UPDATES

ബ്ലോഗ്

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ക്ഷൗരമല്ല, തലവെട്ട് തന്നെയാണ് ബാങ്കില്‍ നടക്കുന്നത്‌

ഒരു ലക്ഷം കോടി രൂപയിലേറെ കിട്ടാക്കടം തിരിച്ചുപിടിച്ചു എന്ന് സര്‍ക്കാര്‍ വമ്പ് പറയുമ്പോള്‍, ഇതില്‍ ഏറെയും എഴുതി തള്ളുകയാണ് ചെയ്തത് എന്ന സത്യം സൗകര്യപൂര്‍വം മറച്ചു വയ്ക്കുന്നു

‘ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ ഒരു വൃദ്ധന്‍….’ ഇത് പഴയ കഥ.

ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് കഥ, ബാങ്കുകളിലേ ‘ഹെയര്‍ കട്ട്’ ആണ്.

പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വന്‍കിട കമ്പനികള്‍ വായ്പയെടുത്ത്, മനഃപൂര്‍വം കുടിശ്ശിക വരുത്തി, നിയമ വിധേയമായി പൊതു പണം തട്ടിയെടുക്കുന്ന പുതിയ രീതിയാണ് ഈ ‘ഹെയര്‍ കട്ട്’.

ആയിരക്കണക്കിന് കോടികള്‍ ഭീമന്‍ കിട്ടാക്കടം വരുത്തുന്ന, ശതകോടീശ്വരന്‍മാരുടെ ഉടമസ്ഥതയിലുള്ള കോര്‍പറേറ്റ് കമ്പനികളെ പാപ്പരായി പ്രഖ്യാപിച്ച്, കമ്പനി വിറ്റ് കിട്ടുന്ന നാമമാത്ര സംഖ്യ മാത്രം വരവു വച്ച്, വായ്പയുടെ ബാക്കി സിംഹഭാഗവും എഴുതി തള്ളുന്ന, അതിന് ബാങ്കുകളെ നിര്‍ബന്ധിക്കുന്ന നിയമമാണ് ഇന്‍സോള്‍വന്‍സി & ബാങ്ക്‌റപ്റ്റ്‌സി കോഡ് (IBC) എന്ന പുതിയ നിയമം.

വന്‍കിടക്കാരുടെ തട്ടിപ്പുകള്‍ക്ക് നിയമ പരിരക്ഷ ഒരുക്കുന്ന വിവേചനപരമായ സംവിധാനമാണ് ഇത്. കിട്ടാക്കട പ്രശ്‌നത്തിന് ഇതൊരു പരിഹാരമേ അല്ല.

ഒരു ഉദാഹരണം നോക്കൂ.

അലോക് ഇന്‍ഡസ്ട്രീസ് എന്ന കമ്പനി 30,000 കോടി കുടിശ്ശിക വരുത്തി. IBC നിയമപ്രകാരം NCLT അലോകിനെ പാപ്പരായി കണക്കാക്കി കമ്പനി ലേലം ചെയ്തു. 5,000 കോടിക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ലേലത്തില്‍ പിടിക്കുന്നത്.

ഈ ഒറ്റ ഇടപാടില്‍,

വായ്പ നല്കിയ ബാങ്കുകള്‍ക്ക് 25,000 കോടി ഭീമമായ നഷ്ടം. (ഇതിന്റെ ഓമനപ്പേരാണ് ‘ഡീപ്പ് ഹെയര്‍ കട്ട്).

റിലയന്‍സ് 30,000 കോടിയുടെ ആസ്തി, 5,000 കോടിക്ക് കൈവശപ്പെടുത്തുന്നു. (വായ്പ നല്കിയ ബാങ്കുകള്‍ യോഗം ചേര്‍ന്ന് ‘നാലില്‍ മൂന്ന്’ വോട്ടോടെ അംഗീകരിക്കണം എന്ന വ്യവസ്ഥ ഈ ഇടപാടിനു വേണ്ടി മാത്രം സര്‍ക്കാര്‍ ‘മൂന്നില്‍ രണ്ട്’ എന്നു തിരുത്തി എന്നത് ഉപകഥ).

30,000 കോടിയുടെ കിട്ടാക്കടം പരിഹരിച്ചു എന്ന് സര്‍ക്കാര്‍ വീമ്പിളക്കുന്നു. ജനം കയ്യടിക്കുന്നു, വോട്ട് ചെയ്യുന്നു.

ഇങ്ങനെ ഒരു ലക്ഷം കോടി രൂപയിലേറെ കിട്ടാക്കടം തിരിച്ചുപിടിച്ചു എന്ന് സര്‍ക്കാര്‍ വമ്പ് പറയുമ്പോള്‍, ഇതില്‍ ഏറെയും എഴുതി തള്ളുകയാണ് ചെയ്തത് എന്ന സത്യം സൗകര്യപൂര്‍വം മറച്ചു വയ്ക്കുന്നു.

ഭൂഷണ്‍ സ്റ്റീല്‍ ഉള്‍പ്പെടെ 12 വന്‍ കമ്പനികള്‍ മാത്രം അടയ്‌ക്കേണ്ട രണ്ടു ലക്ഷത്തി അമ്പത്തി രണ്ടായിരം കോടി രൂപാ പകുതിയലധികവും രാജ്യത്തെ ബാങ്കുകള്‍ ഇങ്ങനെ എഴുതിത്തള്ളി. കമ്പനിയുടെ ഉടമസ്ഥാവകാശം മാത്രം മാറ്റി സ്വകാര്യ സമ്പത്ത് സംരക്ഷിക്കാന്‍ മുതലാളിമാര്‍ക്ക് ബാങ്കുകളുടെ പണം യഥേഷ്ടം ലഭ്യമാക്കുന്ന ഈ നയം മാറണം.

എന്നിട്ടോ, നഷ്ടം സഹിക്കാനാവാതെ ബാങ്കുകള്‍ സാധാരണക്കാരന്റെ മുടിയല്ല, തല തന്നെ വെട്ടുന്നു. ഫീസുകളായും ചാര്‍ജുകളായും.

ഇതാണ് ഹെയര്‍ കട്ടിന്റെ കഥ.

(ഐശ്വര്യ നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്‌)

read more:പത്രാധിപര്‍ തിരക്കഥ മോഷ്ടിച്ച കഥ അഥവാ ബഷീറിന്റെ മതിലുകളുടെ ജനനം

ഐശ്വര്യ നാരായണന്‍

ഐശ്വര്യ നാരായണന്‍

ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വിമന്‍ കൌണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍