UPDATES

ബ്ലോഗ്

ആദ്യം തെരുവില്‍ അഴിഞ്ഞാടുക, പിന്നെ വലിച്ചു താഴെ ഇടുക; അമിത് ഷാ ജിയുടെ പ്ലാന്‍ എയും ബിയും

ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ പ്രത്യേകിച്ച് യാതൊരു കാരണവും വേണ്ടാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് തെളിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല

കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ബിജെപി വീണ്ടും ഉന്നയിച്ചിരിക്കുകയാണ്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ബിജെപി തന്നെ ഇവിടെ അഴിച്ചു വിടുന്ന അക്രമ സംഭവങ്ങളാണ് ഇത്തരമൊരു ആവശ്യത്തിലേക്ക് അവരെ നയിച്ചിരിക്കുന്നതെന്നതാണ് ഇതിലെ തമാശ. ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ പ്രത്യേകിച്ച് യാതൊരു കാരണവും വേണ്ടാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് തെളിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. അതിനേക്കാള്‍ ഏറെ കാലം മുമ്പ് തന്നെ കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് 2017 ജൂലൈ 29ന് വെട്ടേറ്റ് മരിച്ചപ്പോഴാണ് ബിജെപി പിണറായി സര്‍ക്കാരിനെതിരെ ആദ്യമായി രാഷ്ട്രപതി ഭരണമെന്ന ആഹ്വാനം നടത്തിയത്. രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ശ്രീകാര്യത്തെ ചില ഗുണ്ടകള്‍ തമ്മിലുള്ള വഴക്കാണ് ഇതിന് പിന്നിലെന്നും പിന്നീട് തെളിഞ്ഞു. പിറ്റേന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത അവര്‍ തലേദിവസം തന്നെ ബിജെപി നേതാക്കള്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറെ കണ്ടിരുന്നു. ഇന്ന് അതിന്റെ തലം ഒന്നുകൂടി കടന്ന് ലോക്‌സഭയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനം ഭരിക്കുന്ന സിപിഎം കേരളത്തില്‍ അക്രമം അഴിച്ചു വിട്ടിരിക്കുകയാണെന്നുമാണ് ബിജെപിയുടെ പരാതി.

അമൃതാനന്ദമയി, സെന്‍കുമാര്‍, പ്രിയദര്‍ശന്‍; ഹര്‍ത്താലിലെ നഷ്ടപരിഹാരം ശബരിമല കര്‍മ്മസമിതി നേതാക്കളായ ഇവരില്‍ നിന്നും ഈടാക്കണം

ഇന്ന് രാവിലെ പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയുടെ മുന്നില്‍ പ്രതിഷേധം നടത്തിയിട്ടായിരുന്നു ബിജെപി എംപിമാര്‍ സമ്മേളനത്തിനെത്തിയത്. വി മുരളീധരന്‍ എംപിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയിലെ മുതുകുളത്തിനടുത്ത് പത്തിയൂര്‍ പഞ്ചായത്തിലെ ഹൈസ്‌കൂളില്‍ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ ആര്‍എസ്എസ് അടിച്ചു തകര്‍ത്തിരുന്നു. ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഈ അതിക്രമം. ഇന്ന് മറ്റൊരു ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്നു തന്നെ അവര്‍ പ്രതിഷേധത്തിന്റെ ആദ്യ പടി തുടങ്ങിയത് അപഹാസ്യമല്ലാതെ മറ്റെന്താണ്.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ 90 ശതമാനം ഉത്തരവാദിത്വം ആര്‍എസ്എസിനും അവരുടെ രാഷ്ട്രീയ വിഭാഗമായ ബിജെപിക്കുമാണ്. ബാക്കി പത്ത് ശതമാനം മാത്രമാണ് സിപിഎം ഉള്‍പ്പെടെയുള്ള മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വരിക. തങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ കാരണം അസ്വസ്ഥമായ ഒരു സമൂഹത്തിലേക്ക് രാഷ്ട്രപതി ഭരണം എന്ന നൂലില്‍ കെട്ടിയിറക്കുന്ന തങ്ങളുടെ ഭരണം നടപ്പിലാക്കാനുള്ള ശ്രമമാണ് ബിജെപി ഇവിടെ നടത്തുന്നത്. നേമം മണ്ഡലത്തില്‍ അബദ്ധത്തില്‍ ലഭിച്ച ഒരു സീറ്റ് പോലെ കേരളത്തില്‍ അധികാരത്തിലേറല്‍ അത്ര എളുപ്പമല്ലെന്ന് മറ്റാരേക്കാളും നന്നായി അറിയുന്നത് ബിജെപിക്ക് തന്നെയാണ്. ശബരിമല കേരളത്തിലേക്കുള്ള ഒരു എന്‍ട്രിയാകുമെന്ന് ആദ്യകാലത്ത് പ്രതീക്ഷിച്ചെങ്കിലും തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം. അതിനാല്‍ തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ഭരണത്തിന്റെ നിയന്ത്രണം -അത് രാഷ്ട്രപതി വഴിയെങ്കില്‍ അങ്ങനെ- തങ്ങള്‍ക്ക് വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്.

വിരട്ടാനുള്ള ശേഷിയൊന്നും ബിജെപിക്കില്ല; രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്ന ഭീഷണിക്കെതിരെ മുഖ്യമന്ത്രി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍