UPDATES

ബ്ലോഗ്

അമൃതാനന്ദമയിയെ കടപ്പുറം സുധാമണിയെന്ന് വിളിക്കുന്നവര്‍ എന്ത് നവോത്ഥാനമാണ് ഇവിടെ മുന്നോട്ട് വയ്ക്കുന്നത്?

കടപ്പുറത്ത് മീന്‍ പെറുക്കി ജീവിക്കുന്ന സ്ത്രീ ആത്മീയഗുരുവായാലും ആ കടലിന്റെ സ്വഭാവം വിട്ടുമാറില്ലെന്നാണ് ഈ വിമര്‍ശനങ്ങളുടെയെല്ലാം കാതല്‍

ഇന്നലെ പുത്തരിക്കണ്ടം മൈതാനത്തില്‍ അയ്യപ്പ കര്‍മ്മ സമിതി നടത്തിയ അയ്യപ്പ ഭക്ത സംഗമം സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കാന്‍ സംഘപരിവാറിനു ലഭിച്ച മികച്ച വേദിയായിരുന്നു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, കര്‍മ്മ സമിതി വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ കെ പി ശശികല, മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ എന്നിവര്‍ ഈ അവസരം നല്ല രീതിയില്‍ തന്നെ ഇപയോഗിക്കുകയും ചെയ്തു. അതേസമയം ചടങ്ങ് ഉദ്ഘാടനം ചെയ്ത അമൃതാനന്ദമയി ആരെയും വിമര്‍ശിക്കാന്‍ മുതിരാതെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്, അതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കാം എങ്കില്‍ പോലും. ആ പ്രസംഗം പൂര്‍ത്തിയായി മിനിറ്റുകള്‍ക്കകം തന്നെ അവര്‍ക്കെതിരെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നു.

അമൃതാനന്ദമയി എന്ന ആള്‍ദൈവം വിമര്‍ശനങ്ങള്‍ക്ക് അതീതയല്ല. അവരെ വിമര്‍ശിക്കാന്‍ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട് താനും. അവരുടെ ആള്‍ദൈവ പരിവേഷത്തെയും ആശ്രമത്തിന്റെയും അതിന് കീഴിലെ സ്ഥാപനങ്ങളുടെയും മറവില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളുമെല്ലാം വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്. ആശുപത്രികളില്‍ മതിയായ വേതനമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നഴ്‌സുമാരും മറ്റ് ജീവനക്കാരുമെല്ലാം ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. സത്‌നാം സിംഗിന്റെ കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളും ഇവരെ വിമര്‍ശിക്കാനുള്ള മതിയായ കാരണങ്ങളാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അവര്‍ക്ക് താല്‍പര്യമുള്ള ഏതൊരു വേദിയില്‍ ചെന്നിരിക്കാനും പിന്തുണ പ്രഖ്യാപിക്കാനും അവകാശമുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ സമൂഹത്തിന് അവരുടെ ബിജെപി ചായ്‌വും ആത്മീയ ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ രാഷ്ട്രീയ വേദിയിലെ പങ്കാളിത്തവുമെല്ലാം വിമര്‍ശിക്കാവുന്നതാണ്. എന്നാല്‍ ഇന്നലത്തെ പ്രസംഗത്തിന് ശേഷം അവരെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ‘കടപ്പുറം സുധാമണി’ എന്ന പേരാണ്. ഈ പ്രയോഗം മുമ്പും അമൃതാനന്ദമയിയെ വിമര്‍ശിക്കാന്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

സര്‍വവ്യാപിയായ ഈശ്വരനെയും ക്ഷേത്രത്തിനുള്ളിലെ ഈശ്വരനെയും മത്സ്യവുമായി താരതമ്യം ചെയ്യുകയാണ് അവര്‍ ചെയ്തത്. സര്‍വവ്യാപിയായ ഈശ്വരന്‍ കടലിലെ മത്സ്യം പോലെയാണെന്നും ക്ഷേത്രത്തിനുള്ളിലെ ഈശ്വരന്‍ ടാങ്കിനുള്ളിലെ മത്സ്യം പോലെയാണെന്നും ടാങ്കിനുള്ളിലെ മത്സ്യത്തിന് ഭക്ഷണവും വെള്ളവും ഓക്‌സിജനും കൊടുത്ത് പരിപാലിക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനാണ് അവര്‍ ഇത്തരമൊരു ഉപമ സ്വീകരിച്ചതെന്ന് തോന്നുന്നു. ഈ പരാമര്‍ശത്തെയാണ് ‘കടപ്പുറം സുധാമണി’ എന്ന പേരിനൊപ്പം ചേര്‍ത്ത് പലരും വിമര്‍ശിക്കുന്നത്. അതില്‍ കടുത്ത ഇടതുപക്ഷ അനുഭാവികള്‍ പോലുമുണ്ടെന്നതാണ് ലജ്ജാകരം. ഇപ്പോള്‍ മാതാ അമൃതാനന്ദമയി എന്ന് അറിയപ്പെടുന്ന സുധാമണി മുക്കുവ കുടുംബത്തില്‍ നിന്നും വരുന്ന സ്ത്രീയാണ്. കടപ്പുറം സുധാമണിയില്‍ നിന്നും മത്സ്യത്തെക്കുറിച്ചല്ലാതെ മറ്റെന്ത് കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത് എന്നൊക്കെ ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നു. ചിലര്‍ സ്ത്രീവരുദ്ധത പറയുകയല്ല എന്നാല്‍ ഇവരെ അങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ലെന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് ഈ വിശേഷണം ഉപയോഗിക്കുന്നത്.

എന്നാല്‍ സ്ത്രീവിരുദ്ധത പറയുകയല്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ ഇവരെ ‘കടപ്പുറം സുധാമണി’ എന്ന് വിളിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത മാത്രമല്ല, പ്രാദേശികമായോ സാമുദായികമായോ തൊഴില്‍പരമായോ ഉള്ള വിരുദ്ധത കൂടി മനസിലാക്കേണ്ടതുണ്ട്. കാരണം ഇവിടെ അപമാനിക്കപ്പെടുന്നത് ഒരു സുധാമണി മാത്രമല്ല, പകരം കടല്‍തീരത്ത് ജീവിക്കുകയും കടലിനെ ഉപജീവന മാര്‍ഗ്ഗമാക്കുകയും ചെയ്യുന്ന ഒരു വിഭാഗം ജനങ്ങള്‍ കൂടിയാണ്. കടപ്പുറത്ത് മീന്‍ പെറുക്കി ജീവിക്കുന്ന സ്ത്രീ ആത്മീയഗുരുവായാലും ആ കടലിന്റെ സ്വഭാവം വിട്ടുമാറില്ലെന്നാണ് ഈ വിമര്‍ശനങ്ങളുടെയെല്ലാം കാതല്‍. അത് സമൂഹത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ജാതി ബോധത്തിന്റെയും തൊഴില്‍ ബോധത്തിന്റെയും ഉള്ളില്‍ നിന്നും ഉയര്‍ന്നു വരുന്ന ചിന്തയാണ്. കടപ്പുറം ഭൂമിശാസ്ത്രപരമായ ഒരു പ്രദേശം മാത്രമല്ല, അത് ഒരു വിഭാഗം ജനങ്ങളുടെ തൊഴിലിടവും ആവാസ ഇടവും കൂടിയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.

Also Read: ടി.പി സെന്‍കുമാര്‍ ബിജെപി തലപ്പത്തേക്കോ?

തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടും ജാതിയുടെയും തൊഴിലിന്റെയും പേരില്‍ പൊതുസമൂഹത്തിനുള്ള അവജ്ഞയാണ് കടപ്പുറം സുധാമണി എന്ന വിളിയില്‍ പ്രതിഫലിക്കുന്നത്. പ്രളയമുണ്ടായപ്പോള്‍ കേരള ജനതയെ കൈപിടിച്ച് കയറ്റാന്‍ ഇതേ കടപ്പുറത്തുള്ളവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. സുധാമണി ഒരു സ്ത്രീയായതുകൊണ്ട് തന്നെ ആ വിളിയിലെ അര്‍ത്ഥം പലവിധത്തിലും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. പുതിയ നവോത്ഥാന മുന്നേറ്റം ലക്ഷ്യമിട്ട് ലക്ഷങ്ങളെ അണിനിരത്തി പുരോഗമന കേരളം വനിതാ മതില്‍ പണിതിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. ജാതിയുടെയും ജീവിച്ച പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു സ്ത്രീയെയും അതിലൂടെ ആ വിഭാഗത്തെയും ഇത്തരത്തില്‍ അവഹേളിക്കാമെന്നാണെങ്കില്‍ നിങ്ങള്‍ എന്ത് നവോത്ഥാന മതിലാണ് കെട്ടിയുയര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ഇടതുപക്ഷ അനുഭാവികള്‍ ചിന്തിക്കേണ്ടതുണ്ട്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍