UPDATES

ബ്ലോഗ്

‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്ന് ജനങ്ങളെ കൊണ്ട് പറയിപ്പിക്കരുത്

വിവാദ ദൃശ്യത്തില്‍ കാറിലേക്ക് കയറുമ്പോള്‍ പേരക്കുട്ടിയും ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തുന്ന മുഖ്യമന്ത്രിയെക്കണ്ടപ്പോള്‍ പഴയൊരു സംഭവം ഓര്‍ത്ത് പോയി

എറണാകുളം ഗസ്റ്റ് ഹൗസില്‍ പ്രതികരണം ആരാഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ ക്രുദ്ധനായി മുഖ്യമന്ത്രി ‘മാറിനില്‍ക്ക് അങ്ങോട്ട്’ എന്ന് പറഞ്ഞ് ആട്ടിയകറ്റുന്ന ദൃശ്യം ടെലിവിഷനില്‍ കണ്ടപ്പോള്‍ മുമ്പ് ഇതേ ഗസ്റ്റ് ഹൗസില്‍ മറ്റൊരു മുഖ്യമന്ത്രി ക്രുദ്ധനായി നടന്ന് നീങ്ങിയ ദൃശ്യം ഓര്‍ത്തുപോയി. അന്നത്തെ മുഖ്യമന്ത്രിയുടെ പേര് ഇ കെ നായനാര്‍ എന്നായിരുന്നു. ദേഷ്യപ്പെട്ടത് സ്വന്തം മകന്‍ വിനോദിനോടും (നായനാരുടെ രണ്ടാമത്തെ മകന്‍). വിനോദ് എറണാകുളത്തു ഫിഷറീസുമായി ബന്ധപ്പെട്ട കോഴ്‌സിന് സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന കാലമായിരുന്നു അത്.

അച്ഛനെ കാണാന്‍ വിനോദ് മണിക്കൂറുകള്‍ ഗസ്റ്റ് ഹൗസ് മുറിയുടെ മുന്നില്‍ കാത്തുനിന്നിട്ടും മുറിക്കുള്ളിലേക്ക് വിളിച്ചില്ല. ഉച്ചയ്ക്ക് കരിമീനും നെയ്മീന്‍ വറുത്തതും കൂട്ടി നായനാര്‍ മൃഷ്ടാന്നം ഉണ്ണുമ്പോഴും വിനോദ് വിശന്ന് പുറത്തുതന്നെ നില്‍ക്കുകയായിരുന്നു. ഉച്ചയുറക്കത്തിനു നായനാര്‍ കിടന്നശേഷം ഒപ്പമുള്ള സഹായി വാര്യര്‍ വിനോദിനെ തൊട്ടടുത്ത കൊളോമ്പോ ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. വിനോദ് അവിടെ വന്നത് ഒരേ ഒരു ആവശ്യത്തിനായിരുന്നു. ക്ലാസ് അവധിയുള്ളതിനാല്‍ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ തീവണ്ടിക്ക് പൈസ വേണം. വേറെ വഴിയില്ലാത്തതുകൊണ്ട് അച്ഛനെ ആശ്രയിച്ചതാണ്. പക്ഷെ സംഗതി നടക്കാനിടയില്ലെന്നു ബോധ്യമുള്ള വാര്യര്‍ വണ്ടിക്കൂലി, ഭക്ഷണം കഴിഞ്ഞപ്പോള്‍ തന്നെ വിനോദിനെ ഏല്‍പ്പിച്ചിരുന്നു. എന്തായാലും ഗസ്റ്റ് ഹൗസില്‍ എത്തിയ സ്ഥിതിക്ക് അച്ഛനെ ഒരു നോക്ക് കണ്ട് പോകാം എന്ന് ഏതു മകനെയും പോലെ ആ കുട്ടിയും ചിന്തിച്ചിട്ടുണ്ടാകും. അതല്ലാതെ നായനാര്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ കാറില്‍ ഒരിടം കിട്ടുമെന്ന് സ്വപ്നം കാണാന്‍ പറ്റില്ലല്ലോ.

അന്ന് മൂന്നരമണിയോടെയാണ് നായനാര്‍ അങ്കമാലിയിലെ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ മുറിതുറന്ന് പുറത്തേക്ക് ഇറങ്ങിയത്. രണ്ട് പേര്‍ക്ക് ഒന്നിച്ചിടാവുന്ന ആജാനുബാഹുവായ ജൂബയും ധരിച്ച് രാജകീയ പ്രൌഡിയില്‍ പുറത്തിറങ്ങുമ്പോള്‍ സിറ്റി പോലീസ് കമ്മിഷണര്‍ അടക്കം ഒരു ഡസനിലേറെ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു. എതിര്‍വശത്തെ വാതിലിന്റെ അടുത്തായി ചുമരും ചാരി നില്‍ക്കുന്ന വിനോദിനെ കണ്ടപ്പോള്‍ നായനാര്‍ക്ക് കടുത്ത ക്ഷോഭം. ഒറ്റ ചോദ്യം ‘നിനക്കെന്താടാ ഇവിടെ കാര്യം’. പോലീസ് ഉദ്യോഗസ്ഥര്‍ നടുങ്ങിപ്പോയി. അവിടെനില്‍ക്കുന്ന കുട്ടി മുഖ്യമന്ത്രിയുടെ മകന്‍ ആണെന്ന് അവര്‍ക്ക് അറിയില്ലല്ലോ. വിനോദ് മൗനിയായി നിന്നപ്പോള്‍ നായനാര്‍ ചോദ്യം ഒന്നുകൂടി കടുപ്പിച്ചു. അത് അവന്റെ അഭിമാനത്തെ കൂടുതല്‍ വൃണപ്പെടുത്തി എന്ന് തോന്നി. ഉരുളയ്ക്കുപ്പേരി പോലെ മറുപടി :’ എന്റെ അച്ഛനെ കാണാന്‍’ നായനാര്‍ അത്രയും പ്രതീക്ഷിച്ചില്ല. ‘നിന്റെ അച്ഛന്‍ ഇവിടെയാണോ ഇരിക്കുന്നതെന്ന്’ എന്ന് ആക്രോശിച്ച് നായനാര്‍ പോര്‍ട്ടിക്കോവില്‍ കിടന്ന ഒന്നാം നമ്പര്‍ കാറില്‍ കയറുമ്പോള്‍ ആ കുട്ടിയുടെ മനസ് പറഞ്ഞിട്ടുണ്ടാകും ‘ഇതെന്തൊരു അച്ഛന്‍’ എന്ന്. മകന്‍ ഉച്ചഭക്ഷണം കഴിച്ചുവോ എന്നോ വണ്ടിക്കൂലിക്ക് പൈസ ഉണ്ടോ എന്നോ മകനോട് ചോദിക്കാന്‍ അറിയാത്ത ഒരു ഭരണാധികാരി. അതായിരുന്നു നായനാര്‍. കാലം എത്രമാറി. ദേശാഭിമാനിയുടെ എറണാകുളം ലേഖകനായിരുന്ന ഞാന്‍ അന്ന് നായനാര്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്നു. ഈ സംഭവം എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ഗസ്റ്റ് ഹൗസില്‍ നിന്ന് കാര്‍ തൃപ്പൂണിത്തുറയോളം എത്തുംവരെയും ഞാന്‍ നായനാരോട് ഒരക്ഷരം ഉരിയാടിയില്ല. നായനാരുടെ പെരുമാറ്റം കണ്ടപ്പോള്‍ മനസിന് അത്ര വലിയ ഭാരമായിരുന്നു. സാധാരണ അടുത്ത യോഗത്തില്‍ പ്രസംഗിക്കേണ്ട വിഷയം ഇത്തരം യാത്രക്കിടയില്‍ ചര്‍ച്ച ചെയ്യാറാണ് പതിവ്. പക്ഷെ അന്ന് കുറെ സമയം പാഴായി. (ഇന്നത്തെ മുഖ്യമന്ത്രി വിവാദ ദൃശ്യത്തില്‍ കാറിലേക്ക് കയറുമ്പോള്‍ പേരക്കുട്ടിയും ഒപ്പം ഉണ്ടല്ലോ എന്ന് ഉറപ്പുവരുത്തുന്ന ആ രംഗം ഞാന്‍ അന്നത്തെ രംഗവുമായി താരതമ്യം ചെയ്തുപോയി. ക്ഷമിക്കുക.)

(ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌)

ജി ശക്തിധരന്‍

ജി ശക്തിധരന്‍

പ്രമുഖ പത്രപ്രവര്‍ത്തകനും മുന്‍ സിപിഎം സഹയാത്രികനുമാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍