UPDATES

ബ്ലോഗ്

തീപ്പൊരി അമ്മ, മനക്കരുത്തിന്റെ പര്യായമായി രണ്ടു യുവതികള്‍; 2019നു ഐതിഹാസിക തുടക്കം

ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയതടക്കം ഇനി വരാനിരിക്കുന്ന ഒരുപാട് സ്ത്രീ മുന്നേറ്റങ്ങൾക്ക് വനിതാ മതിൽ ഒരു ഹേതുവാകും എന്ന് തീർച്ചയാണ്.

Avatar

ഗിരീഷ്‌ പി

പുതുവത്സര ദിനത്തിൽ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിന് അടിസ്ഥാനം ശബരിമല യുവതി പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതോടെ വനിതാ മതിൽ എന്ന ആശയത്തിന് കൂടുതൽ രാഷ്ട്രീയ കാലിക പ്രസക്തി കൈ വന്നിരുന്നു. വനിതാ മതിലുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലോ മറ്റ് യോഗങ്ങളിലോ ശബരിമല വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വനിതാ മതില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്താനാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ കയറരുതെന്ന് തന്നെയാണ് നിലപാടെന്നുമായിരുന്നു പങ്കെടുക്കുന്ന പ്രധാന സംഘടനകളിലൊന്നായ എസ്എന്‍ഡിപി വ്യക്തമാക്കിയത്. ഇതേരീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നടത്തിയ യോഗങ്ങളിലും ശബരിമല വിഷയം പരാമര്‍ശിച്ചിരുന്നില്ല.

വനിതാ മതിലിനെ കുറിച്ച് ദീപക് ശങ്കരനാരായണൻ എഴുതിയ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇവിടെ പങ്കു വെക്കുന്നു : “വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്ന മാജിക് കണ്ടിട്ടില്ലാത്തവർ വനിതാ മതിലിന്റെ ടി വി ലൈവ് കണ്ടാൽ മതി, കേരള ജനസം‌ഖ്യയിലെ സ്ത്രീകളുടെ നാലിലൊന്ന് പേരുടെ രാഷ്ട്രീയമാമോദീസ, politicization, കാണാം.

Historical Turning Points താനേ ഉണ്ടാവുന്നതല്ല, ഇങ്ങനെയൊക്കെയാണ് അതുണ്ടാക്കുന്നത്. ലിംഗനീതിയെ വർഗ്ഗരാഷ്ട്രീയം അഭിസംബോധന ചെയ്യുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിന്റെ ലൈവ് ഉദാഹരണമാണ് വനിതാ മതിൽ.”

അക്ഷരാർത്ഥത്തിൽ വനിതാ മതിൽ പുതുവർഷം ആഘോഷിക്കുന്ന ലോകത്തിനു മുന്നിൽ കേരളം വീണ്ടുമൊരു അത്ഭുതമായി ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉയർന്ന വനിതാമതിൽ സാമൂഹ്യ‐സാംസ്കാരിക കേരളത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ചു. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുമെന്നും സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുമെന്നും കേരളത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്നും അവർ പ്രതിജ്ഞയെടുത്തു. സ്ത്രീസമൂഹത്തിന് ഐക്യദാർഢ്യവുമായി പുരുഷന്മാരുടെ മറ്റൊരു മതിലും കൂടി ഉയർന്നതോടെ കേരളം പുതിയൊരു ചരിത്രം കുറിച്ചു.

വനിതാ മതിൽ വൻമതിൽ ആയി അണിനിരന്നു മണിക്കൂറുകൾക്കകം ശബരിമലയിൽ യുവതി പ്രവേശനം സാധ്യമായി. ശബരിമലയില്‍ പുലര്‍ച്ചെ മൂന്നരയോടെ യുവതികള്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനകദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും അൽ‌പസമയത്തിന് മുൻപ് സ്ഥിരീകരിച്ചു.

പ്രതിഷേധങ്ങൾക്കും, വാഗ്വാദങ്ങൾക്കും, നിയമ നടപടികൾക്കുമൊടുവിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയത് വനിതാ മതിൽ എന്ന ഒരൊറ്റ മൂവ്മെന്റിന്റെ മാത്രം ഫലമാണെന്ന് പറഞ്ഞാൽ അതൊരു ശരിയായ നിരീക്ഷണമാവില്ല. പക്ഷെ ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയതടക്കം ഇനി വരാനിരിക്കുന്ന ഒരുപാട് സ്ത്രീ മുന്നേറ്റങ്ങൾക്ക് വനിതാ മതിൽ ഒരു ഹേതുവാകും എന്ന് തീർച്ചയാണ്.

സ്ത്രീകളുടെയും പുരുഷന്മാരുടെയും സമത്വത്തിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ മനുഷ്യാവകാശ പ്രഖ്യാപനം 1945-ല്‍ ഐക്യരാഷ്ട്ര സഭ നടത്തുകയുണ്ടായി. സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടിയുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ അതിലുണ്ട്. 1975 മുതല്‍ നാം വനിതാവര്‍ഷം ആചരിച്ചുപോരുന്നു. 1993-ല്‍ വിയന്നയില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശം തന്നെയാണ് എന്നു പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം അവകാശങ്ങളൊന്നുമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ അവര്‍ക്കു നേടിക്കൊടുക്കേണ്ടത് സ്ത്രീകളുടെ മാത്രം കടമയല്ല, സമൂഹത്തിലെ മൊത്തം ജനതയുടെ കടമയാണെന്ന് അന്നു വ്യക്തമാക്കപ്പെട്ടു. സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ബ്രിട്ടനില്‍ 1918-ലും അമേരിക്കയില്‍ 1920-ലും ഇറ്റലിയിലും ഫ്രാന്‍സിലുമൊക്കെ 1945- ലും സ്വീഡനിലും സ്വിറ്റ്സര്‍ലന്‍റിലും 1972-ലുമാണ് സ്ത്രീകള്‍ക്കു വോട്ടവകാശം കിട്ടിയത്. സൗദിഅറേബ്യയില്‍ 2016 ഡിസംബറിലാണ് ഈ അവകാശം സ്ത്രീകള്‍ക്കു കൈവന്നത്.

സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഒരു യന്ത്രം അല്ല ഒരു സമൂഹത്തിലെ പുരോഗമനപരമായ ശീലങ്ങൾ എന്ന് നാം തിരിച്ചറിയണം. അയ്യങ്കാളി പുലയരുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി കാത്തിരുന്നത് ഒന്നര വര്‍ഷം ആണ്. സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ച ഉടനെ തന്നെ ശബരിമലയിൽ സ്ത്രീകൾ കയറിയിരിക്കണം എന്ന വാശി പിടിച്ച ചിലരെങ്കിലും ഉണ്ടായിരുന്നു അവർക്കുള്ള മറുപടി കൂടി ആണ് ഇന്നത്തെ ദിവസം.

അവധാനതയോടെ ,അനാവശ്യ ആവേശമില്ലാതെ, ഒരു സംഘര്‍ഷവും ഉണ്ടാക്കാതെ, ഒരു പൂ പരിക്കും പോലെ ലളിതമായി കാര്യങ്ങള്‍ നടപ്പാക്കിയ സർക്കാരിന്റെ ഓരോ ചുവടും കൃത്യമായി നിരീക്ഷിക്കുക. ആദ്യം സുപ്രീം കോടതി സ്ത്രീ പ്രവേശന വിധിയെ സ്വാഗതം ചെയ്തു, പൊതുസമൂഹത്തെ രാഷ്ട്രീയപരമായി ബോധവൽക്കരിക്കാനുള്ള കാമ്പയിനുകൾ സജീവം ആക്കി, പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നവരെ നിയമപരമായും, രാഷ്ട്രീയപരമായും നേരിട്ടു. ഒടുവിൽ വനിതാ മതിൽ പോലെ ഒരു ചരിത്ര നീക്കത്തിന് അടിത്തറയൊരുക്കി.

വനിതാ മതിൽ എന്ന സങ്കൽപ്പത്തിന്റെ ഉപജ്ഞാതാവ് പുന്നല ശ്രീകുമാർ ആയിരുന്നു. അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ആയ വിഷൻ നടപ്പിലാക്കാൻ സർക്കാരും മറ്റു സമുദായ സംഘടനകളും പിന്നിൽ അണിനിരന്നു. സവർണ ജാതി ഗ്രൂപ്പുകളെ വിമർശിച്ചും, ഒറ്റപ്പെടുത്തിയും പിണറായി വിജയനും, പുന്നല ശ്രീകുമാറും, വെള്ളാപ്പള്ളിയും സധൈര്യം മുന്നോട്ടു പോയപ്പോൾ പല അഭിപ്രായ വ്യത്യാസങ്ങളും കാറ്റിൽ പറന്നു. വനിതാ മതിൽ അന്താരാഷ്ട്ര തലത്തിൽ ഉദിച്ചു നിന്നു.

ഉറച്ച നിശ്ചയദാർഢ്യവും, ക്ഷമയും കൈമുതലായുണ്ട് എന്ന് തെളിയിച്ചു കൊണ്ട് കൊല്ലാൻ വെമ്പുന്ന ആൾക്കൂട്ടത്തെ വക വെക്കാതെ കനക ദുര്‍ഗ്ഗയും, അഡ്വക്കേറ്റ് ബിന്ദുവും ഒരിക്കൽ പിന്മാറിയിടത്ത് വീണ്ടും പൊരുതാൻ ഇറങ്ങിയപ്പോൾ പിറന്നത് സമാനതകളില്ലാത്ത ചരിത്ര നേട്ടങ്ങളാണ്.

എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് പെണ്ണുങ്ങളുടെ ആത്മാഭിമാനത്തെ വാനോളമുയർത്തി ബിന്ദു അമ്മിണിയും കനക ദുർഗയും മലചവിട്ടി.. ഇവിടെ നമ്മുടെ മുഖ്യമന്ത്രിയും പോലീസ് സേനയും പെണ്ണുങ്ങൾക്കൊപ്പം അചഞ്ചലരായി നിന്നു. ഒരു പുതുവര്ഷപ്പുലരിയെ ഒരു പുരോഗമന സമൂഹം ഇതിലും കിടിലം ആയി എങ്ങനെ സ്വാഗതം ചെയ്യും? !

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍