UPDATES

ബ്ലോഗ്

ആവശ്യത്തിനനുസരിച്ചല്ല, അത്യാവശ്യത്തിനനുസരിച്ചാവട്ടെ നമ്മുടെ ഓരോ വായ്പയും

ഏതൊരു വായ്പയും പാസാക്കി നല്‍കുന്നത് ഉപഭോക്താവിന്റെ മാസവരുമാനത്തിനു അനുസൃതമായി അയാളുടെ ജീവിതച്ചിലവും ലോണ്‍ തിരിച്ചടവും ബാലന്‍സ് ചെയ്തു പോകുമെന്നു കണ്ടാല്‍ മാത്രമാണ്.

ഒരു ലോണിന് ബാങ്കില്‍ അപേക്ഷിക്കുമ്പോള്‍ ആദ്യം ഹാജരാക്കേണ്ട രേഖ അപേക്ഷകന്റെ മാസവരുമാനത്തെ സംബന്ധിച്ചാണ്. ഏതൊരു വായ്പയും പാസാക്കി നല്‍കുന്നത് ഉപഭോക്താവിന്റെ മാസവരുമാനത്തിനു അനുസൃതമായി അയാളുടെ ജീവിതച്ചിലവും ലോണ്‍ തിരിച്ചടവും ബാലന്‍സ് ചെയ്തു പോകുമെന്നു കണ്ടാല്‍ മാത്രമാണ്. ഇതിനു ബാങ്ക് ടെര്‍മിനോളജിയില്‍ Cut Back ഉറപ്പു വരുത്തുക എന്നു പറയുന്നു (സാധാരണയായി 50% ആണ് ഇത്. നമ്മളില്‍ പലരുടെയും ലോണ്‍ പ്രൊപോസല്‍ റിജക്ട് ആയിട്ടുണ്ടാവുക ഈ കട്ട് ബാക്കില്‍ തട്ടിയാവും). ബാങ്കില്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമത്വം കാണിച്ചാല്‍ ഈ Concept പൂര്‍ണ്ണമായും തെറ്റിയേക്കാം. ഭൂരിഭാഗം ഭവന, വാഹന ലോണുകളും കിട്ടാക്കടമാകുന്നതിന്റെ പ്രധാന കാരണം വരുമാനം പെരുപ്പിച്ചു കാട്ടി ലോണെടുക്കലാകാം. (ആരോഗ്യ പ്രശ്‌നങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, ജോലി / ബിസിനസ് നഷ്ടം ഇവയൊക്കെയും മറ്റു കാരണങ്ങള്‍ തന്നെയെന്ന് അംഗീകരിക്കുന്നു). അയല്‍ക്കാരന്റെ വീടിനെക്കാള്‍ വലിയ വീട്, വലിയ കാര്‍ എന്നിങ്ങനെ ആവശ്യത്തേക്കാളുപരി പൊങ്ങച്ചം Serve ചെയ്യണമെന്ന മലയാളിയുടെ പിടിവാശിയാണ് പല ബ്ലേഡു കമ്പനികളും EMI സ്ഥാപനങ്ങളും കാലാകാലമായി ചൂഷണം ചെയ്തു പോകുന്നത്.

ലോണ്‍ പ്രോസസിങ്ങിന്റെ അടുത്ത ഘട്ടത്തില്‍ പരമാവധി ലഭിക്കാവുന്ന ലോണ്‍ തുക എത്ര, പലിശയെത്ര, തിരിച്ചടവ് കാലാവധി എത്ര, EMI എത്ര തുടങ്ങിയ വിവരങ്ങളടങ്ങിയ ഓഫര്‍ ലെറ്റര്‍ ഇടപാടുകാരനു നല്‍കുന്നു. ലോണുമായി മുന്നോട്ടു പോകണമോ വേണ്ടയോ, ലോണ്‍ തുക കുറക്കണമോ തുടങ്ങിയ സുപ്രധാന തീരുമാനങ്ങള്‍ ഈ ഘട്ടത്തിലും അപേക്ഷകനു കൈക്കൊള്ളാവുന്നതാണ്. പൊതുവേ ജപ്തി വാര്‍ത്തകള്‍ക്കു കൂടെ കേള്‍ക്കുന്ന പ്രധാന ആരോപണമാണ് എടുത്ത തുകയേക്കാള്‍ വളരെയധികം തിരിച്ചടച്ചിട്ടും ബാങ്ക് ജപ്തി ചെയ്തു എന്നത്. മാധ്യമങ്ങളടക്കം ഏറ്റെടുക്കുന്ന വാദവുമാണത്. ഇതില്‍ നമ്മള്‍ മനസിലാക്കേണ്ടത് ബാങ്കുകളുടെ കോസ്റ്റ് ഓഫ് ഫണ്ടിനെപ്പറ്റിയാണ്. ജനങ്ങളില്‍ നിന്നു മുതല്‍ 8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തു ശേഖരിക്കുന്ന ഡെപ്പോസിറ്റുകളാണ് ബാങ്കുകളുടെ ഫണ്ട്. ഇത് ഉയര്‍ന്ന പലിശക്ക് വായ്പ നല്‍കുന്നു. (ഹൗസിങ്ങ് ലോണിനു ഇന്നത്തെ റേറ്റ് 8.7 ശതമാനത്തിനടത്തു വരും). (പ്രൈവറ്റ് ഫിനാന്‍സ് കമ്പനികള്‍ 17 മുതല്‍ 30 ശതമാനം വരെ കൊള്ളയടിക്കുന്നുണ്ട്).

കോസ്റ്റ് ഓഫ് ഫണ്ടിന്നു ഒരു ഉദാഹരണം പറയാം. 10 ലക്ഷം രൂപ 30 വര്‍ഷത്തേക്ക് FD ഇട്ടാല്‍ ( 6.6%) പലിശക്ക് കാലാവധി കഴിയുമ്പോള്‍ അത് 71,26,656 രൂപ ‘ ആകും. അതായത് 61 ലക്ഷം 30 വര്‍ഷത്തെ പലിശ. മുതലിന്റെ ആറിരട്ടി. ഇതേ കാലാവധിക്കു 10 ലക്ഷം ലോണെടുത്താല്‍ മാസം 7800 ഓളം രൂപ വെച്ചടക്കുമ്പോള്‍ 30 വര്‍ഷം മുടക്കമില്ലാതെ അടച്ചാല്‍ ‘ 28 ലക്ഷം അടക്കണം.(EMI കാല്‍ കുലേറ്റര്‍ പ്ലേ സ്റ്റോറില്‍ ഉണ്ട്, പരിശോധിക്കാം). EMI യുടെ ഒരു ഭാഗം മാസാമാസം മുതലിലോട്ടു ചേരുന്നതിനാലാണ് പലിശ 18 ലക്ഷത്തില്‍ നിന്നത്. ഡെപ്പോസിറ്റില്‍ പലിശ കൂടെ മുതലില്‍ ചേരുന്നതിനാല്‍ കൂടുതല്‍ ഇരട്ടിക്കുന്നു.

ഇനി പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാം. കിട്ടാക്കടം തിരിച്ചു പിടിക്കല്‍ ബാങ്കിന്റെ നിലനില്‍പ്പിന്റെ ഭാഗമായതിനാല്‍ തന്നെ റിക്കവറിക്കു മുന്‍കൈയെടുക്കാത്ത ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് ട്രാന്‍സ്ഫര്‍ പോലുള്ള ശക്തമായ നടപടികളാണ്. (സ്വകാര്യ ബാങ്കുകള്‍ക്ക് കിട്ടാക്കടം വളരെ കുറവാണ്. ഒരു അടവുമുടങ്ങിയാല്‍ വീട്ടില്‍ ബാങ്കിന്റെ ഗുണ്ട വന്നു നില്‍ക്കുന്നതിനാല്‍ മുടക്കില്ല). പൊതുമേഖലയില്‍ മാനേജറും ഓഫിസറും വെയിലത്തിറങ്ങി നടന്നു തിരിച്ചടപ്പിക്കണം. നേരത്തെ പറഞ്ഞ ട്രാന്‍സ്ഫര്‍ എന്നത് നെയ്യാറ്റിന്‍കര നിന്നും കഴക്കൂട്ടത്തേക്കാന്നെന്ന് വിചാരിക്കരുത്. അതു ചിലപ്പോള്‍ ചത്തീസ്ഗഡിലേക്കോ ബീഹാറോ ഒക്കെയാവാം. സ്വാഭാവികമായും ഈ പ്രഷറില്‍ റിക്കവറി എന്നും പറഞ്ഞു ഉപഭോക്താവിനെ സമീപിക്കാതെ ഉദ്യോഗസ്ഥനു വേറെ വഴിയില്ല. ഈയടുത്താണ് ഈ സമ്മര്‍ദം താങ്ങാനാവാതെ തമിഴ്‌നാട്ടില്‍ മലയാളിയായ മാനേജര്‍ ഹൃദയസ്തംഭനം വന്നു മരിച്ചതും ട്രിച്ചിയിലും ആന്ധ്രയിലും 30 വയസു പോലുമില്ലാത്ത രണ്ട് ഓഫീസര്‍മാര്‍ ആത്മഹത്യ ചെയ്തതും.

സ്ഥിരമായി കേള്‍ക്കുന്ന മറ്റൊരു പല്ലവിയാണ് ലോണെടുത്തു നാടുവിടല്‍ യോജന നടത്തുന്ന കോര്‍പ്പറേറ്റുകളെ എന്തേ റിക്കവര്‍ ചെയ്യുന്നില്ല എന്നത്. ശോഭാ സുരേന്ദ്രന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതൊന്നും ചെറിയ കളിയല്ല സുഹൃത്തേ. നാമീ കാണുന്ന ബാങ്ക് മാനേജര്‍മാര്‍ ഒന്നുമല്ല ഈ കോര്‍പറേറ്റുകള്‍ക്ക് ലോണ്‍ കൊടുക്കുന്നത്. അതൊക്കെ നമുക്കൊന്നും കാണാന്‍ പോലും സാധിക്കാത്തത്ര ടോപ് മാനേജ്‌മെന്റും സര്‍ക്കാരും ഒക്കെ ചേര്‍ന്നുള്ള തീരുമാനങ്ങളാണ്.

പറയാനുദ്ദേശിച്ച കാര്യങ്ങള്‍ ഇവയാണ്

1. നാം പോകുന്ന സൂപ്പര്‍ മാര്‍ക്കറ്റു പോലെയുള്ള ഒരു കച്ചവട സ്ഥാപനം തന്നെയാണ് ബാങ്കുകളും. നമ്മുടെ കീശയ്ക്കും കപ്പാസിറ്റിക്കു മൊത്ത പ്രോഡക്ടുകള്‍ മാത്രം തിരഞ്ഞെടുത്താല്‍ നാളെ അതൊരു ബാധ്യതയാവില്ല.

2. വായ്പ കൊടുക്കുന്നതു നിക്ഷേപകന്റെ കാശായതിനാല്‍ അതു തിരിച്ചുപിടിക്കേണ്ടതും സമൂഹത്തോടുള്ള കടമയും സിസ്റ്റത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകവുമാണ്. നാളെ നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ ചെല്ലുമ്പോള്‍ ലോണ്‍ തിരിച്ചടവു മുടങ്ങിയവരുടെ കയ്യിലാണ് കാശെന്നു പറഞ്ഞാല്‍ നമ്മളൊന്നും തന്നെ സമ്മതിക്കാന്‍ പോകുന്നില്ല.

3. കൊടുത്ത ലോണ്‍ ആദ്യത്തെ ഒരു വര്‍ഷത്തിനിടക്കു NPA ആയാല്‍ മാനേജറെ കാത്തിരിക്കുന്നത് ഇന്‍ക്രിമെന്റ് കട്ട് അടക്കമുള്ള നടപടികളാണ്.ഇതൊഴിവാക്കാന്‍ സ്വന്തം കൈയില്‍ നിന്നു കാശ് എടുത്തടച്ചിട്ടുള്ള മാനേജര്‍മാരെയും കാണാന്‍ കഴിയും.

4. ആവശ്യത്തിനനുസരിച്ചല്ല, അത്യാവശ്യത്തിനനുസരിച്ചാവട്ടെ നമ്മുടെ ഓരോ വായ്പയും..

നെയ്യാറ്റിന്‍കര സംഭവത്തില്‍ ബാങ്ക് മാനേജറെ ക്രൂശിക്കുന്നതോടൊപ്പം വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് (വരുമാനം പെരുപ്പിച്ചു കാട്ടി) നല്‍കിയ ഉദ്യോഗസ്ഥനും പങ്കാളിയല്ലേ? ഇനിയൊരിക്കലും നടക്കാതിരിക്കട്ടെ ഇത്തരം ദുരന്തങ്ങള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: സംഘടനയില്ല, നേതാക്കളും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിനെ ലക്ഷ്യമിട്ട ആര്‍എസ്എസിന് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനായത് ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍