UPDATES

ബ്ലോഗ്

കോളേജുകളില്‍ അണികളെ വാര്‍ത്തെടുക്കുന്ന പരിപാടിയെ രാഷ്ട്രീയമെന്ന് പറയരുത്

നമ്മളുണ്ടാക്കി വെച്ചിട്ടുള്ള കോളേജുകളില്‍ എന്ത് തരം രാഷ്ട്രീയമാണ് സാധ്യമാവുക എന്നൊരു ചോദ്യം നാം ചോദിക്കുക തന്നെ വേണം!

യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ എസ് എഫ് ഐക്കാരുടെ വ്യതിയാനമാണ് പ്രശ്‌നം, അല്ല എസ് എഫ് ഐ കാരുടെ സ്ഥിരമായുള്ള സോഷ്യല്‍ ഫാസിസമാണ് പ്രശ്‌നം എന്ന് രണ്ടു വാദങ്ങളാണ് പ്രധാനമായും കണ്ടത്. (എസ് എഫ് ഐക്കപ്പുറം മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ കാര്യങ്ങള്‍ അധികം ചര്‍ച്ച ആയതും കണ്ടില്ല- എസ് എഫ് ഐക്കാരുടെ ഗൃഹാതുരത്വവും എസ് എഫ് ഐ വിരുദ്ധരുടെ എസ് എഫ് ഐ ക്കപ്പുറം ആലോചിക്കാനുള്ള കഴിവുകേടും ആവും കാരണം!)

വിദ്യാര്‍ത്ഥി രാഷ്ട്രീയം വിദ്യാര്‍ത്ഥികളുടെ വ്യക്തിഗുണവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും അനുസരിച്ച് നന്നാവുകയോ നാശമാവുകയോ ചെയ്യുന്ന ഒന്നാണെന്ന് നമ്മള്‍ വിശ്വസിക്കുന്നുണ്ട് എന്ന് ചര്‍ച്ച കാണുമ്പോള്‍ തോന്നുന്നു. ഉപദേശ നിര്‍ദ്ദേശങ്ങളും നിരാശയും സംഘടനാപക്ഷപാതവും വിരോധവും സുലഭം.

നമ്മുടെ ഉപരിപഠന മേഖലയെ ശ്രദ്ധിച്ചാല്‍ ആദ്യം കാണാന്‍ കഴിയുന്ന പ്രവണത സര്‍വകലാശാലകളുടെ ഘടനാപരമായ തകര്‍ച്ചയാണ്. പരീക്ഷ സമയത്തു നടത്താതെ, ഒരു അക്കാഡമിക് കലണ്ടര്‍ പോലുമില്ലാതെ എല്ലാക്കാലത്തും പരീക്ഷ നടത്തി കുട്ടികളെയും അധ്യാപകരെയും സ്ഥിരമായി അപമാനിക്കുകയും കഷ്ടത്തിലാക്കുകയും ചെയ്യുന്ന പരിപാടി കേരളത്തിലെ സര്‍വ്വകലാശാലകള്‍ ആദ്യകാലത്തു നടത്തിപ്പോന്നത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കാരണമായിരുന്നു എങ്കില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി അത് കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുക എന്ന താല്പര്യത്തിനു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്.

അധ്യാപകരുടെ ഒരു കൂട്ടായ്മ ചെയ്യേണ്ട സിലബസ് അടക്കമുള്ള കാര്യങ്ങളെ എല്ലാ കോളേജുകാരെക്കൊണ്ടും ചെയ്യിച്ചു വ്യത്യസ്തത എന്ന മിഥ്യ പരത്തുകയാണ് സ്വയംഭരണമെന്ന പേര് തന്നെ.

സ്വയംഭരണം എന്താണെന്ന് പറയാന്‍ ഒരു സംഭവം പറയാം:

പ്രസിദ്ധമായ കോളേജുകള്‍ മുമ്പുകാലങ്ങളില്‍ തന്നെ പാരലല്‍ കോളേജുകള്‍ നടത്താറുണ്ട്. ഇവയില്‍ ചിലതിനു പിന്നീട് അഫിലിയേഷന്‍ കിട്ടിയെന്നും കേട്ടു. ഒരു സുഹൃത്തിന് ഇങ്ങനെ ഒരു കോളേജില്‍ ജോലി കിട്ടി. പിന്നീട് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു:
‘ആരാണ് ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്‌മെന്റ് അവിടെ?’
‘……………… ആണ്.’
ഞാന്‍ ഒന്നമ്പരന്നു: ‘അത് റെഗുലര്‍ കോളേജിലെ അല്ലെ ?’
‘അല്ല. ഓട്ടോണോമി കിട്ടിയ ശേഷം റെഗുലര്‍, സെല്ഫ് ഫൈനാന്‍സിങ് എന്നില്ല. എല്ലാം ഒറ്റ ഒന്നാണ്’

കുട്ടികളുടെ ഫീസ് രണ്ടാണ്. അധ്യാപകരുടെ ശമ്പളവും. അപ്പോള്‍ എങ്ങിനെ എല്ലാം ഒന്നാവും?

അപ്പോള്‍ പൊതുവിദ്യാഭ്യാസ രംഗത്തെ ബ്രാന്‍ഡ് വാല്യൂ ഉള്ള സ്ഥാപനങ്ങളെ സാമുദായിക നേതൃത്വത്തിന്റെയും മുതലാളിമാരുടെയും ഒരു കൂട്ടായ്മയ്ക്ക് കോഴ വാങ്ങാനും സാമൂഹിക ശക്തി വര്‍ധിപ്പിക്കാനുമുള്ള സ്വകാര്യതാല്പര്യങ്ങളുടെ കയ്യില്‍ ഏല്‍പ്പിച്ചു കൊടുക്കുന്ന നീക്കമാണ് സ്വയംഭരണം നല്‍കല്‍. ഈ നീക്കത്തിനെതിരെ കേരളത്തിലെ ഏതെങ്കിലും വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്തെങ്കിലും ചെയ്തതായി കേട്ടിട്ടില്ല. ഇനി കൃത്യവും പാലിക്കപ്പെടുന്നതുമായ ഒരു അക്കാഡമിക് കലണ്ടര്‍ എന്ന അടിസ്ഥാന ആവശ്യം മുന്നോട്ടു വെച്ച് ആരും എവിടെയും കൊടി പിടിച്ചതായി കേട്ടിട്ടില്ല. അഡ്മിഷനിലും അപ്പോയ്ന്റ്‌മെന്റിലുമുള്ള അഴിമതി ആരും എവിടെയും ഇന്ന് വരെ പ്രശ്‌നമാക്കിയിട്ടില്ല.

നമ്മുടെ സകല രാഷ്ട്രീയക്കാര്‍ക്കും വേണ്ടത് രണ്ടു കാര്യങ്ങളാണ്: സമുദായങ്ങളുടെ വോട്ടു, പണക്കാരുടെ പണം. ഈ മൂലധന- അധികാര താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ബാലികഴിക്കപ്പെട്ടതാണ് നമ്മുടെ വിദ്യാദ്യാസ രംഗം. ഈ കലാലയങ്ങളില്‍ അണികളെ ഉണ്ടാക്കുന്ന പാര്‍ട്ടിസംഘടനാ പ്രവര്‍ത്തനത്തെ രാഷ്ട്രീയമെന്നൊക്കെ വിളിക്കുന്നത് കടുംകൈയാണ്. നേതാക്കളെ വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ക്കറിയാം. ഈ നേതാക്കന്മാര്‍ക്ക് ചുടുചോറ് വാരിക്കാനുള്ളവരാണ് കോളേജുകളിലെ പാര്‍ട്ടി അണികള്‍. എന്തിന് മിണ്ടണം എന്തിനു മിണ്ടരുത് എന്ന് കൃത്യമായ നിര്‍ദേശം കിട്ടുന്നവര്‍. യുവത്വത്തിന്റെ ധാര്മികബോധത്തെകൂടി അടിയറവെച്ചാണ് ഈ കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഇങ്ങനെ നമ്മളുണ്ടാക്കി വച്ചിട്ടുള്ള കോളേജുകളില്‍ എന്ത് തരം രാഷ്ട്രീയമാണ് സാധ്യമാവുക എന്നൊരു ചോദ്യം നാം ചോദിക്കുക തന്നെ വേണം!

നമ്മുടെ വിദ്യാഭ്യാസരംഗത്തെ അടിമുടി ഗ്രസിച്ചിട്ടുള്ള അഴിമതി, സംഘടനാ താല്പര്യങ്ങള്‍ (ഇത് മിക്കപ്പോഴും നടക്കുന്നത് സാമുദായിക താല്പര്യങ്ങളുടെ പേരിലാണ്), സാങ്കേതികവിദ്യയെ സ്വായത്തമാക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും കാണിക്കുന്ന കുറ്റകരമായ അലംഭാവം, ഭാവിയെക്കുറിച്ചുള്ള തികഞ്ഞ ഭാവനാ ശൂന്യത, രാഷ്ട്രീയത്തെക്കുറിച്ചു സംസാരിക്കാന്‍ നമ്മുടെ കൈവശമുള്ള ഭാഷ കാലഹരണപ്പെട്ടതിന്റെ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസത്തിന്റെ സാമൂഹിക ഉള്ളടക്കം (ജാതി-ലിംഗ-വര്‍ഗാര്‍ത്ഥങ്ങളില്‍) മാറ്റാനുള്ള സാമൂഹിക വികസന പദ്ധതികളുടെ അഭാവം എന്നിവ ചേര്‍ന്ന് ഉണ്ടാക്കിയിട്ടുള്ള മരണമുനമ്പില്‍ നിന്നാണ് സംസാരിക്കുന്നത് എന്ന ബോധ്യത്തോടെയല്ലേ നാം സംസാരം തുടങ്ങേണ്ടത്? അതില്‍ നമുക്ക് ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട് എന്ന വിനയത്തോടെയല്ലേ നാം പരിഹാരം നിര്‍ദ്ദേശിച്ചു തുടങ്ങാവൂ?

(ആഷ്ലിയുടെ ഫേസ്ബുക്ക് പോസ്റ്റ്)

കീടങ്ങളെ ജൈവായുധമാക്കാൻ പെന്റഗൺ നടത്തിയ പരീക്ഷണം അമേരിക്കക്കാരെ നിത്യരോഗികളാക്കി?

എന്‍.പി ആഷ്‌ലി

എന്‍.പി ആഷ്‌ലി

ഡല്‍ഹി സെന്റ്‌. സ്റ്റീഫന്‍സ്‌ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍