UPDATES

ബ്ലോഗ്

യുഡിഎഫ് ഭരിച്ചപ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരം നടത്തിയിരുന്നു; രമേശ്‌ ചെന്നിത്തല അന്ന് കാണാതിരുന്ന സമരം പെട്ടെന്നെങ്ങനെ കണ്ണില്‍പ്പെട്ടു?

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് എന്ത് സംഭവിച്ചുവെന്ന് ഇന്ന് ചെന്നിത്തലയ്ക്ക് പറയാന്‍ സാധിക്കുമോ?

‘കഴിഞ്ഞ ബജറ്റിലെ 50 കോടി തന്നിരുന്നെങ്കില്‍ ഞങ്ങളീ വയ്യാത്ത കുഞ്ഞുങ്ങളേം കൊണ്ട് ഇവിടിരിക്കില്ലല്ലോ?’ ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണി സമരത്തിലിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ പീഡിതരായ കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും ചോദിക്കുന്ന ചോദ്യമാണിത്’. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ ആദ്യ വാചകങ്ങളാണ് ഇത്. അഴിമുഖം ഇന്നലെ കൊടുത്ത വാര്‍ത്തയുടെ തലക്കെട്ട് തന്റെ പോസ്റ്റില്‍ ചെന്നിത്തല ഉപയോഗിച്ചുവെന്നത് ഞങ്ങള്‍ക്ക് സന്തോഷം പകരുന്ന ഒന്നാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളെയും സാമൂഹിക പ്രവര്‍ത്തകരെയും സന്ദര്‍ശിക്കുന്ന ചിത്രത്തോടൊപ്പമാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഞങ്ങളുടെ വാര്‍ത്ത പ്രതിപക്ഷ നേതാവിനെ എന്‍ഡോസള്‍ഫാന്‍ സമരപ്പന്തലിലെത്തിച്ചുവെന്നതില്‍ അഭിമാനമുണ്ട്.

അഴിമുഖം വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:‘കഴിഞ്ഞ ബജറ്റിലെ 50 കോടി തന്നിരുന്നെങ്കില്‍ ഞങ്ങളീ വയ്യാത്ത കുഞ്ഞുങ്ങളേം കൊണ്ട് ഇവിടിരിക്കില്ലല്ലോ?’

പോസ്റ്റിന്റെ ബാക്കി ഇങ്ങനെയാണ്. ‘എന്‍ഡോസള്‍ഫാന്‍ പീഡിതരായ മുഴുവന്‍ ആളുകളെയും ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ദുരിതബാധിതരുടെ കടം പൂര്‍ണമായും എഴുതിത്തള്ളുക, പുനരധിവാസം ഉറപ്പാക്കുക, കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുക തുടങ്ങി അനുഭാവപൂര്‍വം പരിഗണിക്കേണ്ട ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഇവര്‍ സമരം ചെയ്യുന്നത്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയോ മുഖം തിരിക്കുകയോ ചെയ്യുന്ന പതിവ് രീതി ഉപേക്ഷിച്ചു ഇവരെ ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ വിളിക്കണം. കേരളത്തിന്റെ തീരാ വേദനയാണ് കാസര്‍ഗോഡ് ജില്ലയിലെ ഈ ദുരിതബാധിതര്‍.അവരുടെ കണ്ണീരൊപ്പാനുള്ള നടപടി സ്വീകരിക്കണം. റോഡുവക്കിലിരുത്തി ഈ കുഞ്ഞുങ്ങളെ നരകിപ്പിക്കരുത്. സമരത്തിനു എല്ലാ പിന്തുണയും അര്‍പ്പിക്കുന്നു.ഈ വിഷയം നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. #JusticeToVictims, #EndosulfanTragedy, #RahabilitateVictims, #InDireStraits, #DelayedJustice’

JusticeToVictims എന്ന ഹാഷ് ടാഗിനോട് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ ഡിലെയ്ഡ് ജസ്റ്റിസ് എന്ന ആ ഹാഷ് ടാഗിനോട് ഉത്തരം പറയാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തുല്യമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ഉത്തരവാദിത്വമുള്ള രാഷ്ട്രീയക്കാരന്‍ രമേശ് ചെന്നിത്തലയാണെന്ന് മറന്നുകൂടാ. കാരണം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പര്യാപ്തമായില്ലെങ്കിലും അല്‍പ്പമെങ്കിലും സഹായങ്ങള്‍ ചെയ്തിട്ടുള്ളത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അത് അവര്‍ തന്നെ മുമ്പ് സമ്മതിച്ചിട്ടുള്ള കാര്യമാണ്. കൂടാതെ അവര്‍ക്ക് വേണ്ടി കേസ് നടത്താനും മറ്റും മുന്നിട്ടിറങ്ങിയത് ഡിവൈഎഫ്‌ഐ ആയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം 3 മാസത്തിനുള്ളില്‍ നല്‍കണമെന്നും ജീവിതകാലം മുഴുവന്‍ സൗജന്യ ചികിത്സ നല്‍കണമെന്നുമുള്ള സുപ്രിംകോടതി വിധി അതിന്റെ ഫലമായിരുന്നു. അതോടൊപ്പം ഇതിന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായിരുന്നു. അന്നൊന്നും ഇവരുമായി യാതൊരു വിധത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാകാതിരുന്ന രമേശ് ചെന്നിത്തലയാണ് ഇപ്പോള്‍ അവര്‍ക്ക് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നതെന്നതാണ് ഇതിലെ ക്രൂരമായ തമാശ.

കഴിഞ്ഞവര്‍ഷം ജനുവരി 30നും ഇവര്‍ ഇതേ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയിരുന്നു. അന്ന് സമരക്കാരെ കാണാനെത്തിയ ഉമ്മന്‍ ചാണ്ടിയെ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതെന്താണെന്ന ചോദ്യവുമായാണ് അവര്‍ നേരിട്ടത്. താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലഭിക്കാത്തതെന്തുകൊണ്ടാണെന്ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും അന്വേഷിക്കുമെന്നുമായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടിയുടെ മറുപടി. സൗജന്യ ചികിത്സയും ധനസഹായവുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് കണ്ട് സമരക്കാര്‍ക്ക് വേണ്ട സഹായം ഉറപ്പുവരുത്തുമെന്നും സഹായം നടപ്പിലായില്ലെങ്കില്‍ കാസര്‍ഗോഡ് വന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നേരിട്ട് കാണുമെന്നുമൊക്കെയായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടിയുടെ വാഗ്ദാനങ്ങള്‍. അതിനു മുമ്പ് 2016 ജനുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി എത്തിയത്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനായിരുന്നു സമരക്കാരുടെ ഊര്‍ജ്ജം. അന്ന് മൂന്നാര്‍ മോഡല്‍ അനിശ്ചിതകാല സമരം നടത്തി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും വിഎസിന് സാധിച്ചിരുന്നു. പ്രവര്‍ത്തകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പിലാണ് ഒമ്പത് ദിവസം നീണ്ടു നിന്ന സമരം അവര്‍ അവസാനിപ്പിച്ചത്.

അതിനും രണ്ടുവര്‍ഷം മുമ്പ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കഞ്ഞിവെപ്പു സമരത്തെ തുടര്‍ന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദുരിത ബാധിതരായവര്‍ 2016 ജനുവരിയില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്. ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സമരം, സമരത്തെ തുടര്‍ന്ന് നല്‍കുന്ന ഉറപ്പുകള്‍ നടപ്പാക്കണമെങ്കില്‍ വീണ്ടും സമരം ചെയ്യേണ്ടി വരിക ഇതായിരുന്നു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കിയ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് നല്‍കിയ സമ്മാനം. ജീവിതത്തില്‍ ആശയറ്റ ഈ ദുരിതബാധിതരോട് നെറികേട് കാട്ടി എന്നതാണ് ഏറ്റവും വലിയ ക്രൂരത.

അക്കാലത്ത് പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയ്ക്ക് മുന്നോടിയായി അദ്ദേഹം എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും പിണറായി ഇവിടെ സന്ദര്‍ശനം നടത്തി. അതിന്റെ ചിത്രങ്ങളെല്ലാം അന്ന് വളരെയധികം ചര്‍ച്ചയാകുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിലൂടെ പരിഹാരമുണ്ടാകുമെന്ന പ്രതീതിയാണ് ആദ്യ കാലം മുതല്‍ ഉണ്ടായിരുന്നു. 2016 മെയ് മാസത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ ദുരിതബാധിതര്‍ക്കായി പത്ത് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള ക്രിയാത്മകമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനത്തിന്റെ പിടിപ്പുകേടുകള്‍ വിലങ്ങുതടിയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ അവര്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ അവഗണിക്കുക മാത്രമല്ല, പരിഹസിക്കുകയും ചെയ്തവരാണ് യുഡിഎഫ് സര്‍ക്കാര്‍ എന്നത് ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. ഹെലികോപ്റ്ററില്‍ മരുന്ന് തളിക്കുമ്പോള്‍ അവരെന്തിനാണ് താഴെ പോയി നിന്നതെന്നാണ് അന്നത്തെ കൃഷി മന്ത്രിയായിരുന്ന കെപി മോഹനന്‍ ചോദിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് കോടി രൂപയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ അനുവദിച്ചതെന്ന് കൂടി ഓര്‍ക്കണം. ഇതിന് മുമ്പായി ദുരിത ബാധിതരെ ചികിത്സിച്ച മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കാനുണ്ടായിരുന്ന മൂന്ന് കോടി രൂപയുടെ ബാധ്യത തീര്‍ക്കുകയും ചെയ്തിരുന്നു. ‘എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 10 കോടി രൂപ മാറ്റി വച്ചത് ആശ്വാസം നല്‍കുന്ന ഒന്നാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളെ ചികില്‍സിച്ച മെഡിക്കല്‍ കോളേജുകള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കാതിരുന്ന മൂന്നു കോടി പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തന്നെ കൊടുത്തു തീര്‍ത്തിരുന്നു. ഇതൊരു പ്രതീക്ഷയാണ്, കഴിഞ്ഞ സര്‍ക്കാറിന്റെ 4 ബജറ്റുകളിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഒന്നും നല്‍കിയിരുന്നില്ല. അവസാന ബജറ്റില്‍ മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ 10 കോടി രൂപ മാറ്റി വച്ചത്’- എന്നാണ് അന്ന് എന്‍ഡോസള്‍ഫാന്‍ സമര നേതാവും എഴുത്തുകാരനുമായ അംബികാസുതന്‍ മങ്ങാട് പ്രതികരിച്ചത്.

കഴിഞ്ഞ ബജറ്റില്‍ അമ്പതു കോടി രൂപയാണ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ക്ഷേമത്തിനായി നീക്കിവച്ചിരുന്നത്. തുടര്‍ന്ന് കടങ്ങള്‍ എഴുതിത്തള്ളുന്നതിലേക്കായി ഏഴു കോടി രൂപയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ തുക ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കില്‍ സുപ്രീം കോടതി നിര്‍ദ്ദശമനുസരിച്ച് ലിസ്റ്റിലുള്ള ഓരോ ദുരിത ബാധിതര്‍ക്കും അഞ്ചു ലക്ഷം രൂപ എത്തിക്കാന്‍ സാധിച്ചേനെ എന്നും, അതു നടപ്പില്‍വരുത്താത്ത സ്ഥിതിക്ക് ഇപ്പോഴത്തെ ഇരുപതു കോടി തങ്ങളുടെ കൈകളില്‍ എത്തിച്ചേരുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇപ്പോള്‍ സമരപ്പന്തലിലുള്ളവര്‍ പറയുന്നത്. ഇത് കൂടാതെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല. 2017ലെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെട്ട അര്‍ഹരായവരെ തിരികെ ലിസ്റ്റില്‍ ചേര്‍ക്കണമെന്നതാണ് സമരത്തിന്റെ മുഖ്യ ആവശ്യം. മാനദണ്ഡങ്ങള്‍ വച്ചു പരിശോധിക്കുമ്പോള്‍ ലിസ്റ്റില്‍പ്പെടാന്‍ അര്‍ഹതയില്ലാത്തവരാണ് പുറത്തു പോയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണമെങ്കിലും, ഇപ്പോഴും ലിസ്റ്റിനു പുറത്തുള്ളവരുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് തിരുത്തുകയാണ് ഇവര്‍. ദീര്‍ഘകാലം ചികിത്സ വേണ്ടിവരുന്ന കുട്ടികളെ പരമാവധി ലിസ്റ്റില്‍ നിന്നും പുറത്താക്കി, പ്രായം ചെന്ന ക്യാന്‍സര്‍ രോഗികളടക്കമുള്ളവരെ ഉള്‍പ്പെടുത്തുകയാണുണ്ടായതെന്നാണ് സമരസമിതിയുടെ ആരോപണം.

ഈ സര്‍ക്കാരിനെ കുറ്റം പറഞ്ഞ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ രക്ഷകനായി സ്വയം പ്രഖ്യാപിക്കുന്നതിന് മുമ്പ് ചെന്നിത്തല ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പുറത്തിറക്കിയ ഭരണനേട്ടങ്ങളുടെ ലിസ്റ്റാണ് അതില്‍ ഒന്ന്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആണ് അതില്‍ അടിവരയിട്ട് പറഞ്ഞിരുന്നത്. ആ മെഡിക്കല്‍ കോളേജിന് എന്ത് സംഭവിച്ചുവെന്ന് ഇന്ന് ചെന്നിത്തലയ്ക്ക് പറയാന്‍ സാധിക്കുമോ? ഈ നേട്ടങ്ങള്‍ വര്‍ണിക്കാന്‍ തയ്യാറാക്കിയ പോസ്റ്ററില്‍ രണ്ട് എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അതില്‍ ഒരാള്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ പോലുമില്ലാത്ത കുട്ടിയായിരുന്നുവെന്നെങ്കിലും ചെന്നിത്തലയ്ക്ക് അറിയാമോ? ഒന്നും വേണ്ട എന്‍ഡോസള്‍ഫാന്‍ ബാധിച്ച് എത്രപേര്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നെങ്കിലും ചെന്നിത്തലയ്ക്ക് അറിയാമോ? ഈ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറയാനാകുമെങ്കില്‍ മാത്രമേ ഇത്തരം ഉളുപ്പില്ലായ്മയുമായി ഇനിമേലില്‍ ഇറങ്ങാവൂ.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍