UPDATES

ബ്ലോഗ്

ചര്‍ച്ച് ബില്‍ നടപ്പാക്കാന്‍ ‘ഭീരുത്വം’ തടസ്സമാകരുത് എന്നായിരുന്നു ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ അന്ന് ഓര്‍മ്മപ്പെടുത്തിയത്; വിമോചനസമര പേടിയില്‍ ഇടതുപക്ഷം മുട്ടിലിഴയുന്നു

ചര്‍ച്ച് ബില്ലിനെ നിരുപാധികം തള്ളിപ്പറഞ്ഞ് ദേശാഭിമാനി മുഖപ്രസംഗം

മതത്തിനും വിശ്വാസത്തിനും എതിരല്ല ഇടത് സര്‍ക്കാരെന്നും അതുകൊണ്ട് ചര്‍ച്ച് ബില്ലിന്റെ പേരില്‍ നടക്കുന്ന എല്ലാ പ്രചരണങ്ങളും തെറ്റാണെന്നുമാണ് ചര്‍ച്ച് ബില്ലിനെ നിരുപാധികം തള്ളിപ്പറഞ്ഞ് ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തില്‍ (മാര്‍ച്ച് 5 /2019) പറഞ്ഞിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഈ വാക്കുകള്‍ സഭാപുരോഹിതന്മാര്‍ ചര്‍ച്ച് ആക്ടിനെതിരേ പറയുന്നതിന്റെ മറ്റൊരു രൂപം മാത്രമാണ്. അഥവാ സഭ എങ്ങനെയാണോ ചര്‍ച്ച് ബില്ലിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് അതുപോലെ സര്‍ക്കാരും ചെയ്യുകയാണ്. നാടോടിക്കാറ്റ് സിനിമയിലെ പ്രശസ്തമായ ഫലിതംപോലെ ‘ചേട്ടന്റെയും എന്റെയും ശബ്ദം ഒരുപോലെയിരിക്കുന്നു’ എന്നാണ് സഭയും സര്‍ക്കാരും പറയുന്നത് ശ്രദ്ധിച്ചപ്പോള്‍ തോന്നിയത്. ചര്‍ച്ച് ബില്ലിലെ നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും ബോധ്യമാകും അത് ഒരുവിധത്തിലും സഭാവിശ്വാസങ്ങളെയോ മതാചാരങ്ങളെയോ സംബന്ധിക്കുന്നതോ ബാധിക്കുന്നതോ അല്ലെന്നത്. രാജ്യത്ത് ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടും അത് എല്ലാവിധത്തിലും ഉള്‍ക്കൊണ്ടുമാണ് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ അധ്യക്ഷതയില്‍ ഒരുകൂട്ടം നിയമ വിദഗ്ധര്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്ല് അഥവാ ചര്‍ച്ച് നിയമം തയ്യാറാക്കിയത്.


ഇന്ത്യയുടെ മതേതര ഭരണഘടന മതങ്ങളുടെ ആഭ്യന്തരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം സര്‍ക്കാരുകള്‍ക്ക് നല്‍കുന്നില്ല. എന്നാല്‍ ഭരണഘടനാ ചട്ടം ഇരുപത്തിയഞ്ചില്‍ സാമ്പത്തികവും ധനപരവും രാഷ്ട്രീയപരവുമായ ഇടപാടുകളെ ക്രമപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും നിയമപരമാക്കുന്നതിനും (Article 25 2(A)regulating or restricting any economic, financial, political or other secular activity which may be associated with religious practice;) ഭരണഘടനാ ചട്ടം ഇരുപത്തിയാറ് പ്രകാരം ആവിശ്യമായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് അനുവാദമുണ്ട് (Article 26: gives every religious group a right to establish and maintain institutions for religious and charitable purposes, manage its affairs, properties as per the law)എന്നത് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദു ദേവസ്വങ്ങളും സിക്ക് ഗുരുദ്വാരകളും ഇസ്ലാമിക വഖഫ് ബോർഡുകളും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത്. അവിടെയൊന്നും വിശ്വാസപരമായ കാര്യങ്ങളില്‍ ഭരണഘടനാവിരുദ്ധമായ യാതൊരു ഇടപെടലുകളും സര്‍ക്കാര്‍ നടത്തുന്നില്ല എന്നിരിക്കെ ഭരണഘടന ഉറപ്പ് നല്‍കുന്ന വിശ്വാസപരമായ എല്ലാ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് സഭയുടെ സ്വത്തുക്കള്‍ ഭരിക്കുന്നതിന് വിശ്വാസികളുടെ സമിതിക്ക്കൂടി അവകാശം നല്‍കുന്ന നിലവിലെ സംവിധാനങ്ങളില്‍ നിന്നും കൂടുതല്‍ സുതാര്യവും ജനാധിപത്യപരവും നിയമപരവുമായ ചര്‍ച്ച് ബില്ലിനെതിരെ ഒരുകൂട്ടം സഭാപിതാക്കന്മാരും അവരാല്‍ തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികളും വോട്ടുബാങ്കിന്റെ പ്രീണനരാഷ്ട്രീയത്തില്‍ മൂക്കികുത്തിവീഴുന്ന നാളിതേവരെ കേരളം ഭരിച്ച ഇടത്-വലത് സര്‍ക്കാരുകളും ചര്‍ച്ച് നിയമത്തെ പെട്ടിയില്‍ പൂഴ്ത്തിവക്കാനും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പോലും ഇവിടെ നടന്നുകൂടാ എന്ന് ശഠിക്കുന്നതും.

ചര്‍ച്ച് ബില്ലെന്ന് കേള്‍ക്കുമ്പോഴേ സഭയിലെ ഒരാള്‍ക്കൂട്ടം അതിനെ എതിര്‍ത്തുകൊണ്ട് എല്ലാക്കാലത്തും മുന്നോട്ടു വന്നിട്ടുണ്ട്. ഇങ്ങനെയൊരു ബില്ല് നിയമമായാല്‍ ഉണ്ടാകുന്ന സാമ്പത്തികമായ അധികാരവികേന്ദ്രീകരണത്തെ അവര്‍ ഭയപ്പെടുന്നു എന്നതാണ് എതിര്‍പ്പിനു പിന്നിലെ പ്രധാന കാരണം. അതിനെതിരെ വിശ്വാസികളെ അണിനിരത്താന്‍ എല്ലാക്കാലത്തും പ്രയോഗിക്കുന്ന വാക്കുകളാണ് സഭയുടെ മേലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റം, മതസ്വാതന്ത്ര്യതിന് മേലുള്ള കടിഞ്ഞാണ്‍, നിരീശ്വരവാദം നടപ്പാക്കല്‍, ക്രൈസ്തവ വിശ്വാസങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നതൊക്കെ. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും അധികാരങ്ങള്‍ക്കും എപ്പോഴെങ്കിലും നിയമപരമായ നിയന്ത്രണങ്ങളോ പരിഷ്‌കാരങ്ങളോ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അതെല്ലാം ‘സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയാടല്‍’ എന്ന് ചാപ്പയടിച്ചാണ് സഭകള്‍ ഇടയലേഖനങ്ങളും പ്രതിഷേധ സമരങ്ങളും നടത്തുന്നത്. കലാകാലങ്ങളായി കേരളം ഭരിച്ച സര്‍ക്കാരുകളാകട്ടെ ഈ വിരട്ടലുകള്‍ക്ക് മുന്നില്‍ മുട്ടിടിച്ചു നിന്നതും വഴങ്ങിയതും പ്രീണിപ്പിച്ചുകൂടെ നിര്‍ത്തിയതുമായ ചരിത്രമാണുള്ളത്.

ശബരിമലയിലെ കോടതി വിധിയിലുള്‍പ്പടെ നിയമത്തോടൊപ്പം നിന്ന് ‘പുതിയ നവോത്ഥാനം’ നിര്‍മ്മിക്കുന്ന പിണറായി സര്‍ക്കാര്‍ നിയമത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് നിയമവിദഗ്ധന്മാര്‍ തയ്യാറാക്കിയ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്ല് അഥവാ ചര്‍ച്ച് നിയമത്തെ സഭാപിതാക്കന്മാരുടെ അതേ ഭാഷയില്‍ തള്ളിപ്പറയുന്നതും വലിച്ചെറിയുന്നതും നിര്‍ഭാഗ്യകരമാണ്. എന്ന് മാത്രമല്ല ചര്‍ച്ച് ബില്ല് സംബന്ധിച്ച കരട് രേഖകള്‍ നിയമപരിഷ്‌ക്കാര കമ്മീഷന്റെ വെബ് സൈറ്റില്‍ നിന്നുപോലും നീക്കം ചെയ്ത് അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ ഇടയുള്ളതും ഉണ്ടാകേണ്ടതുമായ എല്ലാ ചര്‍ച്ചകളെയും അപ്രസക്തമാക്കി പാര്‍ട്ടിയുടെ മുഖപത്രത്തില്‍ ഇടത് സര്‍ക്കാര്‍ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരല്ല എന്ന് എഴുതിപ്പിടിപ്പിച്ചത് ചര്‍ച്ച് ബില്ലിനെ തെറ്റിദ്ധരിപ്പിക്കുന്നതും ജസ്റ്റിസ് കൃഷ്ണയ്യരും ജസ്റ്റിസ് കെ.ടി തോമസും അടങ്ങുന്ന നിയമവിദഗ്ധന്മാരുടെ പരിശ്രമങ്ങളെയും ചര്‍ച്ച് ബില്ല് നടപ്പാക്കണം എന്ന് കാലാകാലങ്ങളായി ആവശ്യപ്പെടുന്ന ഒരുകൂട്ടം സഭാപിതാക്കന്മാരെയും വിശ്വാസികളെയും അവഹേളിക്കുന്നതിനും തുല്യമാണ്. ലോക് സഭാ തിരഞ്ഞെടുപ്പ് ആസന്നമായ രാഷ്ട്രീയ സാഹചര്യത്തില്‍ ചര്‍ച്ച് ബില്ലിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി വിവിധ സഭകളിലും സമൂഹങ്ങളിലും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളിലുള്ള ഭയമാണ് സര്‍ക്കാരിന്റെ മലക്കം മറിച്ചിലിന്റെ കാരണം. ഇങ്ങനെയൊരു ബില്ല് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പറയുന്ന സര്‍ക്കാരിനുവേണ്ടി പാര്‍ട്ടിയും പറയുന്ന ന്യായവാദം.

Read: മാര്‍ക്കേസ് ഭയന്നത് സംഭവിക്കുമോ? ‘ഏകാന്തതയുടെ നൂറു വർഷങ്ങളു’മായി നെറ്റ്ഫ്ലിക്സ്

സഭയിലെ സ്വത്തുതര്‍ക്കങ്ങളും നിഗൂഢമായ ഇടപാടുകളും പരസ്യമായ രഹസ്യമാണ്. ബിഷപ്പ്മാരില്‍ സാമ്പത്തികാധികാരങ്ങള്‍ കേന്ദ്രീകരിക്കുന്ന കാനോന്‍ നിയമത്തിന്റെ സംരക്ഷണത്തിലാണ് ഇതെല്ലാം നടക്കുന്നത്. ചര്‍ച്ച് ബില്ലില്‍ പറയുന്ന പ്രധാന ആശയമാകട്ടെ ഓരോ ഇടവകകളും ഒരു ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്യണമെന്നതാണ്. വിശ്വാസികളില്‍ നിന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്നതും സഭാപിതാക്കന്മാര്‍ ഉള്‍പ്പെടുന്നതുമായ ഈ ട്രസ്റ്റിനാകും സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള അധികാരം വന്നുചേരുക. ഇതോടെ ബിഷപ്പുമാരുടെ ഏകാധിപത്യവും അധികാര ദുര്‍വിനിയോഗങ്ങളും ചോദ്യം ചെയ്യപ്പെടും. സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും നിയമപരവുമാകും. ഇതൊക്കെ തന്നെയാണ് സഭയുടെ ഉന്നതങ്ങളില്‍ നിന്നും ചര്‍ച്ച് ബില്ലിനെതിരെ ബോംബുകള്‍ നിക്ഷേപിക്കാനുള്ള പ്രധാന കാരണം. പള്ളികളുടെ സ്വത്തിന്റെ അവകാശം പൗരോഹിത്യകരങ്ങളില്‍ കേന്ദ്രീകരിക്കപ്പെടാതെ കത്തോലിക്കാ വിശ്വാസികള്‍ക്കും ഇടവകസമിതികള്‍ക്കും നല്‍കുന്ന അനിവാര്യമായ ഒരു നിയമത്തെയാണ് മതവികാരം കുത്തിയിളക്കി വിശ്വാസികളെത്തന്നെ മുന്നില്‍ നിര്‍ത്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ചീട്ടുകളിയില്‍ സര്‍ക്കാര്‍ മൂക്കുംകുത്തി വീഴുന്നതും. സഭയും സര്‍ക്കാരും ഒത്തുചേര്‍ന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. സഭയിലെതന്നെ വലിയൊരു വിഭാഗം ചര്‍ച്ച് ബില്ല് നടപ്പാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ വാക്കുകളോ അഭിപ്രയങ്ങളോ മുഖവിലയ്ക്കെടുക്കാതെ ചര്‍ച്ച് ബില്ലിനെതിരെ നില്‍ക്കുന്നവരാണ് ക്രൈസ്തവവിശ്വാസികള്‍ മുഴുവനുമെന്ന തരത്തിലാണ് സഭയും മറ്റൊരു വിധത്തില്‍ സര്‍ക്കാരും വ്യക്തമാക്കുന്നത്!

യശ്ശ:ശരീരനായ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചെയര്‍മാനായ നിയമവിദഗ്ധരുടെ സമിതി പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് സമര്‍പ്പിച്ച ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്ല് അഥവാ ചര്‍ച്ച് നിയമത്തെയാണ് കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ‘ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയില്‍’ പെട്ടിയിലിട്ട് പൂട്ടിവച്ചത്. ഇത് നടപ്പാക്കാന്‍ ‘ഭീരുത്വം’ തടസ്സമാകരുത് എന്നായിരുന്നു കൃഷ്ണയ്യര്‍ അന്ന് അധികാരികളെ ഓര്‍മ്മപ്പെടുത്തിയത്! എന്നാല്‍ ഇരച്ചുവന്ന വെള്ളക്കുപ്പായങ്ങള്‍ക്കും ഇടയലേഖങ്ങള്‍ക്കും മുന്നില്‍ സര്‍ക്കാരുകളുടെ മുട്ടിടിച്ചു.’ന്യൂനപക്ഷ മത പരിഷ്‌കാരങ്ങള്‍’മാത്രം തീക്കളിയാണ് എന്നാണ് ഓരോ സര്‍ക്കാരും പറയാതെ പറഞ്ഞു. പ്രീണനങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയം വരച്ചിടുന്ന ലക്ഷ്മണരേഖ കടക്കുന്നത് ആത്മത്യപരമാണ് എന്നവര്‍ തിരിച്ചറിഞ്ഞു. ഈ ഇരട്ടത്താപ്പ് കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ധ്രുവീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.

Read: പത്രം ഹിന്ദു, കർത്താവ് രാമൻ; ഡായ്, ചൗക്കീദാർ എവിടെയായിരുന്നു ഹേ?

ശബരിമല വിഷയത്തില്‍ ഭരണഘടനയോടും നിയമത്തോടും ഒപ്പംനില്‍ക്കാന്‍ ആര്‍ജ്ജവം കാണിച്ച ഇടത് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കിയവരാണ് കേരളത്തിലെ പ്രബുദ്ധസമൂഹം. ശബരിമലയിലെ സാഹചര്യം മുതലെടുക്കാന്‍ പരിശ്രമിച്ച വലതുപക്ഷ വര്‍ഗ്ഗീയവാദശക്തികളെ കേരളത്തിന്റെ ഇടതുബോധം ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും നവോത്ഥാനചര്‍ച്ചകള്‍ രൂപപ്പെടുകയും ചെയ്തു. മതന്യൂനപക്ഷങ്ങളിലേക്ക് വരുമ്പോള്‍ അങ്ങനെ ഒരു പരിഷ്‌കാരവും സാധ്യമല്ലെന്നും അതെല്ലാം കേവലം ന്യൂനപക്ഷവേട്ടയാടലുകളായി വ്യാഖ്യാനിക്കുന്നതും സര്‍ക്കാര്‍തന്നെ അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നത് ലജ്ജാകരമാണ്. പ്രത്യേകിച്ചും ചര്‍ച്ച് ബില്ല് പോലെയുള്ളവ കാലത്തിന്റെ ആവിശ്യമാണ്. അത് നിയമവിരുദ്ധവും മതവിരുദ്ധവുമാണ് എന്നൊക്കെ പ്രചരിപ്പിക്കുന്നത് അതിലെ നിര്‍ദ്ദേശങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചു നോക്കാന്‍ തയ്യാറാകാത്തവര്‍ മാത്രമാണ്. ചര്‍ച്ച് ബില്ലിനെതിരേ കടലിളക്കുന്നതും നഞ്ചുകലക്കുന്നവരും മറ്റൊരു വലതുപക്ഷരാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും അക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ കൂടുതല്‍ ഇടത്തോട്ട് നില്‍ക്കാന്‍ തയ്യാറാകണമെന്നുമാണ് പറയാനുള്ളത്.അന്തരിച്ച പ്രൊഫ. ജോസഫ് പുലിക്കുന്നേലിനെപ്പോലെയുള്ളവര്‍ ജീവിതകാലം മുഴുവന്‍ ആവശ്യപ്പെട്ടതും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍പോലെയുള്ള ക്രൈസ്തവപരിഷ്‌കരണവാദി സംഘനകള്‍ പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടിരിക്കുന്നതും ആറ്റാമംഗലം സെയ്ന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപള്ളി ഇടവകയോഗം ചര്‍ച്ച് നിയമം നടപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും എന്ന് പ്രഖ്യാപിച്ചതും ‘സഭകള്‍ക്കെന്താ കൊമ്പുണ്ടോ ചര്‍ച്ച് നിയമം നടപ്പാക്കണം’ എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെപ്പോലെയുള്ള പുരോഹിതന്മാര്‍ പറയുന്നതും സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കണം.

നവോത്ഥാനം എന്നത് മതേതരമായ ഒരു പ്രക്രിയയാവണം! വിമോചന സമരങ്ങളുടെ ദുസ്വപ്നങ്ങളില്‍ സംഘടിത മതപൗരോഹിത്യങ്ങളുടെ അധികാരമേധാവിത്വങ്ങള്‍ക്കും വിലപേശലുകള്‍ക്കും മുന്നില്‍ ഭരണഘടനയുടെ ധാര്‍മ്മികതകള്‍ അടിയറവ് വയ്ക്കാതെയിരിക്കണം. ചര്‍ച്ച് ബില്ല് നിയമപരിഷ്‌കാര കമ്മീഷന്റെ വെബ്സൈറ്റില്‍ ജനാധിപത്യപരമായ ഒരു ചര്‍ച്ചയ്‌ക്ക് വേണ്ടിയെങ്കിലും പുനപ്രസിദ്ധീകരിക്കാനുള്ള ധീരത കാണിക്കണം.

രജീഷ് പാലവിള

രജീഷ് പാലവിള

എഴുത്തുകാരന്‍, കവി, വിവര്‍ത്തകന്‍, യാത്രികന്‍, രാഷ്ട്രീയ നിരീക്ഷകന്‍. കൊല്ലം സ്വദേശി. 2014 മുതല്‍ തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്നു. Websites: http://vedhandam.blogspot.com/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍