UPDATES

ബ്ലോഗ്

പ്രതികരിച്ചുപോയാല്‍ ചിലപ്പോള്‍ നാം കുത്തേറ്റു വീണേക്കാം; പോലീസിനെയെന്നല്ല ആരേയും ഭയമില്ലാത്ത വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ വളര്‍ന്നു വരുന്നു

അറിയാതെയാണെങ്കില്‍പോലും പ്രതികരിച്ചുപോയാല്‍ ചിലപ്പോള്‍ നാം കുത്തേറ്റു വീണേക്കാമെന്നതാണ് നാട്ടിലെ അവസ്ഥ.

പോലീസിനെയെന്നല്ല ആരേയും ഭയമില്ലാത്ത വലിയൊരു വിഭാഗം ചെറുപ്പക്കാരുള്‍പ്പെടെ തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ വളര്‍ന്നു വരുന്നുണ്ട്. കഴിഞ്ഞദിവസം തലസ്ഥാന നഗരത്തെ നടുക്കിയ രണ്ട് അരുംകൊലകളും വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. ലഹരിക്കടിപ്പെട്ടവരുടെ ക്രൂരതയായിരുന്നു രണ്ടും. ഒരിടത്ത് അടികണ്ട് പിടിച്ചുമാറ്റാന്‍ ചെന്ന യുവാവാണ് കുത്തേറ്റു മരിച്ചത്. കയ്യില്‍ കരുതിയ ആയുധം കൊണ്ടല്ല, അടുത്ത കടയില്‍ നിന്നെടുത്ത പൊട്ടിയ കുപ്പി ഉപയോഗിച്ചാണ് ആ യുവാവിനെ അക്രമി കുത്തിയത്. നാളെ പട്ടപ്പാകല്‍ പെരുവഴിയില്‍ നിങ്ങളും ചിലപ്പോള്‍ കുത്തേറ്റു വീണേക്കാം..

ഇന്നലെ ഉച്ചയ്ക്ക് സ്റ്റാച്യുവില്‍ പങ്കജ് ഹോട്ടലിനു മുന്നില്‍ റോഡു കുറുകെക്കടക്കാനായി സിഗ്‌നല്‍ കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് റോഡില്‍ നിന്നൊരു ബൈക്ക് കാറിനെ മറികടക്കാനായി നടപ്പാതയിലേക്കു കയറിയത്. എന്നെ ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടില്‍ ബൈക്ക് നടപ്പാതയിലൂടെ റോഡിലേക്കിറങ്ങി. മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. ഒരാള്‍ക്കുപോലും ഹെല്‍മറ്റില്ല. ഇടിയേല്‍ക്കാതെ രക്ഷപ്പെട്ട ആശ്വാസത്തില്‍ ‘എങ്ങോട്ടു പോവുകയാടോ’ എന്നു ഞാനൊന്നു ചോദിച്ചുപോയി. മുന്നോട്ടുപോയ ബൈക്ക് സ്ലോയായി. പിന്നിലിരുന്ന ചെറുപ്പക്കാരന്‍ എന്നെ തിരിഞ്ഞൊന്നു നോക്കി, രൂക്ഷമായി, പല്ലിറുമ്മി ‘എന്താടാ… @്$%@#$%^&* ‘ എന്നൊരു ചോദ്യം. ഭയന്നുപോയ ഞാന്‍ മുഖം തിരിച്ചു സിഗ്‌നല്‍ മാറിയോ എന്നു നോക്കി. അയാളിറങ്ങിവന്നാല്‍ ഓടാനൊരു വഴിതേടുകയായിരുന്നു ഞാന്‍.

നഗരത്തിലൂടെ ട്രിപ്പിളടിച്ചു യാത്രചെയ്യുന്ന ബൈക്കുകാര്‍ ഇപ്പോഴൊരു സ്ഥിരം കാഴ്ചയാണ്. പലതും ചെറുപ്പക്കാര്‍. പലപ്പോഴും പോലീസുകാര്‍ക്ക് മുന്നിലൂടെയും തിരക്കേറിയ ജംഗ്ഷനിലൂടെയുമെല്ലാം ട്രിപ്പിള്‍ പോകുന്നത് കണ്ടിട്ടുണ്ട്. കുറച്ചുനാള്‍ മുന്‍പു വരെ തിരുവനന്തപുരത്ത് അത്ര വ്യാപകമായിരുന്നില്ല, ഈ രീതി. കഴിഞ്ഞദിവസം അരുംകൊല ചെയ്യപ്പെട്ട അനന്തു എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുപോയതും ബൈക്കില്‍ ട്രിപ്പിളടിച്ചാണ്. നാല് സിഗ്‌നലുകള്‍ കടന്നുമാത്രമേ അവര്‍ക്ക് കൊല നടന്ന സ്ഥലത്ത് എത്താന്‍ സാധിക്കുകയുള്ളു. അതും ദേശീയപാതയിലൂടെ. പക്ഷേ, ആ നിയമലംഘനം ആരും ശ്രദ്ധിച്ചിട്ടില്ല. ശ്രദ്ധിച്ചാലും മുഖംതിരിക്കും.

പോലീസല്ലാതെ മറ്റാര്‍ക്കും ഇതിനെയൊന്നും ചോദ്യം ചെയ്യാനാകില്ലല്ലോ. ഇനി ഒട്ടുമില്ല. കാരണം, അറിയാതെയാണെങ്കില്‍പോലും പ്രതികരിച്ചുപോയാല്‍ ചിലപ്പോള്‍ നാം കുത്തേറ്റു വീണേക്കാമെന്നതാണ് നാട്ടിലെ അവസ്ഥ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍