UPDATES

മുഖ്യമന്ത്രി വോട്ട് ചെയ്ത ആർസി അമല സ്കൂളും വച്ച് കേരളത്തിലെ പൊതുവിദ്യാലങ്ങളെ അളക്കുമ്പോൾ

കനത്ത ‘പോളിംഗിന്’കൂടെ ആവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കാനും അവ സ്ഥായിയായി നിലനിര്‍ത്താനും നമുക്ക് ഇനിയും ഒരുമിച്ച് കൈകോര്‍ക്കാം!

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ വോട്ടു ചെയ്ത ആര്‍.സി. അമല യു.പി.എസ്.  https://sametham.kite.kerala.gov.in/14368) എന്ന 1919 ല്‍ സ്ഥാപിതമായ എയ്ഡഡ് യു.പി. സ്കൂളിന്റെ ദൃശ്യം വെച്ച് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ചില ചർച്ചകൾ കാണുമ്പോള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന അക്കാദമിക-അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലഘു വിവരണം പ്രസക്തമാണെന്ന് തോന്നുന്നു.

കേരളത്തില്‍ സര്‍ക്കാര്‍ (5634) എയ്ഡഡ് (7961) മേഖലകളിലായി 13595 പൊതുവിദ്യാലയങ്ങളുണ്ട്. ഇതില്‍ 40.75 ലക്ഷം കുട്ടികള്‍ പഠിക്കുന്നുമുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍, ഹൈടെക് സ്കൂള്‍-ഹൈടെക് ലാബ് പദ്ധതികള്‍, അധ്യാപക പരിശീലനങ്ങള്‍, ഡിജിറ്റല്‍ വിഭവങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍-എയ്ഡഡ് വ്യത്യാസമില്ലാതെ മുഴുവന്‍ പൊതുവിദ്യാലയങ്ങള്‍ക്കും ഒരുപോലെ ലഭ്യമാക്കുന്നുണ്ട്. (നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം തുടങ്ങിയവ സര്‍ക്കാര്‍-എയ്ഡഡ് വ്യത്യാസമില്ലാതെയാണ് ലഭ്യമാക്കുന്നത്). എന്നാല്‍ നിലവില്‍ അടിസ്ഥാന സൗകര്യ വികസനം (കെട്ടിട നിര്‍മാണമുള്‍പ്പെടെ) സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ. പിണറായിയിലെ അമല യു.പി.എസ്. പോലുള്ള മാനേജ്മെന്റ് (എയ്ഡഡ്) വിദ്യാലയങ്ങളില്‍ കെട്ടിട നിര്‍മാണം പോലുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സാധ്യമല്ല.

ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ആദ്യഘട്ടം 8 മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കാക്കുക എന്നതായിരുന്നു. ഇതിന്റെ ഭാഗമായി 4752 സ്കൂളുകളിലെ 45000 ക്ലാസ് മുറികളില്‍ ഹൈടെക് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍-എയ്ഡഡ് വ്യത്യാസമില്ലാതെ ക്ലാസ് മുറികളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രക്രിയ വിവിധ ധനസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തി സ്കൂളുകളുടെ നേതൃത്വത്തില്‍ത്തന്നെ പൂര്‍ത്തിയാക്കിയിരുന്നു (ഹൈടെക് സ്കൂള്‍ സ്റ്റാറ്റസ് https://survey.itschool.gov.in/…/Publi…/assembly_wise_report ല്‍ ലഭ്യമാണ്). അതായത് ലാപ്‍ടോപ്പും പ്രൊജക്ടറും സ്പീക്കറും നെറ്റ്‍വര്‍ക്കിംഗും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റുമൊക്കെ ക്ലാസ് മുറികളിലെത്തിക്കുന്നതിനു മുന്‍പ് തറ ടൈല്‍ പോലുള്ള സംവിധാനത്താല്‍ മെച്ചപ്പെടുത്തുക, സുരക്ഷിതത്വം ഉറപ്പുവരുത്തുക, സീലിംഗ്, പെയിന്റിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നിവ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 45000 ക്ലാസ് മുറികളില്‍ നടന്നു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ 1 മുതല്‍ 7 വരെ ക്ലാസുകളുള്ള 9941 സ്കൂളുകളില്‍ക്കൂടി ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്.

സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ ഹൈടെക് പദ്ധതികള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്കൂളുകളില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്ന പ്രോജക്ടും പൂര്‍ണമായും കിഫ്ബി ധന സഹായത്തോടെ നടപ്പാക്കുന്നത് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ്. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ 785 കോടി രൂപയുടെ ഹൈടെക് പദ്ധതിയും ആയിരത്തോളം സര്‍ക്കാര്‍ സ്കൂളുകളില്‍ 2673 കോടിയുടെ അടിസ്ഥാന സൗകര്യ വികസനവും ഉള്‍പ്പെടെ 3458 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് കിഫ്ബി ഫണ്ടുമാത്രമുപയോഗിച്ച് കൈറ്റിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കാന്‍ അംഗീകാരം ലഭിച്ചിരിക്കുന്നത് (എസ്.എസ്.കെ. പോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന പ്ലാന്‍ ഫണ്ടും ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനു പുറമെയാണ്). 500 നു മുകളില്‍ കുട്ടികള്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്കൂളുകളും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള ഈ പദ്ധതിയില്‍ ഇതിനകം ഉള്‍പ്പെട്ടു കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് എയ്ഡഡ് സ്കൂളുകള്‍ക്ക് ചലഞ്ച് ഫണ്ട് എന്ന സംവിധാനം (നിശ്ചിത പരിധിയ്ക്കകത്ത് മാനേജ്മെന്റ് ചെലവാക്കുന്ന തുകയ്ക്ക് സമാനമായ തുക സര്‍ക്കാര്‍ നല്‍കുന്ന) നിലവിലുണ്ട്. ഇതിനൊക്കെയപ്പുറം വളരെ വിപുലമായ ജനകീയ പങ്കാളിത്തം ഇന്ന് പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താനായി രൂപംകൊണ്ടിട്ടുണ്ട്.

ചുരുക്കത്തില്‍ മെയ് അവസാനവാരം നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന കനത്ത ‘പോളിംഗിന്’കൂടെ ആവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കാനും അവ സ്ഥായിയായി നിലനിര്‍ത്താനും നമുക്ക് ഇനിയും ഒരുമിച്ച് കൈകോര്‍ക്കാം!

കെ.അന്‍വര്‍ സാദത്ത്
വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍
കൈറ്റ്

;

കെ അന്‍വര്‍ സാദത്ത്

കെ അന്‍വര്‍ സാദത്ത്

വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൈറ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍