UPDATES

ബ്ലോഗ്

“ദൈവം കാത്തു”, ചന്ദ്രയാൻ വിജയം എന്നുവരെ എഴുതാൻ മടിക്കാത്ത മാധ്യമങ്ങളുമാകുമ്പോൾ, ശാസ്ത്രത്തിനെ “ദൈവം രക്ഷിക്കട്ടെ” എന്നേ പറയാനുള്ളൂ

ഈ ചന്ദ്രയാൻ നേട്ടത്തോടൊപ്പം നാം ആശങ്കയോടെ കാണേണ്ട കാര്യം അത് വിക്ഷേപിക്കുന്നതിനു മുമ്പ് ISRO മേധാവി പുരോഹിതന്മാരെ കണ്ടും തിരുപ്പതിയിൽ പോയുമൊക്കെ അനുഗ്രഹം വാങ്ങിയെന്നാണ്. ഈ രാജ്യത്തെ ശാസ്ത്രപഠനത്തിന്റെ ദുരന്തത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ചന്ദ്രയാൻ 2 വിക്ഷേപിച്ചത് മനുഷ്യന്മാർക്കെല്ലാം സന്തോഷിക്കാവുന്ന സംഗതിയാണ്. അതിൽ ഇന്ത്യക്കാർക്ക് മാത്രമായിട്ട് അഭിമാനിക്കാനായി എന്തെങ്കിലുമുണ്ട് എന്നെനിക്കു തോന്നുന്നില്ല. കാരണം ശാസ്ത്രം എന്നത് ഒരു ദേശീയതാ വിനോദമല്ല എന്നത് തന്നെ. അങ്ങനെ രാജ്യത്തിന്റെ അതിരുകളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നായിരുന്നു ശാസ്ത്രീയമായ അന്വേഷണങ്ങളും പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും വിജ്ഞാന വ്യാപനവുമൊക്കെയെങ്കിൽ ഇന്ത്യക്കാർ ഇപ്പോഴും പുഷ്പക വിമാനം പോയ വഴിക്ക് ജടായു പറക്കുന്ന രാമായണം വിസ്മയ ബാലെ കണ്ട് സങ്കൽപ്പ വായുവിമാനം വിട്ടിരിക്കുമായിരുന്നു.

വംശീയതക്കും ക്ഷുദ്ര ദേശീയതക്കും എല്ലാം തടുക്കാനാവാത്ത ഒന്നായിരിക്കണം ശാസ്ത്രീയവിജ്ഞാനത്തിന്റെ മഹാപ്രപഞ്ചം. യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയപ്പോൾ അയാൾ അങ്ങനെയെത്തുന്ന ആദ്യ മനുഷ്യനായിരുന്നു. പിന്നാലെ പോയവരും വന്നവരുമെല്ലാം മനുഷ്യരാശിയുടെ ബഹിരാകാശദൂതികളായിരുന്നു.

ശാസ്ത്രീയ വിജ്ഞാനത്തേയും അതിന്റെ നേട്ടങ്ങളെയും മറ്റെന്തിനെയും പോലെ വില്പനച്ചരക്കാക്കുകയും ഭൂമിയെത്തന്നെ ഇല്ലാതാക്കാനുള്ള ആയുധങ്ങളാക്കുകയും ചെയ്തത് മുതലാളിത്തമാണ്. അതുകൊണ്ടുതന്നെ ശാസ്ത്രം മനുഷ്യർക്ക്, ശാസ്ത്രം സാമൂഹ്യവിപ്ലവത്തിനു എന്നൊരു മുദ്രാവാക്യം കൂടി ഓരോ ശാസ്ത്രീയ മുന്നേറ്റത്തിനുമൊപ്പം നാം വെക്കണം.

എന്നാൽ ഈ ചന്ദ്രയാൻ നേട്ടത്തോടൊപ്പം നാം ആശങ്കയോടെ കാണേണ്ട കാര്യം അത് വിക്ഷേപിക്കുന്നതിനു മുമ്പ് ISRO മേധാവി പുരോഹിതന്മാരെ കണ്ടും തിരുപ്പതിയിൽ പോയുമൊക്കെ അനുഗ്രഹം വാങ്ങിയെന്നാണ്. ഈ രാജ്യത്തെ ശാസ്ത്രപഠനത്തിന്റെ ദുരന്തത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അയാൾക്ക് ബഹിരാകാശ വിക്ഷേപണത്തിന്റെ സാങ്കേതികത മനസിലായിട്ടുണ്ടാകും, പക്ഷെ അയാൾക്ക് ശാസ്ത്ര ബോധമില്ല.

ശാസ്ത്രബോധം ഒരു ജീവിതമൂല്യം കൂടിയാണ്. അത് വെറും പാഠപുസ്തകങ്ങളിലൂടെ മാത്രം എത്തിക്കാനാവില്ല. നിരന്തരമായ സാമൂഹ്യ ഇടപെടലുകളും അശാസ്ത്രീയമായ അന്ധവിശ്വാസം നിറഞ്ഞ മതബദ്ധമായ പിന്തിരിപ്പൻ സാമൂഹ്യ വീക്ഷണത്തെ നിരന്തരം എതിരിട്ടുകൊണ്ടുമാത്രമേ അത് നേടാനാകൂ. അല്ലെങ്കിൽ പരിണാമ സിദ്ധാന്തത്തിന്റെ പരീക്ഷയ്ക്ക് നല്ല വിജയം കിട്ടാൻ ഡാർവിന്റെ പുസ്തകം പൂജയ്ക്കു വെക്കുന്ന മനുഷ്യരെയാണ് നാം സൃഷ്ടിക്കുക. അല്ലെങ്കിൽ ഇപ്പോൾ സൃഷ്ഠിച്ചുകൊണ്ടിരിക്കുന്നത്.

ദൈവം കാത്തു, ചന്ദ്രയാൻ വിജയം എന്നുവരെ എഴുതാൻ മടിക്കാത്ത മാധ്യമങ്ങളുമാകുമ്പോൾ ശാസ്ത്രത്തിനെ ദൈവം രക്ഷിക്കട്ടെ എന്നേ പറയാനുള്ളു!

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍