UPDATES

സോഷ്യൽ വയർ

“കാലം നിങ്ങളെയും ഇലക്ട്രിക് വണ്ടികളുടെ ഉടമകളാക്കി മാറ്റും; ഇലക്ട്രിക് ബസ്സുകൾ നഷ്ടത്തിലായാലും നിർത്തരുത്” —ഫേസ്ബുക്ക് കുറിപ്പ്

‘ഒറ്റക്കാര്യം ശ്രദ്ധിച്ചാല്‍ മതി. കമ്പനി പറയുന്നതിന്റെ പകുതിയേ ഒറ്റച്ചാര്‍ജില്‍ റേഞ്ച് പ്രതീക്ഷിക്കാവൂ.’

സംസ്ഥാന സർക്കാരിന്റെ ദീർഘദൂര ഇലക്ട്രിക് ബസ്സിന്റെ യാത്ര ബാറ്ററി ചാർജ് തീർന്ന് പകുതി വഴിയിൽ മുടങ്ങിയ വാർത്തയോടുള്ള പ്രതികരണമായി നവനീത് കൃഷ്ണൻ എസ് ഫേസ്ബുക്കിൽ എഴുതിയ കുറിച്ച് ചർച്ചയാകുന്നു. വന്ദേഭാരത് എക്സ്പ്രസ്സ് പോലും പലതവണ പണി മുടക്കിയിട്ടുണ്ടെന്നും ഇലക്ട്രിക് ബസ്സുകൾ എന്ന വിപ്ലവകരമായ മാറ്റത്തിനു വേണ്ടി ഒരൽപം ക്ഷമ കാണിക്കേണ്ടതുണ്ടെന്നുമാണ് കുറിപ്പ് പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം

പത്തുവര്‍ഷം മുന്‍പാണ് ഞാനൊരു ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങിയത്. 250വാട്സ് മാത്രം പവര്‍ ഉള്ള ലൈസന്‍സ് വേണ്ടാത്ത ഒന്ന്. ഹീറോ കമ്പനിയുടെ വേവ് എന്ന മോഡല്‍. 70കിലോമീറ്ററാണ് കമ്പനി പറഞ്ഞ റേഞ്ച്. 70 കിലോമീറ്ററൊന്നും ഒറ്റ ചാര്‍ജില്‍ ഓടിക്കാന്‍ പറ്റില്ല എന്ന് അപ്പോഴേ മനസ്സിലാക്കി. നമ്മുടെ റോഡ്, ഉയര്‍ച്ചതാഴ്ചകള്‍ എന്നിവയാണ് പ്രശ്നം. ഹൈവേയില്‍ ഓടിച്ചാല്‍ കൂടുതല്‍ റേഞ്ച് കിട്ടും.

ലിത്തിയം ബാറ്ററി അന്നില്ല. ലെഡ് ആയിഡ് ബാറ്ററിതന്നെ. ഭാരം കൂടും. പിന്നെ ചാര്‍ജ് ചെയ്യാന്‍ സമയം കൂടുതലെടുക്കും. അതായിരുന്നു പരിമിതി.

പെട്രോള്‍ വണ്ടി എടുക്കാതെ ഇലക്ട്രിക് സ്കൂട്ടര്‍ എടുത്തതിന് കൂട്ടുകാരടക്കം നിരവധിപേര്‍ കളിയാക്കിയിട്ടുണ്ട്. പക്ഷേ അവരെല്ലാവരുംതന്നെ ഒന്ന് ഈ സ്കൂട്ടര്‍ ഓടിച്ചുനോക്കട്ടേ എന്നു പറഞ്ഞ് വന്നിട്ടുമുണ്ട്. അക്കാലത്ത് ഇത്തരം സ്കൂട്ടറുകള്‍ ഇറങ്ങിത്തുടങ്ങിയിട്ടേ ഉള്ളൂ. അതുകൊണ്ടുതന്നെ മിക്കവരും സ്കൂട്ടറിന്റെ വിശേഷമറിയാന്‍ അടുത്തുവരും. ലൈസന്‍സു വേണ്ടാത്ത വണ്ടി ചെക്കിങിനായി തടഞ്ഞുനിര്‍ത്തിയ പോലീസുകാര്‍വരെ വണ്ടിയുടെ വിശേഷം ചോദിച്ച് ചമ്മലില്‍നിന്നും രക്ഷപ്പെട്ടിട്ടുണ്ട്.

അന്ന് എല്ലാവരും പറഞ്ഞ ഒരു കാര്യം ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കൊന്നും ആയുസ്സുണ്ടാവില്ല, ഇതൊക്കെ ആളെ പറ്റിക്കാനുള്ള സംവിധാനമാണ് എന്നാണ്.
പുതിയ ടെക്നോളജിയുമായി സമരസപ്പെടാന്‍, ഒരു മാറ്റത്തെ അംഗീകരിക്കാന്‍ എല്ലാവര്‍ക്കും മടി. പക്ഷേ കാലം അവരെയും ഇലക്ട്രിക് വണ്ടികളുടെ ഉടമകളാക്കി മാറ്റാനിരിക്കുന്നു.

സത്യത്തില്‍ ഒരു നൂറ്റാണ്ട് പഴക്കമുള്ള ടെക്നോളജിയാണ് ഇലക്ട്രിക് വണ്ടികളുടേത്. ആദ്യകാല വാഹനങ്ങള്‍ മിക്കവയും ബാറ്ററിയില്‍ ഓടുന്നവ തന്നെ ആയിരുന്നു. പിന്നീട് പെട്രോളിയം ചിലവുകുറച്ച് വേര്‍തിരിക്കാനുള്ള സാങ്കേതികവിദ്യകളും ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനും കണ്ടെത്തിയതോടെയാണ് ഇലക്ട്രിക് വണ്ടികള്‍ അപ്രത്യക്ഷമായത്. ആ കഥ പിന്നീട് പറയാം.

എന്റെ ഇലക്ട്രിക് സ്കൂട്ടര്‍ സാമ്പത്തികമായി വലിയ ലാഭം ഒന്നും ആയിരുന്നില്ല. ഒന്നര രണ്ടു വര്‍ഷം വലിയ കുഴപ്പമില്ലാതെ ഓടിച്ചു. ഒരു പതിനായിരം കിലോമീറ്റര്‍. പിന്നെ ബാറ്ററി പണിമുടക്കി. പണിയറിയാത്ത ചിലര്‍ സര്‍വീസ് ചെയ്തതിനെത്തുടര്‍ന്ന് മോട്ടോറില്‍ പിന്നീട് വെള്ളം കയറി അതും പ്രശ്നമായി.
കുറെക്കാലം ഓടിക്കാതിരുന്നതാണ് പ്രശ്നം കൂടുതലാക്കിയത്. സ്ഥിരം ഓടിക്കുകയും ചാര്‍ജ് ചെയ്യുകയും ചെയ്താല്‍ സുഖമായി ലാഭകരമായി ഇലക്ട്രിക് സ്കൂട്ടര്‍ കൊണ്ടുനടക്കാം.

ഒറ്റക്കാര്യം ശ്രദ്ധിച്ചാല്‍ മതി. കമ്പനി പറയുന്നതിന്റെ പകുതിയേ ഒറ്റച്ചാര്‍ജില്‍ റേഞ്ച് പ്രതീക്ഷിക്കാവൂ.

ഇപ്പോള്‍ ഇലക്ട്രിക് ബസ്സുകള്‍വരെ നിരത്തിലായിക്കഴിഞ്ഞിരിക്കുന്നു. കന്നിയോട്ടത്തില്‍ ബസ്സിന്റെ ചാര്‍ജു തീര്‍ന്നത് മീഡിയ ആഘോഷിച്ചപ്പോഴാണ് പലരും ഈ വണ്ടികള്‍ ഓട്ടം തുടങ്ങിയ കാര്യംപോലും അറിഞ്ഞത്. വന്ദേഭാരത് എക്സ്പ്രസ്സ് എന്നു പേരുമാറ്റിയ ടി20 എക്സ്പ്രസ്സ് വരെ പല തവണ പണിമുടക്കീല്ലേ. പിന്നെയാണോ ഒരു ബസ്സ്.

തുടക്കത്തില്‍ പല പ്രശ്നങ്ങളും കാണും ഒരു പുതിയ സംവിധാനം വരുമ്പോള്‍. ചില പ്രശ്നങ്ങള്‍ ഉണ്ടാകും. അതു പരിഹരിച്ച് മുന്നോട്ടു പോകണം. ഒറ്റയടിക്ക് ഇത്രയും ദൂരം ഓടാനായില്ലെങ്കില്‍ രണ്ടു ഘട്ടമായി കണക്റ്റഡ് സര്‍വീസ് നടത്തിയായാലും ഇലക്ട്രിക് ബസ്സുകള്‍ തുടരണം.

ഇത് വിജയമാണ് എന്ന് ബോധ്യപ്പെടുന്നതോടെ ഇലക്ട്രിക് വാഹനങ്ങളോടുള്ള ആരംഭഭയം ആളുകള്‍ക്കു മാറും. സ്വന്തം ആവശ്യങ്ങള്‍ക്ക് വൈദ്യുതകാറുകളും സ്കൂട്ടറുകളും ധാരാളമായി വാങ്ങിത്തുടങ്ങും. അതുതന്നെയാണ് നാം ലക്ഷ്യമിടേണ്ടതും.
ഇലക്ട്രിക് ബസ്സുകള്‍ തുടക്കത്തില്‍ നഷ്ടത്തിലായാല്‍പ്പോലും നിര്‍ത്തിക്കളയരുതെന്നേ പറയൂ. വൈദ്യുതവാഹനങ്ങള്‍ ഒരു ശീലമാവാന്‍ അത് സഹായിക്കും. ആളുകളുടെ മനോഭാവം മാറും എന്നതും ലാഭത്തിന്റെ കൂടെ കൂട്ടേണ്ട നേട്ടമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍