള സിനിമയിൽ വന്നിട്ടില്ല എന്ന് പറയേണ്ടി വരും. മലയാളികൾ ആഘോഷിച്ചിരുന്ന സൂക്ഷ്മമായ ഹാസ്യ ഭാവങ്ങളുടേയും ചമ്മലുകളുടെയും നിഷ്കളങ്കതയുടെയും കള്ളച്ചിരിയുടെയും എല്ലാം ഒരു ഫഹദ് ഫാസിൽ വേർഷൻ ആണ് സിബി എന്ന കഥാപാത്രം കാർബണിൽ തന്നത് എന്നാണ് ഒരുപറ്റം പ്രേക്ഷകരുടെ അഭിപ്രായം.

അമൽ നീരദിന്റെ വരത്തൻ എന്ന ചിത്രം ഫഹദിന്റെ താര മൂല്യത്തെയും പ്രതിഭയെയും ഒരേ പോലെ ചൂഷണം ചെയ്തിരുന്നു. ഈ വര്ഷം തന്നെ മികച്ച കളക്ഷൻ ലഭിച്ച ചിത്രങ്ങളിൽ ഒന്നായിത്തന്നെ വരത്തൻ മാറിക്കഴിഞ്ഞു. ക്ളൈമാക്സിലെ ഫഹദിന്റെ 20 മിനിറ്റ് പ്രകടനം എല്ലാത്തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന രീതിയിലേക്ക് ഉയർന്നിരുന്നു.

തുടർന്ന് ഈ വര്‍ഷം എത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ. അക്ഷരാർത്ഥത്തിൽ ഫഹദ് എന്ന നടന്റെ ഒരു ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു പ്രകാശൻ. പഴയ മോഹൻലാൽ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം അത്രയധികം സ്വാഭാവികമായാണ് ചിത്രത്തിൽ ഫഹദ് അഭിനയിച്ചിരിക്കുന്നത്, ഈ ക്രിസ്തുമസ്സ് ചിത്രങ്ങളിൽ തന്നെ ഏറ്റവും വലിയ വിജയം ഇതിനോടകം ഞാൻ പ്രകാശൻ അരക്കെട്ടുറപ്പിച്ചു കഴിഞ്ഞു.

മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് വളരെ അനായായാസം ചടുലതയോടെ ആണ് ഫഹദ് പകർന്നാടിയത്.

സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ വരി വരിയായി പരാജയപ്പെടുമ്പോൾ അവരുടെ പഴയ കാല ചിത്രങ്ങളെ മുൻ നിർത്തി മലയാള സിനിമയുടെ ഭാവിയെ കുറിച്ചോർത്തു ആശങ്കപ്പെടുന്നവർ ഒരുപാട് പേരുണ്ട്. അത്തരത്തിൽ ഒരാശങ്കക്കും സാധ്യതയില്ലെന്ന് തെളിയിച്ച വര്‍ഷം കൂടിയാണ് 2018.  ഇവരെ കിഴിച്ചാലും മലയാള സിനിമ, പുതിയവരുടെയും ഇനി വരാനിരിക്കുന്നവരുടെയും കൈയിൽ നൂറുശതമാനം ഭദ്രമായിരിക്കും. ഫഹദ് ഫാസിൽ മുതൽ ഇന്ദ്രൻസ് വരെയുള്ളവരുടെ പോയ വർഷത്തെ പ്രകടനങ്ങൾ ഈ ചിന്തയെ അടിവരയിട്ടുറപ്പിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍