UPDATES

ബ്ലോഗ്

കേരള സമൂഹം എന്തുകൊണ്ട് ബിജെപിയോട് കടപ്പെട്ടിരിക്കുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ദ് നിരോധിച്ച കോടതി ഉത്തരവിന് കാരണക്കാരായത് ഇടതുപക്ഷവും കോണ്‍ഗ്രസും തുടര്‍ച്ചയായി ആഹ്വാനം ചെയ്തതായിരുന്നെങ്കില്‍ ഇപ്പോള്‍ ഹര്‍ത്താല്‍ ഇല്ലാതാകാന്‍ കാരണക്കാരാകുന്നത് ബിജെപിയാണ്

കേരളത്തില്‍ അധികാരത്തിന് പുറത്താണെങ്കിലും ബിജെപി ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ്. ഹര്‍ത്താലുകളോട് കേരളം വിട പറയുന്നതിന് ബിജെപി കാരണക്കാരായെന്നതാണ് ആ ചരിത്ര മുഹൂര്‍ത്തത്തിലേക്ക് അവരെ എത്തിച്ചത്. ശബരിമലയില്‍ യുവതീപ്രവേശനത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബിജെപി തുടര്‍ച്ചയായി പ്രഖ്യാപിച്ച ഹര്‍ത്താലുകള്‍ അവര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. അനാവശ്യ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇനി ഹര്‍ത്താലിന് കടകള്‍ അടച്ചിടാനില്ലെന്ന് കോഴിക്കോട് മിഠായി തെരുവിലെ വ്യാപാരികളാണ് ആദ്യം പ്രഖ്യാപിച്ചത്. അതിന് പിന്നാലെ ചാലയിലെ വ്യാപാരികളും ഇതേ നിലപാട് തന്നെ സ്വീകരിച്ചു.

പന്തളത്ത് ശിവദാസന്‍ എന്നയാള്‍ മരിച്ച സംഭവത്തിലാണ് ബിജെപി അനാവശ്യ ഹര്‍ത്താലുകളാണ് പ്രഖ്യാപിക്കുന്നതെന്ന ആരോപണം ആദ്യം ഉയര്‍ന്നത്. നിലയ്ക്കലില്‍ നടന്ന പോലീസ് നടപടിക്കിടയില്‍ ശിവദാസന്‍ മരിച്ചുവെന്നാണ് ബിജെപി ആരോപിച്ചത്. അതേസമയം ശിവദാസന്‍ പോലീസ് നടപടിക്ക് ശേഷമാണ് ശബരിമലയിലെത്തിയതെന്ന് ബന്ധുക്കള്‍ തന്നെ വെളിപ്പെടുത്തിയതോടെ ബിജെപി വാദം പൊളിഞ്ഞു. എന്നാല്‍ അപ്പോഴേക്കും അവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു. അനാവശ്യമായി ഹര്‍ത്താല്‍ നടത്തിയതിനെ ചൊല്ലി ബിജെപി നേതൃത്വത്തിനിടയില്‍ തന്നെ ഭിന്ന ശബ്ദം ഉയര്‍ന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് രാഷ്ട്രീയ ഭീകരതയാണ് അവര്‍ സൃഷ്ടിക്കുന്നതെന്ന് സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായം ഉയര്‍ന്നു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ജനരോഷം ഉണ്ടാകുകയും ചെയ്തു.

ഡിസംബറില്‍ തിരുവനന്തപുരത്തെ ബിജെപി സമരപ്പന്തലില്‍ പോലീസ് നടത്തിയ അതിക്രമത്തിന്റെ പേരില്‍ പ്രഖ്യാപിച്ച ജില്ലാ ഹര്‍ത്താലിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന സമയത്തെ ഹര്‍ത്താല്‍ പ്രഖ്യാപനം കേരളത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരെയാണ് ബുദ്ധിമുട്ടിച്ചത്. രണ്ട് ദിവസത്തിന് ശേഷം സമരപ്പന്തലിന് മുന്നില്‍ പേരൂര്‍ക്കട മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിലും ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യയെന്ന ഇയാളുടെ മരണമൊഴി പുറത്തുവന്നതോടെ ബിജെപിയുടെ ഈ വാദവും പൊളിഞ്ഞു.

ആദ്യം തെരുവില്‍ അഴിഞ്ഞാടുക, പിന്നെ വലിച്ചു താഴെ ഇടുക; അമിത് ഷാ ജിയുടെ പ്ലാന്‍ എയും ബിയും

അതേസമയം അനാവശ്യമായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഇത്തരം മിന്നല്‍ ഹര്‍ത്താലുകള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വ്യാപാരികള്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാടെടുത്തത്. തുടര്‍ച്ചയായി പ്രഖ്യാപിച്ച ഹര്‍ത്താലുകള്‍ അനാവശ്യമായിരുന്നെന്ന് ജനങ്ങള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബിജെപി നേതൃത്വവും പ്രതിസന്ധിയിലായി. ഇനിയൊരു ഹര്‍ത്താലുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്ന സാഹചര്യത്തിലാണ് ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചത്. അതോടെ അയ്യപ്പ കര്‍മ്മ സമിതി വീണ്ടും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബിജെപി ഈ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ജനുവരി ഒന്നിന് നടന്ന വനിതാ മതിലിനോടും ജനുവരി രണ്ടിലെ ശബരിമല യുവതീ പ്രവേശനത്തോടുമുള്ള പ്രതികാരം പോലെയായിരുന്നു രണ്ടിനും മൂന്നിനും ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മ സമിതി കേരളത്തില്‍ പലയിടങ്ങളിലും കലാപം അഴിച്ചുവിട്ടത്.

വ്യാപാരികള്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചെങ്കിലും പലയിടങ്ങളിലും നിര്‍ബന്ധമായി തന്നെ കടയടപ്പിച്ചു. എതിര്‍ത്ത വ്യാപാരികളുടെ സ്ഥാപനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. അതേസമയം ഈ ഹര്‍ത്താലോട് കൂടി ഹൈക്കോടതി ഇടപെട്ടു. മിന്നല്‍ ഹര്‍ത്താലുകള്‍ അനുവദിക്കില്ലെന്നും ഏഴ് ദിവസം മുമ്പെങ്കിലും ഹര്‍ത്താല്‍ നോട്ടീസ് നല്‍കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍കൂട്ടി നോട്ടീസ് നല്‍കാത്ത ഹര്‍ത്താലുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോടതി ഉത്തരവിനൊപ്പം സര്‍ക്കാരിന്റെ ഈ വിഷയത്തിലെ ഇടപെടലും ശ്രദ്ധേയമാണ്. ഹര്‍ത്താലില്‍ സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ നടപടിയെടുക്കുന്നതിനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക, മത സംഘടനകളും സൃഷ്ടിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷം, ഹര്‍ത്താല്‍, ബന്ദ്, പ്രതിഷേധ പ്രകടനം, റോഡ് ഉപരോധം തുടങ്ങിയവയുടെ പേരില്‍ സ്വകാര്യ സ്വത്തും സ്ഥാപനങ്ങളും നശിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപടി വരുന്നത്. “കേരള പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്‍ഡ് പേമെന്റ് ഓഫ് കോമ്പന്‍സേഷന്‍ ഓര്‍ഡിനന്‍സ് 2019” എന്ന പേരിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ നിയമം നിലവില്‍ വരും. ഈ ഓര്‍ഡിനന്‍സിന് പിന്നിലും ബിജെപി അടുത്തിടെ നടത്തിയ ഹര്‍ത്താലുകളും അതിനിടയിലുണ്ടായ നാശനഷ്ടങ്ങളും തന്നെയാണ്.

എന്തായാലും ഇന്നും നാളെയുമായി നടക്കുന്ന ദേശീയ പണിമുടക്ക് വളരെ മുന്‍പെ പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും മിന്നല്‍ ഹര്‍ത്താല്‍ സിന്‍ഡ്രോം അതിനെയും ബാധിച്ചിരിക്കുകയാണ്. പലയിടങ്ങളിലും കടകള്‍ തുറന്ന വ്യാപാരികളും സമരക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ദ് നിരോധിച്ച കോടതി ഉത്തരവിന് കാരണക്കാരായത് ഇടതുപക്ഷവും കോണ്‍ഗ്രസും തുടര്‍ച്ചയായി ആഹ്വാനം ചെയ്തതായിരുന്നെങ്കില്‍ ഇപ്പോള്‍ മിന്നല്‍ ഹര്‍ത്താല്‍ ഇല്ലാതാകാന്‍ കാരണക്കാരാകുന്നത് ബിജെപിയാണ്. അതുകൊണ്ട് തന്നെ മനപൂര്‍വം ചെയ്തതല്ലെങ്കിലും ഭാവി സമൂഹം ഇതിന് അവരോട് കടപ്പെട്ടിരിക്കും.

Explainer: 20 കോടി തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കുന്നതെന്തിന്?-ദ്വിദിന പൊതുപണിമുടക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടവ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍