മൊത്തം 83 സാക്ഷികളാണ് കേസില്‍. ഈ സാക്ഷികള്‍ തന്നെയാണ് കന്യാസ്ത്രീ പീഡനക്കേസ് കത്തോലിക്ക സഭയ്ക്ക് വീണ്ടും നിര്‍ണായകമാക്കുന്നത്.
ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ആയിരത്തോളം പേജ് വരുന്ന കുറ്റപത്രം സമഗ്രമായൊരു അന്വേഷണത്തെയാണ് കാണിക്കുന്നതെന്ന് ലഭ്യമായ വിവരങ്ങള്‍വച്ച് വാര്‍ത്തകള്‍ വരുന്നു. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഇടം പിടിച്ച കന്യാസ്ത്രീ പീഡനക്കേസ് വീണ്ടുമതിന്റെ കുറ്റപത്രത്തിലൂടെ സഭയ്ക്കുള്ളില്‍ മറ്റൊരു പ്രത്യേകതയായും മാറുന്നുണ്ട്. ആഗോള സഭ ചരിത്രത്തില്‍ സന്ന്യസ്ത/വൈദിക പദവികളില്‍ ഇരിക്കുന്ന ഇത്രയും പേര്‍ ഒരുമിച്ച് ഒരു കേസിന്റെ സാക്ഷികളായ മറ്റൊരു സംഭവം ഉണ്ടാകില്ല. മൊത്തം 83 സാക്ഷികളാണ് കേസില്‍. ഈ സാക്ഷികള്‍ തന്നെയാണ് കന്യാസ്ത്രീ പീഡനക്കേസ് കത്തോലിക്ക സഭയ്ക്ക് വീണ്ടും നിര്‍ണായകമാക്കുന്നത്. സാക്ഷിപ്പട്ടികയില്‍ ഉള്ളവര്‍ നിസ്സാരക്കാരല്ല. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സാക്ഷികളിലെ പ്രധാനി. കര്‍ദിനാളിനെ കൂടാതെ മൂന്നു മെത്രാന്മാരും സാക്ഷികളായിട്ടുണ്ട്. പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ദഗല്‍പൂര്‍ രൂപത ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍. ഉജ്ജയിന്‍ രൂപത ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരാണ് സാക്ഷികളായ മെത്രാന്മാര്‍. ഇവരെ കൂടാതെ പതിനൊന്നു വൈദികരും 25 കന്യാസ്തീകളും ചേര്‍ന്നതാണ് 83 പേര്‍.
കന്യാസ്ത്രീ പീഡനം അതിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ വരെ സഭ ചരിത്രത്തിന്റെ ഏടുകളില്‍ പതിഞ്ഞാണ് മുന്നോട്ടു വന്നിരിക്കുന്നത്. പരാതി പ്രകാരം ഒരു കന്യാസ്ത്രീയെ തന്റെ അധികാരം ഉപയോഗിച്ച്, ഭീഷണിപ്പെടുത്തിയും തടങ്കലിലാക്കിയും ലൈംഗിക ചൂഷണം ചെയ്തത് ഒരു ബിഷപ്പ് ആണ്. പതിനൊന്നു തവണയോളം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പീഡനം കന്യാസ്ത്രീക്ക് സഹിക്കേണ്ടി വന്നു. തുടരുന്ന പീഡനങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ തയ്യാറായതോടെ അവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നേരിടേണ്ടി വന്നത്(അതിന്നും തുടരുന്നുവെന്നു പറയുന്നു) മാനസിക-വൈകാരിക സമ്മര്‍ദ്ദങ്ങളും ജീവന്‍ വരെ അപായപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണികളും. നീതി തേടി കന്യാസ്ത്രീകള്‍ ആദ്യം എത്തിയത് സഭയ്ക്കുള്ളില്‍ തന്നെയാണ്. ഉന്നതരായ പലരോടും അവസ്ഥകള്‍ വിവരിച്ചിട്ടും അധികാരമുള്ളവര്‍ അനങ്ങാതെ നില്‍ക്കുകയാണ് ഉണ്ടായത്. വളരെ കുറച്ചുപേര്‍ മാത്രമാണ് ഒപ്പം നിന്നത്. അവര്‍ക്കാകട്ടെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനോ നടപ്പാക്കാനോ അവകാശമില്ലാത്തവരും. സഭ മൂടിവയ്ക്കാനല്ല, അവഗണിക്കാന്‍ തയ്യാറായ പരാതിയാണ് ഒടുവില്‍ സിവില്‍ നിയമത്തിനു മുന്നില്‍ എത്തിയത്. എന്നിട്ടും പരാതിക്കാരിക്ക് നീതി നിഷേധിക്കപ്പെടുകയായിരുന്നു. ഒടുവില്‍, സ്വയം നിര്‍ബന്ധിതരായി അഞ്ചു കന്യാസ്ത്രീകള്‍ തെരുവില്‍ സമരം ഇരിക്കാന്‍ തയ്യാറായി. കത്തോലിക്ക ചരിത്രത്തില്‍ അന്നുവരെ പറഞ്ഞു കേട്ടിട്ടില്ലാത്ത സംഭവം. എല്ലാ വെല്ലുവിളികളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് തങ്ങളുടെ സമരവുമായി അവര്‍ 14 ദിവസത്തോളം എറണാകുളം ഹൈക്കോടതി ജംഗ്ഷനിലുള്ള വഞ്ചി സ്‌ക്വയറില്‍ സമരം ഇരുന്നു. ഈ സമയത്തൊക്കെ സഭയില്‍ നിന്നും അവര്‍ക്ക് പിന്തുണയല്ല, വിമര്‍ശനങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. അവര്‍ക്കൊപ്പം നിന്നവരും കുറ്റവാളികളാക്കപ്പെട്ടു. എങ്കിലും ആ സമരം വിജയിച്ചു. ബിഷപ്പ് ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടു. കാലതാമസം എടുത്തെങ്കിലും ഇപ്പോള്‍ കുറ്റപത്രവും കോടതിയില്‍ എത്തുന്നു.
കത്തോലിക്ക സഭയെ വിശ്വാസി സമൂഹവും പൊതുസമൂഹവും ഒരുപോലെ നോക്കി നില്‍ക്കുകയാണ് ഇപ്പോള്‍. കാരണം, കേസിലെ സാക്ഷികള്‍ തന്നെ. അവരില്‍ കുറച്ചു പേരെ മാറ്റിനിര്‍ത്തിയാല്‍ അങ്ങോട്ട് പോയി സാക്ഷി മൊഴി കൊടുത്തവരല്ല ഭൂരിഭാഗവും. അന്വേഷണ സംഘം അവരുടെ കര്‍ത്തവ്യത്തില്‍ കാണിച്ച ആത്മാര്‍ത്ഥയാണ് പല ഉന്നതരും സാക്ഷിപ്പട്ടികയില്‍ വരുന്നതിന് കാരണമായത്. പീഡന പരാതിയില്‍ എത്രയോ നാള്‍മുന്നേ ഉചിതമായ നടപടിയെടുക്കാന്‍ സാധിക്കുമായിരുന്നവരാണല്ലോ ഇപ്പോള്‍ സാക്ഷികളായിരിക്കുന്നത്. കേസ് ഓരോ ഘട്ടം മുന്നോട്ടു നീങ്ങുമ്പോഴും ഇരയ്‌ക്കൊപ്പമോ സത്യത്തിനൊപ്പമോ നില്‍ക്കാന്‍ ആ ഉന്നതര്‍ തയ്യാറായിരുന്നുവെങ്കില്‍ കത്തോലിക്ക സഭ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തില്ലായിരുന്നു. നിശബ്ദത പാലിച്ചവരും നീതിക്കൊപ്പം നില്‍ക്കാതിരുന്നവരും എത്രത്തോളം സഭയുടെ വിശ്വാസ്യത തകര്‍ത്തോ, ഇനിയവരുടെ പ്രവര്‍ത്തികള്‍ ആ തകര്‍ച്ചയുടെ ആക്കം കൂട്ടാവുന്നതോ ആഴം കുറയ്ക്കാവുന്നതോ ആണ്.
സീനായി പര്‍വതത്തില്‍വച്ച് ദൈവം ഇസ്രയേല്‍ ജനതയുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി മോശയ്ക്ക് നല്‍കിയ പത്തു കല്‍പ്പനകളില്‍ ഒമ്പതാമതായി പറയുന്നത് കള്ള സാക്ഷ്യം പറയരുതെന്നാണ്. ബൈബിളില്‍ പുറപ്പാട് പുസ്തക(20:2-17)ത്തിലും ചെറിയ വ്യത്യാസങ്ങളോടെ നിയമാവര്‍ത്തന പുസ്തക(5:6-21)ത്തിലും പറഞ്ഞിരിക്കുന്ന, യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ പ്രധാനങ്ങളാണ് പത്തു കല്‍പ്പനകള്‍. ഈ കല്‍പ്പനകള്‍ ഒരു ക്രിസ്ത്യാനി ലംഘിക്കരുതെന്നാണ് പറയുന്നത്. ഒരു വിശ്വാസിക്കു പോലും ലംഘിക്കാന്‍ കഴിയാത്ത കല്‍പ്പനകളില്‍ കര്‍ദിനാള്‍ തന്നെയോ, അതോ മെത്രാന്മാരോ വൈദികരോ ആരെങ്കിലും ഒമ്പതാം പ്രമാണം ലംഘിക്കുമോ എന്നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
സഭതലത്തില്‍ ഇപ്പോഴും അതിശക്തനായ ഒരാളാണ് കേസില്‍ പ്രതി. അദ്ദേഹത്തിന് പ്രതികൂലമായ സാക്ഷിമൊഴികളാണ് കോടതിയില്‍ പറയുന്നതെങ്കില്‍ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്ന വിവിധ വകുപ്പുകള്‍ പ്രകാരം പ്രതി ജീവപര്യന്തമോ പത്തുവര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയോ അനുഭവിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ അത് കത്തോലിക്ക സഭയ്ക്ക് വലിയ നാണക്കേടാകും. മെത്രാന്‍ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ജയില്‍പ്പുള്ളിയായി മാറുന്നത് ഇന്ത്യയിലെ കത്തോലിക്ക ചരിത്രത്തിലെങ്കിലും ഉണ്ടാകില്ല. അതും സ്വന്തം സഭയിലെ തന്നെ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ച കുറ്റത്തിനാകുമ്പോള്‍ ആഗോളതലത്തില്‍ തന്നെ കത്തോലിക്ക സഭയെ നാണക്കേടില്‍ മുക്കും. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ ശ്രദ്ധ ഈ കേസില്‍ നല്‍കുന്നുമുണ്ട്.
ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കണമെങ്കില്‍ കേസില്‍ നിന്നും പ്രതിയായ ബിഷപ്പ് മോചിപ്പിക്കപ്പെടണം. പൊലീസിന്റെ അന്വേഷണവും കണ്ടെത്തലുകളും ലഭ്യമായ തെളിവുകളുമൊക്കെ പ്രതിക്കെതിരാണ്. കേസ് പലതരത്തില്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നതും ചിലരുടെ ഭയം തന്നെയാണ് കാണിക്കുന്നത്. സാക്ഷികളായി പുറത്തറിഞ്ഞവര്‍ക്കെല്ലാം എതിരേ പലതരം സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും ഭീഷണികളും നടന്നു കഴിഞ്ഞു. എന്നാല്‍ കരുതിയതിനേക്കാള്‍ കൂടുതല്‍ പേര്‍, അതും ഉന്നതരായവര്‍, കേസില്‍ സാക്ഷികളായി വന്നിട്ടുണ്ടെന്നത് പ്രതിഭാഗത്തെ മാത്രമല്ല, മൊത്തത്തില്‍ അമ്പരിപ്പിച്ചിട്ടുണ്ട്. ഇവരെയെല്ലാം ഇനിയുള്ള ദിവസങ്ങള്‍ക്കൊണ്ട് ആര്‍ക്കെങ്കിലും സ്വാധീനിക്കാന്‍ കഴിയുമോ എന്നുമറിയില്ല.
സ്വാധീനം മൂലമോ സ്വയം തീരുമാനിച്ചോ സാക്ഷി പറയാന്‍ പോകാതിരിക്കുകയോ മുന്‍പ് പറഞ്ഞത് മാറ്റിപ്പറയുകയോ ചെയ്‌തെന്നിരിക്കട്ടെ അവിടെയാണ് ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍ ഒമ്പതാം പ്രമാണത്തിന്റെ ലംഘകരാകുന്നത്. കള്ളസാക്ഷി പറയരുതെന്നാണ് ദൈവം ആജ്ഞാപിച്ചിട്ടുള്ളത്. അത് തെറ്റിക്കാന്‍ കേവലം ഒരു വൈദികനെങ്കിലും തയ്യറായാല്‍ വിശ്വാസികള്‍ക്കു മുന്നില്‍ തകരുന്നത് കത്തോലിക്ക സഭയുടെ വിശ്വാസ്യതയാണ്. ഒരു മെത്രാനെയോ പുരോഹിതനെയോ കൂറുമാറ്റക്കാരനായി കോടതി വിധിച്ചാല്‍ ഉണ്ടാകുന്ന നാണക്കേട് സഭയ്ക്കും വിശ്വാസികള്‍ക്കും താങ്ങാന്‍ കഴിയില്ല. മൊഴിമാറ്റി പറഞ്ഞാല്‍ അത് കേസിനെ ബാധിക്കുമെന്നല്ല, ക്രിസ്ത്യന്‍ സഭയെ മോശമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്ങനെ വന്നാലും തോല്‍ക്കുന്നത് സഭയും വിശ്വാസികളും തന്നെയായിരിക്കും. അതിനാല്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഇപ്പോഴത്തേതിനേക്കാള്‍ രൂക്ഷവുമായിരിക്കും. സഭമേലധികാരികള്‍ക്കെതിരേ വിരല്‍ ചൂണ്ടാന്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ ഉണ്ടാകുമെന്ന് വിശ്വാസി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ട് കേസ് തോറ്റാലും ജയിച്ചാലും സഭ ഉത്തരം പറയാന്‍ ബാധ്യസ്ഥമാകും. കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടിയാല്‍ പശ്ചാത്താപം പ്രകടിപ്പിച്ച് രക്ഷപ്പെടാം. പക്ഷേ, ഒമ്പതാം പ്രമാണം വരെ ലംഘിച്ചുകൊണ്ട് മറ്റൊരു രീതിയിലേക്ക് കാര്യങ്ങള്‍ പോവുകയാണെങ്കില്‍…