UPDATES

ബ്ലോഗ്

പട്ടാള ഭരണം ഇങ്ങനെയൊക്കെയാണ്; ജയ് ബോലോ ഭാരത് മാതാ കീ ജയ്‌!

രണ്ടായിരത്തിപ്പത്ത് നവംബര്‍ ഇരുപത്താറിന് ഉച്ചതിരിഞ്ഞ് പ്രതിരോധ വകുപ്പിന് കീഴിലെ ഊട്ടിക്കടുത്ത് അറവന്‍കാട്ടുള്ള കോര്‍ഡറ്റ് ഫാക്ടറിയില്‍ വന്‍ സ്ഫോടനം നടന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകന്റെ അനുഭവം

കെ.എ ഷാജി

കെ.എ ഷാജി

രണ്ടായിരത്തിപ്പത്ത് നവംബര്‍ ഇരുപത്താറിന് ഉച്ചതിരിഞ്ഞ് പ്രതിരോധ വകുപ്പിന് കീഴില്‍ ഊട്ടിക്കടുത്ത് അറവന്‍കാട്ടുള്ള കോര്‍ഡറ്റ് ഫാക്ടറിയില്‍ വന്‍ സ്ഫോടനം നടന്നു. അഞ്ചുപേര്‍ തല്‍ക്ഷണം മരിച്ചു. ശക്തി ഏറിയ സ്ഫോടനത്തില്‍ കഷണങ്ങള്‍ ആയി ചിതറി തെറിക്കുകയായിരുന്നു. പത്തു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ കാതടപ്പിക്കുന്ന സ്ഫോടന ശബ്ദം ഉയര്‍ന്നു കേട്ടു. ബോംബ്‌ സ്ഫോടനം എന്ന് നിനച്ച് ഊട്ടിയില്‍ സഞ്ചാരികള്‍ കിടുങ്ങി. ഞെട്ടി വിറച്ചു. ആകാശത്തിലേക്ക് ഉയര്‍ന്ന കറുകറുത്ത കട്ടിയുള്ള പുക കണ്ട് പലരും ബോധമറ്റ് വീണു. ചുരുങ്ങിയത് നൂറു പേരെങ്കിലും മരിച്ചു എന്ന മട്ടില്‍ ആയിരുന്നു ടെലിവിഷന്‍ ചാനലുകളില്‍ ആദ്യം വന്ന ഫ്ലാഷ് ന്യൂസ്‌.

ടൈംസ്‌ ഓഫ് ഇന്ത്യയുടെ കോയമ്പത്തൂര്‍ ബ്യുറോ ചീഫ് ആയി ഞാന്‍ ജോയിന്‍ ചെയ്തതിന്‍റെ മൂന്നാമത്തെ ദിവസം. അതിന് മുന്‍പ് വയനാട്ടില്‍ നിന്ന് ഊട്ടി വഴി കോയമ്പത്തൂര്‍ക്ക് വരുമ്പോള്‍ പുറമേ നിന്ന് കണ്ടിട്ടുള്ള പരിചയം മാത്രമേ ആ സ്ഫോടക വസ്തു നിര്‍മാണശാലയുമായി ഉണ്ടായിരുന്നുള്ളു. ഫോട്ടോഗ്രാഫറെയും കൂട്ടി ഒരു ടാക്സി പിടിച്ചു സംഭവ സ്ഥലത്തേക്ക് പുറപ്പെടാന്‍ പത്രാധിപരുടെ അറിയിപ്പ് ഉടന്‍ വന്നു.

അനുവാദം വന്നെങ്കിലും പോകാന്‍ ഒന്ന് മടിച്ചു. ഊട്ടിയില്‍ പത്രത്തിന് ഒരു പാര്‍ട്ട്‌ ടൈം ലേഖിക ഉണ്ടായിരുന്നു. അകാലത്തില്‍ മരണപ്പെട്ട മുന്‍ ലേഖകന്‍റെ ഭാര്യ. പ്രായത്തിലും ലോക പരിചയത്തിലും എന്നേക്കാള്‍ ഏറെ മുന്നില്‍. അവരെ മറികടന്ന് റിപ്പോര്‍ട്ട് ചെയ്യുക എന്നത് അവര്‍ക്ക് വിഷമം ഉണ്ടാക്കും.

പക്ഷെ പത്രാധിപര്‍ വിട്ടില്ല. രണ്ടുപേരും കൂടി സംയുക്തമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ആയി നിര്‍ദേശം. അങ്ങനെ പുറപ്പെട്ടു. പോകും വഴി ലേഖികയെ വിളിച്ചു. ഏറ്റവും ആദരപൂര്‍വ്വം പറഞ്ഞൊപ്പിച്ചു. നിങ്ങള്‍ തന്നെയാണ് അവിടന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഞാന്‍ പത്രാധിപര്‍ പറഞ്ഞത് കൊണ്ട് മാത്രം സഹായിക്കാന്‍ വരികയാണ്‌. ഫോട്ടോഗ്രാഫറും ഉണ്ട്.

അവരുടെ മറുപടി നിര്‍ദയം ആയിരുന്നു. എന്നെ സഹായിക്കാന്‍ ഇങ്ങോട്ട് ആരും വരണ്ട. ഇതിലും വലുത് ഞാന്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഫോട്ടോ ഒക്കെ ഞാന്‍ നോക്കികൊള്ളും. വീണ്ടും പത്രാധിപരെ വിളിച്ചു. നിങ്ങള്‍ ഞാന്‍ പറഞ്ഞപോലെ ചെയ്തിരിക്കണം എന്ന് കര്‍ശനമായ നിര്‍ദേശം കിട്ടി. അങ്ങനെ കാര്‍ മേട്ടുപ്പാളയം കടന്ന് കൂനൂര്‍ വഴി ഊട്ടിയിലേക്ക് നീങ്ങി.

അറവന്‍കാട് എത്തിയപ്പോള്‍ ശരിക്കും ഞെട്ടി. വന്‍ ദുരന്തം നടന്നതിന്‍റെ ഒരടയാളവും ഇല്ലാതെ പ്രതിരോധ ഫാക്ടറി. നിരവധിയായ നിയോണ്‍ വിളക്കുകള്‍ പ്രഭ ചൊരിയുന്നു. ഒരു കറുത്ത കൊടി പോലും ഇല്ല. ഉത്പാദനം പതിവ് പോലെ. രാത്രി ഷിഫ്റ്റിനുള്ള ജീവനക്കാര്‍ എത്തുന്നു. അവിടെങ്ങും ഒന്നും സംഭവിക്കാത്തത് പോലെ. റോഡില്‍ ഇറങ്ങി അവിടുത്തെ ചായക്കടയില്‍ ചോദിച്ചു.
ഇവിടെ അല്ലെ സ്ഫോടനം നടന്നത്?

അതെ.
കുറെ ആളുകള്‍ മരിച്ചില്ലേ?
അതെ.
അതിന്‍റെ ലക്ഷണം ഒന്നുമില്ലല്ലോ?
ഡിഫന്‍സ് അല്ലെ. അതൊന്നും ഉണ്ടാകില്ല.

ഏതോ ഒരു യുനിറ്റില്‍ ആണ് സ്ഫോടനം നടന്നത്. അതും ദിവസക്കൂലിക്കാര്‍ ആയ പാവങ്ങള്‍. ഫാക്ടറിയെ അവരുടെ മരണം ബാധിച്ചില്ല. ദേശസുരക്ഷയില്‍ ദിവസക്കൂലിക്കാര്‍ വെറും തൃണമൂലുകള്‍.

ലേഖികയെ വിളിച്ചു. അവര്‍ അതിനകം വീട്ടില്‍ പോയിരുന്ന് കിട്ടിയ വിവരം വച്ച് ദുരന്തത്തിന്‍റെ എക്സ്ക്ലുസിവ് വാര്‍ത്ത‍ എഴുതുകയായിരുന്നു.

കോയമ്പത്തൂര്‍ നിന്ന് കെട്ടിയിറക്കിയ ആളുടെ വാര്‍ത്ത ചെല്ലും മുന്‍പേ അവര്‍ അയക്കുന്നത് ചെല്ലണം. എന്ത് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എഴുത്ത് എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ലായിരുന്നു.

മരിച്ചവരുടെ പേരും വയസ്സും നാടുമില്ല. എങ്ങനെ ദുരന്തം നടന്നു എന്ന് ഔദ്യോഗികമായി ആരും പറഞ്ഞിട്ടില്ല. കേട്ടുകേള്‍വികളും ഊഹങ്ങളും വച്ച് ഊട്ടിയിലെ എല്ലാ പത്രക്കാരും ചേര്‍ന്ന് ഒരു കഥ ഉണ്ടാക്കിയതാണ്. എല്ലാവരും ഒന്ന് തന്നെ കൊടുത്താല്‍ പ്രശ്നം ഒന്നുമില്ലല്ലോ.

ഫാക്ടറി എം ഡിയെ കാണാന്‍ അവര്‍ ശ്രമിച്ചതാണ്. അകത്തേക്ക് ആരെയും കടത്തി വിട്ടില്ല. സ്ഫോടനം നടന്ന സ്ഥലം അതീവ പ്രതിരോധ രഹസ്യം നിറഞ്ഞ ഇടം ആണത്രേ.

ലേഖിക മറ്റൊന്ന് കൂടി പറഞ്ഞു തന്നു. സംഭവം അറിഞ്ഞു അവിടം സന്ദര്‍ശിക്കാന്‍ ജില്ലാ കലക്ടര്‍ അര്‍ച്ചനാ പട്നായിക്കും വെസ്റ്റ് സോണ്‍ പോലീസ് ഐ ജി പി ശിവനാണ്ടിയും ചെന്നതാണ്. കളക്ടറെ മാത്രം അകത്തു വിട്ടു. ഐ ജിയെ പട്ടാളക്കാര്‍ കഴുത്തിന്‌ പിടിച്ചു തള്ളി. തോക്ക് കാണിച്ച് കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ലേഖികയെ സമയം എടുത്ത് അനുനയിപ്പിച്ച് ദുരന്ത വാര്‍ത്തകള്‍ എക്സ്ക്ലുസിവ് ആക്കുന്നതിലെ നിഷ്ഫലത മനസ്സിലാക്കിച്ച്‌ അവരെയും കൂട്ടി കളക്ടറെ കണ്ടു. കളക്ടറും പേടിച്ചിരുന്നു. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ രാജ്യത്തിന്‍റെ പ്രതിരോധം അപകടത്തിലായാല്‍. ഒടുവില്‍ അവര്‍ എം ഡിയുടെ മൊബൈല്‍ നമ്പര്‍ തന്നു.

അങ്ങേരെ വിളിച്ചു. ഒരു പഞ്ചാബി ആണ്. ഹിന്ദി ചുവയുള്ള മറുപടി. പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ പറഞ്ഞു തരണം എന്നും അല്ലെങ്കില്‍ പത്രങ്ങള്‍ കിംവ ദന്തികള്‍ എഴുതിപിടിപ്പിക്കും എന്ന് അയാളെ ബോധ്യപ്പെടുത്തി. അതാകും രാജ്യ സുരക്ഷയെ ശരിക്കും അപകടത്തില്‍ ആക്കുക എന്നും. അയാള്‍ക്ക് കാര്യം മനസ്സിലായി.

ഒരു മണിക്കൂര്‍ സമയം ചോദിച്ചു. ഡല്‍ഹിയില്‍ വിളിച്ച് അനുവാദം മേടിക്കാന്‍. കുറച്ചു കഴിഞ്ഞു അയാള്‍ തിരിച്ചു വിളിച്ചു. താന്‍ പത്രക്കാരെ കാണാം. അനുവാദം കിട്ടി. പക്ഷെ മുകളില്‍ നിന്ന് അംഗീകരിച്ച ഒരു പ്രസ്താവന വായിക്കുകയെ ഉള്ളു. ചോദ്യങ്ങള്‍ പാടില്ല. വിശദീകരണങ്ങള്‍ നല്‍കില്ല.

മറ്റു പത്രങ്ങളുടെയും ചാനലുകളുടെയും ആളുകളെ വിവരം അറിയിച്ചു. എല്ലാവരും വന്നു. അങ്ങനെ ഒരു മഹാ ദുരന്തം നിര്‍വികാരവും മനുഷ്യത്വം ഇല്ലാത്തതുമായ ഭാഷയില്‍ തയ്യാറാക്കിയ ഒരു പാരഗ്രാഫില്‍ വിവരിക്കപ്പെട്ടു. മരിച്ചവരുടെ വിവരങ്ങള്‍ പോലുമില്ല. ഫാക്ടറിയില്‍ നിലവിലുള്ള സുരക്ഷയുടെ വീഴ്ചയെ പറ്റി ആരോ ചോദിച്ചു. ചോദിച്ചവനെ എം ഡി യും പട്ടാളക്കാരും ദഹിപ്പിക്കുന്ന നോട്ടം നോക്കി. അയാള്‍ പിന്‍വലിഞ്ഞു.

ഫാക്ടറി സമുച്ചയത്തിനു പുറത്തിറങ്ങുമ്പോള്‍ അവിടെ ബേക്കറി നടത്തുന്ന മലയാളി യുവാവ്‌ ക്ഷണിച്ചു. പുറകു വശത്തുള്ള അയാളുടെ മുറിയില്‍ ഇരുന്നാല്‍ ലാപ്ടോപ്പില്‍ വാര്‍ത്ത അയക്കാം. അവിടെയിരുന്ന് എഴുത്ത് തുടങ്ങി.

“Five workers were feared killed and 10 injured when a blast ripped through India’s first smokeless explosives factory at Aravankadu in Nilgiris district on Thursday afternoon. Around 3.15pm, a deafening explosion at the defense ministry’s cordite factory rudely shook Aravankadu town and razed the building of the explosives making unit. The sound of the blast was heard even in the serene hill station of Ooty, about 12 km away………On Thursday afternoon, a little after the lunch time, six workers were mixing nitrocellulose and nitroglycerine when the explosive dough suddenly went off. …..With the sound of the explosion piercing through a 30-km radius, the people of Nilgiris feared it was a bomb blast in the holiday retreat of Ooty. As thick black smoke billowed out of the cordite factory, hundreds of people, whose relatives were working there, gathered outside the explosives-making unit.”

പട്ടാള ഭരണത്തിന് കീഴില്‍ വാര്‍ത്ത‍ ശേഖരണം സംബന്ധിച്ച ഒരു വലിയ അനുഭവം ആയിരുന്നു അത്. വാര്‍ത്ത അയച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഒരു കൂട്ടകരച്ചില്‍ കേട്ടു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുറെ അധികം ആളുകള്‍ ഒരു ജീപ്പില്‍. കൊല്ലപെട്ട ഒരാളുടെ ബന്ധുക്കളാണ്. അകലെ ഗൂഡല്ലുരില്‍ നിന്ന് വന്നതാണത്രേ.

അവരുമായി സംസാരിക്കാന്‍ പോയ എന്നെ രണ്ടു പട്ടാളക്കാര്‍ പിടിച്ചു വച്ചു. ഹിന്ദിയില്‍ ചീത്ത വിളിച്ചു.

ജന്മനാ ഹിന്ദി വിരുദ്ധന്‍ ആയതിനാല്‍ രക്ഷപ്പെട്ടു. ഒന്നും മനസ്സിലായില്ല. വന്ന കാറില്‍ എന്നെ ബലമായി അവര്‍ പിടിച്ചു കയറ്റി. ഡ്രൈവര്‍ വണ്ടി തിരിച്ചെടുക്കുമ്പോള്‍ ഞാന്‍ വീണ്ടും കരയുന്ന മനുഷ്യരുടെ ജീപ്പിലേക്കു നോക്കി. രണ്ടു വലിയ ബക്കറ്റുകള്‍ കൊണ്ട് വന്നു ജീപ്പില്‍ കയറ്റുന്നു. അവയില്‍ ഒന്നിന്‍റെ കവര്‍ താഴെ വീണു. ഒന്നേ നോക്കിയുള്ളൂ. പേടിച്ചു പോയി. കഷങ്ങളായ മനുഷ്യ മാംസം. ചിതറി തെറിച്ചത്‌ വാരി കൂട്ടിയത് ആകാം.

കൊടും ക്രൂരതയുടെ ചടുല നൃത്തം. ചോദ്യം ചെയ്യാന്‍ ദുര്‍ബലര്‍ ആയ മരിച്ചവന്റെ ബന്ധുക്കള്‍ അശക്തര്‍ ആയിരുന്നു. കൂലി വേല ചെയ്യുന്ന പാവങ്ങള്‍. പട്ടാളക്കാര്‍ കാര്‍ മുന്നോട്ട് എടുക്കാന്‍ ആക്രോശിച്ചു. നീലഗിരിയുടെ കുന്നിറങ്ങുമ്പോള്‍ കടുത്ത വേദനയും അപമാനവും തോന്നി. ചെയ്യുന്ന ജോലിയോടും അവനവനോടും കടുത്ത പുച്ഛം തോന്നി. തോക്കുകള്‍ക്ക് മുന്നില്‍ മറ്റൊരു ഭീരു.

പിന്നീട് ഊട്ടിക്കു വന്നപ്പോള്‍ എല്ലാം ഞാന്‍ അറവന്‍കാട് ഒഴിവാക്കി. അതൊരു ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മയായി. മേട്ടുപ്പാളയത്ത് നിന്ന് കൊത്തഗിരി വഴി തിരിയും.

ഇപ്പോളും നാട്ടിന്‍ പുറങ്ങളിലെ ചായക്കട ചര്‍ച്ചകളില്‍ കേള്‍ക്കാറുണ്ട്: “ഈ രാഷ്ട്രീയക്കാര്‍ ഒക്കെ കള്ളന്മാര്‍ ആണെന്നെ. ഇവിടെ വരണ്ടത് പട്ടാള ഭരണം തന്നെയാണ്.”.

ജയ് ബോലോ ഭാരത് മാതാ കീ ജയ്‌.

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍