UPDATES

ബ്ലോഗ്

സമുദായ മാടമ്പികളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുകയും വെള്ളാപ്പള്ളിയുടെ തിണ്ണ കയറുകയും ചെയ്യുന്ന സിപിഎം

വെള്ളാപ്പള്ളിയും ഒരു സമുദായ മാടമ്പിയാണെന്ന് സിപിഎം ഓര്‍ക്കണം

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ജി സുധാകരന്‍, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, പി തിലോത്തമന്‍ എന്നിവരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഇന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് സന്ദര്‍ശനം. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സര്‍ക്കാര്‍ അനുവദിച്ച ടൂറിസം പദ്ധതിയുടെ ഭാഗമായ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ തറക്കല്ലിടീല്‍ ചടങ്ങിനാണ് ഇവിടെയെത്തിയത്. അതിന് ശേഷം വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുകയും കൂടിക്കാഴ്ച നടത്തുകയുമായിരുന്നു. മുഖ്യമന്ത്രിയായ ശേഷം പിണറായി ഇതാദ്യമായാണ് വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വദേശി ദര്‍ശനില്‍ നിന്നും കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കണിച്ചുകുളങ്ങരയില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ശബരിമല വിഷയം, വനിതാ മതില്‍, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളില്‍ വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാറിന് നല്‍കിയ പിന്തുണയ്ക്ക പ്രത്യുപകാരമായാണ് പ്രഖ്യാപനത്തെ കരുതിരിയിരുന്നത്. ഇതിന് പിറകെയാണ് കണിച്ചു കുളങ്ങരയിലെ വീട്ടിലെ സന്ദര്‍ശനം. ഏകദേശം 5 മിനിട്ട് കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അനുകൂല നിലപാട് പുലര്‍ത്തിയ എസ്എന്‍ഡിപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് സന്ദര്‍ശനം. ഇന്നലെ മാത്യു ടി തോമസ് എംഎല്‍എയുടെ കൂടെ പിണറായി മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ച പിണറായി വിജയന്‍ മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് പിണറായിക്കൊപ്പം വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞത് സമുദായ മാടമ്പികളുടെ പിറകെ പോകേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നാണ്. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും കോടിയേരി അന്ന് പറഞ്ഞു. ഇതേ സിപിഎമ്മിന്റെ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും കൂട്ടിയാണ് കോടിയേരി ഇന്ന് വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി സല്‍ക്കാരം സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പതിവാണ്. എന്നാല്‍ സമുദായ നേതാക്കളുടെ പിന്നാലെ പോകില്ലെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് കോടിയേരി ആ വാക്കുകള്‍ക്ക് കടകവിരുദ്ധമായി പ്രവര്‍ത്തിച്ചതെന്നത് ശ്രദ്ധേയമാണ്.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചെങ്കിലും വെള്ളാപ്പള്ളിയും ഒരു സമുദായ നേതാവാണ്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോടും യുഡിഎഫിനോടും പിണങ്ങി എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുക മാത്രമല്ല ഇദ്ദേഹം ചെയ്തത്. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെക്കൊണ്ട് ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയ്‌ക്കൊപ്പം നിര്‍ത്തുകയും ചെയ്തതാണ്. തുഷാറിന് എംപി സ്ഥാനം നല്‍കണമെന്ന ആവശ്യം തുടര്‍ച്ചയായി നിരസിക്കപ്പെട്ടപ്പോഴാണ് വെള്ളാപ്പള്ളി എന്‍ഡിഎയ്‌ക്കെതിരെ തിരിഞ്ഞത്. ഈ വെള്ളാപ്പള്ളിയെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കയ്യഴിച്ച് സഹായിക്കുന്നതും ഇപ്പോള്‍ ആതിഥ്യം സ്വീകരിച്ചതും. നാല് കോടി രൂപയാണ് വെള്ളാപ്പള്ളി അധ്യക്ഷനായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് അനുവദിച്ചത്. പദ്ധതിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും ഇതിനായി 2 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പിന്തുണ ലഭിക്കാനായി സര്‍ക്കാര്‍ പരിപാടികളില്‍ പോലും വളരെ പ്രാധാന്യത്തോടെ വെള്ളാപ്പള്ളിയുടെ ചിത്രം നല്‍കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ജി സുധാകരന്റെയും കടകംപള്ളി സുരേന്ദ്രന്റെയും ചിത്രം വച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സാമുദായിക സംഘടനകളുടെ തിണ്ണ നിരങ്ങുന്നത് സിപിഎം നിലപാടാണെന്നും പരസ്യ പ്രതികരണങ്ങളെല്ലാം ആളെ പറ്റിക്കാനാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലാത്ത നേതാവാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു. പൊതുവേദികളില്‍ മാത്രം സമുദായ നേതാക്കളെ വിമര്‍ശിക്കുന്ന പിണറായി വിജയന്‍ സമുദായ നേതാക്കളുടെ വീടുകളില്‍ പോകുന്നത് പുതിയ കാര്യമല്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇക്കാര്യം ജനങ്ങള്‍ മനസിലാക്കുമെന്നും ചെന്നിത്തല വിമര്‍ശിച്ചു.

കോടിയേരി എന്‍എസ്എസിനെയും സുകുമാരന്‍ നായരെയുമാണ് കഴിഞ്ഞ ദിവസം ലക്ഷ്യമിട്ടതെന്ന് ന്യായീകരിക്കാമെങ്കിലും ഇന്ന് എന്‍എസ്എസിനോടുള്ള വിമര്‍ശനം മൃദുലമാക്കിയ സിപിഎമ്മിന്റെ ലക്ഷ്യം വോട്ടുബാങ്ക് തന്നെയാണെന്ന് ഉറപ്പിക്കാം. ഇങ്ങോട്ട് ആരും വരണ്ടെന്ന് എന്‍എസ്എസ് നേതൃത്വം പറഞ്ഞിട്ടുണ്ട്. മുട്ടിത്തുറന്ന് പോയി കാണാന്‍ സിപിഎമ്മും ആഗ്രഹിക്കുന്നില്ലെന്നാണ് ഇന്ന് കോടിയേരി പറഞ്ഞത്. എന്‍എസ്എസുമായി വിയോജിപ്പ് ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മാത്രമാണെന്നാണ് കോടിയേരി പറയുന്നത്. അതേസമയം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ഇന്ന് ശ്രീധരന്‍ പിള്ള സന്ദര്‍ശനം നടത്തിയതുമായി മുഖ്യമന്ത്രിയും സംഘവും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ശബരിമല നിലപാടിന്റെ കൂടി പശ്ചാത്തലത്തില്‍ എന്‍എസ്എസില്‍ നിന്നും കാര്യമായ പ്രതീക്ഷകളൊന്നുമില്ലാത്തതിനാല്‍ എസ്എന്‍ഡിപിയുടെ വോട്ട് ഉറപ്പിക്കലാണ് ഈ കൂട്ട സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഉറപ്പിക്കാം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍