UPDATES

ബ്ലോഗ്

അയ്യൻകാളിയുടെ ജന്മസ്ഥലത്തെ നിലവിളക്കും എഴുത്തിനിരുത്തും തീർത്ഥാടനവും: പുതിയ ദൈവത്തെ സൃഷ്ടിക്കുന്ന സണ്ണി എം കപിക്കാടിന്റേത് ആരുടെ രാഷ്ട്രീയം?

ചരിത്രത്തെ ആവർത്തിക്കുകയല്ല അതിനെ നിലവിലുള്ള കാലത്തിലേക്ക് എങ്ങനെ ഉപയോഗിക്കാം എന്നതാണ് വിമോചന രാഷ്ട്രീയം

നിലവിളക്കും ധൂപക്കുറ്റികളും പ്രതിമയിൽ മാലയുമൊക്കെയായി അയ്യൻകാളി പ്രതിമയുടെ മുന്നിൽ ഒരു കുട്ടിയെ എഴുത്തിനിരുത്തുകയും കുട്ടിയെ എഴുതിച്ച സണ്ണി എം കപിക്കാട് അയ്യൻകാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂർ ഒരു തീർത്ഥാടനകേന്ദ്രമാകണമെന്നും പറഞ്ഞു. എഴുത്തിനിരുത്തും തീർത്ഥാടനവുമൊക്കെയായി പുതിയ ശരണം വിളികൾക്കായി ആർ ആരെയാണ് ഒരുക്കുന്നത്? വിശുദ്ധിയും ശുദ്ധിയും വെറുമൊരു അലങ്കാരച്ചാർത്തല്ല ഇന്ത്യയിൽ. അത് ജാതിവ്യവസ്ഥയുമായും ബ്രാഹ്മണ്യ മൂല്യബോധവും അധികാരക്രമവുമായും അഭിന്നമായി നിൽക്കുന്ന ഒരു സങ്കൽപ്പമാണ്. ജാതിയിൽ താഴ്ന്നവരായി ബ്രാഹ്മണ്യാധികാര വ്യവസ്ഥ നിശ്ചയിച്ച, തൊഴിലെടുക്കുന്ന മനുഷ്യരെ കണ്ടാലും തൊട്ടാലും നഷ്ടമാകുന്ന ഒന്നാണ് ശുദ്ധി എന്നതാണ് അതിനെ സ്വയം വിശുദ്ധമാക്കുന്നതും മറ്റുള്ളവരെ തൊട്ടുകൂടാത്ത അശുദ്ധിയുള്ളവരാക്കുന്നതും. ശൂദ്ര സ്ത്രീ മുലകൊടുത്താൽ ബ്രാഹ്മണ ശിശുവിന്റെ സുകൃതം നഷ്ടമാകുമെന്നും ശൂദ്ര സ്ത്രീയെ തൊട്ട ബ്രാഹ്മണ സ്ത്രീ തീണ്ടിയ അശുദ്ധി കുളിച്ചു മാറ്റാതെ മുലകൊടുത്താൽ കുഞ്ഞിന് ബ്രഹ്മക്ഷയം ഉണ്ടാകുമെന്നുമാണ് ബ്രാഹ്മണ നിയമം. ജന്മനാ തന്നെ സുകൃതവും ബ്രഹ്മതേജസുമൊക്കെയായി തങ്ങളും, അശുദ്ധരായ മറ്റുള്ളവരും എന്നാണത്. അതിനു വൃത്തിയുമായി യാതൊരു ബന്ധവുമില്ല. അതായത് ശുദ്ധിയും വൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല. ശുദ്ധി മനുഷ്യത്വ വിരുദ്ധമായ ഒരു അധികാര സങ്കൽപ്പമാണ് ഇന്ത്യയിൽ.

ബ്രാഹ്മണ്യ മൂല്യബോധത്തിന്റെ അടിത്തറയിലാണ് ഈ ശുദ്ധി സങ്കല്പം മനുഷ്യന്റെ സകല നിത്യനിദാന പ്രവർത്തികളിലേക്കും അതും കടന്നു സകല ചരാചരങ്ങളിലേക്കും വ്യാപിച്ചത്. ശരീരത്തിൽ നിന്നും അത് ശരീരവുമായി അത്രയേറെ ബന്ധിതമായ ഭക്ഷണത്തിലേക്ക് കടക്കും. അത് ഭക്ഷണപദാർത്ഥങ്ങളെ മാത്രമല്ല പാത്രത്തേയും വിളമ്പുകാരെയും വരെ ശുദ്ധാശുദ്ധങ്ങളിൽ വേർതിരിക്കും. അതുകൊണ്ടാണ് ആർത്തവമുള്ള സ്ത്രീകൾ അടുക്കളയ്ക്ക് പുറത്താകുന്നത്.

ഇതേ ബ്രാഹ്മണ്യയുക്തിയിലാണ് അല്ലെങ്കിൽ യുക്തിയില്ലായ്മയിലാണ് അക്ഷരവും വാക്കും വിശുദ്ധമാകുന്നത്. പതിനായിരക്കണക്കിന് വർഷങ്ങളിലൂടെയുള്ള മനുഷ്യന്റെ ജെവികവും നാഗരികവുമായ സങ്കീർണമായ വികാസപരിണാമങ്ങളിൽ ആശയവിനിമയത്തിനായി ആർജിച്ചെടുത്ത ഒരു പദ്ധതിയാണ് അക്ഷരങ്ങളും ലിപിയും എഴുത്തും അച്ചടിയുമൊക്കെ. ആശയവിനിമയത്തിന്റെ സാധ്യതകൾ എക്കാലത്തും അധികാരത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ അതിനുള്ള എല്ലാ മാർഗങ്ങളെയും തങ്ങളുടെ മാത്രം കൈവശമായി നിർത്തുക എന്നത്‌ അധികാരം നിലനിർത്താനുള്ള ഒരു അവശ്യ തന്ത്രം കൂടിയായിരുന്നു. ഇങ്ങനെയാണ് അറിവിന്റെ മുകളിലുള്ള കുത്തക സാമൂഹ്യശ്രേണിയിൽ ഉണ്ടാകുന്നത്. ജാതി വ്യവസ്ഥയിൽ ബ്രാഹ്മണൻ അറിവിന്റെ തമ്പുരാനാകുന്നതും അറിവ് കേൾക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്നതും ഇത്തരത്തിലൊരു അധികാരപ്രയോഗമാണ്.

ഈ അധികാരപ്രയോഗം, ജാതിവ്യവസ്ഥയിൽ കേവലമായ അധികാരപ്രയോഗം മാത്രമായി അതൊതുങ്ങുന്നില്ല. അക്ഷരങ്ങൾക്കും അറിവിനും കിട്ടുന്നു ശുദ്ധിസങ്കല്പത്തിന്റെ ബ്രാഹ്മണന്യായം. അങ്ങനെയാണ് അക്ഷരം വിശുദ്ധമാകുന്നത്. അറിവ് വിശുദ്ധമാകുന്നത്. ഒരലങ്കാരമെന്ന നിലയിൽ നമുക്ക് എളുപ്പം പറഞ്ഞുപോകാവുന്ന അക്ഷര വിശുദ്ധി അതിന്റെ രാഷ്ട്രീയാർത്ഥത്തിൽ, സാമൂഹ്യാധികാര ബന്ധങ്ങളിൽ കൃത്യമായ ഒരു ചുമതല നിർവഹിക്കുന്നുണ്ട്. ഇങ്ങനെ ശുദ്ധിയുള്ള ഒന്നായതുകൊണ്ടാണ് അശുദ്ധരായ ശൂദ്രർക്കും തൊട്ടുകൂടാത്തവർക്കും അക്ഷരം നിഷേധിക്കപ്പെട്ടത്. അത്തരത്തിലൊരു വിശുദ്ധി ഇതിനുണ്ടെന്നു വരുത്താൻ അക്ഷരത്തിനു ചുറ്റും ബ്രാഹ്മണ്യ മൂല്യവ്യവസ്ഥ തീർത്ത ആലഭാരങ്ങളാണ് ഈ എഴുത്തിനിരുത്തുപോലുള്ള അക്ഷരഭക്തിസാന്ദ്രമായ ചടങ്ങുകൾ.

ഈ വിശുദ്ധി സങ്കൽപ്പത്തെ ഭേദിക്കാൻ കഴിയാത്തതുകൊണ്ടാണ്, അല്ലെങ്കിൽ ഈ ശുദ്ധി സങ്കല്പം അതിന്റെ കൂടെയുള്ളതുകൊണ്ടാണ് മുസ്‌ലിം പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും അതാത് ദൈവങ്ങളുടെ പേരുകളിൽ എഴുത്തിനിരുത്തുന്നതും “മതേതര” എഴുത്തിനിരുത്തലുകളിൽ ദൈവമൊഴിച്ചുള്ള സമാന ആചാരങ്ങളോടെ അക്ഷരവിശുദ്ധിയെക്കുറിച്ച് മതേതര പ്രവാചകർ വാചാലരാകുന്നതും. ഈ ബ്രാഹ്മണ്യവിശുദ്ധി സങ്കൽപ്പത്തിൽ നിന്നുകൊണ്ടാണ് ഗണപതിക്ക്‌ പകരം അയ്യങ്കാളിയെന്നോ, അപ്പച്ചനെന്നോ ഒക്കെ എഴുതിപ്പിക്കാം എന്ന് വെങ്ങാന്നൂരിൽ മറ്റു പലരും നിർദ്ദേശിക്കുന്നത്.

ഇങ്ങനെ മന്ത്രവും യാഗവും ഹോമവും തീണ്ടാപ്പാടുകളും ശുദ്ധാശുദ്ധങ്ങളുമായി ഏതോ വിദൂരലോകത്തു നിന്നിരുന്ന അക്ഷരങ്ങളെയും അറിവിനെയും അതിന്റെ അഭൗമ വ്യാജ ലോകത്തുനിന്നും എല്ലാ മനുഷ്യർക്കുമായി കൊണ്ടുവന്നത് ബ്രാഹ്മണ്യമൂല്യബോധത്തിനു പുറത്തുള്ള “പൊതു” സങ്കൽപ്പമാണ്. അതിനെ സാമാന്യമായ സാമൂഹ്യവ്യവഹാരമാക്കി മാറ്റിയ ആധുനികതയാണ്.

അങ്ങനെയുണ്ടായ വിദ്യാലയങ്ങളിലാണ് വിശുദ്ധമല്ലാത്ത അറിവിനായി ആളുകൾ പോകാൻ തുടങ്ങിയത്. അറിവിന്റെ ആധുനിക ജ്ഞാനരൂപങ്ങളുടെ വിനിമയത്തിൽ മന്ത്രങ്ങളില്ല, വിശുദ്ധിയില്ല, നിലവിളക്കും ദേവീദേവന്മാരുമില്ല. അത്തരത്തിൽ ബ്രാഹ്മണ്യാധികാരത്തിന് പുറത്തുള്ള അറിവിനെ ജാതിവ്യവസ്ഥയിലെ മേൽക്കോയ്മയുടെ പേരിൽ മാത്രം പിടിച്ചു നിർത്താൻ അവർക്ക് പാടായിരുന്നു. അങ്ങനെയുള്ള അറിവിനായാണ്, മതി നിങ്ങളുടെ അക്ഷരവിശുദ്ധി എന്ന് പറഞ്ഞുകൊണ്ട്, അയ്യൻകാളി പഞ്ചമിയെയും കൊണ്ട് കയറിച്ചെല്ലുന്നത്. ഞങ്ങളെയും എഴുത്തിനിരുത്തൂ എന്നായിരുന്നില്ല ആ കടന്നുചെല്ലലിന്റെ അർത്ഥം. ബ്രാഹ്മണ്യത്തിന്റെ അക്ഷരയാഗശാലയിലേക്കല്ല, ആധുനിക വിദ്യാഭ്യാസത്തിന്റെ വിദ്യാലയത്തിലേക്കാണ് ചെന്നത്.

അക്ഷരം എന്നത്, മനുഷ്യരുടെ സാമൂഹ്യവികാസപ്രക്രിയയിലെ ആശയവിനിമയത്തിനുള്ള ക്രയവിക്രയപ്രക്രിയയ്ക്കുള്ള ഒരു ഉപാധിയാണ് എന്ന വസ്തുതയെ കൊളോണിയൽ ആധുനികതയുടെയും അച്ചടിയന്ത്രങ്ങളുടെയും വരവോടെ ബ്രാഹ്മണ്യമൂല്യവ്യവസ്ഥയ്ക്ക് തടഞ്ഞുനിർത്താൻ പറ്റാതായി. മാത്രവുമല്ല ജാതിവ്യവസ്ഥയുടെ അധികാരത്തിനപ്പുറത്തുള്ള രാഷ്ട്രീയ-സാമ്പത്തികാധികാരങ്ങളുള്ള കൊളോണിയൽ ഭരണവുമായി ബന്ധപ്പെട്ട ഒരറിവും ബ്രാഹ്മണ്യ വിശുദ്ധിയുടെ ഗ്രന്ഥപ്പുരകളിൽ ഇല്ലായിരുന്നു. സ്വാഭാവികമായും അതൊരു മൃതവിശുദ്ധി മാത്രമായി.

അതുകൊണ്ടാണ് നാരായണഗുരു സംസ്‌കൃതം പഠിച്ചപ്പോൾ അംബേദ്‌കർ ഇംഗ്ലീഷ് പഠിച്ചത്. നാരായണ ഗുരു സംന്യാസിയായപ്പോൾ അംബേദ്‌കർ സായിപ്പിനെപ്പോലെ വസ്ത്രം ധരിക്കുകയും അന്നേക്ക് ആർക്കും അസൂയാർഹമായ പാശ്ചാത്യ വിദ്യാഭ്യാസ നേട്ടങ്ങൾ കരസ്ഥമാക്കിയതും. അതായത് അധികാരത്തിന്റെയും ജാതി ഘടനയിലെ കൂടുതൽ സ്വീകാര്യതയുടെയും ലോകത്തേക്കായി കീഴാള ജാതിക്കാർ കരസ്ഥമാക്കേണ്ട ഭാഷ ബ്രാഹ്മണന്റെ കൈവശമുള്ളതല്ലാതായിക്കഴിഞ്ഞിരുന്നു. അധികാരത്തിന്റെയും ആധുനികതയുടെയും പ്രത്യക്ഷ ഭാഷയും ജീവിത രീതികളും ഇംഗ്ലീഷുകാരന്റേതായി മാറിയിരുന്നു. നമുക്ക് സംന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് നാരായണ ഗുരുവും പറയുന്നത് ഈ മാറ്റത്തിന്റെ വഴിയെന്താണ് എന്ന് മനസിലാക്കിയാണ്.

ബ്രാഹ്മണ്യത്തിന്റെ ശുദ്ധി സങ്കൽപ്പത്തെ കൊളോണിയൽ ആധുനികത ഉല്ലംഘിച്ചു എന്ന് പറയാം. എന്നാൽ സംസ്കൃതവത്കരണം (M N Srnivas) എന്ന് വിളിക്കുന്ന, ജാതിസമ്പ്രദായത്തിന്റെ ലോകത്ത് കൂടുതൽ സ്വീകാര്യത നേടാൻ ഉയർന്ന ജാതിക്കാർ കയ്യടക്കിവെച്ചിരുന്ന എല്ലാത്തരം അറിവുസമ്പ്രദായങ്ങളെയും പലപ്പോഴും ‘വിശുദ്ധം’ എന്ന് അവർ അവകാശപ്പെട്ടിരുന്ന ആചാര, ശൈലീ ഭേദങ്ങളും സ്വായത്തമാക്കുന്നത് സഹായിക്കും എന്ന ധാരണ തീരെ ഇല്ലാതായി എന്ന് കരുതാനാവില്ല. മാത അമൃതാനന്ദമയി എന്ന സുധാമണി എന്ന ജാതിഘടനയിൽ കീഴ്‌ജാതിയിൽപ്പെട്ട ഹിന്ദു ആൾദൈവത്തിന്റെ ജീവിതകഥ ‘കഥകളി’യായി അവതരിപ്പിക്കുന്നത് ഇത്തരത്തിലുള്ള സംസ്‌കൃതവത്കരണത്തിന്റെ ഭാഗമാണ്. അതൊരു ബ്രാഹ്മണ്യ സാധൂകരണമാണ്-validation -ആണ്. അല്ലെങ്കിൽ തികച്ചൊരു നൂറാൾക്ക് മനസിലാകാതെ കഥകളി കളിച്ചിട്ടല്ല അമൃതാനന്ദമയി തന്റെ ആത്മീയവ്യാപാരം നടത്തുന്നത്. പക്ഷേ കഥകളിയിലൂടെ പറയുന്ന കഥയ്ക്ക് കേരളത്തിൽ ഒരു സവർണമുദ്രയുണ്ട് എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ്.

ഈ പ്രതീകങ്ങളുടെയും സംസ്‌കൃത/ബ്രാഹ്മണ്യ ബോധത്തിന്റെയും ഉപയോഗത്തെ നിർദാക്ഷിണ്യം ഉപേക്ഷിച്ച ഒരാളായിരുന്നു ബുദ്ധൻ. സംസ്‌കൃതം എന്ന ‘ദേവഭാഷ’ താൻ ഉപയോഗിക്കുന്നില്ലെന്ന് ബുദ്ധൻ നിശ്ചയിക്കുന്നത് ഈ സംസ്കൃതവത്‌കൃത സാധൂകരണം (sanskrtized validation ) വേണ്ടെന്നുകൂടി തീരുമാനിച്ചതുകൊണ്ടാണ്. അതുകൊണ്ടാണ് സാധാരണക്കാരുടെ ഭാഷയായ പാലിയിൽ ബുദ്ധൻ സംസാരിച്ചത്. വർണാശ്രമ വ്യവസ്ഥയുടെയും ദൈവ സങ്കല്പത്തിന്റെയും പുറത്തായിരുന്നു ബുദ്ധന്റെ അന്വേഷണങ്ങൾ. അതുകൊണ്ടുതന്നെ ബ്രാഹ്‌മണ്യത്തിന് ബുദ്ധമതവുമായി ചാർച്ചയ്ക്ക് ഒരു വഴിയുമുണ്ടായില്ല.

അപ്പോൾ അക്ഷരം എഴുതാനും വായിക്കാനും പഠിക്കുക എന്നത് തികച്ചും മതേതരമായ ഒരു പ്രവർത്തിയാണ്. അതിനു പ്രത്യേകിച്ച് ശുദ്ധി സങ്കൽപ്പമൊന്നുമില്ല. പക്ഷെ അതിനെ വളരെ പവിത്രമായ ഒരു ചടങ്ങാക്കി മാറ്റുന്നതോടെ അറിവ് എന്നാൽ ശുദ്ധി കൂടിയാണെന്നുള്ള ബ്രാഹ്മണ്യ സങ്കല്പത്തെയാണ് ഒപ്പമിരുത്തുന്നത്. പ്രതിമകൾ മാറിയാലും സങ്കല്പം മാറുന്നേയില്ല എന്നുവരുന്നു. നിങ്ങളുടെ മതേതര എഴുത്തിനിരുത്തിനെപ്പോലും സാധൂകരിക്കണമെങ്കിൽ ബ്രാഹ്മണ്യത്തിന്റെ ‘ശുദ്ധി’ മൂശയിലിട്ടുവേണം പുറത്തെടുക്കാൻ എന്നുവരുന്നു.

കേരള ബ്രാഹ്മണന്റെ ജാതിഭീകരതയുടെ മൂലാധാര ഗ്രന്ഥമായ ശാംകര സ്‌മൃതിയുടെ പുസ്തക അവതാരികയിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അതിന്റെ അച്ചടിക്ക് ഹിന്ദുക്കളാരും വന്നില്ലെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട്, ആ കേരളാചാരമൂലാധാരത്തിന്റെ അച്ചടിക്ക് തയ്യാറായ ഭാരതവിലാസം അച്ചടിശാലയുടെ മാനേജർ കുഞ്ഞുവറീത് എന്ന ക്രിസ്ത്യാനിക്ക് നന്ദി പറയുന്നുണ്ട്. അച്ചടി ഒരു വ്യാവസായിക പ്രക്രിയയാവുകയും ശുദ്ധാശുദ്ധികളുടെയും അനാചാരങ്ങളുടെയും അച്ചടിയും ജാതിവ്യവസ്ഥയുടെ പുറത്തേക്ക് പോവുകയും ചെയ്യുന്നത് അക്ഷരം അതിന്റെ വ്യാജവിശുദ്ധിയിൽ നിന്നും കുതറിപ്പോയതിന്റെ ഒരു ചെറിയ ദൃഷ്ടാന്തമാണ്.

വിക്ടർ ഹ്യൂഗോയുടെ നോത്രദാമിലെ കൂനൻ (Notre-Dame de Paris)-ൽ പുരോഹിതനായ Claude Frollo ഒരു പുസ്തകം കയ്യില്പിടിച്ചുകൊണ്ട് തന്റെ പള്ളിയുടെ ഗോപുരങ്ങളിലേക്ക് നോക്കി ചിന്താധീനനായി പറയുന്നുണ്ട്- “ഇത് അതിനെ കൊല്ലും, ഈ പുസ്തകം ഈ കെട്ടിടത്തെ തകർക്കും” എന്ന്. വ്യാപകമാകുന്ന സാക്ഷരതയും അച്ചടിശാലകളും കല്ലിൽ കെട്ടിപ്പൊക്കിവെച്ചിരിക്കുന്ന നിഗൂഢദൈവത്തെ പൊളിച്ചിടുമെന്നാണ് അയാൾ തിരിച്ചറിഞ്ഞത്. 19-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയാണത്. വ്യക്തിയുടെ സാമൂഹ്യ പദവിയുടെ അടിസ്ഥാനം അച്ചടിച്ച അറിവിലേക്കും അതിൽ നിന്നുള്ള ആധികാരികതയിലേക്കും മാറിത്തുടങ്ങുകയാണ്. വ്യക്തിയുടെ സാമൂഹ്യ പദവി, ദൈവം എന്നോട് പറഞ്ഞു (Gospel truth) എന്നതിൽ നിന്നും ഞാനതൊരു പുസ്തകത്തിൽ വായിച്ചു (truth of the printed word ) എന്നതിലേക്ക് മാറുന്നു. Videosphere -ൽ അത് ഞാനത് ടെലിവിഷനിൽ കണ്ടു (truth of the broadcast image ) (Debray-Mediology ) എന്നായി മാറുന്നു പിന്നീട്.

കൊളോണിയൽ ആധുനികതയും പരിമിതമെങ്കിലും അതിനൊപ്പമുണ്ടായ ജാതിക്കു പുറത്തുള്ള ജ്ഞാനവ്യവഹാരങ്ങളും ബ്രാഹ്‌മണന്റെ ശ്രുതി-സ്‌മൃതി വ്യവഹാരത്തെയാണ് പൊളിക്കാൻ തുടങ്ങിയത്. അതിനെ കൂടുതൽ സമരോത്സുകമായി ഉപയോഗിക്കുകയും ബ്രാഹ്മണ്യമൂല്യങ്ങളേ, അതിന്റെ പ്രതീകങ്ങളെ സാമൂഹ്യവ്യവഹാരങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യുകയും ചെയ്യേണ്ടത് പുരോഗമന, മതേതര, ദളിത് രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ ചുമതലയാണ്. അതിനു പകരം ദളിത് രാഷ്ട്രീയത്തെ പ്രതിമ മാറ്റിയ വർണാശ്രമങ്ങളിൽ പത്മാസനത്തിൽ എഴുത്തിനിരുത്തുന്നത് എഴുത്തിനെ ആയുധത്തിൽ നിന്നും പൂജയാക്കുന്ന രാഷ്ട്രീയ ആത്മഹത്യയാണ്.

വെങ്ങാന്നൂരിലേക്കുള്ള തീർത്ഥാടനം അതിന്റെ മറ്റൊരു രൂപമാകും. ചരിത്രത്തെ ആവർത്തിക്കുകയല്ല അതിനെ നിലവിലുള്ള കാലത്തിലേക്ക് എങ്ങനെ ഉപയോഗിക്കാം എന്നതാണ് വിമോചന രാഷ്ട്രീയം. അതുകൊണ്ട് വെങ്ങാന്നൂർ ഒരു ചരിത്ര സ്മാരകമാവുകയും അയ്യൻകാളി ഒരു സമരപ്രതീകവും പോരാട്ടത്തിനുള്ള രാഷ്ട്രീയോർജവുമായാണ് മാറേണ്ടത്. ദൈവങ്ങളുടെ തീർത്ഥാടന മത്സരത്തിൽ അയ്യൻകാളിയെ കയറ്റിവെക്കാൻ പുരോഹിതരും ഭക്തന്മാരും ഉണ്ടാകുന്നത് എന്തായാലും ദളിതരുടെയും കര്ഷകത്തൊഴിലാളികളുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും അടിച്ചമർത്തപ്പെടുന്ന എല്ലാ മനുഷ്യരുടെയും ജനാധിപത്യ, വിമോചന രാഷ്ട്രീയസമരത്തിന്റെ ഭാഗമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍