UPDATES

ബ്ലോഗ്

നാലു വർഷം ഒരേ ഉറക്കം, ഒരു സുപ്രഭാതത്തിൽ റാഫേലെന്ന് ഒച്ചപ്പാടുണ്ടാക്കുക; പാഠങ്ങൾ പഠിക്കുക തന്നെ വേണം കോൺഗ്രസ്

നിത്യോപയോഗ സാധനങ്ങൾ, പാചകവാതകം, പെട്രോൾ-ഡീസൽ തുടങ്ങിയവയ്ക്കുണ്ടായ ഭീമമായ വിലവർദ്ധനവ് ഒരിടത്തും ചർച്ചയായില്ല

‘മക്കളേ അച്ഛൻ പോവയാണ്….’
‘അയ്യോ അച്ഛാ പോവല്ലേ, അയ്യോ അച്ഛാ പോവല്ലേ….’

ഈ രംഗമാണ് ഡൽഹി അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് ഇന്നലെ അരങ്ങേറിയത്. 2014-ന്റെ തനിയാവർത്തനം. സമ്പൂർണമായ പുനസംഘടനയാണ് പ്രവർത്തകസമിതി കണ്ടെത്തിയ ഒറ്റമൂലി. 5 വർഷം മുമ്പ് 44 സീറ്റിൽ ഒതുങ്ങിയപ്പോൾ സോണിയാ ഗാന്ധി കണ്ടെത്തിയ അതേ മരുന്ന്. പക്ഷെ ഒന്നും നടപ്പായില്ല. അന്നത്തെ തോൽവിയെപ്പറ്റി പഠിച്ച എ.കെ ആന്റണി സമിതിയുടെ റിപ്പോർട്ട് പൊടിയടിച്ച് ഇരിക്കുകയാണ്. ഇത്തവണ പക്ഷെ പരാജയത്തെപ്പറ്റി പഠിക്കാൻ ആരേയും നിയോഗിച്ചിട്ടില്ല.

നാലു വർഷം ഉറങ്ങി കിടക്കുക, ഒരു സുപ്രഭാതത്തിൽ റാഫേലെന്ന് ഒച്ചപ്പാടുണ്ടാക്കി ഓരിയിടുക. ആ വിഷയം എല്ലാ സംസ്ഥാനങ്ങളിലും മുഖ്യ പ്രചാരണ വിഷയമാക്കുക. തിരഞ്ഞെടുപ്പിന് മുന്നേ കൂടിയ കോൺഗ്രസിന്റെ പ്രധാന കമ്മിറ്റികളുടെയെല്ലാം ചർച്ച വിഷയവും നിർദ്ദേശവും റാഫേലിനെ ജനങ്ങളിലേക്കെത്തിക്കുക എന്നായിരുന്നു. രാഹുലിന്റെ വാക്കുകൾക്ക് തലയാട്ടി ബ്രഡ് പക്കോഡയും ഗുലാബ് ജാമും തിന്ന് ചായയും കുടിച്ച് എഐസിസി ജനറൽ സെക്രട്ടറിമാർ വിമാനം കയറി.

നിങ്ങളുടെ വീട്ടിലെ അച്ഛനോടോ അമ്മയോടോ റാഫേൽ അഴിമതി എന്താണെന്ന് ചോദിച്ച് നോക്കൂ? ദിവസവും പത്രം വായിക്കുന്ന നവമാധ്യമങ്ങളിലെ ന്യൂസ് പോർട്ടലുകളിൽ ആക്ടീവായ കേരളത്തിലെ ഭൂരിപക്ഷം ജനതയ്ക്കും റാഫേലിനെപ്പറ്റി കൃത്യമായി അറിയില്ല. പിന്നെങ്ങനെയാണ് ഈ വിഷയം ഉത്തരേന്ത്യൻ ജനതയ്ക്കിടയിൽ ആശയവിനിമയം ചെയ്യാൻ സാധിക്കുക?

വിമാനം ഓടിക്കാൻ ലൈസൻസൊക്കെയുള്ള രാഹുൽ ഗാന്ധിക്ക് റാഫേലിനെപ്പറ്റിയും വിമാനങ്ങളുടെ സാങ്കേതിക വശങ്ങളെപ്പറ്റിയും കൃത്യമായ അറിവുണ്ടായിരുന്നു. അദ്ദേഹം നടത്തിയ ഓരോ പത്രസമ്മേളനങ്ങളിലും അക്കാര്യം പ്രകടമായിരുന്നു. ആ മികവ് നോട്ട്‌ നിരോധനം, ജിഎസ്ടി വിഷയങ്ങളിൽ രാഹുൽ പ്രകടമാക്കിയില്ല. റാഫേലായിരുന്നോ ഈ തിരഞ്ഞെടുപ്പിൽ ചർച്ച വിഷയമാകേണ്ടിയിരുന്ന പ്രധാന വിഷയം? അവിടെയാണ് ഹൈക്കമാൻഡിന് ആദ്യത്തെ പാളിച്ച പറ്റിയത്. നിത്യോപയോഗ സാധനങ്ങൾ, പാചകവാതകം, പെട്രോൾ-ഡീസൽ തുടങ്ങിയവയ്ക്കുണ്ടായ ഭീമമായ വിലവർദ്ധനവ് ഒരിടത്തും ചർച്ചയായില്ല. മൻമോഹന്‍ സിംഗിന്റെ അവസാനകാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലയും അഞ്ചു വർഷത്തിനിപ്പുറമുള്ള വിലയും തമ്മിൽ ഒരു താരതമ്യം നടത്താൻ കോൺഗ്രസ് മെനക്കെട്ടില്ല. ചുരുക്കത്തിൽ ചൗക്കീദാർ ചോർ ഹെ എന്ന മുദ്രാവാക്യം ജനം തള്ളി.

നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന ബ്രാൻഡഡ് ഉത്പന്നത്തെ മികച്ച രീതിയിൽ വിറ്റഴിക്കാൻ കെൽപ്പുള്ള മുതലാളിയാണ് അമിത് ഷാ. തിരഞ്ഞെടുപ്പ് വരെ വിപണിയാകുന്ന ഇക്കാലത്ത് കച്ചവട തന്ത്രമൊന്നും അറിയാത്ത ശുദ്ധന്മാരായി കോൺഗ്രസ് മാറി. തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിംഗ് മെഷീനുമെല്ലാം അവിടെ നിൽക്കട്ടെ. ബിജെപി സെറ്റ് ചെയ്ത അജണ്ടയ്ക്ക് അനുസരിച്ചാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടവും കടന്നു പോയത്. പ്രതിപക്ഷത്തിന് യാതൊരു വിഷയവും ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചില്ല. ഉദാഹരണമായി പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേയാണ് സിഖ് കലാപവും രാജീവ് ഗാന്ധിയുമൊക്കെ മോദി ഉയർത്തികൊണ്ടുവന്നത്. അങ്ങനെ എല്ലാ ഘട്ടങ്ങൾക്ക് മുമ്പും ആ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയം ഉയർത്തിക്കൊണ്ടു വന്ന് തങ്ങളുടെ പദ്ധതി അനുസരിച്ച് തിരഞ്ഞെടുപ്പ് മുന്നോട്ട് കൊണ്ടുപോകാൻ ബിജെപിക്ക് സാധിച്ചു. വാരണസിയിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നെ ഗുഹയിൽ പോയിരുന്ന മോദിയെ നമ്മൾ ട്രോളി കൊന്നപ്പോൾ നിശബ്ദ പ്രചരണത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്തുകയായിരുന്നു അയാൾ.

തിരഞ്ഞെടുപ്പിന് ശേഷം ഡൽഹിയിൽ കേരളത്തില്‍ നിന്നുള്ള കോൺഗ്രസിലെ ഒരു തലമുതിർന്ന നേതാവിനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, “മധ്യപ്രദേശിലൊക്കെ ഞങ്ങൾക്ക് വലിയ പ്രതീക്ഷ ആയിരുന്നു. ഒരു ദിവസം ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം അവിടെ പോയി കർഷകരുടെ പ്രതികരണമെടുക്കുന്നത് ടിവിയിൽ കണ്ടു. അവരെല്ലാം മോദിക്ക് അനുകൂലമായാണ് സംസാരിച്ചത്. അവിടെ സ്ഥിതി വഷളാണെന്ന് അപ്പോഴാണ് മനസിലായത്”, ഇതാണ് നാഷണല്‍ കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ. ഗ്രൗണ്ട് റിയാലിറ്റിയുമായി യാതൊരു ബന്ധവുമില്ലാത്ത ദേശീയ നേതാക്കൾ. അവർക്ക് സാഹചര്യങ്ങൾ അറിയാൻ ടിവി ചാനൽ വേണ്ടി വരുന്നു.

പ്രവർത്തക സമിതി കഴിഞ്ഞ് എ.കെ ആന്റണി പറയുന്നത് ഈ തോൽവി ദാരുണമല്ല, പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല എന്നാണ്. ഏത് സ്വപ്നലോകത്താണ് ഈ നേതാക്കന്മാരെന്ന് മനസിലാകുന്നില്ല.

കോൺഗ്രസിന്റെ കോർകമ്മിറ്റി ഉൾപ്പടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റികളും വമ്പൻ പരാജയമായിരുന്നു. പ്രകടനപത്രിക കമ്മിറ്റി നല്ല രീതിയിൽ പ്രവർത്തിച്ചു. പക്ഷെ ന്യായ് ഉൾപ്പടെയുള്ള പദ്ധതികൾ വേണ്ട രീതിയിൽ താഴെത്തട്ടിലെത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. പ്രകടനപത്രികയിലെ മറ്റ് പല കാര്യങ്ങളും ബിജെപി ആയുധമാക്കി. എഐസിസിയുടെ മീഡിയ മാനേജ്മെന്റ് വരെ പാളിച്ചകൾ നിറഞ്ഞതാണ്. ഉത്തരേന്ത്യൻ ലോബിക്കും കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് രണ്‍ദീപ് സിംഗ് സുർജേവാലയുടെ സ്വന്തക്കാർക്കും മാത്രം സ്പെയ്സ് നൽകുന്ന ഒരിടം. കോൺഗ്രസ് ബീറ്റ് നോക്കുന്ന ദക്ഷിണേന്ത്യൻ മാധ്യമപ്രവർത്തകർക്ക് എപ്പോഴും എഐസിസി കമ്മ്യൂണിക്കേഷൻ വിഭാഗത്തെ കുറിച്ച് പരാതികൾ മാത്രമാണുള്ളത്.

ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പടെയുള്ള പല ഉത്തരേന്ത്യൻ നേതാക്കളുടേയും അഹങ്കാരത്തിന്റെ ഫലമായിരുന്നു അവരുടെ തിരഞ്ഞെടുപ്പ് തോൽവികൾ. സിന്ധ്യ, പൈലറ്റ്, ഗാന്ധി കുടുംബങ്ങളിൽ കുളിര് കോരുകയല്ല വേണ്ടത്. ആ ഭൂതകാല കുളിരിൽ നിന്നും മോചിതരായി കോൺഗ്രസിന്റെ അസ്തിത്വം വീണ്ടെടുക്കുകയാണ് വേണ്ടത്. ഗാന്ധി കുടുംബത്തിന് സമാന്തരമായി ഒരു നേതൃനിര വളർത്തിയെടുക്കാൻ കോൺഗ്രസിന് സാധിക്കണം.

നെഹ്റു കണ്ടെത്തിയ ഇന്ത്യയെ വീണ്ടെടുക്കാൻ ദേശീയ തലത്തിൽ ബിജെപിക്ക് ബദലായ കോൺഗ്രസിനേ സാധിക്കൂ. കേഡർ പാർട്ടിയാകാൻ കോൺഗ്രസിന് സാധിക്കില്ല. പക്ഷെ സമയാസമയത്ത് പുന:സംഘടനയടക്കമുള്ള കാര്യങ്ങൾ നടത്തി പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കേണ്ടത് ഹൈക്കമാൻഡിന്റെ കടമയാണ്. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഉണ്ടായിരുന്ന പോലെ ശക്തരായ ഉപദേശകരെ രാഹുലിന് ഇതുവരെയും കിട്ടിയിട്ടില്ല. പുറമെ പ്രൊഫഷണലെന്ന് തോന്നാമെങ്കിൽ പോലും ആ പൊളിറ്റിക്കൽ മാനേജ്മെന്റ് പരാജയം തന്നെയാണ്.

കേരളത്തിലെ നേതാക്കൾ പണ്ടെന്നോ മുന്നണി സമ്പ്രദായം ഉണ്ടാക്കിയിട്ടത് അവിടെ മുതൽക്കൂട്ടായി. കൃത്യമായ ഇടവേളകളിൽ മുന്നണി യോഗങ്ങൾ ചേർന്ന് വിഷയങ്ങൾ ചർച്ച ചെയ്യാൻ അവർക്ക് സാധിക്കുന്നുണ്ട്. അതുപോലൊരു മുന്നണി സമ്പ്രദായം എല്ലാ സംസ്ഥാനങ്ങളിലും സൃഷ്ടിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമല്ല സഖ്യ ചർച്ചകൾ ഉണ്ടാകേണ്ടത്. ദേശീയ നേതൃത്വത്തിന്റെ തെറ്റുകളെ പാർട്ടി ഫോറങ്ങളിൽ ചോദ്യം ചെയ്യുന്നവർ കോൺഗ്രസിലുണ്ടാകേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ളവരെ പഴയത് പോലെ സൈലന്റായി വെട്ടിക്കളയാതിരിക്കാൻ ഗാന്ധി കുടുംബം ശ്രദ്ധിക്കണം.

ദേശീയ പ്രസ്ഥാനമെന്ന് പറയുമ്പോൾ പോലും കൃത്യമായ ആശയസംവിധാനമോ വീക്ഷണമോ ഒന്നുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഹിന്ദുത്വ ഭീകരതയെ തടയാൻ ഹിന്ദുത്വ പ്രീണനം നടത്തുകയല്ല ചെയ്യേണ്ടത്. മധ്യപ്രദേശിൽ കമൽനാഥ് ഉൾപ്പടെയുള്ള നേതാക്കൾ കോൺഗ്രസിനെ ആർഎസ്എസിന്റെ ബി ടീമാക്കുകയായിരുന്നു. ബിജെപി സമർഥമായി കുഴിക്കുന്ന കുഴികളിൽ വീഴുകയാണ് കോൺഗ്രസ്. ഗോവധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നടന്ന മണ്ഡലങ്ങളിലെല്ലാം വമ്പൻ ലീഡോടെയാണ് ബിജെപി ജയിച്ചുകയറിയത്.

കോൺഗ്രസിന് പോലുമില്ലാതിരുന്ന പ്രതീക്ഷ നമ്മൾ അവർക്ക് കൊടുത്തു എന്നതാണ് സത്യം. എല്ലാം ഒന്നേന്ന് ഉടച്ചുവാർക്കേണ്ടിയിരിക്കുന്നു. അടിത്തട്ട് മുതൽ മേൽത്തട്ട് വരെ സമഗ്രമായ അഴിച്ചുപണി. വരുന്ന അഞ്ച് വർഷം പണിയെടുക്കാനുള്ള സമയമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സായ്കൃഷ്ണ ആര്‍‌പി

സായ്കൃഷ്ണ ആര്‍‌പി

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍