UPDATES

ബ്ലോഗ്

നാല് ടിപ്പറുണ്ടെങ്കിൽ ഒരേക്കർ നിലം നികത്താൻ മണിക്കൂറുകൾ മതി; ആ നികത്തിയിടത്ത് ഒരു കുളം കുത്താനോ? വ്യത്യസ്തമായ ഒരു അനുഭവക്കുറിപ്പ്

കുളത്തിന്റെ മനോഹാരിതയും ചാടിക്കുളിയുടെ ഹരവും ഏറെ ത്രസിപ്പിക്കുന്നതാണെങ്കിലും വ്യക്തിപരമായി ഏറ്റവുമധികം സന്തോഷം നൽകിയത് ഈ പണിയുമായി ബന്ധപ്പെട്ട വർഷങ്ങളിൽ കിട്ടിയ വിലമതിക്കാനാവാത്ത പരിസ്ഥിതി പാഠങ്ങളാണ്

എന്നാണ് നീന്തൽ പഠിച്ചതെന്നോർമയില്ല. പക്ഷേ ഓർമ വെച്ച നാൾ തൊട്ട് വീട്ടിനടുത്ത പുഴയും പാടവും കുളങ്ങളുമൊക്കെ മനസ്സിലുണ്ട്. വീട്ടിൽ നിന്ന് രണ്ട് മിനിറ്റ് കൊണ്ടെത്താവുന്ന ഇരുവഴിഞ്ഞി പുഴയിലെ കുളിയും നീന്തലും മാറ്റി നിർത്തിയൊരു ദിവസം കുട്ടിക്കാലത്ത് വിരളമായിരുന്നു. മണിക്കൂറുകൾ വെള്ളത്തിൽ ചിലവിടുന്ന അവധി ദിവസങ്ങളായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്. പത്താം ക്ലാസ് കഴിഞ്ഞ് പഠനവും പിന്നീട് ജോലിയുമൊക്കെ പുറത്തായപ്പോൾ ഏറ്റവുമധികം നഷ്ടബോധം അനുഭവപ്പെട്ടത് ഈ പുഴയും പാടവുമായൊക്കെ ബന്ധപ്പെട്ട ഓർമകളിലായിരുന്നു. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രമായി ഇതൊക്കെ ഒതുങ്ങി.

പ്രകടമായ മറ്റു പല മാറ്റങ്ങളും ഇതോടൊപ്പമുണ്ടായി. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണൽ വാരൽ, പുഴയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ്, ഉത്ഭവ സ്ഥാനത്തെ ആർത്തി മൂത്ത ഖനനവും മറ്റ് ഇടപെടലുകളും എന്നിവയെല്ലാം ചേർത്ത് ഇരുവഴിഞ്ഞി എന്ന പ്രകൃതിയുടെ അതി മനോഹര വിസ്മയത്തെ നശിപ്പിച്ചു. അത് പുഴയുടെ എല്ലാ സ്വാഭാവികതയും നഷ്ടപ്പെട്ട കെട്ടിക്കിടക്കുന്ന മാലിന്യ കൂമ്പാരമായി മാറി. കേരള മാതൃക പിൻ പറ്റി വയലുകളും കുളങ്ങളും തോടുകളുമെല്ലാം ഒന്നൊന്നായി നികത്തി തുടങ്ങി. തൊണ്ണൂറുകളിൽ തുടങ്ങിയ ഈ പ്രതിഭാസം രണ്ട് പതിറ്റാണ്ട് പോലും തികയുന്നതിന് മുമ്പ് അതിവേഗം ബഹുദൂരം ലക്ഷ്യം കണ്ടു. ഞങ്ങളുടെ ഗ്രാമത്തിലെ ഏറെക്കുറെ എല്ലാവരും കുളിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന ഗ്രാമത്തിന്റെ ജീവനാഡി പഴയ പ്രതാപം നഷ്ടപ്പെട്ട് ജന ജീവിതത്തിൽ നിന്നും മാറി ഒഴുകുന്ന ജഡമായി മാറി. പണ്ട് അപൂർവങ്ങളിൽ അപൂർവമായി മാത്രം നാട്ടിൽ കണ്ടിരുന്ന നീന്തലറിയാത്തവരുടെ പിൻതലമുറക്കാരായി പുതിയ കുട്ടികളിലെ ഭൂരിഭാഗവും.

പക്ഷേ നാട്ടിലെ ഭേദപ്പെട്ട സാമൂഹിക ബോധവും രാഷ്ട്രീയ സാക്ഷരതയും പരിസ്ഥിതി ചർച്ചകൾ സജീവമാക്കി. നിസ്വാർത്ഥരായ ചില വ്യക്തികളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന പരിസ്ഥിതി ചിന്തകൾ വളരെ പെട്ടെന്ന് ഒരു നാടിന്റെ വികാരമായി മാറി. വയൽ നികത്തൽ പൂർണമായി നിലച്ചു. നികത്തിയ പലതും തിരിച്ച് നെൽകൃഷിയിലേക്ക് തന്നെ വന്നു. ഇരുവഴിഞ്ഞിയുടെ അടിസ്ഥാന പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടാതിരിക്കുമ്പോഴും നാട്ടുകാരുടേയും പൊതു പ്രവർത്തകരുടേയും നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി പുഴ ഏറെക്കുറെ മാലിന്യ മുക്തമായി. കുളങ്ങളും തോടുകളും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ സജീവമായി. നാട്ടിലെ വിവിധ സംഘടനകൾ, വ്യക്തികൾ, മുനിസിപ്പാലിറ്റി, കൃഷി ഭവൻ അധികൃതർ തുടങ്ങിയവർ പല രീതിയിലും തങ്ങളുടേതായ ഇടപെടലുകൾ നടത്തിയപ്പോൾ അതൊരു വലിയ മുന്നേറ്റമായി മാറി.

ഈ സമയത്താണ് 25 വർഷം മുമ്പ് നികത്തി കവുങ്ങ് കൃഷിയിലേക്ക് മാറിയ ഒരു പഴയ വയലിൽ ഗ്രൗണ്ട് ഉണ്ടാക്കുന്ന ചർച്ച നാട്ടിൽ സജീവമാവുന്നത്. പൂർണാർത്ഥത്തിൽ ഒരു ഗ്രൗണ്ട് ആക്കി മാറ്റുന്നതോടെ ഏതെങ്കിലും ഒരു കാലത്ത് തിരിച്ച് വയലാക്കാനുള്ള സാധ്യത പോലും കൊട്ടിയടക്കപ്പെടും. സമീപ കണ്ടങ്ങളിലെ നെൽ കൃഷിക്കാണെങ്കിൽ ഇത് മരണ മണിയുമായി മാറും. സ്വാഭാവികമായും നാട്ടിലെ പരിസ്ഥിതി പ്രവർത്തകർ അടക്കമുള്ള വലിയൊരു വിഭാഗം എതിർപ്പുന്നയിച്ചു. ശക്തമായ എതിർപ്പ് കാരണം പദ്ധതി തൽക്കാലം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും പാടം/പൊയിൽ നികത്തി ഗ്രൌണ്ടെന്ന ആശയം ഇടക്കിടെ പൊങ്ങി വന്നു. നാട്ടിലെ വാട്ട്സ് ആപ് ഗ്രൂപ്പുകളിലും പുറത്തും പലപ്പോഴും ഈ വിഷയം ചർച്ചയായി. പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നായപ്പോൾ ഈ സ്ഥലത്തിനായി മുതൽ മുടക്കിയവർക്ക് പദ്ധതിയോടുള്ള താൽപര്യം നഷ്ടപ്പെട്ടു. കറങ്ങി തിരിഞ്ഞ് ഇതിലൊരു ഭാഗം സ്ഥലം ഉമ്മയുടെ കൈവശമെത്തി. സ്ഥലം ഉമ്മയുടെ പേരിലായപ്പോൾ മനസ്സിലുണ്ടായിരുന്ന ചിര കാല സ്വപ്നം വീട്ടിലവതരിപ്പിച്ചു. അവിടെയൊരു കുളം ഉണ്ടാക്കാം. പണ്ട് ചെറിയൊരു കുളം ഉണ്ടായിരുന്ന സ്ഥലമായത് കൊണ്ട് കുഴിച്ചാൽ വെള്ളമുണ്ടാവാൻ സാധ്യതയുണ്ട്. പരിസ്ഥിതി വാദത്തോടൊന്നും പറയത്തക്ക ആവേശമില്ലെങ്കിലും നാട്ടിലെ പഴയ കുളങ്ങളുടെ ഗൃഹാതുര ഓർമകളും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരാശയമെന്നതും സമ്മതം മൂളാൻ എല്ലാവരേയും പ്രേരിപ്പിച്ചു.

ഒരാവേശത്തിന് എടുത്തു ചാടിയെങ്കിലും വൈകാതെ ഇതിലെ അബദ്ധം ബോധ്യപ്പെട്ടു. ശാസ്ത്രീയമായി കുളം നിർമിക്കാനുള്ള വൈദഗ്ദ്യത്തിന്റെ അഭാവമായിരുന്നു ആദ്യ കടമ്പ. വയലും കുളവുമൊക്കെ എല്ലാ നിയമങ്ങളും തടസ്സങ്ങളും അട്ടിമറിച്ച് നികത്താൻ വേണ്ട മാർഗ നിർദേശങ്ങൾ തരുന്നവർ ഒരു പാടുണ്ട്. നമ്മൾക്ക് താൽപര്യമുണ്ടെന്ന് അറിഞ്ഞാൽ ബാക്കി അവരേൽക്കും. എന്നാൽ തിരിച്ചങ്ങനെയല്ല, കുളമുണ്ടാക്കുന്നതിനെ പറ്റി അന്വേഷിച്ചാൽ ഒന്നുകിൽ നികത്തി കരഭൂമിയാക്കാനോ അല്ലെങ്കിൽ കാശ് സമ്പാദിക്കാൻ പറ്റിയ രീതിയിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കാനോ ഉള്ള ഉപദേശം നിർലോഭം കിട്ടും. നമ്മൾ തിരിയുന്ന നിമിഷം തന്നെ നമ്മളെ ‘വട്ടിനെ’ പറ്റി ചെറിയൊരു പരദൂഷണ ചർച്ചയും അവിടെ നടക്കും. അറിയാവുന്ന പല കൂട്ടുകാരോടും ബന്ധപ്പെട്ടപ്പോൾ അവസാനം ശരിക്കും കുളം കുത്തിയ ഒന്ന് രണ്ട് പേരുടെ നമ്പർ കിട്ടി. അവരുമായി സംസാരിച്ചപ്പോൾ ചില കാര്യങ്ങളിലെങ്കിലും വ്യക്തത വന്നു. ഏതായാലും ഉള്ള ധാരണ വെച്ച് പരിപാടി തുടങ്ങാനുറച്ചു. കൂടെ വീട്ടുകാരും കൂട്ടുകാരും ഉള്ളതായിരുന്നു ധൈര്യം. കുളത്തിന്റെ പ്ലാൻ വരച്ച് പരിചയമുള്ള എഞ്ചിനീയറെ തേടിയുള്ള അന്വേഷണമെത്തിയത് ഇറിഗേഷൻ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ കൂട്ടുകാരൻ ഫൈസലിൽ തന്നെയായിരുന്നു. ഫൈസലാണെങ്കിൽ സമാന വട്ടുകൾ പങ്കു വെക്കുന്ന ആളുമാണ്.

അങ്ങനെ 2017 ലെ വേനൽ ചൂടിന്റെ അവസാന ഘട്ടത്തിൽ പണി തുടങ്ങി. ഏൽപിച്ച ഹിറ്റാച്ചികളൊന്നും കിട്ടാത്തതിനാൽ ജെ സി ബി വെച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. അയ്യപ്പനെന്ന ജെ സി ബി ഓപറേറ്ററുടെ ഐതിഹാസിക പ്രകടനം ആ കുറവ് ഒരു പരിധി വരെ നികത്തി. അയ്യപ്പന്റെ ജെ സി ബി ക്ക് പരിധികളും പരിമിതികളൊന്നും അധികം ബാധകമല്ല. ഏത് ചളിയിലും വെള്ളത്തിലും തുളച്ചു കയറും. അങ്ങനെ ഏകദേശം മുക്കാൽ മീറ്ററിൽ കുഴിച്ചപ്പോഴേക്കും വെള്ളത്തിന്റെ ഉറവകൾ ഒരുപാട് വന്ന് തുടങ്ങി. കടുത്ത വേനലിലും ഇത്രയെളുപ്പത്തിൽ വെള്ളം കണ്ടത് വലിയ ആവേശം നൽകി. ഇത്രയധികം നീരുറവകളെ നിഷ്കരുണം കുഴിച്ചു മൂടുന്ന മനുഷ്യരുടെ ആർത്തിയെ പറ്റി ആലോചിച്ചപ്പോൾ സങ്കടം തോന്നി. ഏതായാലും ഹിറ്റാച്ചി കിട്ടാത്തതിനാലും മഴക്കാലം അടുത്തതിനാലും പണി പെട്ടെന്ന് നിർത്തിവെക്കേണ്ടി വന്നു. മഴക്കാലത്ത് പാടത്ത് ഇമ്മാതിരി പണികളൊന്നും ചിന്തിക്കാൻ പറ്റാത്തത് കൊണ്ട് 6 മാസം എല്ലാം നിർത്തി വെച്ചു. മഴക്കാലത്ത് ഒരു ചോദ്യ ചിഹ്നം പോലെ ഈ വെള്ളക്കുണ്ട് അവിടെ നില കൊണ്ടു.

അടുത്ത വേനലിൽ കൂടുതൽ തയ്യാറെടുപ്പോടെ ഡിസംബർ അവസാനത്തിൽ തന്നെ പണി തുടങ്ങി. പക്ഷേ അതോടൊപ്പം തന്നെ പ്രശ്നങ്ങൾ ഒന്നൊന്നായി തല പൊക്കി തുടങ്ങുകയും ചെയ്തു. നിയമ പ്രശ്നം ശരിക്കുമൊരു വെല്ലുവിളിയായിരുന്നു. മുനിസിപ്പാലിറ്റിയുടെ അനുമതി ഇല്ലാത്ത ഒരു നിർമാണ പ്രവർത്തനവും നിയമ വിധേയമല്ല, സ്വന്തം വീടിന് പുതുതായി ഉണ്ടാക്കുന്ന മുറിയാണെങ്കിൽ പോലും അനുമതി നിർബന്ധമാണ്. വയൽ നികത്തിയ ഭൂമിയിൽ കുളമുണ്ടാക്കാൻ നോക്കുന്ന സാഹസമൊക്കെയാവുമ്പോൾ പറയുകയും വേണ്ട. ശരിക്കും ഈ പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന് കരുതിയ ദിവസങ്ങളായിരുന്നു പിന്നീട് വന്നത്. കൂട്ടുകാരൻ ഹരീഷ് വാസുദേവൻ നിയമ വശം വിശദമായി പരിശോധിച്ച് ചില സാധ്യതകൾ പറഞ്ഞ് തന്നു. മുനിസിപ്പാലിറ്റി, കൃഷി ഭവൻ, വില്ലേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥരും ചെയർമാനും കൗൺസിലർമാരുമെല്ലാം കൂടെ നിന്നു. നിയമത്തിനകത്ത് നിന്ന് തന്നെ സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പ് നൽകി. ഉറപ്പ് മാത്രമല്ല, എല്ലാ നിയമ വശങ്ങളും പരിശോധിച്ച് ചട്ടങ്ങൾ പാലിച്ച് കൊണ്ട് തന്നെ അനുമതി കിട്ടാനുള്ള നടപടി ക്രമങ്ങളും രൂപരേഖയും തയ്യാറാക്കി. മുനിസിപ്പാലിറ്റി ചെയർമാൻ കുഞ്ഞൻ മാഷും സെക്രട്ടറി എൻ കെ ഹരീഷും കൃഷി ഓഫീസർ ഡോ: പ്രിയയുമെല്ലാം പണി സ്ഥലത്തും ഓഫീസിലുമായി പല തവണ ഇതിനായി ഇരുന്നു. കൗൺസിലർമാർ നിരന്തരം ഇതിനായി ഓടി നടന്നു. ജിയോളജിയുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾക്കും നിയമ സഹായത്തിനും അസിസ്റ്റന്റ് ജിയോളജിസ്റ്റ് രശ്മി ഏറെ സമയവും ഊർജവും ചിലവഴിച്ചു. രൂപരേഖ പ്രകാരം എല്ലാം ചെയ്ത് കുളത്തിന്റെ പ്ലാൻ പാസാക്കി അവസാന ഒപ്പിട്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ചിക്കൻ പോക്സ് പിടിച്ച് വീട്ടിൽ വിശ്രമിക്കുമ്പോഴായിരുന്നു.

അനുമതി കിട്ടിയപ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വേഗത വന്നെങ്കിലും നിർമാണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. നിർമാണം നടക്കുന്നത് പാടം നികത്തിയ ചതുപ്പ് പോലുള്ള നിലത്താണ്. മണ്ണ്, ചളി, വെള്ളം, പാറ എന്നിങ്ങനെ നാല് വ്യത്യസ്ത സ്വഭാവമുള്ള വസ്തുക്കൾ മാത്രമല്ല, ഹിറ്റാച്ചി, ജെ സി ബി, ടിപ്പർ ലോറി എന്നിങ്ങനെ തീർത്തും വ്യത്യസ്ത പ്രതലം ആവശ്യമായ മൂന്ന് യന്ത്രങ്ങളുമായും മല്ലിട്ട് വേണം രണ്ട് ഡസനോളം വരുന്ന മനുഷ്യർക്ക് പണിയെടുക്കാൻ. പൊള്ളുന്ന വേനലിൽ പാടത്ത് പണിയെടുക്കുന്നതിലെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റാത്തത്. ചളിയും വെള്ളവും വറ്റിച്ച് അടിത്തറ പാകുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഇതിനിടക്ക് നിരന്തരം മണ്ണിടിച്ചിലുകളുമുണ്ടായി. ഒറ്റയടിക്ക് മൂന്നും നാലും കവുങ്ങുകളടക്കം വലിയ മൺ കൂനകൾ ഒന്നായി ഇടിഞ്ഞ് വീണപ്പോഴൊക്കെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു. ഇതിലൊന്നിലും അപകടം പറ്റാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം. വേറൊരിക്കൽ ഉച്ചക്ക് ചോറ് തിന്നുമ്പോഴാണ് ഹിറ്റാച്ചി ഓപറേറ്റർ അക്ഷയ് ഉടൻ വരണമെന്ന് പറഞ്ഞ് ഫോൺ വിളിക്കുന്നത്. പോയി നോക്കുമ്പോൾ ഹിറ്റാച്ചിയുടെ പകുതി ഭാഗത്തോളം ചളിയിൽ പൂണ്ട് കരകയറാനാവാതെ അക്ഷയ് ചക്രശ്വാസം വലിക്കുന്നു. അടുത്തൊന്നും ജെ സി ബി കിട്ടാനുമില്ല, പിന്നെ രണ്ടും കൽപിച്ച് അവൻ അവസാന ശ്രമം നടത്തി നോക്കി. രണ്ടര മണിക്കൂർ കൊണ്ട് എങ്ങനെയോ ചളിയിൽ നിന്ന് കര കയറി. ശരിക്കും പണിക്കാർ പണിയുപേക്ഷിച്ച് ഓടി രക്ഷപ്പെടുമെന്ന് കരുതിയ ദിവസങ്ങളായിരുന്നു അന്ന്. ഇതിനിടക്ക് ഹിറ്റാച്ചിയുടെ ചെയിനൊന്ന് പൊട്ടിയാലോ വെള്ളം വറ്റിക്കുന്ന മോട്ടോറിന്റെ ചരടൊന്ന് മുറിഞ്ഞാലോ എല്ലാവരും വെറുതെയിരിക്കേണ്ടി വരും. ഏതായാലും പണിക്കാരുടെ കഠിനാധ്വാനവും അർപ്പണ ബോധവും കൊണ്ട് പണി നന്നായി മുന്നോട്ട് പോയി. മണ്ണുമാന്തി തൊട്ട് ടിപ്പർ വരെയുള്ള ആര് മിന്നൽ പണി മുടക്കിനിറങ്ങിയാലും ലെയ്സിനെയോ ആസിഫിനെയോ വിളിച്ചാൽ നിമിഷ നേരങ്ങൾക്കുള്ളിൽ ബദൽ ഒരുക്കും. ലെയ്സിന് ജീവിതത്തിൽ ആരോടും ‘നോ’ എന്ന് പറയാൻ സാധിക്കാത്തത് പരമാവധി ചൂഷണം ചെയ്യേണ്ടി വന്നു.

കുളം കെട്ടി പരിചയമുള്ള കെട്ടുകാർക്കായുള്ള അലച്ചിലായിരുന്നു ഈ മെഗാസീരിയലിലെ ഏറ്റവും വലിയ എപ്പിസോഡെങ്കിലും അതിന്റെ ഗുണമുണ്ടായി. കൃഷ്ണേട്ടനും ചേച്ചിയും നയിക്കുന്ന ടീം ശരിക്കും ഒരു വിസ്മയമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത കൃഷ്ണേട്ടൻ ഒരു പേരെടുത്ത ആർകിറ്റെക്റ്റിന്റെ വൈഭവത്തോടെ ഫൈസലിന്റെ മനസ്സിലുള്ള ആശയങ്ങളും ഞങ്ങളെ സ്വപ്നങ്ങളും പ്രാവർത്തികമാക്കുന്ന കാഴ്ച മനോഹരമായിരുന്നു. വർഷങ്ങളായി കിടപ്പിലായ ഭർത്താവിനെ പരിചരിക്കുന്നതോടൊപ്പം തന്നെ കഠിനമായ കായികാധ്വാനം ആവശ്യമുള്ള ഈ ജോലി ചെയ്യുകയും കുടുംബം പോറ്റുകയുമൊക്കെ ചെയ്യുന്ന ചേച്ചിയുടെ ജീവിതമൊക്കെ ദലിത്/സ്ത്രീ അതിജീവന കഥകളുടെ ഒന്നാന്തരം എപ്പിസോഡാണ്. ഇത്രയധികം പ്രതികൂലമായ സാഹചര്യത്തിലും പ്രത്യാശയോടെയും പ്രതീക്ഷയോടെയും മാത്രം ജീവിതത്തെ കാണുന്ന അവരുടെ സമീപനം അതിലേറെ ആകർഷിച്ചു. ഏതായാലും ഇത് പ്രതീക്ഷിച്ചതിലും എത്രയോ അധികം നീരുറവകൾ ഉള്ള സ്ഥലമാണെന്ന് ബോധ്യപ്പെട്ടതിനാലും മറ്റ് അനുകൂല ഘടകങ്ങൾ ഒത്ത് ചേർന്നതിനാലും കുളത്തിന്റെ വ്യാപ്തി ആദ്യം ഉദേശിച്ചതിലും കൂട്ടി. കുളത്തിനോട് ചേർന്ന ഒരേക്കർ നിലത്തിലെ കവുങ്ങുകൾ വെട്ടി മാറ്റി നെൽകൃഷി ഇറക്കാനും തീരുമാനിച്ചു. ഗ്രൗണ്ട് നിർമിക്കാൻ മുന്നിട്ടിറങ്ങിയവർ തന്നെ തൊട്ടടുത്ത പ്ലോട്ടുകൾ കൂടി വിൽക്കാൻ തയ്യാറായി സഹകരിച്ചത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. അതിർത്തി പോലും ‘ലംഘിച്ച്’ പദ്ധതി മുന്നോട്ട് പോയപ്പോൾ പ്രിയ കൂട്ടുകാരായ ബന്നയും റസാഖ് കാക്കയും മുൻ കയ്യെടുത്ത് ആ പ്രശ്നവും പരിഹരിച്ചു തന്നു. അയൽ വാസികൾ എല്ലാ ബുദ്ധിമുട്ടുകളേയും ക്ഷമാപൂർവം സഹിച്ച് സഹകരിച്ചു. നാട്ടുകാർ പരമാവധി പിന്തുണ നൽകി. പണി വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങി. അടിത്തറയും കഴിഞ്ഞ് 3 മീറ്റർ ഉയരത്തിലെ കരിങ്കൽ വശങ്ങളും കെട്ടി. മുകളിൽ ബെൽറ്റ് വാർക്കുന്ന പണി കൂടി കഴിഞ്ഞപ്പോൾ വലിയൊരാശ്വാസമായി. ഇനി അതിനു മുകളിലെ ഒന്നര മീറ്റർ കെട്ടാനും മറ്റുമായുള്ള താരതമ്യേന ചെറിയ പണികളേ ബാക്കി ഉള്ളൂ. എപ്പോഴും ബാക്കി ചെയ്യാമെന്ന സൗകര്യമുള്ള പണികൾ. കൃത്യം ഇത്രയും കഴിഞ്ഞ പിറ്റേന്നാണ് 2018 ലെ മൺസൂൺ മഴ തുടങ്ങുന്നത്. പണി നിർത്തി വെക്കേണ്ടി വന്നു. മഴയുടെ അംശമെങ്കിലുമുണ്ടായാൽ പാടത്ത് ഒരു പണിയും നടക്കില്ല. ഇടക്ക് അപ്രതീക്ഷിതമായ ഇs മഴകൾ വന്നത് കാരണം പണി നിർത്തി വെക്കേണ്ടി വന്നതായിരുന്നു കാര്യങ്ങൾ ഇത്ര വൈകിച്ചതും. ഏതായാലും കുളവും അതിന്റെ കെട്ടുമെല്ലാം മഹാ പ്രളയത്തെ അതിജീവിച്ചു. ഈ വർഷം വേനലിൽ നേരത്തേ തന്നെ ബാക്കിയുള്ള പണികൾ തുടങ്ങി. എല്ലാം ട്രാക്കിലായതിനാൽ കാര്യങ്ങൾ താരതമ്യേന എളുപ്പമായിരുന്നു. കാര്യമായ പണികൾ നോമ്പിന് മുമ്പേ തീർന്നു. അവസാന മിനുക്കു പണികൾ പെരുന്നാളിന്റെ തലേ ദിവസത്തോടെ തീർന്നു. പണി കഴിഞ്ഞപ്പോഴേക്കും മലയാള ഭാഷയിൽ എന്ത് കൊണ്ടാണ് വൻ മിനക്കേടിനെയും പരാജയങ്ങളേയും സൂചിപ്പിക്കുന്ന രീതിയിൽ “കുളമാവൽ”, “നെല്ലിപ്പടി” തുടങ്ങിയ ശൈലികൾ കുളവുമായി ബന്ധപ്പെട്ട് തന്നെ വന്നതെന്ന് ബോധ്യപ്പെട്ടു.

കുളത്തിന്റെ മനോഹാരിതയും ചാടിക്കുളിയുടെ ഹരവും ഏറെ ത്രസിപ്പിക്കുന്നതാണെങ്കിലും വ്യക്തിപരമായി ഏറ്റവുമധികം സന്തോഷം നൽകിയത് ഈ പണിയുമായി ബന്ധപ്പെട്ട വർഷങ്ങളിൽ കിട്ടിയ വില മതിക്കാനാവാത്ത പരിസ്ഥിതി പാഠങ്ങളാണ്. രണ്ട് മൂന്ന് വർഷങ്ങളിലായി എത്രയോ മാസങ്ങളിൽ എന്നും അതി രാവിലെ തൊട്ട് ഇരുട്ടുന്നത് വരെ പാടത്തായിരുന്നത് എന്താണ് ഒരാവാസ വ്യവസ്ഥയിൽ വയലിന്റെ റോളെന്നത് മനസ്സിലാക്കാൻ സഹായിച്ചു. നാല് ടിപ്പർ ലോറിയുണ്ടെങ്കിൽ ഒരേക്കർ നിലം നികത്താൻ മണിക്കൂറുകൾ മതി. പക്ഷേ അത് തിരിച്ച് വയലാക്കാൻ വർഷങ്ങളുടെ പരിശ്രമവും ഭീമമായ ചിലവും ആവശ്യമായി വരും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള നമ്മുടെ പല നിയമങ്ങളും ഫലത്തിൽ പരിസ്ഥിതി തിരിച്ചുപിടിക്കുന്നതിന് തടസ്സമാവുന്നത് പ്രശ്നം വഷളാക്കുന്നു. കൊടും വേനലിലും വെള്ളം തരാൻ കഴിവുള്ള എത്രയോ ഉറവകളാണ് വയൽ നികത്തിയുള്ള നിർമാണ പ്രവർത്തനത്തിലൂടെ ഇല്ലാതാവുന്നത്. ഇപ്പോൾ തന്നെ ഒരു വർഷത്തിലധികമായി അവിടെ കുളത്തിൽ വെള്ളം ശേഖരിച്ചത് കൊണ്ട് അയൽ വീടുകളിലെ കിണറുകളിലെല്ലാം ജലനിരപ്പ് ഉയർന്നതായി അവർ സാക്ഷ്യപ്പെടുത്തുന്നു. മീനുകളും ആമകളും കിളികളും നീർക്കോലിയുമെല്ലാം കുളത്തിൽ സ്വൈര വിഹാരം നടത്തുന്നു. നീന്താനും കുളിക്കാനും വരുന്നവർക്ക് കിട്ടുന്ന മാനസിക സംതൃപ്തിയും ആരോഗ്യ ഗുണങ്ങളും വേറെ. ഇതൊന്നും പരിഗണിക്കാതെയുള്ള യാന്ത്രിക ലാഭ നഷ്ടക്കണക്കുകളിലെ അർത്ഥ ശൂന്യതയും മണ്ടത്തരവും നമ്മളിനിയും മനസ്സിലാക്കുന്നില്ല എന്നതാണ് ഖേദകരമായ സത്യം.

തിരിഞ്ഞു നോക്കുമ്പോൾ പല തിരിച്ചറിവുകളും പാഠങ്ങളും ഉണ്ട്. നിർമാണം പരമാവധി പരിസ്ഥിതി സൗഹാർദമാക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷക്ക് പ്രാധാന്യം നൽകിയതിനാൽ കരിങ്കല്ല് നന്നായി ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. കല്ലിന്റെ ഉപഭോഗം കുറക്കാനും വിസ്തൃതി കൂട്ടാനുമായി മുകൾ ഭാഗം ചരിച്ചു കരിങ്കൽ പാകുന്ന രീതിയാണ് സ്വീകരിച്ചത്. ഇതിന് പകരം ഭൂവസ്ത്രം വിരിക്കുന്ന രീതി കൂടുതൽ പരിസ്ഥിതി സൗഹാർദവും ചിലവ് കുറഞ്ഞതുമാണ്. അതേ പോലെ സെക്കന്റ് ക്വാളിറ്റി ഓടുകൾ കരിങ്കല്ലിന് പകരം ഉപയോഗിക്കുന്ന രീതിയും പയറ്റി നോക്കാവുന്നതാണ്. ആദ്യ ശ്രമമായത് കൊണ്ട് ഇതിനൊന്നും ധൈര്യപ്പെട്ടില്ല. പക്ഷേ സിമന്റും മണലും ഏറെക്കുറെ പൂർണമായി തന്നെ ഒഴിവാക്കിയായിരുന്നു നിർമാണം. അനിവാര്യമായ ബെൽറ്റ് വാർക്കലിനായി ഉപയോഗിച്ചതൊഴിച്ചാൽ മറ്റെവിടെയും ഇവ രണ്ടും ഉപയോഗിച്ചിട്ടില്ല. സ്വാഭാവികമായും ചിലവ് പ്രതീക്ഷിച്ചതിലും എത്രയോ കുറക്കാൻ സാധിച്ചു. കല്ലുകൾ വെറുതെ ലോക് ചെയ്യുന്ന രീതി കുളത്തിലെ സ്വാഭാവിക ആവാസ വ്യവസ്ഥിതി നില നിർത്താനും തെളിഞ്ഞ വെള്ളത്തിനും സഹായകരവുമാണ്.

ഇങ്ങനെയൊരനുഭവം നൽകിയ സാമൂഹിക പാഠങ്ങൾ ഇതിലേറെ രസകരമാണ്. യാതൊരു വാണിജ്യ താൽപര്യവുമില്ലാത്ത ഒരു ഏർപ്പാടിനായി പണവും ഊർജവും ചിലവഴിക്കുന്നതിലെ ‘മണ്ടത്തരം’ ബോധ്യപ്പെടുത്താൻ ഒരു വിഭാഗം ആളുകൾ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. എന്ത് കൊണ്ടാണ് പണമോ ഫീസോ ഏർപ്പെടുത്തി സ്വിമ്മിംഗ്/സ്പോർട്സ് കോംപ്ലക്സ് ആക്കാത്തതെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് ശരിക്കും കുഴഞ്ഞു. പരിസ്ഥിതിയെ പറ്റി സംസാരിക്കുന്നവർക്കൊക്കെ ‘ഭ്രാന്തൻ’ എന്ന വിശേഷണം സൗജന്യമായി കിട്ടുന്നത് മാത്രമാണ് ചിലപ്പോഴെങ്കിലും മറുപടി എളുപ്പമാക്കിയത്. നെൽ കൃഷിയിലേക്ക് പോവുന്നതിലെ ‘അപകട’ ത്തെ പറ്റി പലരും സ്നേഹത്തോടെ ഓർമിപ്പിച്ചു. യാന്ത്രിക ലാഭനഷ്ടക്കണക്കുകളിൽ പൊതിഞ്ഞ ഉപദേശങ്ങളെ നേരിടാൻ പലപ്പോഴും പാടു പെട്ടു. പക്ഷേ ഇതോടൊപ്പം തന്നെ പണി നിർത്തി വെക്കേണ്ടി വരുമെന്ന് തോന്നിയ ഘട്ടത്തിൽ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും നടത്തിയ നിരന്തര പരിശ്രമ ഫലമായാണ് ഞങ്ങൾക്ക് മുന്നോട്ട് പോവാനായത്. സർക്കാർ സംവിധാനങ്ങളെയും ബ്യൂറോക്രസിയെയും പറ്റിയുള്ള പല ക്ലീഷേ വാദങ്ങളും തീർത്തും തെറ്റായിരുന്നുവെന്ന് നേരിട്ട് ബോധ്യപ്പെട്ടു. കേവല ഉത്തരവാദിത്തം എന്നതിലുപരിയായി ഈ പദ്ധതി നിയമപരിധിക്കുള്ളിൽ നിന്ന് എങ്ങനെയെങ്കിലും നടത്തിയേ തീരൂ എന്ന അവരുടെ വാശിയും സാമൂഹിക പ്രതിബദ്ധതയും ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി എന്നോ ‘കുള’ മായി ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. വെറും സ്വപ്നം മാത്രമായി കൊണ്ട് നടന്ന അന്ന് തൊട്ട് അവസാന നിമിഷം വരെ ഞങ്ങളെ കൂടെ നിന്ന ഷഫീഖും ഹരീദയുമൊക്കെ ഇല്ലായിരുന്നുവെങ്കിൽ ഇതിങ്ങനെ ആവില്ലായിരുന്നുവെന്നുറപ്പ്.

ഇതൊരു തുടക്കം മാത്രമാവണമെന്നാണ് ആഗ്രഹം. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നാട്ടിൽ ചെറുതും വലുതുമായി ഒരു ഡസൻ കുളങ്ങളെങ്കിലും സ്വകാര്യ, സർക്കാർ പങ്കാളിത്തത്തിൽ വന്നാൽ പിന്നെ ജല സാക്ഷരതയും പരിസ്ഥിതി ബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, വേനൽ കാലത്ത് ടാങ്കറിൽ വെള്ള വിതരണം നടത്തുന്ന അശാസ്ത്രീയവും അസ്ഥിരവുമായ ഏർപ്പാട് അവസാനിപ്പിക്കാനും സാധിച്ചേക്കും. ഒട്ടും ആഗ്രഹമില്ലെങ്കിലും മുഴുവൻ സമയവും തുറന്നിടാൻ സാധിക്കാത്തത് നീന്തലറിയാത്ത കുട്ടികളുടെ സുരക്ഷ ഓർത്ത് മാത്രമാണ്. എല്ലാ കുട്ടികൾക്കും നടക്കാനറിയുന്ന പോലെ നീന്താനും അറിയുമെങ്കിൽ പിന്നെ സുരക്ഷയുടെ ആവശ്യമേയില്ല. അത് മറ്റൊരു വലിയ സ്വപ്നം…

[ആദ്യഫോട്ടോ കുളം നിന്ന സ്ഥലത്തിന്റെ പഴയ സ്ഥലം, രണ്ടാമത്തേത് കുളം പണി പൂർത്തിയായ ശേഷമുള്ള ഫോട്ടോ]

(ഫേസ്ബുക്കില്‍ എഴുതിയത്)

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍