UPDATES

സോഷ്യൽ വയർ

തലയില്‍ തട്ടമിടുന്ന ചര്‍ച്ചകള്‍ കാണുമ്പോള്‍ ആ മുഖം ഓര്‍മ വരും, തലച്ചോറിനു പകരം ലൈംഗികാവയവം കൊണ്ട് ചിന്തിക്കുന്ന ആ മാന്യന്റെ

അവൾക്കതൊരു വലിയ ടേണിംഗ് പോയന്റായിരുന്നു. മരണത്തെ അതിജീവിച്ചത് മാത്രമായിരുന്നില്ല, ഒരുപാട് തിരിച്ചറിവുകളോടെയാണ് അവളന്നാ ആശുപത്രി വിട്ടത്

തലയിൽ തട്ടമിടുന്നതുമായി ബന്ധപ്പെട്ട ഏതൊരു വിവാദമോ ചർച്ചയോ കാണുമ്പോഴും ഓർമ്മ വരുന്നൊരു മുഖമുണ്ട്, തലച്ചോറിനു പകരം ലൈംഗികാവയവം കൊണ്ട് ചിന്തിക്കുന്നൊരു മാന്യദേഹത്തിന്റെ.

രണ്ട് വർഷം മുൻപാണ്, തനു അന്ന് നഴ്‌സറി ക്ലാസിൽ ചേർന്ന സമയം. ഒരവധിക്കാല യാത്രയുടെ അവസാന ദിവസം സേലം വഴി കടന്നു പോകുമ്പോൾ കയറാമെന്നേറ്റിരുന്നൊരു വീടുണ്ടായിരുന്നു, കോളേജ് കാലം മുതലുള്ള സുഹൃത്തിന്റെ, അവൾക്കും ഭർത്താവിനും അന്ന് ജോലി ആ നഗരത്തിലാണ്.

ആടിപ്പാടി സ്ഥലങ്ങൾ കണ്ട് തീർത്ത് സമയം പോയതറിഞ്ഞില്ല, ഒത്തിരി വൈകിയതുകൊണ്ട് ഇനിയൊരിക്കലാവാമെന്ന് സമ്മതിപ്പിച്ച് അവളുടെ വീട്ടിൽ കയറാതെ പാലക്കാട്ടേക്ക് വണ്ടി വിട്ടതായിരുന്നു. പക്ഷേ വഴിയിൽ കാത്തുനിന്ന ട്രാഫിക്ക് ജാമുകളും തളർന്നു തുടങ്ങിയ ഞങ്ങളും രാത്രി ഒരുമണിയോടെ കോയമ്പത്തൂർ ഔട്ടറിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ യാത്ര തൽക്കാലം അവസാനിപ്പിച്ചു.

കയ്യിൽ കിട്ടിയ കട്ടൻ കാപ്പി ഒന്നൂതിക്കുടിച്ച് മുഴുമിപ്പിക്കാനുള്ള സമയമുണ്ടായിരുന്നില്ല, അപ്പോഴാണാ മെസ്സേജ് വന്നത്, “ഹബീ… കുറച്ചു സമയം മുൻപ് ഞാനൊരു പിടി ഗുളികകൾ കഴിച്ചു. ബാക്കിയുണ്ടാകുമോ എന്നറിയില്ല. അവസാനത്തെ പിടച്ചിലാണ്‌ ഞാൻ ഉച്ചക്ക്‌ പിടച്ചത്‌ എന്നറിഞ്ഞില്ലല്ലോ നീയും. ഒരിക്കൽ കൂടി കാണണമെന്നുണ്ടായിരുന്നു, അതാണ് വരണമെന്ന് അത്രക്ക് നിർബന്ധിച്ചത്. ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഉറങ്ങുകയാണ്‌. ഉണരുമോ എന്നറിയാതെ. ഉണരാതിരിക്കട്ടെ.”

സേലത്തെ കൂട്ടുകാരിയാണ്. ഒരു നിമിഷം കാലിനടിയിൽ നിന്നൊരു തണുപ്പ് ശിരസ്സിലേക്ക് പടർന്നു കയറുന്നതറിഞ്ഞു. ഭാഗ്യത്തിന് അടുത്ത നിമിഷം തന്നെ തലച്ചോറ് പ്രവർത്തിച്ചു തുടങ്ങി. ചുറ്റുമിരുന്ന് സംസാരിക്കുന്നവർ കാര്യമെന്തെന്നറിയുന്നതിനും മുൻപ് തന്നെ അവളുടെയും ഭർത്താവിന്റെയും മാതാപിതാക്കളുടെയും നമ്പറിൽ വിളിച്ചു നോക്കൽ കഴിഞ്ഞിരുന്നു, ആരുമെടുത്തില്ല. കൂടുതൽ സമയം കളയാതെ ഗൂഗിൾ ചെയ്ത് അവിടത്തെ പോലീസ് സ്റ്റേഷന്റെ നമ്പറെടുത്തു. അഞ്ച് മിനിറ്റിനകം രണ്ട് പോലീസുകാർ ജീപ്പിൽ അവളുടെ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. അങ്ങോട്ടു പോകാനുള്ള വഴി സ്ട്രീറ്റ് നമ്പറും ലാൻഡ്മാർക്കുകളുമടക്കം അന്ന് രാവിലെ നോട്ട് ചെയ്ത് വച്ച കടലാസ് പേഴ്സിലുണ്ടായിരുന്നത് കൊണ്ട് അധികം തപ്പിത്തടയണ്ടി വന്നില്ല. നൂറ്റൻപത്കിലോമീറ്ററിനിപ്പുറമിരുന്ന് മൊബൈൽ കോളിന്റെ നൂൽപ്പാലത്തിലൂടെ അക്ഷരാർത്ഥത്തിൽ ഞാനാ പോലീസുകാരുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു. ഒടുവിൽ ഉള്ളിൽ നിന്ന് പൂട്ടിയിട്ട വീട് തള്ളിപ്പൊളിച്ച് അവളെ വാരിയെടുത്ത് ജീപ്പിലേക്കിട്ട് ആശുപത്രിയിലേക്ക് അവർ തിരിച്ച സമയത്താണ് എനിക്ക് ഭർത്താവിന്റെ കോൾ വന്നത്.

നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിയിലായിരുന്നു അയാൾ, മൊബൈൽ റിംഗ് ചെയ്തതറിഞ്ഞില്ലത്രെ. ചുരുങ്ങിയ വാക്കുകളിൽ സംഭവവും, പോലീസുകാരിലൊരാളുടെ മൊബൈൽ നമ്പറും കൈമാറുന്നതിനിടയിൽ തന്നെ ഞാനുടുത്തിരുന്ന ലുങ്കി മാറ്റി പാന്റിട്ടിരുന്നു. ആ രാത്രി എന്നെ ഒറ്റക്ക് ഡ്രൈവ് ചെയ്യാൻ വിടാനുള്ള ധൈര്യം അഞ്ജുവിനുണ്ടായിരുന്നില്ല. സോഫയിൽ തളർന്നുറങ്ങുകയായിരുന്ന തനുവിനെ വാരിയെടുത്ത് അവൾ കൂടെയിറങ്ങി. കാർ വീണ്ടും സേലത്തേക്ക് യാത്ര തുടങ്ങുമ്പോൾ മണി ഒന്നര.

എതിരെ നിന്നും ഓരോ വാഹനം ലൈറ്റടിച്ച് പാസ് ചെയ്യുമ്പോഴും തല വെട്ടിപ്പൊളിയുന്ന വേദന എല്ലാ പരിധികളും ലംഘിച്ചുകൊണ്ടിരുന്നു. ഒരു നിലക്കും താഴാതെ ഹൃദയം നെഞ്ചു തള്ളി മുന്നോട്ടിടിച്ചു വരുന്നതറിയാം. എങ്ങനെയാണാ രണ്ട് മണിക്കൂർ അതിജീവിച്ചതെന്ന് ഇന്നുമറിയില്ല. ഒഴിഞ്ഞ പാർക്കിംഗ് ലോട്ടിൽ വണ്ടി ലോക്ക് ചെയ്ത് തനുവിനെ തോളത്തിട്ട് ഓടുകയായിരുന്നു കാഷ്വാലിറ്റിയിലേക്ക്. വളച്ചു ചാരി വച്ച കർട്ടനിടയിലൂടെ ഒരു മിന്നായം പോലെ ആ കാഴ്ച കണ്ടു, മൂക്കിൽ നിന്നും തൂങ്ങിക്കിടക്കുന്ന കുഴലുമായി വാടിയ ചേമ്പിൻ തണ്ടുപോലെ കുഴഞ്ഞു കിടക്കുന്ന കൂട്ടുകാരിയെ, ചുറ്റും ഡോക്ടറും നഴ്സും ഭർത്താവും.

വാതിലിനു പുറത്ത് വിറങ്ങലിച്ച് നിൽക്കുന്ന എന്നെ കണ്ടാവണം അടുത്ത് ടേബിളിലുണ്ടായിരുന്ന മറ്റൊരു ഡോക്ടർ എണീറ്റു വന്നു. ഒരു നിമിഷത്തെ സമനില തെറ്റലിൽ പല കോമ്പിനേഷനിലുള്ള നാൽപ്പതോളം ഗുളികകളാണ് കോൾഡ് കോഫിയും കൂട്ടി അവൾ കടിച്ചിറക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ആശുപത്രിയിലെത്തിയത് കൊണ്ട് മാത്രം മരിച്ചില്ല. വയറുകഴുകി, വേണ്ട മറ്റ് പ്രതിവിധികൾ ചെയ്തുകൊണ്ടിരിക്കുന്നു. മൂന്നുനാലു ദിവസത്തെ ആശുപത്രിവാസം വേണമെന്നതൊഴിച്ചാൽ നിലവിൽ മറ്റ് ഭീഷണികളില്ല. അന്നൊരൊറ്റ തവണയേ കണ്ടിട്ടുള്ളുവെങ്കിലും, എന്റെ കൈ ചേർത്ത് പിടിച്ച് ഇത്രയും പറഞ്ഞ ആ ഡോക്ടറുടെ മുഖം വർഷങ്ങൾക്കിപ്പുറവും ഇന്നും ഒരു മങ്ങലുമില്ലാതെ എനിക്കറിയാം.

പ്രഥമശുശ്രൂഷകൾ കഴിയാൻ ഇനിയും സമയമെടുക്കും എന്നറിഞ്ഞപ്പോൾ ആ ഗ്യാപ്പിൽ നേരത്തേ ഫോണിൽ സംസാരിച്ച പോലീസുകാരെ ചെന്ന് കണ്ട് അവർക്ക് വേണ്ട വിവരങ്ങൾ കൈമാറി. അര മണിക്കൂറിനു ശേഷം തിരികെ എത്തിയപ്പോഴെക്കും അവളെ റൂമിലേക്ക് മാറ്റിയിരുന്നു. മുട്ടിയപ്പോൾ പാതി തുറന്ന വാതിലിനു മുന്നിൽ ഭർത്താവ് നിൽക്കുന്നുണ്ടായിരുന്നു, പത്തടി ദൂരെ വീണ്ടും ആ നെഞ്ചുപൊട്ടുന്ന കാഴ്ച കാണാം, ഇത്തവണ അവൾ എന്തോ ഞരങ്ങുന്നത് അവ്യക്തമായി കേൾക്കുകയും ചെയ്തു. വാതിലിനടുത്ത് തന്നെ നിന്നാണ് ഭർത്താവ് സംസാരിച്ചത്. അല്പസമയം മുൻപ് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നെങ്കിലും ക്ഷമയോടെ വീണ്ടുമൊരാവർത്തി അതെല്ലാം അയാളിൽ നിന്നും കേട്ടു മുഴുമിച്ചതിനു ശേഷമാണ് ഞാനത് ചോദിച്ചത്, “അവളെ ഒന്ന് അടുത്ത് ചെന്ന് കണ്ടോട്ടെ, സംസാരിച്ചോട്ടെ…?” എന്ന്.

“ഇപ്പോൾ കാണാൻ പറ്റില്ല ഹബീബ്… അവൾ തല മറച്ചിട്ടില്ല. ഹബീബിനത് കൊണ്ട് പ്രശ്നമൊന്നുമില്ലായിരിക്കും, എനിക്കങ്ങനെയല്ല…”

പഠിക്കുന്ന കാലം തൊട്ടുള്ള പരിചയമാണവളെ. ദരിദ്രമായ ചുറ്റുപാടിൽ നിന്ന് സ്വപ്രയത്നം കൊണ്ട് മാത്രം പഠിച്ച് മിടുക്കിയായി നല്ലൊരു ജോലി നേടിയവളാണ്. ഉന്നതവിദ്യാഭ്യാസവും ലോകപരിചയവുമുള്ള ഭർത്താവുണ്ട്. ഇരട്ടക്കുട്ടികളടക്കം നാലു മക്കളുടെ ഉമ്മച്ചിയാണ്. ഭാവഭേദമില്ലാതെ തമാശകൾ പറഞ്ഞ് നിർത്തിയതിനു ശേഷം വലിയ ശബ്ദത്തിൽ നിർത്താതെ പൊട്ടിച്ചിരിക്കും അവൾ. മിൻമിനിയുടെ ശബ്ദത്തിൽ പാട്ടുപാടുന്നവളാണ്. കല്യാണത്തിനു ശേഷവും ഭർത്താവും മക്കളുമൊത്ത് ആഘോഷമായി പല തവണ വീട്ടിൽ വന്നിട്ടുണ്ട്. സമാനപ്രായമായതുകൊണ്ട് ആ ഇരട്ടകൾ തനുവിന്റെ കളിക്കൂട്ടുകാരാണ്. സമനില തെറ്റിയ ആ നിമിഷത്തിൽ എല്ലാം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതിനു ശേഷം അവൾ യാത്ര പറഞ്ഞ ഏക സുഹൃത്ത് ഞാനായിരുന്നു. ആ മെസ്സെജ് കാണാൻ ഒരു മണിക്കൂർ വൈകിയിരുന്നെങ്കിൽ അവളെ ഞങ്ങൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടേനേ എന്നാണ് അല്പസമയം മുൻപ് ഡോക്ടർ പറഞ്ഞത്.

വല്ലാത്ത അമ്പരപ്പോടെ ഒരു തവണ കൂടി ഞാനയാളോട് അവളെ കാണാൻ അനുവാദം ചോദിച്ചു. അത്രക്ക് ദയനീയമായി ഒരാളോട് അതിനു മുൻപോ ശേഷമോ ഞാനൊരു കാര്യവും അപേക്ഷിച്ചിട്ടില്ല, ഒരു പക്ഷേ ഇനി ഉണ്ടാവുകയുമില്ല. അയാളുടെ മറുപടി പഴയത് തന്നെയായിരുന്നു. ഊതിവീർപ്പിച്ച ബലൂൺ പോലെയെന്ന് നൂറുശതമാനം നേരിട്ടറിയാവുന്ന പലതും – അയാളൂടെ ആണത്തചീട്ടുകൊട്ടാരങ്ങൾ മുതൽ ഒരു മനുഷ്യജീവിയെന്ന മാനസികനിലനിൽപ്പിനെ വരെ – തകർത്തുതരിപ്പണമാക്കുന്നവ ചേർത്ത് കൃത്യമായി മറുപടി നൽകാനറിയാഞ്ഞിട്ടായിരുന്നില്ല. അർദ്ധബോധാവസ്ഥയിൽ ഞരക്കത്തോടെ പത്തടി അപ്പുറത്ത് കിടക്കുന്നവൾ അത്രക്ക് പ്രിയപ്പെട്ടവളായതുകൊണ്ടാണ്, നോട്ടം കൊണ്ട് പോലും ഒരക്ഷരം എതിർത്ത് പറഞ്ഞില്ല, “അഞ്ജു അവളെ കാണുന്നതിന് കുഴപ്പമില്ലല്ലോ…?” എന്ന് മാത്രം ചോദിച്ചു, ഇല്ലെന്ന് മറുപടിയും കിട്ടി.

സാരമില്ലെടാ എന്ന് പൊതിഞ്ഞു ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നൊരു നോട്ടത്തോടെ അഞ്ജു എന്നെ കടന്ന് അവളുടെ കട്ടിലിനടുത്തേക്ക് നടന്നു. അതിനിടെ എപ്പോഴോ ഉറക്കം തെളിഞ്ഞ് “അയ്യോ ആന്റിക്കെന്ത് പറ്റി” എന്ന് ചോദിച്ച് അഞ്ജുവിന്റെ പിന്നാലെ നടന്ന തനുവിനെപ്പോലും അകത്ത് കയറ്റാതെ അയാൾ ഞങ്ങളുടെ മുന്നിൽ വാതിൽ കൊട്ടിയടച്ചു. പത്ത് മിനിറ്റോളം അവളുടെ അടുത്തിരുന്ന് സംസാരിച്ചതിനു ശേഷം പുറത്തു വന്ന അഞ്ജു എന്റെ കൈപിടിച്ച് കാറിനടുത്തേക്ക് നടത്തി.

തിരികെ വരുമ്പോൾ കാർ കോയമ്പത്തൂർ നിർത്തിയില്ല, എങ്ങനെയെങ്കിലും പാലക്കാട് വന്നാൽ മതിയെന്നായിരുന്നു. ഡ്രൈവിംഗിനിടെ ഉറക്കം വരാതെ നോക്കാൻ അഞ്ജു വഴിനീളെ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു, ഇടയിൽ രണ്ടിടത്ത് നിർത്തി എന്നെ സീറ്റിലിരുത്തി കട്ടൻ വാങ്ങി വന്നു, കൂടെ തന്ന ബൺ എത്ര നനച്ചിട്ടും ഇറങ്ങാതെ തൊണ്ടയിൽ തങ്ങി നിന്നത് തുപ്പി ദൂരെയെറിഞ്ഞു. രാവിലെ വീട്ടിൽ വന്ന് കയറി കിടക്കയിലേക്ക് വീഴുമ്പോഴും, അത് കഴിഞ്ഞ് ദിവസങ്ങളോളവും ആ മറുപടി തന്ന അമ്പരപ്പ് മാറിയിരുന്നില്ല.

ആശുപത്രി വിട്ടതിനു ശേഷം പിന്നീടവൾ പല സന്ദർഭങ്ങളിലായി ഇക്കാര്യം ഭർത്താവിനോട് ചോദ്യം ചെയ്തപ്പോഴൊക്കെ തന്റെ നിലപാടിൽ അഭിമാനത്തോടെ തന്നെ ഉറച്ചു നിന്നിരുന്നത്രെ അയാൾ. ആ സംഭവത്തിനു ശേഷം അവൾ സേലത്തു നിന്നും നാട്ടിലേക്ക് റീലൊക്കേറ്റ് ചെയ്തു. പിന്നീട് വിദേശത്തേക്കായി.

അവൾക്കതൊരു വലിയ ടേണിംഗ് പോയന്റായിരുന്നു. മരണത്തെ അതിജീവിച്ചത് മാത്രമായിരുന്നില്ല, ഒരുപാട് തിരിച്ചറിവുകളോടെയാണ് അവളന്നാ ആശുപത്രി വിട്ടത്. പലതുകൊണ്ടും പിന്നീടങ്ങോട്ട് ജീവിതം തന്നെ പാടെ മാറ്റിമറിച്ചത്ര വലിയ തിരിച്ചറിവുകളോടെ…

(ഹബീബ് അഞ്ജു ഫേസ്ബുക്കില്‍ എഴുതിയത്)

ഹബീബ് അഞ്ജു

ഹബീബ് അഞ്ജു

പാലക്കാട് സ്വദേശി. പൊതുമേഖലാ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ: അഞ്ജു ഹബീബ്. മക്കൾ: തന്മയ്, നൈതിക്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍