UPDATES

ബ്ലോഗ്

സത്യത്തില്‍ ശ്രീനിവാസന്‍ ഇങ്ങനെ തന്നെയായിരുന്നു; മധ്യവര്‍ഗ മലയാളിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍

കേരളത്തിലെ ഏത് പ്രശ്‌നവും ലളിത യുക്തിയില്‍ ശ്രീനിവാസന്‍ നിര്‍ധാരണം ചെയ്തു. മലയാളി ഒട്ടും ശരിയല്ലെന്ന് അയാള്‍ എല്ലാ അവസരത്തിലും ആവര്‍ത്തിച്ചു

മധ്യവര്‍ഗ ബോധത്തിന്റെ ഒരു സവിശേഷത അത് ലളിത യുക്തികളില്‍ ജീവിച്ചു പോകുമെന്നതാണ്. ആഴത്തെയും പരപ്പിനെയും അത് കാര്യമാക്കാറേയില്ല. അത് സാധാരണ ജീവിതത്തിന് പുറത്താണെന്നാണ് ആ ബോധത്തിന്റെ ബോധ്യം. മലയാളി മുഖ്യധാരയുടെ നിലനില്‍പ്പ് തന്നെ മധ്യവര്‍ഗ ബോധമാണ്. അത് കലയിലായാലും രാഷ്ട്രീയത്തിലായാലും. ആ ബോധം മലയാളിയുടെ ഇതപര്യന്തമുള്ള ജീവിതത്തെ പരിഹസിക്കും. തോറ്റവരെന്ന് കളിയാക്കും. രാഷ്ട്രീയത്തെ കുറ്റപ്പെടുത്തും.

ഈ ബോധത്തിന് ദൃശ്യാവിഷ്ക്കാരം നല്‍കിയവരില്‍ പ്രമുഖനാണ് കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍നിന്ന് സിനിമയിലേക്കെത്തിയ ശ്രീനിവാസന്‍. ശ്രീനിവാസന്‍ ഒരു കാലത്ത് തന്റെ തലശ്ശേരിയിലെ പാട്യത്തെ  ജീവിതത്തെക്കുറിച്ച് അഭിരമിച്ച് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത പിണറായി വിജയനുമായുള്ള സംഭാഷണത്തിലൊക്കെ ഇതായിരുന്നു അയാള്‍ ചെയ്തുകൊണ്ടിരുന്നത്. പഴയ കമ്മ്യൂണിസം നല്ലതാണ് മലയാളി മധ്യവര്‍ഗ ബോധത്തിന്. വര്‍ത്തമാന കാലത്ത് ഓര്‍മ്മകളിലൂടെയല്ലാതെ രാഷ്ട്രീയ പ്രയോഗത്തിലൂടെ അത് സാന്നിധ്യം അറിയിക്കരുതെന്ന് മാത്രമെ ആ വര്‍ഗത്തിന് നിര്‍ബന്ധമുള്ളൂ.

പക്ഷെ ശ്രീനിവാസന്‍ തന്റെ ബോധ്യങ്ങളൊക്കെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സന്ദേശം എന്ന സിനിമയിലൂടെ അത് അയാള്‍ ആകാവുന്ന വിധം പറഞ്ഞതാണ്. എന്നിട്ടും  മലയാളി അയാളെ ഒരു പുരോഗമന പക്ഷക്കാരാനാണെന്ന് സ്വയം ബോധ്യപ്പെടുത്തി. ചിലര്‍ പാട്യം ശ്രീനിയെന്ന് വിളിച്ചു. അങ്ങനെയൊക്കെയാവണം ജീവിതവും രാഷ്ട്രീയവും ഒരു വിശേഷ ദിവസം പറയാന്‍ പിണറായി വിജയനെ പോലുള്ള ഒരാള്‍ കൈരളി ടിവിയുടെ ക്യാമറയുടെ സാന്നിധ്യത്തില്‍ ശ്രീനിവാസന് മുന്നില്‍ ഇരുന്നുകൊടുത്തിട്ടുണ്ടാവുക.

പല രീതിയില്‍ ശ്രീനിവാസന്‍ പല രീതിയില്‍ മലയാളത്തിലെ സാംസ്‌ക്കാരിക നായകരിലൊരാളി മാറി.

സിനിമാക്കാരിലൊരാള്‍ ശ്രീനിവാസന്റെ തിരക്കഥകളെ വിമര്‍ശിച്ചപ്പോള്‍ ആ മധ്യവര്‍ഗ ബോധം സട കുടഞ്ഞെഴുന്നേറ്റു. കുടുംബ സമേതമായിരുന്നു പിന്നീടുള്ള വിമര്‍ശനം.

യുക്തി ബോധവും സാമൂഹ്യ ബോധവും ഒട്ടും പരിഗണിക്കാത്ത വിഭാഗമാണ് മധ്യവര്‍ഗം.  ലളിതയുക്തികളുടെ തമ്പുരാക്കന്മാരാണവര്‍. ശ്രീനിവാസന്റെ നിലപാടുകളെല്ലാം അങ്ങനെ തന്നെ. കാര്‍ഷിക വിളകളില്‍ കീടനാശിനി പ്രയോഗം അതിരുകടക്കുന്നു വെന്ന് വാര്‍ത്തകള്‍ നിറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ ഇനി ജൈവകൃഷി മതിയെന്നായി ശ്രീനിവാസന്‍. ജൈവകൃഷി എല്ലാറ്റിന്റെയും പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടു. ദോഷം പറയരുതല്ലോ, ശ്രീനിവാസന്‍ മാത്രമായിരുന്നില്ല, ജൈവ കൃഷി ചെയ്യാത്തതാണ് കേരളത്തിന്റെ പ്രധാന പ്രശ്‌നം എന്ന് പറഞ്ഞത്. അതൊരു രാഷ്ട്രീയ പ്രശ്‌നമായി കൈകാര്യം ചെയ്ത പ്രസ്ഥാനമുണ്ടിവിടെ. പക്ഷെ ശ്രീനിവാസന്‍ അതുകൊണ്ട് നിര്‍ത്തിയില്ല. അവയവദാനത്തിനെതിരെയും അദ്ദേഹം നിലപാടെടുത്തു.  പിന്നീട് അസുഖബാധിതനായപ്പോള്‍ അലോപതി ചികില്‍സ അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തുകയും ചെയ്തുവെന്നത് വേറെ കാര്യം. കാന്‍സര്‍ ആശുപത്രിയല്ല, വിഷരഹിത പച്ചക്കറി കൃഷിയാണ് കേരളത്തിന് ആവശ്യമെന്ന് ശ്രീനിവാസന്റെ പ്രസ്താവനയേയും കേരളം കേട്ടു. ജൈവകൃഷി മൂലം ഇല്ലാതാകുന്ന കാന്‍സര്‍ എന്നത് മലയാളികളില്‍ ഗണ്യമായ വിഭാഗം സ്വപ്‌നം കണ്ടു. ശ്രീനിവാസന്‍ അതിന് ഊര്‍ജ്ജം നല്‍കി.

കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം കേരളത്തെ തകര്‍ക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ആവലാതി, മധ്യവര്‍ഗ കേരളം തങ്ങളുടെ തന്നെ അഭിപ്രായമായി കേട്ടു.

Read More: ആ 8216 പേര്‍ ശരിക്കും തോറ്റവരാണോ? നമുക്കിനി കാണാതെ പോയ കുഞ്ഞാടിന്റെ ഉപമയെ കുറിച്ച് കൂടി സംസാരിക്കാം

ഇങ്ങനെ കേരളത്തിലെ ഏത് പ്രശ്‌നവും ലളിത യുക്തിയില്‍ ശ്രീനിവാസന്‍ നിര്‍ധാരണം ചെയ്തു. മലയാളി ഒട്ടും ശരിയല്ലെന്ന് അയാള്‍ എല്ലാ അവസരത്തിലും ആവര്‍ത്തിച്ചു. സത്യന്‍ അന്തിക്കാടിന്റെ അവസാന സിനിമയില്‍ വരെ. ചെത്തുകാരന്റെ മകനെ പോലെയല്ല, താന്‍ എന്ന് അഭിമാനത്തോടെ പറയുന്ന മകനെയും കേരളം ആ സിനിമയില്‍ അതും നവോത്ഥാന കാല ചര്‍ച്ച നടക്കുന്ന സമയത്ത് കണ്ടു.

ആ ശ്രീനിവാസനാണ് ഇപ്പോള്‍  ഒരു ബലാല്‍സംഗ കേസ് കെട്ടിച്ചമച്ചതാണെന്ന് പറയുന്നത്. സ്ത്രീകള്‍ക്ക് മലയാള സിനിമയില്‍ ഒരു പ്രശ്നവുമില്ലെന്ന് പറയുന്നത്. കേരളം ഇതും കേള്‍ക്കും. പക്ഷെ ശ്രീനിവാസന്‍ ഒന്നും മാറ്റി പറഞ്ഞിട്ടില്ല. അയാള്‍ തുടക്കം മുതല്‍ ചെയ്തതും പറഞ്ഞുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളുടെ യുക്തി തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. ഇതുകൊണ്ടും മലയാളി ഞെട്ടുമെന്ന് മാത്രം കരുതരുത്. സോഷ്യല്‍ മീഡിയയിലെ പൊളിറ്റിക്കലി കറക്ടായ മലയാളി ചിലപ്പോള്‍ വെപ്രാളപ്പെട്ടെന്നു വരും. മധ്യവര്‍ഗ മലയാളിക്ക് ഇതൊന്നും പ്രശ്‌നമല്ല. സന്ദേശം വീണ്ടും വന്നാല്‍ അതിനെയും അംഗീകരിച്ച് വിജയിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മധ്യവര്‍ഗ മലയാളിക്ക് ശ്രീനിവാസന്‍ ചില്ലറക്കാരനല്ല. മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. സത്യത്തില്‍ ശ്രീനി ഇങ്ങനെയൊക്കെ തന്നെയായിരുന്നു!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

എഴുത്താള്‍

സാമൂഹിക നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍