UPDATES

ബ്ലോഗ്

എറണാകുളത്ത് നടന്ന അടിയല്ല, പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അടിയാണ് സിപിഐയെ ശരിക്കും പരിക്കേല്‍പ്പിക്കുന്നത്

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പോലും പുകച്ചുരുളുകളായി പുറത്തേക്കു വിട്ടത് ശത്രുക്കളല്ല

2018ല്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് സംഘടന റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ വിമര്‍ശനമായിരുന്നു സിപിഐയില്‍ വളരുന്ന വിഭാഗീയത. നിലനിന്നിരുന്ന വിഭാഗീയത തളര്‍ത്താനല്ല, വളര്‍ത്താനാണ് നേതാക്കള്‍ ശ്രമിക്കുന്നതെന്നായിരുന്നു കുറ്റപ്പെടുത്തല്‍. നേതാക്കളുടെ അഹന്തയും വൈരാഗ്യവും അധികാരമോഹവും ഇഗോയും ഇഷ്ടാനിഷ്ടങ്ങളും സൃഷ്ടിക്കുന്ന വിഭാഗീയത പരിഹച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ കൂടുതല്‍ ക്ഷയിപ്പിക്കുമെന്ന സംഘടന റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ് ഒരു തിരുത്തല്‍ പ്രക്രിയയിലേക്ക് കൊണ്ടുപോയിട്ടില്ല സിപിഐയെ എന്നതാണ് ഇപ്പോള്‍ ആ പാര്‍ട്ടിയെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങള്‍ കാണിക്കുന്നത്.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഐജി ഓഫീസ് മാര്‍ച്ചിനെതിരെ ഉണ്ടായ പൊലീസ് ലാത്തി ചാര്‍ജ് ആണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും പാര്‍ട്ടിയിലെ രണ്ടു വിഭാഗങ്ങള്‍ക്കിടയിലെ പോരാണ് യഥാര്‍ത്ഥത്തില്‍ സാഹചര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്. ജില്ല സെക്രട്ടറിക്കും എംഎല്‍എയ്ക്കും പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി അയഞ്ഞ സമീപനം കൈക്കൊണ്ടെന്നും പരോക്ഷമായിട്ടാണെങ്കിലും ജില്ല നേതൃത്വത്തിനെതിര വിമര്‍ശനം ഉന്നയിച്ചെന്നുമൊക്കെയുള്ളത് മാധ്യമ സൃഷ്ടികളാണെന്നു പാര്‍ട്ടി പറയുന്നുണ്ടെങ്കിലും നേതാക്കള്‍ക്കിടയിലെ കലഹം ആ പാര്‍ട്ടിയില്‍ ഗ്രൂപ്പിസം വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പോലും പുകച്ചുരുളുകളായി പുറത്തേക്കു വിട്ടത് ശത്രുക്കളല്ല, സ്വന്തം പാളയത്തില്‍ തന്നെയുള്ളവരാണെന്നു പാര്‍ട്ടിക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. കാനത്തിന്റെ നോമിനിയായ പി തിലോത്തമന്‍ ഭരിക്കുന്ന സിവില്‍ സപ്ലൈസ് വകുപ്പില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സംസ്ഥാന സെക്രട്ടറിയുടെ മകനാണെന്നും വലിയ അഴിമതികള്‍ വകുപ്പില്‍ നടന്നിട്ടുണ്ടെന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍. ഈ ആരോപണങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ തെളിവുകളടക്കം കൈയില്‍ കരുതിയാണ് മുഖ്യമന്ത്രി കാനത്തിനെ നിശബ്ദനാക്കുന്നതെന്നും പറയുന്നു. കാനവും തിലോത്തമനും പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗവുമൊക്കെ ആ ആരോപണങ്ങളെ തള്ളിക്കളയുമ്പോഴും അതിന് പാര്‍ട്ടിയുടെ മൊത്തം പിന്തുണ കിട്ടുന്നില്ലെന്നതാണ് ചീഞ്ഞുനാറുന്ന പലതും പിന്നിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്.

അമ്പലപ്പുഴ സിപിഐ ഓഫിസിനു മുന്നില്‍ ‘കാനത്തെ പുറത്താക്കൂ, സിപിഐയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ മറ്റു പാര്‍ട്ടിക്കാര്‍ ആകാമെന്നാണ് ജില്ല നേതൃത്വത്തിന്റെ വാദം. ഇനിയത് സിപിഐയില്‍ ഉള്ളവരാണെങ്കില്‍ തന്നെ, പോസ്റ്ററില്‍ എഴുതിയതുപോലെ തിരുത്തല്‍വാദികളാകില്ല, ജില്ലയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ തിരുത്തല്‍വാദമല്ല, വിഭാഗീതയ തന്നെയാണ് നടക്കുന്നത്. കാനത്തിനു മേല്‍ക്കൈയുണ്ടെന്നു പറയുന്ന ആലപ്പുഴ ജില്ലയില്‍, ആ മേല്‍ക്കൈ ചോദ്യം ചെയ്യുന്ന ശബ്ദങ്ങള്‍ വലിയ തോതില്‍ ഉയര്‍ന്നു വരുന്നുണ്ട്. കഴിഞ്ഞ ജില്ലാ സമ്മേളത്തിനു പിന്നാലെ തന്നെ തുടങ്ങിയ വിഭാഗീയത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖരായവര്‍ പാര്‍ട്ടി വിട്ടുപോകുന്ന സാഹചര്യത്തിലേക്കു വരെ ഈ ഏറ്റുമുട്ടല്‍ എത്തിച്ചേര്‍ന്നിരുന്നു. ഇപ്പോള്‍ കാനത്തിനെതിരേ പോസ്റ്റര്‍ വന്നിരിക്കുന്ന അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയിലും ശക്തമായ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റികളില്‍ കാനം പക്ഷത്തിലെ നേതാക്കളെ പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടു വന്നതിലൂടെയാണ് വിഭാഗീയത രൂക്ഷമായത്. ആലപ്പുഴയും അമ്പലപ്പുഴയും വിഭജിച്ച് മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചതിനു പിന്നാലെയാണ് പ്രശ്നങ്ങള്‍ കടുത്തത്. അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയായി ജി കൃഷ്ണപ്രസാദ് വരുമെന്നു കരുതിയെങ്കിലും കൃഷ്ണപ്രസാദിനെ വെട്ടി. സെക്രട്ടറിയായിരുന്ന ഇ കെ ജയനെ മാറ്റി കൃഷ്ണപ്രസാദിനെ കൊണ്ടുവരണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. ഇത് തള്ളിക്കളഞ്ഞ് ജയനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. ഒതുക്കല്‍ തന്നെയായിരുന്നു ആലപ്പുഴ മണ്ഡലം കമ്മിറ്റിയിലും പൊട്ടിത്തെറിക്ക് കാരണമായത്. ഇവിടെ സെക്രട്ടറിയായിരുന്നു വി എം ഹരിഹരന് സ്ഥാനം നഷ്ടമായത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. തന്നെ മാറ്റിയതില്‍ പ്രതിഷേധിച്ച് ഹരിഹരന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ടാണ് ഹരിഹരനെ പിന്തിരിപ്പിച്ചത്. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ മറ്റൊരാളെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നതാണ് ഹരിഹരനെ ചൊടിപ്പിച്ചത്. അരൂര്‍ മണ്ഡലം കമ്മിറ്റിയിലും വെട്ടിനിരത്തല്‍ ഉണ്ടായിരുന്നു. ജില്ലയിലെ പല മണ്ഡലങ്ങളിലും ഇത്തരത്തില്‍ വിഭാഗീയതയും ഒതുക്കലും നടന്നതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും പാര്‍ട്ടിയോട് അകല്‍ച്ച ഉണ്ടായിരിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത്തരമൊരു പശ്ചാത്തലം ഉള്ളതുകൊണ്ടാണ് അമ്പലപ്പുഴയില്‍ കാനത്തിനെതിരേ വന്ന പോസ്റ്ററും വിഭാഗീയതയുടെ തുടര്‍ച്ചയായി പറയപ്പെടുന്നത്.

ആലപ്പുഴയില്‍ വിമതരാണെങ്കില്‍ എറണാകുളത്ത് ജില്ല നേതൃത്വം നേരിട്ടാണ് കാനം വിഭാഗത്തിനെതിരേ നില്‍ക്കുന്നത്. കെ ഇ ഇസ്മായില്‍ വിഭാഗക്കാരനായി അറിയപ്പെടുന്ന ജില്ല സെക്രട്ടറി പി രാജുവും കാനവും തമ്മില്‍ രസത്തിലല്ലെന്നത് പരസ്യമായ കാര്യമാണ്. കഴിഞ്ഞ തവണ സിപിഐയുടെ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മത്സരം നടന്ന ഏക സ്ഥലം എറണാകുളമാണ്. രാജു ഒരു തവണ കൂടി സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത് കാനം പക്ഷം ആഗ്രഹിച്ചിരുന്നില്ലെന്നതായിരുന്നു മത്സരത്തിന് കളമൊരുങ്ങാന്‍ കാരണം. രാജുവിനെതിരേ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരാളെയായിരുന്നു കാനം നിര്‍ദേശിച്ചിരുന്നത്. മുന്‍പത്തെ ടേമില്‍ രാജു സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നതാകട്ടെ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ചായിരുന്നുവെന്നതും പോരിന് ആക്കം കൂട്ടി. എന്നാല്‍ പകരം വീട്ടാനുള്ള അവസരം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാനം വിഭാഗത്തിന് മുതലാക്കാനും കഴിഞ്ഞില്ല. ഔദ്യോഗിക പാനലായി നിര്‍ദേശിച്ചവര്‍ക്കെതിരേ മത്സരിക്കാന്‍ ആറുപേര്‍ രംഗത്തെത്തിയതോടെ മത്സരം നീണ്ടു. ഒരു രാത്രി ഇരുട്ടി വെളുക്കുന്നത് വരെയാണ് തെരഞ്ഞെടുപ്പ് നീണ്ടത്. പി. രാജു ജില്ലാ കമ്മിറ്റിയിലേക്ക് അവതരിപ്പിച്ച 51 പേരുടെ ലിസ്റ്റിനെതിരേയായിരുന്നു ആറുപേര്‍ രംഗത്ത് വന്നത്. ഇവര്‍ കാനത്തിന്റെ പിന്തുണയോടെയാണ് വന്നതെന്നും പറയുന്നു. എന്നാല്‍ ആറുപേര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല. രാജുവിനെതിരേ ജില്ലയില്‍ നിലനിന്നിരുന്ന പ്രതിഷേധവും എതിര്‍വിഭാഗത്തെ തുണച്ചില്ല. കോര്‍പ്പറേറ്റ് ബിസിനസുകാരന്റെ തലത്തിലേക്ക് പാര്‍ട്ടി ജില്ല സ്രെക്രട്ടറി മാറിയെന്നതായിരുന്നു രാജുവിനെതിരേയുള്ള വിമര്‍ശനം. സെക്രട്ടറിയെ എതിര്‍ത്ത് വിദ്യാര്‍ത്ഥി-യുവജന സംഘടനകളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും നിരവധി പേര്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇവര്‍ പാര്‍ട്ടി വിടാന്‍ കാരണം ജില്ല സെക്രട്ടറിയാണെന്ന ആക്ഷേപം നേതൃത്വവും ഉയര്‍ത്തി. എന്നാല്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് വരാനും തന്റെ പാനലിനെ ജയിപ്പിച്ചെടുക്കാനും രാജുവിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ മാത്രമല്ല, കെ ഇ ഇസ്മായിലിന്റെ കൂടി വിജയമായാണ് കരുതുന്നത്.

ജില്ല നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ നിലനിന്നിരുന്ന ശീതയുദ്ധം തന്നെയാണ് ഇപ്പോള്‍ മൂര്‍ച്ഛിച്ചിരിക്കുന്നതെന്നു പറയാന്‍ കാരണവും ഈ പശ്ചാത്തലമാണ്. വൈപ്പിന്‍ ഗവ. ആര്‍ട്സ് കോളേജില്‍ നടന്ന എസ് എഫ് ഐ- എസ് എഫ് ഐ സംഘര്‍ഷവും അതേ തുടര്‍ന്ന് ജില്ല സെക്രട്ടറിയെ വഴിയില്‍ തടഞ്ഞ് ഡിവൈഎഫ്ഐക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും സംസ്ഥാന നേതൃത്വം ഗൗരവമായി കണ്ടില്ലെന്ന പരാതിയും വിമര്‍ശനവും നിലനില്‍ക്കേവെയാണ് ഐ ജി ഓഫിസ് മാര്‍ച്ച് നടക്കുന്നതും ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നതും. പൊലീസിന്റെ മര്‍ദ്ദനത്തിന് ജില്ല സെക്രട്ടറിയും എംഎല്‍എയും ഇരയായിട്ടും സംസ്ഥാന സെക്രട്ടറി പ്രതികരിക്കേണ്ടിതങ്ങനെയാണോ എന്നാണ് ജില്ലയിലെ സിപിഐ നേതാക്കള്‍ ചോദിക്കുന്നത് മനപൂര്‍വം തങ്ങളെ അവഗണിക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്യുന്നതെന്ന ആരോപണത്തോടെയാണ്.

കാനത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുവെന്നു പറയാന്‍ കഴിയില്ലെങ്കിലും ഈ പ്രശ്നത്തില്‍ കാനത്തിന് എതിര്‍ ഭാഗത്ത് നില്‍ക്കാന്‍ പല മുതിര്‍ന്ന നേതാക്കളുമുണ്ട്. സി എന്‍ ജയദേവന്‍ ഇക്കൂട്ടത്തില്‍ രംഗത്തു വന്നൊരാളാണ്. എറണാകുളം സംഭവത്തില്‍ കാനത്തിനെ തിരുത്തിയാണ് ജയദേവന്‍ സംസാരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും അവസരം നല്‍കാതെ തന്നെ വെട്ടിയതും രാജാജി മാത്യു തോമസിന് സീറ്റ് നല്‍കിയതും കാനത്തിന്റെ തീരുമാനമാണെന്ന പ്രതിഷേധം ജയദേവനുണ്ട്. തനിക്ക് ജയിക്കാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും എന്നാല്‍ സംസ്ഥാന നേതൃത്വം അവിശ്വസിക്കുകയാണ് ഉണ്ടായതെന്ന നിരാശ അദ്ദേഹം തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പ്രകടമാക്കുകയും ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനം തനിക്ക് നഷ്ടമായതു മുതല്‍ കെ ഇ ഇസ്മായേല്‍ കാനത്തിന്‍രെ എതിര്‍ ചേരിയില്‍ നില്‍ക്കുന്നതാണ്. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉള്ള രണ്ട് ഗ്രൂപ്പുകളും കാനവും ഇസ്മായിലുമാണ്. ഇസ്മായിലിനെ കാനം ഒതുക്കുകയാണെന്ന ആരോപണം പാര്‍ട്ടിയില്‍ ഇപ്പോഴുമുണ്ട്. നിശബ്ദനാണെങ്കിലും പാര്‍ട്ടിയില്‍ ഇസ്മായിലിന് ഇപ്പോഴും നല്ല പിന്തുണയുണ്ട്. ഒരവസരം തനിക്കും കിട്ടുമെന്ന കണക്കുകൂട്ടല്‍ ഇസ്മായില്‍ ഇപ്പോഴും കൈവിട്ടിട്ടുമില്ല. സിപിഎമ്മുമായും പിണറായിയുമായും അമിതമായ അടുപ്പം കാണിക്കുന്നുവെന്നതായിരുന്നു ഇസ്മായിലിനെതിരേ കാനം വിഭാഗം ഉയര്‍ത്തിയിരുന്ന ആരോപണം എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതും. അന്ന് ഇസ്മായിലിനെതിരേ ഉയര്‍ന്ന അതേ ആക്ഷേപം ഇപ്പോള്‍ കാനത്തിനെതിരേയാണ്. തിരിച്ചടിക്കുള്ള അവസരം വരികയാണന്ന് ഇസ്മായില്‍ പക്ഷം കണക്കുകൂട്ടാന്‍ തുടങ്ങിയിട്ടുമുണ്ട്. അതിന്റെ പ്രതിധ്വനികളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഇസ്മായിലിനെയും ജയദേവനെയും പോലെ കാനത്തിനോട് എതിര്‍പ്പുള്ള മറ്റൊരു നേതാവ് സി.ദിവാകരനാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായതു മുതല്‍ ഈ എതിര്‍പ്പ് തുടങ്ങിയതാണ്. മത്സരിപ്പിക്കാന്‍ ഒടുവില്‍ സമ്മതിപ്പിച്ചപ്പോഴും കരുനാഗപ്പള്ളി മണ്ഡലം ദിവാകരന് മാറേണ്ടി വന്നു. പറ്റുമെങ്കില്‍ ജയിച്ചോ എന്ന മനോഭാവത്തോടെയാണ് പിന്നീട് നെടുമങ്ങാട് മണ്ഡലം നല്‍കിയിത്. ജയിച്ചു വന്നപ്പോള്‍ ഒരു ടേം കൂടി ദിവകാരന്‍ മന്ത്രി സ്ഥാനം മോഹിച്ചിരുന്നുവെങ്കിലും കാനം അത് വെട്ടി. പകരം തന്റെ നോമിനിയായി തിലോത്തമനെ മന്ത്രിയാക്കി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ദിവാകരനെ മത്സരിപ്പിച്ചെങ്കിലും അതിന്റെ പിന്നിലും ഒരു ഒതുക്കലുണ്ടെന്നു പാര്‍ട്ടിയില്‍ സംസാരമുണ്ടായിരുന്നു. ഇതോടെ ദിവാകരനെ പാര്‍ലമെന്ററി രംഗത്തു നിന്നും പിന്‍വലിക്കുകയാണ് കാനത്തിന്റെയും കൂട്ടരുടെയും ലക്ഷ്യമാണ് ആ ഒതുക്കലിനു പിന്നിലുള്ള രഹസ്യമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ലമെന്ററി രംഗത്തു നിന്നും പിന്‍വാങ്ങേണ്ടി വന്നാല്‍ സംഘടന തലത്തില്‍ ശക്തനാകാന്‍ ദിവാകാരന്‍ ശ്രമിക്കും. അതു തടയാന്‍ എതിര്‍വിഭാഗവും. നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ ആ എതിര്‍പ്പിനെ മറികടക്കാന്‍ ദിവാകരന് സാധിക്കുമായിരുന്നില്ലെങ്കിലും കാലവസ്ഥ കാനത്തിന് പ്രതികൂലമായി കൊണ്ടിരിക്കുമ്പോള്‍ എതിര്‍പക്ഷം ശക്തരാകുന്നതിനൊപ്പം ദിവാകരനും ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഈ എതിര്‍പ്പുകളെയെല്ലാം നേരിടാന്‍ കാനത്തിന് കഴിയുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

read more:ശംഖുമുഖവും വിഴിഞ്ഞവും കടലെടുക്കുന്നു, വരാനിരിക്കുന്നത് വന്‍ ദുരന്തമെന്ന് മുന്നറിയിപ്പുകള്‍; കൈകഴുകി അദാനി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍