UPDATES

ബ്ലോഗ്

ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ക്യാന്‍വാസ് ടോപ്പുള്ള ജീപ്പും ഞാനുമെല്ലാം ഒരു കരിക്കട്ടയായി മാറിയേനെ!

ഈ തീയെല്ലാം മനുഷ്യസൃഷ്ടിയാണ് – ചിലപ്പോള്‍ അശ്രദ്ധ കൊണ്ട്. ചിലപ്പോള്‍ രസത്തിന്.-അട്ടപ്പാടി കാട്ടു തീയെ കുറിച്ച് സാജന്‍ സിന്ധു എഴുതുന്നു

മാര്‍ച്ച് 17. ഉച്ചയ്ക്ക് ഒരു മണിയായിക്കാണും. ഞാന്‍ കട്ടേക്കാട് വനത്തിലൂടെ പതുക്കെ ജീപ്പ് ഓടിച്ചു.കയ്യേനി ക്യാമ്പ് സെന്റര്‍ ആണ് എന്റെ ലക്ഷ്യസ്ഥാനം. ശിരുവാണി പുഴ ഇറങ്ങിക്കടന്നു. പുഴയില്‍ വെള്ളം നന്നേ കുറഞ്ഞിരിക്കുന്നു. മുന്നോട്ട് നീളുന്ന വിജനമായ വഴിയിലൂടെ, കഴിഞ്ഞയാഴ്ച രണ്ട് കൊമ്പന്‍മാര്‍ വന്ന് തലങ്ങും വിലങ്ങും ഒടിച്ചിട്ട മുളങ്കാട്ടിലൂടെ 200 മീറ്റര്‍ പോയിക്കാണും – കയ്യേനിയിലെ രാജേട്ടന്‍ വാക്കത്തിയുമായി മുന്നില്‍.

ഞാന്‍ വണ്ടി നിര്‍ത്തി. ‘പയറുമലയില്‍ തീയുണ്ടോന്ന് സംശയം – ഒരു പുക മണം വരുന്നുണ്ട്.’ രാജേട്ടന്‍ പറഞ്ഞു. ഞാനും ചുറ്റുമൊന്ന് നോക്കി. നേരെ മുന്നില്‍ കാണുന്ന മലയില്‍ പുകയുണ്ട് ശരിയാണ്. പണ്ട് അവിടം റബ്ബര്‍ തോട്ടമായിരുന്നത്രെ. റബ്ബറിന് കള കയറാതിരിക്കാനിട്ട തോട്ടപ്പയറാണ് ഇന്ന് അതിന്റെ ഒരു ഭാഗം മുഴുവന്‍. മറുവശം മുഴുവന്‍ നല്ല കാടും. അവിടെന്ന് തീയ്ക്ക് ഞങ്ങളുടെ കയ്യേനിമലയിലേക്ക് എത്താന്‍ അധിക സമയം വേണ്ട.

‘വാ നമുക്ക് ഒന്നു നോക്കാം’

ഞങ്ങള്‍ രണ്ടു പേരും കൂടി താഴോട്ടോടി രാജവെമ്പാലയുടെ വാസസ്ഥലമായ ഈറ്റക്കാടിനകത്തു കയറി, ഇരുട്ടിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന നീര്‍ച്ചാല് ചാടിക്കടന്ന് പുറത്തു കടന്നത് അടുത്ത കുന്നിന്റെ ചരിവിലേക്ക്. ഒറ്റ കുതിപ്പിന് കയറി മുകളിലെത്തി.

അതാ അലറി വിളിച്ച് കത്തിപ്പടര്‍ന്നു വരുന്ന തീ

രാജേട്ടന്‍ പച്ചിലക്കമ്പുകള്‍ വെട്ടിയെടുത്തു കഴിഞ്ഞു. തീയണക്കാന്‍ വെള്ളമൊഴിക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. പക്ഷേ കാട്ടുതീയ്ക്കിടെ അതിനുംമാത്രം വെള്ളം എവിടന്ന് കിട്ടാനാണ്!

അത് കൊണ്ട് പച്ചിലകളോടും ശാഖകളോടും കൂടിയ വലിയ മരക്കൊമ്പുകള്‍ വെട്ടിയെടുത്ത് അതുകൊണ്ട് അടിച്ചുകെടുത്തുകയാണ് പ്രായോഗികം. ഞാന്‍ അതു വാങ്ങി, ഉയരുന്ന നാളങ്ങളെയെല്ലാം ഭ്രാന്തമായി തല്ലിക്കെടുത്തി. കാലും കയ്യും മുഖവും പൊള്ളുന്നതൊന്നും ശ്രദ്ധിച്ചില്ല. അങ്ങനെ തീപ്പടയിയുടെ വ്യൂഹങ്ങള്‍ക്കിടയിലൂടെ വെട്ടിക്കയറി ഞങ്ങള്‍ മുന്നേറി. മുകളിലെത്തിയപ്പോള്‍ പുക കൊണ്ട് ശ്വാസം മുട്ടി. കണ്ണു രണ്ടും ചുട്ട് നീറി. എന്ത് ചെയ്യണമെന്നറിയാതെ പിടഞ്ഞു പോയി. ചുറ്റും തീയാണ്. പച്ചക്കാടുകള്‍ ആളിക്കത്തുന്ന കാഴ്ച! മലയുടെ മറ്റേ ചരിവിലേക്ക് ഒരൊറ്റ സെക്കന്റ് മാത്രമേ നോക്കാന്‍ കഴിഞ്ഞുള്ളു. മരവും കുറ്റിക്കാടും വള്ളിയും കരിയിലകളും മണ്ണും ആകാശവും എല്ലാം തീയാണ്! പുകയാണ്! എനിക്കു മുമ്പില്‍ കിലോമീറ്ററുകളോളം തീയാണ്!

തല കറങ്ങുന്നു.
ശ്വാസം കിട്ടുന്നില്ല.
വീഴരുത്! വീണാല്‍ തീര്‍ന്നു!

വലതു വശത്ത് തീയല്‍പ്പം കുറഞ്ഞു കണ്ട ഭാഗത്തേക്ക് ഞാനോടി. മുഴുവന്‍ മുള്ളു നിറഞ്ഞ ഇഞ്ചയും കൊങ്ങിണിയുമാണ് – കയ്യും കാലും കീറി മുറിയുന്നതൊന്നും വകവയ്ക്കാതെ അതെല്ലാം വകഞ്ഞു മാറ്റി ആ തീക്കടലില്‍ നിന്ന് പുറത്ത് ചാടി. അവിടെ പച്ചപ്പയറുവള്ളികള്‍ക്കിടയില്‍ മട്ടുകുത്തി വീണു. ചുമച്ച് ചുമച്ച് നെഞ്ച് തടവി. ഒരല്‍പ്പം ആശ്വാസം വന്നപ്പോ ചുറ്റും നോക്കി. രാജേട്ടന്‍ എവിടെ പോയി? രണ്ട് അറ്റാക്ക് കഴിഞ്ഞ മനുഷ്യനാണ്! വിജനമായ ഈ കാട്ടില്‍…

ഫോണെടുത്ത് ചേച്ചിയെ വിളിച്ചു. രജേട്ടനും ചേച്ചിയുമാണ് കയ്യേനിയുടെ കാവല്‍ക്കാര്‍. ചേച്ചിയോട് അടിയന്തിരമായി അല്‍പ്പം വെള്ളമെത്തിക്കാന്‍ പറഞ്ഞു. എന്നിട്ട് രാജേട്ടനെ തിരയല്‍ തുടര്‍ന്നു. അധികം താമസിച്ചില്ല. ആളിക്കത്തുന്ന കാട്ടില്‍ നിന്ന് രാജേട്ടനും പുറത്ത് ചാടി. പയറുമലയിലൂടെ കത്തിപ്പടര്‍ന്ന് ഈറ്റക്കാടിനു നേരെ നീണ്ട തീവഴി തല്ലിയടച്ചിട്ടാണ് ആളുടെ വരവ്. അപ്പോഴാണ് ഞാന്‍ കയ്യേനിമലയിലേക്ക് ഒന്ന് നോക്കിയത്. ഞെട്ടിപ്പോയി. അവിടെ മറുവശത്തു നിന്നും കുത്തനെ ആകാശത്തേക്കുയരുന്ന ഒരു പുകത്തൂണ്‍ !

രാജേട്ടന്‍ ഓടിക്കഴിഞ്ഞു. ഞാനും പിറകെ ഓടി. മലയിറങ്ങുമ്പോള്‍ ഏതോ ഒരു ജീവി മുന്നിലൂടെ പാഞ്ഞു പോയി. ഒരു കേഴമാനാണെന്ന് തോന്നുന്നു. രാജവെമ്പാലക്കാട് മുറിച്ച് കടന്ന് വീണ്ടും വണ്ടി നിര്‍ത്തിയ സ്ഥലത്ത് വന്നു.

പുഴക്കരയില്‍ നിന്ന് കയ്യേനിക്കുള്ള വഴിയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഇവിടം. കയ്യേനിക്കാട്ടിലെ എല്ലായിനം ജീവികളെയും ഇവിടെ വച്ച് ഞാന്‍ കണ്ടിട്ടുണ്ട്. കേഴയും കലമാനും പന്നിയും ആനയും ഉടുമ്പും മുയലും, മുള്ളന്‍പന്നിയും, കുരങ്ങും, വെരുകും ചെങ്കീരിയും പറക്കുന്ന ഓന്തും എണ്ണിയാലൊടുങ്ങാത്ത പക്ഷികളും, പൂമ്പാറ്റകളും, അങ്ങനെ എന്തെല്ലാം അദ്ഭുത മനോഹര ജന്മങ്ങളെ ഈ ഒരു ബിന്ദുവില്‍ നിന്ന് മാത്രം ഞാന്‍ നിരീക്ഷിച്ചിരിക്കുന്നു! ഇന്ന് അതെല്ലാം ഇല്ലാതാവാന്‍ പോകുകയാണ്! ഈ പച്ചപ്പും ജീവികളും നീര്‍ച്ചാലുമെല്ലാം ഒരു പിടി ചാരമാകാന്‍ പോവുകയാണ്!

സമയം കളയാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. രാജേട്ടന്‍ ഓടിക്കഴിഞ്ഞു. പിറകേ ജീപ്പ്‌റോഡിലൂടെ ഞാനും വിട്ടു.

ക്യാമ്പിലൂടെ കടന്നപ്പോള്‍ ചേച്ചി നീട്ടിയ ഒരു ഗ്ലാസ് വെള്ളം കുടിച്ചു. ഒരു കുടം വെള്ളം എടുത്ത് ചേച്ചിയും കയറി. നീളുന്ന വഴി വളഞ്ഞ് കയറിയെത്തിയത് മലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്താണ്. അവിടെ പുകയുടെ ഉറവിടം ഞങ്ങള്‍ കണ്ടെത്തി. മുളം കാടുകള ചുട്ടെരിച്ചു കൊണ്ട് ഇരച്ചു വരുന്ന തീയുടെ ആയിരം നാമ്പുകള്‍ വലത്തേ കണ്‍കോണിലൂടെയാണ് ഞാനത് കണ്ടത്.

ചേച്ചി ഇറങ്ങി മുന്നോട്ട് ഓടിക്കഴിഞ്ഞു. വണ്ടി മുന്നോട്ട് എടുക്കണോ പിറകോട്ട് പോണോ?! തിരിക്കാനുള്ള സമയമില്ല! ഒരു സെക്കന്റിനകം റോഡ് മുഴുവന്‍ തീജ്വാലകള്‍ വിഴുങ്ങി. വലതു വശത്ത് വണ്ടി യേക്കാളുയരത്തില്‍ തീ! അകത്തേക്കിരച്ചു കയറിയ തീനാളങ്ങളില്‍പ്പെട് എന്റെ വലതു കവിളും കയ്യും ചുട്ടുനീറി! സകല ശക്തിയുമെടുത്ത് ഞാന്‍ വണ്ടി പിന്നോട്ടെടുത്തു.

ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ക്യാന്‍വാസ് ടോപ്പുള്ള ജീപ്പും ഞാനുമെല്ലാം ഒരു കരിക്കട്ടയായി മാറിയേനെ! നൂറു മീറ്റര്‍ പിറകിലായി തീ ഇനിയും എത്തിയിട്ടില്ലാത്ത സുരക്ഷിത സ്ഥാനത്ത് ഞാന്‍ നിര്‍ത്തി. തളര്‍ന്നിരുന്നു. വയ്യ! പുറത്തു നിന്നുള്ള സഹായമില്ലാതെ ഇത് നിര്‍ത്താനാവില്ല. ഫോണെടുത്ത് ഗ്രൂപ്പുകളിലേക്കൊക്കെ മെസ്സേജ് അയച്ചു. പരിചയമുള്ള ഫോറസ്റ്റ്കാരെയൊക്കെ വിളിച്ചു. അടുത്തുള്ള സുഹൃത്തുക്കളെയും പരിചയക്കാരെയും വിളിച്ചു. ഭാഗ്യത്തിന് ഒരാളെ കിട്ടി. കട്ടേക്കാട് ഊരില്‍ താമസിക്കുന്ന സിജോ. ഉടനെ ഓടിവരാന്‍ പറഞ്ഞു. പിന്നെ വീണ്ടും തീയിലേക്കിറങ്ങി.

കയ്യേനിയില്‍ കുട്ടികള്‍ക്കായി ഞങ്ങള്‍ കഴിഞ്ഞ ദിവസം സെറ്റ് ചെയ്ത അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ഇപ്പോള്‍ തീ യുടെ താണ്ഡവം. കയര്‍ പാലങ്ങള്‍ എല്ലാം ഉയര്‍ന്ന മരങ്ങളിലായത് കൊണ്ട് രക്ഷപെട്ടു. താഴെയുള്ള മുളങ്കാടുകളും കുറ്റിക്കാടുകളെയും അവന്‍ വിഴുങ്ങി. കാഴ്ചക്കാര്‍ക്ക് ഇരിപ്പിടമായി ഉപയോഗിക്കാമെന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്ത വീണു കിടന്ന വലിയ ഒരു മരം പൊട്ടിച്ചീറി കത്തുകയാണ്!

കൂട്ടത്തില്‍ അടുത്ത വര്‍ഷം ആദ്യമായി കായ്ക്കാനൊരുങ്ങി പൂത്തു നിന്ന അഞ്ഞൂറോളം കാപ്പിച്ചെടികളും പത്തന്‍പത് കുരുമുളക് വള്ളികളും.. നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

അധികം താമസിയാതെ കാറ്റ് അനുകൂലമായി. തീയുടെ ശക്തി കുറഞ്ഞു. കത്താനുള്ളതെല്ലാം കത്തിത്തീര്‍ന്നിരുന്നു അപ്പോഴേക്കും . എന്തായാലും താമസസ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ തടയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. പിറകുവശത്തെ വലിയ കാടും രക്ഷപെട്ടു. കൃത്യ സമയത്ത് സിജോ വന്നത് ഞങ്ങള്‍ക്ക് വലിയ സഹായമായി.

നേരം ഇരുട്ടാന്‍ തുടങ്ങുന്നു. വീണ്ടും പയറുമലയിലേക്ക്. ഇങ്ങേയറ്റത്ത് വാഴത്തോട്ടം മുതല്‍ അങ്ങയറ്റത്ത് ശിരുവാണി വരെ 600 മീറ്ററോളം നീളത്തില്‍ കത്തിക്കയറി വരുന്ന ഒരു ഉഗ്രന്‍ തീ മലയാണ് ഞങ്ങളെ എതിരേറ്റത്. പച്ചപ്പയറുവള്ളികള്‍ പെട്രോളില്‍ മുക്കിയത് പോലെയാണ് കത്തുന്നത്.

നേരം നന്നായി ഇരുട്ടിക്കഴിഞ്ഞു. പയറ് കഴിഞ്ഞാല്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന ഈറ്റക്കാടാണ്. അതിനു തൊട്ടപ്പുറം കയ്യേനിയിലെ മുളവീടും യോഗ ഹാളും. ഈറ്റക്കാടിലേക്ക് തീ പടര്‍ന്നാല്‍പ്പിന്നെ ഒന്നും ചെയ്യാനാവില്ല. അതിന് വെറും മീറ്ററുകള്‍ ബാക്കി!

അവിടന്നു തന്നെ ഞങ്ങള്‍ തുടങ്ങി. ഇഞ്ചിഞ്ചായി പൊരുതി മുന്നേറി. രാത്രി എട്ടരയോടെ അവസാന തീനാമ്പും തല്ലിക്കെടുത്തി. മുന്നില്‍ കരിഞ്ഞു പുകഞ്ഞു കിടക്കുന്ന ശ്മശാനഭൂമിയിലേക്ക് നോക്കി കിതച്ചു കൊണ്ട് അല്‍പ്പസമയം ഞങ്ങള്‍ നിന്നു.

ഇടത്തേ പാദത്തിന് ചെറിയ ഒരു തണുപ്പനുഭവപ്പെട്ടപ്പോഴാണ് നോക്കിയത്. അരണയാണോ? അല്ല! പാമ്പ് തന്നെ! ജീവനും കൊണ്ടുള്ള ഓട്ടത്തിനിടയില്‍ അവന്റെ ‘ശത്രു’ വിന്റെ കാലുകള്‍ക്കിടയിലാണെന്നൊന്നും നോക്കാന്‍ സമയമില്ല!

കാലില്‍ ഒന്നു രണ്ടിടത്ത് എന്തൊക്കെയോ കടിച്ചതിന്റെ നീറ്റമുണ്ട്. വല്ല കട്ടുറുമ്പും ആയാല്‍ സമാധാനം.

സിജോയാണ് അത് പറഞ്ഞത്. ആനയെ ഓടിക്കാന്‍ വേണ്ടി നാട്ടുകാര്‍ വച്ച തീയാണ്! ആനശല്യം ഒഴിവാക്കാന്‍ ആനയെ കാട്ടിലേക്ക് ഓടിച്ചു വിട്ട ശേഷം കാടിന് തീവയ്ക്കുക! ആന തീ കണ്ടു ഭയന്ന് ഉള്‍ക്കാട്ടിലേക്ക് കയറിപ്പൊക്കോളും!

കാട് കത്തി, തീറ്റയും വെള്ളവും ഇല്ലാതാകുമ്പോ ഈ ആനയും മറ്റ് വന്യ ജീവികളും വീണ്ടും നാട്ടിലിറങ്ങില്ലേ? അട്ടപ്പാടിയിലിപ്പോള്‍ ആയിരത്തിലധികം ഹെക്ടര്‍ വനഭൂമി ഇങ്ങനെ ചുട്ടെരിച്ചു കഴിഞ്ഞു. അട്ടപ്പാടിയില്‍ മാത്രമല്ല, വയനാട്ടിലും ഇടുക്കിയിലും ,നീലഗിരിയിലും, നിലമ്പൂരും – പശ്ചിമഘട്ടത്തില്‍ എല്ലായിടങ്ങളിലും കാട് കത്തുകയാണ്.

ഈ തീയെല്ലാം മനുഷ്യസൃഷ്ടിയാണ് – ചിലപ്പോള്‍ അശ്രദ്ധ കൊണ്ട്. ചിലപ്പോള്‍ രസത്തിന്. കാലികളെ തീറ്റാനാവശ്യമായ പച്ചപ്പുല്ല് യഥേഷ്ടം ഉണ്ടാവാന്‍, അല്ലെങ്കില്‍ പന്നിയുടെയും ആനയുടെയും ശല്യം കുറയ്ക്കാന്‍, കയ്യേറാന്‍ – അങ്ങനെ തീവയ്ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. എന്നാല്‍ അവനറിയുന്നില്ല പ്രകൃതിയോട് അവന്‍ ചെയ്യുന്ന ദ്രോഹം! നൂറ്റാണ്ടുകള്‍ നിലനിന്ന ഒരാവാസ വ്യവസ്ഥയാണ് ഒരു തീപ്പെട്ടിക്കമ്പു കൊണ്ട് അവന്‍ ചുട്ടെരിക്കുന്നത്. കത്തിയ മണ്ണിന് വെള്ളത്തെ ഉള്‍ക്കൊള്ളാനുമാവില്ല. തീപ്പിടുത്തത്തോടെ വറ്റിപ്പോകുന്ന ഉറവുകള്‍ പിന്നീടൊരിക്കലും പുനര്‍ജ്ജനിക്കാറില്ല.

ലോകത്തിലേറ്റവും സുഖകരമായ കാലാവസ്ഥയും 44 പുഴകളെയും കേരളീയന് സമ്മാനിച്ചത് ഈ പശ്ചിമഘട്ടവും അതിലെ മഴക്കാടുകളുമാണ് നാം പലപ്പോഴും മറന്നു പോകുന്നു. ഓരോ വര്‍ഷവും ഏറിയേറി വരുന്ന ചൂടിനെ, കുറഞ്ഞു വരുന്ന മഴക്കാടുകളുടെ അളവുമായി ബന്ധപ്പെടുത്തി ചിന്തിക്കാന്‍ നമുക്കാര്‍ക്കും നേരമില്ല!

ഞങ്ങള്‍ പതിയെ തിരിച്ചു നടന്നു. ചെറിയ നിലാവ് ഞങ്ങള്‍ക്ക് വഴികാട്ടി. മുകളില്‍ മരത്തിലും വള്ളിയിലുമായി തൂങ്ങിപ്പിടിച്ചിരിക്കുന്ന ഒരു സംഘം കുരങ്ങന്‍മാര്‍. അവര്‍ ദയനീയമായി ഞങ്ങളെ നോക്കുന്നു.

മരത്തില്‍ നിശ്ചലരായിരുന്ന രണ്ട് വേഴാമ്പലുകള്‍ മൂകമായി ചോദിച്ചു – ‘ഞങ്ങളടെ കൂടും കുഞ്ഞുങ്ങളെയും ഞങ്ങളെവിടെപ്പോയി അന്വേഷിക്കും! നാളെ മുതല്‍ ഞങ്ങളെന്ത് കഴിക്കും? ഞങ്ങള്‍ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്!!

ചിത്രം- ഫെയ്‌സ്ബുക്ക് പോസ്റ്റ്

 

സാജന്‍ സിന്ധു

സാജന്‍ സിന്ധു

Animator, Former Director at ellora

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍