UPDATES

ബ്ലോഗ്

അതേ എല്ലിന്‍ കഷണത്തിന് വേണ്ടി ചെന്നിത്തലയും കൂട്ടരും; എന്തിന് കരിദിനം? ഹര്‍ത്താലിനെ പിന്തുണച്ചാല്‍ പോരായായിരുന്നില്ലേ!

വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് ഇരുട്ടിന്റെ മറവിലാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നാണ് ആക്ഷേപം

ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും കടന്നാക്രമിക്കുകയാണ് കോണ്‍ഗ്രസ്. ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനവും ആചരിക്കുന്നുണ്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യ ജനാധിപത്യ മുന്നണി. ശബരിമല കര്‍മസമിതിയുടെ പേരില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനൊപ്പം തന്നെയാണ് കോണ്‍ഗ്രസും യുവതി പ്രവേശനത്തിനെതിരേ പ്രതിഷേധദിനം ആചരിക്കുന്നത്. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി-സംഘപരിവാര്‍ നേതൃത്വത്തില്‍ വ്യാപകമായ അക്രമങ്ങള്‍ ജില്ലകള്‍ തോറും അരങ്ങേറുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയ്ക്ക് വന്‍ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, സുപ്രിം കോടതി വിധി നടപ്പിലാക്കിയതിന്റെ പേരില്‍ കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരിനെതിരേ പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂടുന്ന നിലപാട് സ്വീകരിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കം മുതല്‍ ആചാരംസംരക്ഷണം തടസപ്പെടുത്തരുതെന്നും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്നും നിലപാട് സ്വീകരിച്ചു വരികയാണ്. ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും പ്രവേശനത്തില്‍ കടുത്ത നീരസവും പ്രതിഷേധവുമാണ് പ്രതിപക്ഷ നേതാവ് പ്രകടിപ്പിക്കുന്നത്. സിപിഎം ആസൂത്രിതമായി രണ്ട് സ്ത്രീകളേയും ശബരിമലയില്‍ എത്തിച്ച് വിശ്വാസികളെ വഞ്ചിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നത്. ബിജെപി-സംഘപപരിവാര്‍ ആരോപണങ്ങളും ഇതു തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാന പ്രതിയാക്കിയാണ് സംഘപരിവാറിനൊപ്പം രമേശ് ചെന്നിത്തലയും യുവതി പ്രവേശനം വിവാദമാക്കിക്കൊണ്ട് സംസാരിക്കുന്നത്. ദര്‍ശനം നടത്തിയ യുവതികള്‍ ഭക്തകളല്ലെന്നും ആക്ടിവിസ്റ്റുകളാണെന്നും അവരില്‍ ഒരാള്‍ സിഐടിയു സംഘടനാംഗവും മറ്റൊരാള്‍ സിപിഐ(എംഎല്‍) പ്രവര്‍ത്തകയുമാണെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം. ഇതേ ആക്ഷേപമാണ് യുവതി പ്രവേശനത്തിനെതിരേ ആക്രമണം നടത്തി വരുന്ന തീവ്രഹിന്ദുത്വ രാഷ്ട്രീയ-സംഘടനകളും ഉയര്‍ത്തുന്നത്. നിര്‍മാല്യ സമയത്ത് ദര്‍ശനം നടത്താന്‍ യുവതികള്‍ക്ക് സൗകര്യം ചെയ്തുകൊടുത്ത പൊലീസ് നടപടിയേയും രമേശ് ചെന്നിത്തല എതിര്‍ക്കുന്നുണ്ട്. വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് ഇരുട്ടിന്റെ മറവിലാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നാണ് ആക്ഷേപം. യുവതികളെ ഒളിച്ചു കടത്തി ശബരിമലയില്‍ ആചാരലംഘനം നടത്തിയ സര്‍ക്കാര്‍ വഞ്ചനയ്‌ക്കെതിരേ എന്നാണ് കരിദിനത്തെ ചെന്നിത്തല ന്യായീകരിക്കുന്നതും.

മൗലികാവകാശം സ്ത്രീക്കും പുരുഷനും തുല്യമാണെന്ന് രാജ്യത്തെ ലിംഗിനീതി നയം വ്യക്തമാക്കി കൊണ്ട് പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഉത്തരവിലാണ് ഏതു പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്നും ആചാരത്തിന്റെയും ശാരീരിക പ്രക്രിയകളുടെയും പേരില്‍ അവരെ തടയരുതെന്നും നിര്‍ദേശം നല്‍കുന്നത്. ഈ ഉത്തരവിന്‍ പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമായിരുന്നു. സര്‍ക്കാര്‍ ഈ ചുമതല പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍, കനകദുര്‍ഗയ്ക്കും ബിന്ദുവിനും മുമ്പ് ദര്‍ശന നടത്താന്‍ എത്തിയ യുവതികള്‍ക്കാര്‍ക്കും തന്നെ അതിനായില്ല. അതിന്റെ കാരണം തീവ്രഹിന്ദുത്വ രാഷ്ട്രീയം പറയുന്ന സംഘനകളില്‍ നിന്നും ഉണ്ടായ അക്രമങ്ങളായിരുന്നു. ബിന്ദുവും കനകദുര്‍ഗയും തന്നെ ആദ്യശ്രമത്തില്‍ ശബരിമല ശ്രീകോവിലിനു മുന്നില്‍ എത്താന്‍ കഴിയാതെ തിരിച്ചുപോന്നവരാണ്. ഇവര്‍ ഉള്‍പ്പെടെ ദര്‍ശനാര്‍ത്ഥം എത്തിയ യുവതികളെല്ലാം തന്നെ അവര്‍ക്കെതിരേ നടത്തിയ അക്രമങ്ങളുടെയും ഭീഷണികളുടെയും പുറത്താണ് തിരിച്ചിറങ്ങിയത്. ഈ ആക്രമങ്ങളും ഭീഷണികളും ശബരിമലയില്‍ ആ സമയമുണ്ടായിരുന്ന എല്ലാ ഭക്തരില്‍ നിന്നും ഉണ്ടായവയല്ല. സംഘടിതമായി ശബരിമല കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരുന്നവരില്‍ നിന്നു മാത്രമാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്, ബിന്ദുവിനെയും കനകദുര്‍ഗയേയും ആദ്യം കയറ്റാതെ തിരിച്ചയച്ചത് അയ്യപ്പ ഭക്തരാണെന്നാണ്. ശബരിമലയില്‍ ആസൂത്രിത കലാപം നടത്താന്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നുണ്ടെന്നു പൊലീസ് പറയുമ്പോഴാണ് ഈ ഗ്രൂപ്പുകളെ അയ്യപ്പഭക്തര്‍ എന്നു രമേശ് ചെന്നിത്തല വിശേഷിപ്പിക്കുന്നത്. തങ്ങള്‍ ദര്‍ശനം നടത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു അയ്യപ്പഭക്തനില്‍ നിന്നുപോലും എതിര്‍പ്പുണ്ടായില്ലെന്നും ഭംഗിയായി തൊഴുത്, യാതൊരു പ്രശ്‌നങ്ങളും നേരിടാതെയാണ് തിരിച്ചിറങ്ങിയതെന്നും ബിന്ദുവും കനകദുര്‍ഗയും പറയുമ്പോഴാണ് ഇവരുടെ പ്രവേശനം ഒരു അയ്യപ്പഭക്തനും ഇഷ്ടപ്പെട്ടില്ലെന്നു ചെന്നിത്തല ആക്ഷേപിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയാണ് യുവതി പ്രവേശനം സാധ്യമാക്കിയതെന്നും ഇതിനായി വഞ്ചനപരമായ സമീപനങ്ങളാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു. ഏഴുദിവസം രഹസ്യകേന്ദ്രങ്ങളില്‍ മാറ്റിമാറ്റി പാര്‍പ്പിച്ചു യുവതികള്‍ക്ക് പരിശീലനം നല്‍കിയാണ് ശബരിമലയില്‍ ആചാരലംഘനം നടത്തിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഡൂട്ടിക്കില്ലാത്ത, കണ്ണൂര്‍ നിന്നെത്തിയ പോലീസുകാരുടെ അകമ്പടിയോടെയാണ് യുവതികളെകൊണ്ട് ആചാരലംഘനം നടത്തിച്ചതെന്നും സര്‍ക്കാരിനെതിരേയുള്ള കുറ്റമായി ചെന്നിത്തല ഉയര്‍ത്തുന്നു. അയ്യപ്പഭക്തന്മാരോട് ഈ ധാര്‍ഷ്ട്യവും വെല്ലുവിളിയും കാണിച്ചത് എന്തിനാണെന്നാണ് ചോദ്യം. കൈയ്യില്‍ ഡ്രിപ്പുമിട്ട് ആംബുലന്‍സില്‍ എത്തിച്ചാണോ തീര്‍ത്ഥാടകരെ പോലീസ് മലകയറ്റുന്നതെന്നാണ് പരിഹാസം. കേരളത്തെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്നാണ് വിമര്‍ശനം.

സുപ്രിം കോടതി വിധി പ്രകാരമാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്നത്. ഈ ഉത്തരവിനെതിരേ നല്‍കിയ റിവ്യു പെറ്റീഷന്‍ കോടതി പരിഗണിക്കുന്നുണ്ടെങ്കിലും ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. ഇപ്പോഴും നിലനില്‍ക്കുന്ന ഒരു ഉത്തരവിന്റെ പുറത്ത് ഏതു യുവതിക്കും ശബരിമലയില്‍ ദര്‍ശനം നടത്താം. സുഗമമായി, തടസ്സങ്ങളില്ലാതെ നടക്കേണ്ടതാണ് ക്ഷേത്രദര്‍ശനം. എന്നിരിക്കെ, ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ പൊലീസ് സംരക്ഷണം തേടേണ്ടി വരുന്നത് അവര്‍ക്കെതിരേ അക്രമങ്ങള്‍ നടക്കുന്നത് കൊണ്ടാണ്. സുപ്രിം കോടതി വിധി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന കാര്യം വിസ്മരിച്ചാണ് കേവലം ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ലാത്ത, പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് ആക്ഷേപം. മാത്രമല്ല, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന, നിയമസംവിധാനങ്ങളെക്കുറിച്ചും ക്രമസമാധാനപാലനത്തെക്കുറിച്ചുമെല്ലാം ബോധ്യം നേടിയൊരാള്‍ കൂടിയാണ് രമേശ് ചെന്നിത്തലയെന്നു കൂടി വിമര്‍ശകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. എന്തുകൊണ്ട് പൊലീസിന്, ചെന്നിത്തല ആരോപിക്കുന്നതുപോലെ ഒളിച്ചും പാത്തും യുവതികളെ കൊണ്ടുപോകേണ്ടി വന്നൂ എന്നത് ഭരണഘടനപരമായ ഉത്തരവാദിത്വം പേറുന്നൊരാള്‍ എന്ന നിലയില്‍ നിന്നുകൊണ്ട് ചിന്തിക്കണമെന്ന ആവിശ്യവുമുണ്ട്. ജനാധിപത്യസംവിധാനത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ ശബ്ദമുയര്‍ത്തുകയാണോ, ഭരണഘടനയെ തന്നെ ചോദ്യം ചെയ്തു നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്ന തരത്തില്‍ നിലകൊള്ളണമോ എന്ന് രമേശ് ചെന്നിത്തല മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടി മൊത്തത്തില്‍ ഒരു തീരുമാനത്തില്‍ എത്തണമെന്നും അത് കേരളത്തോട് വ്യക്തമാക്കണമെന്നും നിര്‍ദേശവും ഉയരുന്നു. സംഘപരിവാര്‍-ബിജെപിക്കൊപ്പമാണോ കോണ്‍ഗ്രസും ശബരിമല യുവതി പ്രവേശനത്തില്‍ നില്‍ക്കുന്നതെന്ന സംശയത്തില്‍ വ്യക്തതയുള്ള മറുപടിയാണ് കോണ്‍ഗ്രസില്‍ നിന്നും ഇപ്പോള്‍ കേരളത്തിന് വേണ്ടത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍